Image

പ്രവാസികള്ക്കു വേണ്ടി പുതിയ പദ്ധതികള്‍: ലോക കേരള സഭ സമ്മേളനം സമാപിച്ചു

Published on 13 January, 2018
പ്രവാസികള്ക്കു വേണ്ടി പുതിയ പദ്ധതികള്‍: ലോക കേരള സഭ സമ്മേളനം സമാപിച്ചു
കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഒരു പുതിയ അധ്യായമായി ലോക കേരള സഭ മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തിന്റെ ഉപസംഹാരാമായി പറഞ്ഞു.

രണ്ടു ദിവസത്തെ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ പരമാവധി നടപ്പിലാക്കാന്‍ സര്‍ക്കര്‍ പദ്ധതികളാവിഷകരിക്കുമെന്നും അദ്ധേഹം പറഞ്ഞു. ഏതാനും  പുതിയ പദ്ധതികളും അദ്ധേഹം പ്രഖ്യാപിച്ചു

വിദേശത്തുള്ള പ്രവാസി വ്യവസായ-വാണിജ്യ സംരംഭകരുമായി സജീവബന്ധം പുലര്‍ത്തുന്നതിനു വേണ്ടി പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഒരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ എന്ന നിലയിലാണ് ഉദ്ദേശിക്കുന്നത്. ഇവരും കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചേംബറുകളും തമ്മില്‍ സൗഹൃദബന്ധം വളര്‍ത്തിയെടുത്ത് ആഗോളതലത്തിലെ മലയാളികളായ വ്യവസായ-വാണിജ്യ സംരംഭക കൂട്ടുകെട്ട് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്-
മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നു. പ്രൊഫഷണലുകളുടെ സേവനം കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും. അതുവഴി കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലയില്‍ വികസനം സാധ്യമാക്കുകയുമാണ് ലക്ഷ്യം.

വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി പ്രത്യേക വിഭാഗങ്ങള്‍ നോര്‍ക്കയിലുണ്ടാക്കും. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മേഖലാ ഉപ വകുപ്പുകളും ഉണ്ടാകും.

കേരള വികസന നിധി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നു. നിശ്ചിത തുകയ്ക്കുള്ള ഡിപ്പോസിറ്റ് പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയ്യാറുള്ള പ്രവാസികള്‍ക്ക്, പ്രവാസം മതിയാക്കി മടങ്ങിയെത്തുമ്പോള്‍ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ നേടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും.

ഗള്‍ഫില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നാട്ടില്‍ ഒരു തൊഴില്‍ ഉറപ്പുവരുത്താനുള്ള നിക്ഷേപം എന്ന നിലയില്‍ ഈ സംരംഭം ഈ രംഗത്തെ പുതുമയുള്ള കാല്‍വെയ്പ്പായിരിക്കും. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ഈ നിര്‍ദ്ദേശത്തെ പ്രായോഗികമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പ്രവാസികള്‍ക്ക് സംരംഭമാരംഭിക്കുന്നതിനായി പ്രത്യേക വായ്പാ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംരംഭകരാകാന്‍ തയ്യാറാകുന്നവരുമായി, പ്രത്യേകിച്ച് പ്രൊഫഷണലുകളുമായി നാട്ടിലേക്കുള്ള മടക്കത്തിനു മുമ്പ് തന്നെ ആശയവിനിമയം നടത്തുവാന്‍ ഒരു ഏജന്‍സി സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. നിക്ഷേപകര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ ആവശ്യമായ അനുവാദവും നല്‍കാനും ഉദ്ദേശിക്കുന്നു.

പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ ഉതകുന്ന സ്‌കീം ഉണ്ടാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

പുതിയ വികസന കേന്ദ്രങ്ങളായ കണ്ണൂര്‍, ശബരിമല എയര്‍പോര്‍ട്ടുകള്‍ പോലുള്ളവയില്‍ സിയാല്‍ മാതൃകയിലുള്ള നിക്ഷേപം കൊണ്ടുവരിക എന്ന കാഴ്ചപ്പാടായിരിക്കും ഈ രംഗത്ത് മുന്നോട്ടുവയ്ക്കുക. നാഷണല്‍ ഹൈവേകളിലെ വിശ്രമകേന്ദ്രങ്ങള്‍ മറ്റൊരു നിക്ഷേപ മേഖലയാകണമെന്ന നിര്‍ദ്ദേശവും പരിശോധിക്കും.

പ്രവാസികളുടെ നാട്ടിലെ നിക്ഷേപത്തിനാവശ്യമായ അനുമതികള്‍ വേഗത്തിലാക്കാനും സിംഗിള്‍ വിന്‍ഡോ അനുമതി ലഭ്യമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കും. റബര്‍ അധിഷ്ഠിത ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ സോളാര്‍ വൈദ്യുതി, ശുദ്ധജല, നാളികേര ഉത്പന്നവിപണനം തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ക്കുള്ള പ്രവാസികളുടെ നിക്ഷേപ സാധ്യതകള്‍ പഠനവിധേയമാക്കും.

മലയാളികള്‍ ഏറെയുള്ള ഇടങ്ങളില്‍ മലയാളി സാംസ്‌കാരിക സമിതികള്‍ മലയാളത്തിലുള്ള ഒരു പ്രസിദ്ധീകരണം ആരംഭിക്കാന്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കാവുന്നതാണ്.

മറ്റു രാജ്യങ്ങളിലെ മിടുക്കന്മാരും മിടുക്കികളും പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന പ്രദേശമാണ് കേരളം. അത്തരം ആളുകളെ ഉപയോഗപ്പെടുത്തി അവരുടെ ഭാഷ നമ്മുടെ നാട്ടിലെ കുട്ടികളെ പഠിപ്പിക്കുന്ന സംവിധാനം വികസിപ്പിച്ചാല്‍ ടൂറിസം മേഖലയെ സഹായിക്കാനാവും എന്ന നിര്‍ദ്ദേശമുണ്ട്.

കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഗുരുതരമായ പ്രശ്‌നമായി നിലനില്‍ക്കുന്നതാണ് മാലിന്യ പ്രശ്‌നം. വിദേശ രാജ്യങ്ങളിലെ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തി ഈ പ്രശ്‌നം പരിഹരിക്കണം. ഇതിനായി സാങ്കേതിക സഹായവും നിക്ഷേപവും കൊണ്ടുവരുന്നതിനുള്ള നിര്‍ദ്ദേശമുണ്ട്. ഏറെ ശ്ലാഘനീയമായ ഈ നിര്‍ദ്ദേശം തീര്‍ച്ചയായും സര്‍ക്കാര്‍ പരിഗണിക്കുന്നതാണ്.

പ്രവാസി വനിതകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന കാര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. സ്ത്രീകളുടെ തൊഴിലിടത്തെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും എടുത്തുപറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ കഴിയാവുന്ന ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. നഴ്‌സിംഗ് മേഖലയിലെ റിക്രൂട്ടമെന്റുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പരിഹരിക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തുന്നതാണ്. അതേ സമയം നഴ്‌സിംഗ് ഉള്‍പ്പെടെയുള്ള മേഖലകളിലെ പ്രൊഫഷണലുകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനം നോര്‍ക്കയുടെ കീഴില്‍ കൊണ്ടുവരുന്നതാണ്.

ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഇവിടെ ഉയര്‍ന്നുവന്നു. ഹര്‍ത്താലിനെതിരെ സമരം നടത്തിയവര്‍ അടക്കം ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന നാടാണ് കേരളം. ഹര്‍ത്താലിന്റെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് തോന്നുന്നത്.
Join WhatsApp News
ha ha ha 2018-01-13 21:46:42
ഇനി ഐക്യരാഷ്ട്ര സഭക്ക് അവുധിക്കാലം. ലോകസഭ എല്ലാം നോക്കിക്കൊള്ളും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക