Image

നവയുഗത്തിന്റെ സഹായത്തോടെ മസ്ഥാനി നാട്ടിലേയ്ക്ക് മടങ്ങി

Published on 11 January, 2018
നവയുഗത്തിന്റെ സഹായത്തോടെ മസ്ഥാനി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോണ്‍സറുടെ പിടിവാശി മൂലം മൂന്നു മാസത്തിലധികം ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്ന ആന്ധ്രസ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിയായ മസ്ഥാനി ഒരു വര്‍ഷം മുന്‍പാണ് വീട്ടുജോലിയ്ക്കായി ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ എത്തിയത്. ഒന്‍പതു മാസം അവിടെ ജോലി ചെയ്തു. കഠിനമായ ജോലിഭാരവും, വിശ്രമമില്ലായ്മയും മൂലം ആരോഗ്യം ക്ഷയിച്ചപ്പോള്‍, ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി. തനിയ്ക്ക് ഇനി ജോലി ചെയ്യാന്‍ കഴിയില്ല എന്നും, നാട്ടിലേയ്ക്ക് തിരികെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍, സ്‌പോണ്‍സര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. സ്‌പോണ്‍സര്‍ പിന്നീട് തിരിഞ്ഞു നോക്കാത്തതിനാല്‍ മസ്ഥാനിയ്ക്ക് നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് വിവരമൊക്കെ പറഞ്ഞു, മസ്ഥാനി സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും മസ്ഥാനിയുടെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, അയാള്‍ സഹകരിച്ചില്ല. തുടര്‍ന്ന് നവയുഗം പ്രവര്‍ത്തകര്‍ നിരന്തരമായി സ്പോണ്‍സറെ വിളിയ്ക്കുകയും, സൗദി അധികാരികളെക്കൊണ്ട് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തപ്പോള്‍, ഒത്തുതീര്‍പ്പ് ചെയ്യാനായി അയാള്‍ തയ്യാറായി. മസ്ഥാനിയ്ക്ക് ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു. മഞ്ജുവിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഹൈദരാബാദ് അസ്സോസിയേഷന്‍ ഭാരവാഹിയും, എംബസ്സി വോളന്റീര്‍ ടീം തലവനുമായ ഡോ:മിര്‍സ ബൈഗ് മസ്ഥാനിയ്ക്ക് സാമ്പത്തികസഹായവും നല്‍കി.

അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മസ്ഥാനി നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: മസ്ഥാനിയ്ക്ക് (വലത്) മഞ്ജു മണിക്കുട്ടന്‍ യാത്രാരേഖകള്‍ കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക