Image

ജനതാദള്‍ (യു)വിനെതിരെ ആഞ്ഞടിച്ച്‌ വീക്ഷണം

Published on 13 January, 2018
ജനതാദള്‍ (യു)വിനെതിരെ ആഞ്ഞടിച്ച്‌ വീക്ഷണം

യു.ഡി.എഫ്‌ വിട്ട്‌ ഇടതു മുന്നണിയുടെ ഭാഗമാകാനുള്ള എംപി വീരേന്ദ്രകുമാറിന്റെ നീക്കത്തിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്‌ മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. വീരേന്ദ്രകുമാറിനേയും, ശ്രേയാംസ്‌ കുമാറിനേയും `അട്ടകള്‍' എന്ന്‌ വിശേഷിപ്പിക്കുന്ന മുഖപ്രസംഗംഅച്ഛന്‌ രാജ്യസഭാസീറ്റും മകന്‌ ഭാവിയില്‍ മന്ത്രിസ്ഥാനവും ലക്ഷ്യമിട്ടാണ്‌ മുന്നണി മാറുന്നതെന്നും ആക്ഷേപിക്കുന്നു.

എട്ടു വര്‍ഷം മുമ്പ്‌ സിപിഎമ്മിന്റെ ചവിട്ടേറ്റ്‌ എല്‍ഡിഎഫില്‍ നിന്ന്‌ പുറത്തായ എംപി വീരേന്ദ്രകുമാറിനും കൂട്ടര്‍ക്കും തലചായ്‌ക്കാന്‍ കൂരയും നാണം മറയ്‌ക്കാന്‍ തുണിയും കൊടുത്തത്‌ യു.ഡി.എഫ്‌ ആയിരുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ മര്യാദയില്ലാത്ത പ്രഹരമേറ്റ്‌ തെരുവില്‍ കിടന്ന്‌ മോങ്ങുകയായിരുന്ന ജനതാദളിനെ രാഷ്ട്രീയ സദാചാരത്തിന്റെ പേരിലായിരുന്നു യു.ഡി.എഫ്‌ സംരക്ഷിച്ചതെന്നും മുഖപ്രസംഗം സൂചിപ്പിക്കുന്നു.

മുന്നണിമാറ്റത്തിന്‌ ജനതാദള്‍ (യു) സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന്‌ തൊട്ടു പിന്നാലെയാണ്‌ വീരേന്ദ്രകുമാറിന്‌ കോണ്‍ഗ്രസിന്റെ പ്രഹരം. ആശയങ്ങളിലല്ല രണ്ടുപേര്‍ക്കും അധികാരത്തില്‍ മാത്രമാണ്‌ നോട്ടമെന്നും പാലക്കാട്ടെ തോല്‍വിയുടെ പേരുപറഞ്ഞ്‌ അനര്‍ഹമായ പലതും യുഡിഎഫില്‍ നിന്ന്‌ വീരേന്ദ്രകുമാറും മകനും നേടിയിട്ടുണ്ടെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

 കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറിയേറ്റിന്‌ ശേഷം എല്‍.ഡി.എഫ്‌ പ്രവേശനത്തിനുള്ള അനുയോജ്യ സമയമാണിതെന്ന്‌ ജനതാദള്‍ യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്ര കുമാര്‍ വ്യക്തമാക്കിയിരുന്നു.

സിപിഐഎമ്മിന്റെ ചവിട്ടിന്റേയും കുത്തിന്റേയും മുറിപ്പാടുകള്‍ നക്കിത്തുടച്ച്‌ നാണംകെട്ട അധമബോധത്തോടെ അവരുടെ കാല്‍ച്ചുവട്ടിലേക്ക്‌ വീണ്ടും നീങ്ങാനുള്ള തീരുമാനം ആത്മഹത്യാപരമായിരിക്കുമെന്നും  പത്രം വിമര്‍ശിക്കുന്നു. വെള്ളിപ്പാത്രത്തില്‍ സോഷ്യലിസം വിളമ്പി പൊന്നിന്‍ കരണ്ടി കൊണ്ട്‌ കോരിക്കുടിച്ച്‌ സ്ഥിതിസമത്വം നടപ്പാക്കാന്‍ ചുരമിറങ്ങിയവരാണ്‌ വീരേന്ദ്രകുമാറും ശ്രേയാംസ്‌ കുമാറും.

അംഗീകാരത്തിന്റെ മൃദുമെത്തയില്‍ ഈ അട്ടകളെ പിടിച്ചു കിടത്തിയാലും അവര്‍ക്ക്‌ പഥ്യം സിപിഐഎമ്മിന്റെ അവഹേളനവും അവഗണനയും നിറഞ്ഞ ചതിപ്പും ചെളിയും മാത്രമാണ്‌. മുഖപ്രസംഗം  ആക്ഷേപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക