Image

ശ്രീജിവിന്റെ മരണം: കേസ്‌ സി.ബി.ഐക്ക്‌ വിടാനാവില്ലെന്ന്‌ കേന്ദ്രം

Published on 13 January, 2018
ശ്രീജിവിന്റെ മരണം:  കേസ്‌ സി.ബി.ഐക്ക്‌ വിടാനാവില്ലെന്ന്‌ കേന്ദ്രം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണം സി.ബി.ഐക്ക്‌ വിടാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തിന്‌ തിരിച്ചടി. അന്വേഷണം സി.ബി.ഐക്ക്‌ വിടാനാകില്ലെന്ന്‌ കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. സി.ബി.ഐ കേസുകളുടെ ബാഹുല്യം ചൂണ്ടിക്കാട്ടിയാണ്‌ നടപടി.

സി.ബി.ഐക്ക്‌ വിടാനുള്ള അപുര്‍വങ്ങളില്‍ അപുര്‍വമായ കേസല്ല ശ്രീജിവിന്റെ മരണമെന്നു കാണിച്ച്‌ കേന്ദ്രം കേരളത്തിന്‌ കത്തയക്കുകയായിരുന്നു. എന്നാല്‍, ആവശ്യമുന്നയിച്ച്‌ കേന്ദ്രത്തെ വീണ്ടും സമീപിക്കാനാണ്‌ കേരളത്തിന്റെ തീരുമാനം.


ശ്രീജീവിന്റെ മരണത്തിന്‌ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും സഹോദരന്‍ ശ്രീജിത്‌ 764 ദിവസമായി സെക്രട്ടേറിയേറ്റ്‌ പടിക്കല്‍ നിരാഹാരം കിടക്കുകയാണ്‌.

രണ്ട്‌ വര്‍ഷമായി തലസ്ഥാനത്ത്‌ സമരം നടത്തുന്ന ശ്രീജിത്ത്‌ കഴിഞ്ഞ ഒരുമാസമായി നിരാഹാര സത്യാഗ്രഹത്തിലാണ്‌. ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടും അധികൃതര്‍ ആരും തിരിഞ്ഞുനോക്കാതെ വന്നതോടെ സോഷ്യല്‍മീഡിയയില്‍ സുഹൃത്തുക്കള്‍ ജസ്റ്റിസ്‌ ഫോര്‍ ശ്രീജിത്ത്‌ ക്യാംപെയ്‌ന്‍ ആരംഭിച്ചിരുന്നു.

2014 മെയ്‌ 21 നാണ്‌ ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ്‌ പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ വെച്ച്‌ മരണപ്പെടുന്നത്‌.

അടിവസ്‌ത്രത്തില്‍ സൂക്ഷിച്ച വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്‌തതാണെന്നായിരുന്നു ശ്രീജിവിന്റെ മരണത്തെക്കുറിച്ച്‌ പൊലീസ്‌ പറഞ്ഞിരുന്നത്‌. എന്നാല്‍, ശ്രീജിവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നാണ്‌ ശ്രീജിത്ത്‌ പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക