Image

ബലറാം വേഴ്‌സസ് എ.കെ.ജി. (ചെറിയാൻ തോമസ്)

Published on 13 January, 2018
ബലറാം വേഴ്‌സസ് എ.കെ.ജി. (ചെറിയാൻ തോമസ്)

Friends, Romans, countrymen, lend me your ears;

I come to bury Caesar, not to praise him.

Yes, I come to bury V T Balram’s, not to praise him.

Yet CPI(M) is an honorable party.

ബലറാമനാടകത്തിന്റെ അവസാനഘട്ടത്തിലെത്തിയിട്ട് എന്തെങ്കിലും പറയാമെന്ന് കാത്തിരുന്നു മടുത്തു. ഈ നാടകത്തില്‍ വില്ലനായി അരങ്ങേറി നായകനായി ജയിച്ച് നില്ക്കുന്നത് ബലറാമന്‍ തന്നെ. ചുളുവില്‍ ജനശ്രദ്ധ അടിച്ചെടുത്ത് അധികം പരിക്കില്ലാതെ രക്ഷപെട്ട് വിലസുകയാണിപ്പോള്‍, ബലറാം എന്ന വെറും കോണ്‍ഗ്രസുകാരന്‍. അതിന് ചാണക്യബുദ്ധിയൊന്നും വേണ്ട, വെറുമൊരു കോണ്‍ഗ്രസുകാരന്‍ മതിയെന്ന് വിവേചനം നഷ്ടപ്പെട്ട് വിവരക്കേടിന്റെ എവറസ്റ്റില്‍ കയറിനില്ക്കുന്ന കമ്മ്യുണിസ്റ്റുകാരന്റെ തന്ത്രം തെളിയിച്ചിരിക്കുന്നു.

യേശുവും നബിയും ആള്‍ ദൈവങ്ങളും വിമര്‍ശിക്കപ്പെടുമ്പോള്‍ ഭക്തന്മാര്‍ക്ക് ഹാലിളകും, പ്രതിയോഗിയെ കൂട്ടമായി ആക്രമിച്ചവര്‍ ഇല്ലാതാക്കും. വിശ്വസിക്കുന്ന ദൈവങ്ങളുടെ നിജസ്ഥിതിയെപ്പറ്റി ഉള്ളിന്റെയുള്ളില്‍ അവര്‍ക്ക് തന്നെ സംശയമുള്ളതു കൊണ്ടാണ് വിമര്‍ശനങ്ങളെ ഭയക്കുന്നതും, കാരണം കുടാതെ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതും. ഇതുപോലെയൊരു വികാരപ്രകടനമാണ് കമ്മ്യുണിസ്റ്റ് ഭക്തന്മാരില്‍ നിന്ന് ബലറാമവിഷയത്തിലും കണ്ടത്. അപ്പോള്‍ എന്തൊ, എവിടയൊ ചീഞ്ഞളിയുന്നില്ലേയെന്നു യുക്തിപരമായി വിലയിരുത്തുന്ന ഒരു സാധാരണക്കരന് തോന്നാവുന്നതേയുള്ളു. അതിനുപരിയായി എകെജി എന്ന ജനകീയ കമ്മ്യൂണിസ്റ്റ് നേതാവിന്റെ സ്വകാര്യ ജീവിതത്തില്‍ കളങ്കമുണ്ടായിട്ടുണ്ടൊ എന്ന ചരിത്രപഠനമല്ല ഈ കുറിപ്പിന്റെ ഉദ്ദേശം.

എകെജി എന്ന വിഗ്രഹം പാറപോലെ ഉറച്ചതും സംശുദ്ധവുമായിരുന്നെങ്കില്‍ അതൊരിക്കലും താഴെവീണുടയുമായിരുന്നില്ല. പ്രതിഷ്ഠിച്ചിടത്ത് നിന്ന് അനങ്ങുകപോലുമില്ലായിരുന്നു. ബലറാമൊന്നു തൊട്ടപ്പോള്‍ എകെജിയെന്ന വിഗ്രഹം ആടിയുലഞ്ഞ് കമ്മ്യുണിസ്റ്റുകാരന്റെ കാലില്‍ വീണുടഞ്ഞു. അതിന്റെ വേദനയില്‍ ഭ്രാന്തിളകി പുലഭ്യം മാത്രം വിസര്‍ജ്ജിക്കുന്ന ഭക്തരും, അതിന് തോറ്റം പാടുന്ന സാംസ്കാരിക നായകര്‍ എന്ന കുറെ അവസരവാദികളും സ്‌റ്റേജില്‍ അരങ്ങ് തകര്‍ക്കുകയണിപ്പോള്‍ .

സാംസ്കാരിക നായകരുടെയിടയില്‍ സാറാ ജോസഫിന്റെ മസ്തിഷ്കഅതിസാരം എടുത്ത് പറയാതിരുന്നാല്‍ അത് തൃശൂര്‍കാരൊട് കാണിക്കുന്ന വിവേചനമായി തോന്നാം. “എകെജിയുടെ കാലഘട്ടത്തില്‍ 12 വയസിലും 15 വയസിലും പെണ്‍കുട്ടികള്‍ കല്യാണം കഴിക്കുന്നതും പെറുന്നതും പതിവായിരുന്നെന്നും അതൊരു തെറ്റായിരുന്നില്ലെന്നും, ബലറാമന്റെ വീട്ടില്‍ തപ്പിയാലും കാണും 12മത്തെ വയസില്‍ പെറ്റ പെണ്‍കുട്ടികള്‍” എന്നു പറഞ്ഞാണ് സാറാ ജോസഫ് ബലറാമിനെ ശാസിച്ചത്. ഏതൊ വിവരം കെട്ട സ്ത്രീവിരുദ്ധസ്വാമിയെ സ്‌റ്റേജില്‍ കയറ്റാന്‍ വേണ്ടി ശ്രീദേവി കര്‍ത്തായെ ക്ഷണിക്കാതെ അവരുടെ പുസ്തകം പ്രകാശനം ചെയ്ത കറന്റ് ബുക്‌സിനെ ന്യായികരിച്ച ചരിത്രമുള്ള ബഹുമാനപ്പെട്ട സാറാമ്മയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നതും ശരിയല്ല.

കുടിയാന്റെ വീട്ടില്‍ ഒരു പെണ്‍കുട്ടി വയസറിയിച്ചാല്‍ ഭയമായിരുന്നു. ഇനിയേത് നിമിഷവും ഉടയോന്‍ വന്നു കയറി തനിക്കവകാശപ്പെട്ടത് ഭോഗിച്ചെടുക്കുമെന്ന ഭയം. അതിന് എതിര് നിന്നാല്‍ ജീവനോടെ ചേറില്‍ ചവട്ടി താഴ്ത്തുമായിരുന്നു. അതും ആ കാലഘട്ടത്തില്‍ തന്നെയായിരുന്നു, അതും അന്നത്തെ ഒരു ശരിയായിരുന്നു. ആ ഉടയോന്റെ പടമിപ്പോഴും നമ്മളുടെയൊക്കെ വീടുകളില്‍ സ്‌നേഹമയിയായ അപ്പൂപ്പന്റെ രൂപത്തില്‍ തൂങ്ങിക്കിടപ്പുണ്ടാവും. മേപ്പാടം എസ്‌റ്റേറ്റിന്റെ ഒരു ഇരുണ്ട കോണില്‍ കുത്തേറ്റ് മരിച്ച് വീണ തൊഴിലാളി നേതാവിന്റെയും, ഉരുട്ട് പലകയില്‍ അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെയും രക്തക്കറ പുറണ്ട ലീഡറുടെ ചിത്രം ഇന്നിപ്പോള്‍ പാര്‍ട്ടി ജാതി ഭേദമെന്യെ വാഴ്തുന്ന നന്മയുടെ പ്രതീകമായി ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്നു. മറവി ഭക്തര്‍ക്ക് ഒരു അനുഗ്രഹമണ്, എങ്കില്‍ മാത്രമെ പൂജിക്കുവാന്‍ വിഗ്രഹങ്ങള്‍ ഉണ്ടാകുകയുള്ളു.

കഴിഞ്ഞ ഒരു വര്‍ഷമായി ചില നല്ല മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട മാനവീകത ഉയര്‍ത്തെണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ദൈവങ്ങളുടെ പരിവേഷം വലിച്ചു കീറി മനുഷ്യനെ മനുഷ്യനായി കാണാനുള്ള കഴിവ് പടര്‍ന്നു വ്യാപിക്കുന്നു. ബലഹീനര്‍ സദാചാരത്തിനും ധര്‍മ്മനീതിക്കും ഒരു പുതിയ മാനവും അളവ് കോലും തീര്‍ത്തിരിക്കുന്നു. പോയകാലതെറ്റുകളെ പില്ക്കാല നന്മകള്‍ കൊണ്ട് ന്യായികരിച്ച കാലത്തിനറുതി വന്നിരിക്കുന്നു. Harvey Weinstein, Woody Allen, Kevin Spacey എന്നീ വിഗ്രഹങ്ങള്‍ താഴെ വീണുടയാമെങ്കില്‍, എകെജിയും അപ്പൂപ്പനും ലീഡറും താഴെ വീണുടയേണ്ടവയാണെങ്കില്‍ ഉടയുക തന്നെ വേണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക