Image

കാലാവസ്ഥ വ്യതിയാനം സത്യമോ മിഥ്യയോ (ജി.പുത്തന്‍കുരിശ്)

ജി.പുത്തന്‍കുരിശ് Published on 13 January, 2018
കാലാവസ്ഥ വ്യതിയാനം സത്യമോ മിഥ്യയോ (ജി.പുത്തന്‍കുരിശ്)
സൂര്യനില്‍ നിന്നു ലഭിക്കുന്ന ഉര്‍ജ്ജത്തെ ആശ്രയിച്ചാണ് ഭൂമിയില്‍ ജീവന്‍ നിലനില്ക്കുന്നത്.  വായുവിനെയും മേഘങ്ങളേയും തരണം ചെയ്യതാണ് ഭൂമിയുടെ അന്തരീക്ഷത്തില്‍ പകുതി പ്രകാശവും  സൂര്യനില്‍ നിന്ന് എത്തുന്നത്. ഭൂമിയില്‍ ആഗിരണം ചെയ്യപ്പെടുന്ന താപം ഇന്‍ഫ്രറെഡ് (ദൃശ്യമായ വര്‍ണ്ണരാജിയില്‍ ചുവപ്പിന്റെ ഒടുവില്‍ കാണുന്ന  രസ്മി) രസ്മികളായി വിഗിരണം ചെയ്യപ്പെടുന്നു. ഇതില്‍ തൊണ്ണൂറു ശതമാനം താപം ഹരിതഗ്രഹ വാതകത്താല്‍ (ഗ്രീന്‍ഹൗസ് ഗ്യാസ്) ആഗിരണം ചെയ്ത് ഭൂമിയിലേക്ക് വീണ്ടും വിഗിരണം ചെയ്യപ്പെടുന്നു. ഇത് ജീവന്റെ നിലനില്പിന് ആവശ്യമായ താപ നിലവാരത്തെ എകദേശം അന്‍പത്തി ഒന്‍പത് ഡിഗ്രി ഫാരന്‍ഹൈറ്റ് അല്ലെങ്കില്‍ പതിനഞ്ചു ഡിഗ്രി സെല്‍സിയേഴ്‌സ് വരെ ഉയര്‍ത്തുന്നു.  ഇന്ന് ലോകത്തിലുണ്ടായികൊണ്ടിരിക്കുന്ന ഈ ആഗോളതാപന (ഗ്‌ളോബല്‍ വാമിങ്ങ്) പ്രവണതയ്ക്ക് കാരണം ഭൂമി  വിഗിരണം ചെയ്യുന്ന താപം അന്തരീക്ഷത്തില്‍ തന്നെ കുടുങ്ങി കിടക്കുന്നതുകൊണ്ടാണെന്നുളളതാണ്
ലോകത്തുള്ള ബഹു ഭുരിപക്ഷം കാലാവസ്ഥ ശാസ്ത്രഞ്ജന്മാരും  ഇതിനോട് യോജിക്കുന്നവരാണ്.
    അന്തരീക്ഷത്തില്‍ കുടുങ്ങിയ ചില വാതകങ്ങള്‍ അന്തരീക്ഷത്തിലെ ചൂടിനെ നിര്‍വീര്യമാക്കുന്നതില്‍ നിന്ന് തടയുന്നു. വളരെ നീണ്ട ആയുസ്സുള്ള ഈ വാതകങ്ങള്‍ അന്തീരക്ഷ താപംകൊണ്ട് ഭൗതികമോ രാസപരമായ മാറ്റങ്ങള്‍ക്ക് വിധേയപ്പെടാത്തതിനാല്‍ അത് കാലവസ്ഥ മാറ്റത്തിന് കാരണമായി തീരുന്നു. ഭൂമിയില്‍ സസ്യങ്ങള്‍ക്ക് വളരാനുള്ള ഈ ഹരിതഗ്രഹാവസ്ഥ സ്യഷ്ടിക്കുന്നതില്‍ വലിയൊരു പങ്കു വഹിക്കുന്നത് അന്തരീക്ഷ താപംകൊണ്ട് ഭൗതികവും രാസപരവുമായ മാറ്റം സംഭവിക്കുന്ന ജലബാഷ്പ കണങ്ങളാണ്.  ഏറ്റവും സമര്‍ദ്ധമായി കാണുന്ന ജല ബാഷ്പ കണങ്ങളാണ് ഭൂമിയുടെ ഹരിതഗ്രഹാവസ്ഥയെ സഹായിക്കുന്ന വാതാകം. ഇത് ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും സസ്യങ്ങളുടെ വളര്‍ച്ചയിലും സഹായിക്കുന്ന ഒരു വലിയ ഘടകമാണ്. ഭൂമിയുടെ താപം ഉയരുമ്പോള്‍ ജലബാഷ്പ കണങ്ങളുടെ അളവും വര്‍ദ്ധിക്കുന്നു. അതുപോലെ തന്നെ കാര്‍മേഘങ്ങളും തുടര്‍ന്നുള്ള മഴയും. ഈ പ്രക്രിയ (ഫീഡ്ബാക്ക്) കാലവസ്ഥയെ നിയന്ത്രിച്ചു നിറുത്തുന്നതില്‍ സഹായിക്കുന്നു.

    ചെറുതെങ്കിലും  പ്രകൃതിദത്തമായ ളച്ഛാസം, അഗ്നിപര്‍വ്വത വിസ്‌ഫോടനം, മനുഷ്യരുടെ വനനശീകരണം പോലെയുള്ള പ്രവര്‍ത്തികള്‍ സ്ഥലത്തിന്റെ ഏറി വരുന്ന ഉപയോഗം (ഏഴര ബില്ലിയന്‍ ജനങ്ങളാണ് ഇന്ന് ലോകത്തുള്ളത്), ജൈവ ഇന്ധനം  കത്തിക്കല്‍ തുടങ്ങിയവയിലൂടെ പുറത്തേക്ക് വിടുന്ന  അംഗാര വാതകം (കാര്‍ബന്‍ ഡൈയോക്‌സൈഡ്) അന്തരീക്ഷത്തിലെ അതിന്റെ അളവു കൂട്ടുകയും കാലവസ്ഥ വ്യതിയാനത്തിന് കാരണമായി തീരുകയും ചെയ്യുന്നു. വ്യവസായിക വിപ്ലവത്തിനു ശേഷം അന്തരീക്ഷത്തിലെ കാര്‍ബന്‍ ഡൈയോക്‌സൈഡിന്റെ അളവ് മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നത് ഭൂമിയുടെ ഹരിതഗ്രഹ അവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

    പ്രകൃതിയില്‍ നിന്ന് സ്വഭാവികമായും കൂടാതെ മനുഷ്യര്‍ സൃഷ്ടിക്കുന്നതുമായ മീതൈന്‍ (നിറമൊ ഗന്ധമൊ ഇല്ലാത്തതും തീ പിടിക്കുന്നതുമായ ഹൈഡ്രാകാര്‍ബണ്‍) വാതകവും ഗ്രീന്‍ഹൗസ് ഇഫക്റ്റിനെ അല്ലെങ്കില്‍ ഹരിതഗ്രഹാവസ്ഥയെ നിര്‍വീര്യമാക്കി കാലാവസ്ഥയെ മാറ്റി മറിക്കുന്നു. ചപ്പു ചവറുകള്‍ മാലിന്യങ്ങള്‍ മണ്ണുകൊണ്ട് മൂടി ദ്രവിക്കുമ്പോഴും, രാസവളം, ജൈവവളം, ചാണകം കൃഷി തുടങ്ങിയവയിലൂടെയും അന്തരീക്ഷതാപത്തെ അപകടാവസ്ഥയിലാക്കുന്ന മീതൈന്‍ ഗ്യാസ് ഉല്‍പാദിപ്പിക്കപ്പെടുന്നു.  ഇതിന്റെ ആയുസ്സ്  കാര്‍ബണ്‍ഡൈയോക്‌സൈഡിനെക്കാള്‍ കൂടുതലായതുകൊണ്ട് അത് കൂടുതല്‍ അപകടകാരിയാണ്. രാസവളത്തിന്റെ ഉല്പാദനത്തിലൂടെയും ജൈവ ഇന്ധന സംയോഗത്തിലൂടെയും ഉല്‍പാദിപ്പിക്കപ്പെടുന്ന നൈട്രിക്കാസിഡും ഗ്രീന്‍ഹൗസ് ഇഫക്ടിനെ ബാധിക്കുന്നവയാണ്. ഇവയെല്ലാം അപകടകാരിയായ അള്‍ട്രവയലെറ്റ് (നീലലോഹിത) പ്രകാശരസ്മിയെ തടഞ്ഞു നിറുത്തുന്ന ഓസോണ്‍ (ഓക്‌സിജന്റെ ഒരു രൂപാന്തരം) പാളിയില്‍ വിള്ളലുണ്ടാക്കാന്‍ പരിയാപ്തമാണ്. അമിതമായ അള്‍ട്രവയലെറ്റ് രസ്മികളുള്ള വെയില്‍ നമ്മെ തട്ടുമ്പോള്‍ അത് ത്വക്കില്‍ ക്യാന്‍സര്‍ പോലെയുള്ള മാരകമായ രോഗങ്ങള്‍ക്ക് കാരണമായി തീരുന്നു. 
    ജനപ്പെരുപ്പവും,  ജനങ്ങളുടെ ഭൗതികോന്നമനത്തിനായി കുടിവരുന്ന മനുഷ്യരുടെ വിവിധ പ്രവര്‍ത്തനങ്ങളും പ്രകൃതിദത്തമായ  ഹരിതഗ്രഹത്തെ ദുര്‍ബ്ബലമാക്കുകയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍തന്നെ മനുഷ്യന്റെ ജൈവ ഇന്ധനത്തിന്റെ ഉപയോഗത്താല്‍ അന്തരീക്ഷത്തിലെ കാര്‍ബന്‍ഡൈയോക്‌സൈഡിന്റെ സാന്ദ്രതവളരെ കൂടിയിരിക്കുന്നു. ഇതിന്റെ എല്ലാം അനന്തര ഫലമെന്നു പറയുന്നത് ലോകത്തിന്റെ പലഭാഗത്തും താപ നിലവാരത്തില്‍ ഏറ്റ കുറച്ചില്‍ ഉണ്ടാകുകയും അത് വരള്‍ച്ചക്കും പ്രളയത്തിനും കാരണമായി തീരുന്നു.  മഞ്ഞുമൂടിയ ആര്‍ട്ടിക്ക് പര്‍വ്വതനിരകള്‍ ഉരുകയും അത് സമുദ്രത്തിലെ ജലപരപ്പ് ഉയര്‍ത്തുകയും ചെയ്യുന്നു.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ആയിരത്തി മുന്നുറ് കാലാവസ്ഥ ശാസ്ത്ര വിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ കഴിഞ്ഞ അന്‍പത് വര്‍ഷത്തില്‍  ഭൂമിയുടെ ഉപരിതലത്തിന്റെ താപം വര്‍ദ്ധിപ്പിച്ചതില്‍ തൊണ്ണൂറ്റി അഞ്ചു ശതമാനം വരെ മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നുള്ള നിഗമനത്തിലാണ് എത്തിചേര്‍ന്നത്. കഴിഞ്ഞ നൂറ്റി അന്‍പത് വര്‍ഷമായി ആധുനിക മനുഷ്യന്‍ അവന്റെ സുഖഭോഗ ജീവതത്തിനും പുരോഗതിക്കും ആശ്രയിക്കുന്ന വ്യവസായങ്ങള്‍ മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ അളവ് ഒരു മില്ലിയണിന് ഇരുനൂറ്റി എണ്‍പത് പാര്‍ട്ട്‌സ് എന്ന തോതില്‍ നിന്ന് നാനൂറ് പാര്‍ട്ടസിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

    അനേക വര്‍ഷത്തെ ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം ലോകത്തിലെ കാലാവസ്ഥ ശാസ്ത്രഞ്ജര്‍ തിരിച്ചറിഞ്ഞ ഒരു സത്യമാണ് കാലവസ്ഥയ്ക്ക് വ്യതിയാനം സംഭവിക്കുന്നുണ്ടെന്നും അതിന്റെ മുഖ്യ കാരണം മനുഷ്യന്റെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും, കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത് ജീവന്റെ നിലനില്പിന് തന്നെ ഭീഷണിയാണെന്നും.  ഈ ഭവിഷഃത്ത് മനസ്സിലാക്കിയാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഗ്രീന്‍ഹൗസ് ഇഫക്ടിനെ ലഘൂകരിക്കണം എന്ന ലക്ഷ്യത്തോടെ 196 അംഗങ്ങളുള്ള പാരീസ് അക്കോര്‍ഡ് അല്ലെങ്കില്‍ പരീസ് എഗ്രിമെന്റ് ഉണ്ടാക്കിയത്. അന്തരീക്ഷ മലിനീകരണത്തില്‍ ലോകത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന ഇന്ത്യയും ചൈനയും ഇതിലെ പ്രധാന അംഗങ്ങളാണ്. ഇതിന് തേതൃത്വം കൊടുത്തിരുന്ന അമേരിക്ക ഇതില്‍ നിന്ന് പിന്മാറിയത് ഏറ്റവും ഖേദകരമായ ഒരു തീരുമാനമായി മറ്റു ലോകരാഷ്ട്രങ്ങള്‍ കരുതുന്നു.

മനുഷ്യ ഹൃദയങ്ങളില്‍ കുടികൊള്ളുന്ന അക്രമവാസന രോഗലക്ഷണങ്ങളായി  അന്തരീക്ഷത്തിലും, വായുവിലും, ഭൂമിയിലെ ജലത്തിലും, ജീവജാലങ്ങളിലും വെളിപ്പെട്ടു തുടങ്ങിയിരിക്കുന്നു. (പോപ്പ് ഫ്രാന്‍സീസ്)

കാലാവസ്ഥ വ്യതിയാനം സത്യമോ മിഥ്യയോ (ജി.പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക