Image

അറ്റന്‍ഷന്‍ പാസഞ്ചേഴ്‌സ്... (പകല്‍ക്കിനാവ്- 86: ജോര്‍ജ് തുമ്പയില്‍)

Published on 11 January, 2018
അറ്റന്‍ഷന്‍ പാസഞ്ചേഴ്‌സ്... (പകല്‍ക്കിനാവ്- 86: ജോര്‍ജ് തുമ്പയില്‍)
പറയാന്‍ പുതുവര്‍ഷത്തിന്റെ ഒട്ടേറെ കഥകളുണ്ടെങ്കിലും സമയത്തിനു പിന്നിലേക്ക് പറന്ന വിമാനത്തിന്റെ കഥയാണ് ഇപ്പോള്‍ ഏറെ പ്രസക്തം. പറന്നു പൊങ്ങിയത് 2018-ലെ ആദ്യ വിമാനമെന്ന ഖ്യാതിയുമായി, എന്നാല്‍ തിരിച്ചിറങ്ങിയപ്പോഴാവട്ടെ, ഒരു വര്‍ഷം പിന്നിലേക്കും. സമയത്തിന്റെ ചില ട്രിക്കുകളാണിത്. ലോകത്ത് പുതുവര്‍ഷം പിറക്കുന്ന ആദ്യ രാജ്യങ്ങളില്‍ ആണ് ന്യൂസിലന്റിന് സ്ഥാനമെങ്കില്‍ ഏറ്റവും താമസിച്ച് പുതുവര്‍ഷം പിറക്കുന്ന സ്ഥലങ്ങളിലാണ് ഹവായ് യുടെ സ്ഥാനം. ന്യൂസിലന്‍ഡില്‍ നിന്നും ഹവായിലേക്കു പറന്ന വിമാനത്തിന്റെ "ടൈം മാനേജ്‌മെന്റാണ്' വാര്‍ത്തകളില്‍ സ്ഥാനം നേടിയിരിക്കുന്നത്. സമയരേഖയായ പസഫിക്ക് മുറിച്ചു കടക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത് ന്യൂസ്‌ലാന്‍ഡില്‍ നിന്നു പറക്കാന്‍ കാത്തിരുന്ന ഹവായ് എയര്‍ലൈന്‍സിനാണ്.

ന്യൂസിലന്റിലെ ഓക്‌ലാന്റ് വിമാനത്താവളത്തില്‍ നിന്നും പ്രാദേശിക സമയം ഡിസംബര്‍ 31 ന് 11.55 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. വിമാനം 10 മിനിറ്റ് വൈകുമെന്ന് അറിയിച്ചതോടെ, യാത്രക്കാരെല്ലാം തന്നെ അതീവ ആഘോഷത്തിലായി. സാധാരണ വിമാനം വൈകുമെന്ന് അറിയിക്കുമ്പോള്‍ യാത്രക്കാര്‍ അസ്വസ്ഥരാവുകയാണല്ലോ പതിവ്, ഇവിടെ നേരെ തിരിച്ച്. എങ്ങനെ ആഘോഷിക്കാതിരിക്കാം, പറക്കാന്‍ പോകുന്നത് 2018-ലെ ആദ്യവിമാനത്തിലെ യാത്രക്കാര്‍ എന്ന നിലയ്ക്കല്ലേ. അങ്ങനെ, 2018 ജനുവരി 1 ന് പുലര്‍ച്ചെ 12.05 നു വിമാനം പൊന്തി, പക്ഷേ നാലായിരം മൈലുകള്‍ സഞ്ചരിച്ച് വിമാനം അമേരിക്കന്‍ സ്‌റ്റേറ്റായ ഹവായ് ഹോണോലുലുവില്‍ ഇറങ്ങിയത് 2017 ഡിസംബര്‍ 31 ന് പുലര്‍ച്ചെ 10.16 നും. അതായത് തലേവര്‍ഷത്തിലേക്കു തന്നെ. ഈ വിമാനത്തില്‍ സഞ്ചരിച്ചവര്‍ക്കു രണ്ട് ന്യൂ ഇയര്‍ ആഘോഷിക്കാനുള്ള അവസരമാണ് കിട്ടിയത്. അന്താരാഷ്ട്ര സമയക്രമം അനുസരിച്ച് ലോകത്ത് ആദ്യം നേരം പുലരുന്ന രാജ്യങ്ങളില്‍ ഒന്നായ ന്യൂസിലന്റിനേക്കാള്‍ 23 മണിക്കൂര്‍ പുറകിലാണ് ഹോണോലുലു. ഫലത്തില്‍ എട്ടു മണിക്കൂര്‍ യാത്രയില്‍ വിമാനം പറന്നത് സമയക്രമത്തില്‍ അനേകം മണിക്കൂറുകള്‍ പിന്നിലേക്കായിരുന്നു.

പുതുവര്‍ഷത്തിലെ ഈ വിമാനയാത്രയ്‌ക്കൊപ്പം തന്നെ മറ്റൊരു വിമാനയാത്രയും ലോക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഈ വിമാനം ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറന്നതാണ്. വിമാനം ജെറ്റ് എയര്‍ലൈന്‍സ്. അതില്‍ പൈലറ്റുമാര്‍ തമ്മില്‍ അടിയുണ്ടാക്കി, സഹപൈലറ്റ് വാക്കൗട്ട് നടത്തി. ക്യാബിന്‍ ക്രൂവും യാത്രക്കാരും കാലു പിടിച്ചതോടെ തിരിച്ച് കോക്ക് പിറ്റില്‍ എത്തിയ പൈലറ്റ് പിന്നെയും വഴക്കുണ്ടാക്കി, പിന്നെയും വാക്കൗട്ട് നടത്തി. ഇങ്ങനെയൊക്കെ സംഭവിക്കാമോ എന്നു ചോദിച്ചാല്‍ നടന്നു. അതാവട്ടെ, ലോകത്തെങ്ങുമുള്ള വിമാനയാത്രക്കാരെ ആകെ ഞെട്ടിക്കുകയും ചെയ്തു. വിമാനത്തില്‍ പൈലറ്റുമാരില്ലാതെ പറക്കേണ്ടി വന്നതിന്റെ അങ്കലാപ്പ് മാറാത്ത യാത്രക്കാരുടെ പുതുവര്‍ഷദിനത്തെക്കുറിച്ച് ഓര്‍ത്തു പോവുകയാണ്. സംഭവം ഇങ്ങനെ:

വിമാനം പറന്നു തുടങ്ങിയപ്പോള്‍ ആരംഭിച്ച ഒരു കൊച്ചു തര്‍ക്കത്തെത്തുടര്‍ന്ന്, പ്രധാന പൈലറ്റ് വനിതാ സഹപൈലറ്റിനെ അടിക്കുകയായിരുന്നു. 324 യാത്രക്കാരുമായി ജെറ്റ് എയര്‍വെയ്‌സിന്‍റെ ബോയിംഗ് 777 വിമാനം ലണ്ടനില്‍നിന്നു മുംബൈയിലേക്ക് ഒന്പതു മണിക്കൂര്‍ യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെയാണ് വിമാനത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. തര്‍ക്കത്തിനൊടുവില്‍ കമാന്‍ഡര്‍ പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ അടിച്ചു. ഇതോടെ അടികൊണ്ട വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് കോക്പിറ്റില്‍നിന്നു പുറത്തുപോയി. പിന്നാലെ കമാന്‍ഡര്‍ പൈലറ്റിനോട് തിരിച്ചെത്താന്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. വനിതാ പൈലറ്റ് ഇതിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് കമാന്‍ഡര്‍ പൈലറ്റ് കോക്പിറ്റ് അനാഥമാക്കി പുറത്തുവരികയും ചെയ്തു. ഇതോടെ വിമാന ജീവനക്കാര്‍ അടികൊണ്ട പൈലറ്റിനെ അനുനയിപ്പിച്ച് കോക്പിറ്റിലേക്കു തിരിച്ചയച്ചു. പക്ഷേ, കോക്പിറ്റില്‍ ഇരുവരും തമ്മില്‍ വീണ്ടും അടികൂടുകയും വനിതാ പൈലറ്റ് വീണ്ടും കോക്പിറ്റില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. വീണ്ടും ഇടപെട്ട കാബിന്‍ ക്രൂ അംഗങ്ങള്‍ ഇവരോട് വിമാനം നിലത്തിറക്കുന്നതുവരെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അപേക്ഷിച്ചു. യാത്രക്കാരുടെ സുരക്ഷയില്‍ ജീവനക്കാരുടെ ആശങ്ക മനസിലാക്കിയ അടികൊണ്ട പൈലറ്റ് ഉടന്‍ കോക്പിറ്റിലേക്കു തിരിച്ചുപോയി വിമാനം സുരക്ഷിതമായി നിലത്തിറക്കി. സംഭവത്തില്‍ രണ്ടു പൈലറ്റുമാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) തീരുമാനിച്ചു. ഇരുവരുടെയും ലൈസന്‍സും റദ്ദാക്കി.

വിമാനയാത്രയില്‍ ഇങ്ങനെയും ചില കാര്യങ്ങളുണ്ട്. ചിലത് രസകരമാണെങ്കില്‍ മറ്റു ചിലത് മരണത്തെ മുഖാമുഖം കാണുന്ന ചില സംഭവങ്ങളാവാം. എന്തായാലും, പുതുവര്‍ഷത്തില്‍ എല്ലാ വിമാനയാത്രക്കാര്‍ക്കും നല്ലൊരു വര്‍ഷം ആശംസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക