Image

ശാസ്ത്രം പഠിച്ചാലും വാസ്തു വേണം: കേരളത്തിന്റെ ശാസ്ത്രബോധം കുറയുന്നു - മുരളി തുമ്മാരുകുടി

Published on 12 January, 2018
ശാസ്ത്രം പഠിച്ചാലും വാസ്തു വേണം: കേരളത്തിന്റെ ശാസ്ത്രബോധം കുറയുന്നു - മുരളി തുമ്മാരുകുടി
കേരളത്തില്‍ ശാസ്ത്രബോധം പടിപടിയായി നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ദുരന്തനിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി. ശാസ്ത്ര വിദ്യാഭ്യാസം ലഭിക്കുന്നതില്‍ കുറവൊന്നുമില്ലെങ്കിലും അതിനുസൃതമായി ശാസ്ത്രബോധം ഉയരുന്നില്ല. സിവില്‍ എഞ്ചിനീയറിംഗ് പഠിച്ച എഞ്ചിനീയര്‍ക്ക് അയാളുടെ പഠന വിഷയമല്ലാത്ത വാസ്തു പ്രകാരമല്ലാതെ കേരളത്തില്‍ വീടു പണിയാനാകില്ല. 

വര്‍ഷം തോറും എത്രയധികം വീടുകളാണ് വാസ്തു ദോഷം പരിഹരിക്കാനെന്ന പേരില്‍ മുറികളും കക്കൂസുകളും മറ്റും പൊളിച്ചുപണിയുന്നു എന്നത് ശ്രദ്ധിച്ചാല്‍ മാത്രം മതി ഉദാഹരണങ്ങള്‍ക്ക്. 

അതുപോലെ പ്രധാനമാണ് ദുരന്ത ലഘുകരണവും. ദുരന്തങ്ങള്‍ മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നതാണ് നമുക്കുള്ളതല്ല എന്ന ബോധത്തിലാണ് നമ്മള്‍. അതുകൊണ്ടുതന്നെ, ദുരന്തങ്ങള്‍ സംഭവിച്ചാല്‍ കൈക്കൊള്ളേണ്ട പ്രാഥമിക പ്രതികരണം എന്തെന്ന് നമുക്കറിയില്ല. അതിനുള്ള തയാറെടുപ്പുകളും ചെയ്യില്ല. ഇതും അടിസ്ഥാനപരമായ ശാസ്ത്രബോധത്തിന്റെയും ശാസ്ത്രീയമായ മുന്നൊരുക്കത്തിന്റെയും കുറവ് മൂലമാണ്.

പ്രകൃതി ദുരന്തങ്ങളുടെ തീവ്രത വര്‍ധിക്കുന്നത് ആസൂത്രണമില്ലാതെയുള്ള നിര്‍മാണങ്ങള്‍ മൂലമാണ്. അപകടങ്ങളില്‍ നിന്ന് പഠിക്കാതെ ആരെയെങ്കിലും കുറ്റം പറഞ്ഞ് അടുത്ത അപകടത്തില്‍ ചെന്ന് ചാടുകയാണ് മലയാളികളുടെ ശൈലി.
നമുക്ക് ഒരു അപകടം ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനാകണം. ദുരന്ത സാധ്യതാ ബോധവത്കരണം സ്‌കൂളുകളില്‍ ഉള്‍പ്പെടെ എല്ലാ വേദികളിലും ആവശ്യമാണ്. സ്‌കൂളുകളില്‍ ആദ്യമെത്തുന്ന കുട്ടികള്‍ സ്ഥിരം സുരക്ഷാകവചത്തില്‍ നിന്ന് പരിചിതമല്ലാത്ത സാഹചര്യത്തില്‍ എത്തുമ്പോഴുള്ള അപകട സാധ്യതകള്‍ ഒഴിവാക്കാനിത് സഹായിക്കും. 

മറ്റു രാജ്യങ്ങളിലെ സുരക്ഷാ, ആസൂത്രണ വിജയങ്ങള്‍ ജനപ്രതിനിധികളും, നഗരാസൂത്രകരുമൊക്കെ കണ്ടു മനസിലാക്കണം. അണക്കെട്ടുകളുടേയോ, നിര്‍മാണങ്ങളുടേയോ അപകട സാധ്യത അതിന്റെ പഴക്കം കൊണ്ടു മാത്രമല്ല, പരിപാലനത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. അതേ സമയം, ഇത്തരം നിര്‍മാണങ്ങള്‍ക്ക് സമീപമുള്ളവര്‍ അപകട സാധ്യത മനസിലാക്കി ദുരന്ത ലഘുകരണ ആസൂത്രണം നടത്തിയിരിക്കണം. ജനാധിപത്യ സമൂഹത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങളുള്ള ഇന്നത്തെ കാലത്ത് ജനിക്കുന്നതാണ് പഴയ കാല സാഹചര്യങ്ങളേക്കാള്‍ നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തില്‍ വികസന പ്രതിസന്ധിയില്ലെന്നും, ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ അപാര സാധ്യതകളുണ്ടെന്നും അദ്ദേഹം വിലയിരുത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. വീണാ ജോര്‍ജ് എം.എല്‍.എ അവതാരകയായിരുന്നു.

പ്രവാസി സ്ത്രീകളുടെ സുരക്ഷയ്ക്കായി സഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം: സുനിതാ കൃഷ്ണന്‍

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രവാസി സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് ലോക കേരള സഭ മുന്‍കൈയെടുക്കണമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക സുനിത കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജോലി തേടി അന്യ സംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും പോകുന്ന സ്ത്രീകള്‍ അവിടങ്ങളില്‍ വച്ച് പീഡനങ്ങള്‍ക്കിരയാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. പലപ്പോഴും ഇവ പുറം ലോകം അറിയുന്നില്ല. 

പുറത്തുവരുന്ന കേസുകള്‍ തന്നെ വേണ്ട വിധം കൈകാര്യം ചെയ്യപ്പെടുന്നില്ല. ഇവിടങ്ങളിലൊക്കെ മലയാളി കൂട്ടായ്മകളും മറ്റമുണ്ടെങ്കിലും ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംവിധാനങ്ങളില്ല. ഗുരുതരമായ ഈ വിടവ് നികത്താന്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഒരുക്കുന്നതിന് ഇതുപോലുള്ള കൂട്ടായ്മകള്‍ ഉപയോഗപ്പെടുത്തണം. 

വിനോദസഞ്ചാരം, ബിസിനസ് തുടങ്ങിയ മേഖലകളിലെ നിക്ഷേപവും മറ്റു സാമ്പത്തിക താല്‍പര്യങ്ങളും മാത്രമല്ല, പ്രവാസികളുടെ സാമൂഹിക സുരക്ഷയ്ക്കുള്ള ശക്തമായ തീരുമാനങ്ങളും സഭയുടെ ഭാഗത്തുനിന്നുണ്ടാവണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തുല്യനീതി ലഭിക്കാത്ത സമൂഹങ്ങളും രാഷ്ട്രങ്ങളും എത്ര സാമ്പത്തിക സമൃദ്ധി കൈവരിച്ചാലും പരാജയമായി മാറുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ലോക കേരള സഭ ചര്‍ച്ചാ വേദിയായി ചുരുങ്ങരുതെന്നും ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങളില്‍ പ്രായോഗിക പരിഹാരത്തിനുള്ള നടപടികള്‍ക്ക് ഉടന്‍ രൂപം നല്‍കണമെന്നും അവര്‍ പറഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗല്‍ഭരടങ്ങിയതാണ് ലോക കേരള സഭ. പ്രവാസി ലോകം വളരെ പ്രതീക്ഷയോടെ കാണുന്ന ഈ നൂതനാശയം ഫലപ്രാപ്തിയിലെത്തിക്കാന്‍ കേരള സര്‍ക്കാരിന് സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അവര്‍ പറഞ്ഞു. 

വിദേശ മലയാളികള്‍ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് 
അബാസഡര്‍മാരാവണം: മന്ത്രി കടകംപളളി സുരേന്ദ്രന്‍

ടൂറിസം വികസനം സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന ഘടകമാണെന്നും വിദേശ രാജ്യങ്ങളിലെ മലയാളി സമൂഹം കേരളടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രവര്‍ത്തിക്കണമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലോകകേരള സഭയുടെ ഭാഗമായി നടന്ന മേഖലാ സമ്മേളനങ്ങളിലെ ഏഷ്യയിലെ ഇതര രാജ്യങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്തോനേഷ്യ, സിംഗപ്പൂര്‍, ജപ്പാന്‍, ഹോങ്കോങ്ങ്, റഷ്യ, സൗദി അറേബ്യ  എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതര ഏഷ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്നുള്ള വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കണമെന്നും  കേരളത്തിലേക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്  ശുചിത്വ പരിപാലനം അത്യന്താപേക്ഷിതമാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.  

വിദേശ ടൂറിസ്റ്റുകള്‍ക്ക് സ്വതന്ത്രമായും ഭയരഹിതമായും സഞ്ചരിക്കാനുള്ള സാഹചര്യമുണ്ടാവണം. സംസ്ഥാനത്ത് വൃത്തിയുള്ള പബ്ലിക് ടോയ്ലറ്റുകള്‍ ആരംഭിക്കണം. ഇവ വ്യത്തിയായി സൂക്ഷിക്കണം.

കേരളത്തില്‍ സംരംഭകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കണം. വിദേശ രാജ്യങ്ങളിലെ പാഠ്യപദ്ധതികളില്‍ മലയാള ഭാഷ പാഠ്യ വിഷയമാക്കാന്‍ നടപടി സ്വീകരിക്കണം.വിദേശ രാജ്യങ്ങളിലെ വിവിധ പ്രവിശ്യകളുമായി സംസ്ഥാന സര്‍ക്കാര്‍ നിരന്തര ബന്ധമുണ്ടാക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കേരളത്തിലേക്ക് ധാരാളം സംരംഭകരെ എത്തിക്കാന്‍ സഹായകമാകും.
ഏഷ്യന്‍ രാജ്യങ്ങളിലെ ഭാഷ പഠിക്കാന്‍ കേരളത്തില്‍ അവസരമുണ്ടാക്കിയാല്‍ ഈ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ധാരാളം തൊഴിലാളികളെ അയക്കാനും വിദേശനാണ്യം സമ്പാദിക്കാനുമാവും.ആയുര്‍വേദം, നാച്ചുറോപ്പതി തുടങ്ങിയ ചികിത്സാ രീതികളില്‍ റഷ്യക്കാര്‍ക്കുള്ള താല്പര്യം പ്രയോജനപ്പെടുത്തണം. റഷ്യയില്‍ ആയുര്‍വേദം പ്രചരിപ്പിക്കാന്‍ ആവശ്യമായ കാംപെയ്നുകള്‍ സംഘടിപ്പിച്ചാല്‍    ഇന്ത്യയിലേക്ക് ധാരാളം റഷ്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാവും.

സിംഗപ്പൂര്‍ ഫണ്ടിംഗ് സൊസൈറ്റിയുടെ മാതൃകയില്‍ ക്രൗഡ് ഫണ്ടിംഗിനു വേണ്ടി കേരള ഫണ്ടിംഗ് സൊസൈറ്റി ഉണ്ടാക്കണമെന്നും പ്രതിനിധികള്‍ നിര്‍ദേശിച്ചു.മാത്യു (ഇന്തോനേഷ്യന്‍ കേരള സമാജം), പ്രകാശ് (ശ്രീലങ്ക), രാജശേഖരന്‍ (സിംഗപ്പൂര്‍), സുനീഷ്, ജെയ്നി (ജപ്പാന്‍), കേശവന്‍കുട്ടി (ഹോങ്കോംഗ്), സുരേഷ് (ഹോങ്കോംഗ്), ദേവദത്തന്‍(റഷ്യ), സെയ്താലിക്കുട്ടി (സൗദി അറേബ്യ), പ്രകാശ് (മലേഷ്യ), പ്രഹ്ളാദ് (സിംഗപ്പൂര്‍) എന്നിവരാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുത്തത്.

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, എം.ബി. രാജേഷ് എം.പി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക