Image

വിമാനക്കൂലി കുറഞ്ഞ ദിവസങ്ങള്‍ ഇതൊക്കെ (ലൗഡ് സ്പീക്കര്‍ 19: ജോര്‍ജ് തുമ്പയില്‍)

Published on 13 January, 2018
വിമാനക്കൂലി കുറഞ്ഞ ദിവസങ്ങള്‍ ഇതൊക്കെ (ലൗഡ് സ്പീക്കര്‍ 19: ജോര്‍ജ് തുമ്പയില്‍)
വിമാനക്കൂലി കുറയുന്നതും നോക്കി യാത്ര പ്ലാന്‍ ചെയ്യുന്നവരാണ് ഏറെയും. എന്നാല്‍ പലര്‍ക്കും ഇതു പറ്റിയെന്നു വരില്ല. പുതിയ വര്‍ഷത്തിലെങ്കിലും ഇതൊന്നു ശ്രദ്ധിച്ചോളൂ. ചെലവു കുറഞ്ഞ യാത്ര ചെയ്യാനുള്ള തീയതികള്‍ നോര്‍ത്ത് അമേരിക്കന്‍ ട്രാവലിങ് എക്‌സ്‌പേര്‍ട്ടുകളായ കയാക്ക് പുറത്തു വിട്ടിരിക്കുന്നു. അവരുടെ രണ്ടു വര്‍ഷത്തെ കണക്കെടുപ്പില്‍ നിന്നും ബോധ്യപ്പെട്ടത് ക്രിസ്മസ് കഴിഞ്ഞുള്ള ഡിസംബര്‍ 26 ആണേ്രത ഏറ്റവും ചെലവേറിയ വിമാനയാത്രാക്കൂലിയെന്നാണ്. ഏറ്റവും ചെലവു കുറഞ്ഞത് ജനുവരിയിലും. വിനോദയാത്രകള്‍ ഒക്കെ കഴിഞ്ഞതിനു ശേഷം പലരും ജോലിക്കു കയറുന്ന ഈ മാസം ആഭ്യന്തര സര്‍വീസുകള്‍ പലതും കാലിയാണത്രേ. വിദേശയാത്രകള്‍ക്കാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഈ വര്‍ഷം ഏറ്റവും കുറഞ്ഞ വിമാനയാത്രാ കൂലി മാര്‍ച്ച് 19നാണ്. ഇതിനു പുറമേ ഓരോ മാസത്തെയും തീയതിയും അവര്‍ പുറത്തു വിട്ടിട്ടുണ്ട്. ജനുവരി മാസത്തില്‍ ആഭ്യന്തരയാത്രകള്‍ക്ക് ജനുവരി 31, വിദേശത്തേക്ക് ആണെങ്കില്‍ ജനുവരി 19. ഇനി ഫെബ്രുവരിയിലേതു നോക്കിയാല്‍ ഏഴാം തീയതിയാണ് ഡൊമസ്റ്റിക്ക് ടിക്കറ്റ് റേറ്റിങ് ഏറെ കുറവ്. ഇന്റര്‍നാഷണല്‍ ഫെബ്രു. 3, 21 തീയതികളും. മാര്‍ച്ചില്‍ ആഭ്യന്തര യാത്രയ്ക്ക് ഏഴാം തീയതിയാണ് ബെസ്റ്റ്. വിദേശത്തേക്ക് പറക്കാന്‍ മാര്‍ച്ച് 19. ഈ തീയതിയാണ് 2018-ലെ ഏറ്റവും ചെലവു കുറഞ്ഞ തീയതി.

ഏപ്രിലില്‍ ഡൊമസ്റ്റിക്കിനു 29, ഇന്റര്‍നാഷണല്‍ 27, മേയില്‍ യഥാക്രമം രണ്ടും നാലും, ജൂണില്‍ മൂന്നും രണ്ടുമാണ്. ജൂലൈയിലേക്ക് വന്നാല്‍ ചെലവു കുറഞ്ഞ യാത്രാകൂലി ഉള്ളത് ആഭ്യന്തരക്കാര്‍ക്ക് നാലും, പതിനെട്ടുമാണ്. വിദേശത്തേക്ക് പറക്കാന്‍ ഏറ്റവും യോജിച്ചത് ജൂലൈ 31. ഓഗസ്റ്റിലാണെങ്കില്‍ ഡൊമസ്റ്റിക്കിന് 29, ഇന്റര്‍നാഷണല്‍ 21. സെപ്തംബറിലാവട്ടെ ഇത് 26-ാം തീയതിയാണ് പ്രാദേശികമായി പറക്കാന്‍ പറ്റിയ സമയം. വിദേശത്തേക്കാണെങ്കില്‍ അതു 25. ഒക്ടോബറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബെസ്റ്റ് ടൈം എന്നത് വിദേശത്തേക്ക് 29, രാജ്യത്തിനുള്ളില്‍ 31. നവംബറില്‍ മാസാവസാനമാണ് ചെലവു കുറവ്. ആഭ്യന്തരയാത്രയ്ക്ക് നവംബര്‍ 30, വിദേശത്തേക്ക് നവംബര്‍ 11. ഡിസംബറില്‍ പൊതുവേ യാത്രാക്കൂലി കൂടിയ മാസം തന്നെ. ക്രിസമസ് വെക്കേഷന്‍ തന്നെ കാരണം. അതു കൊണ്ട് മാസാമാദ്യം യാത്ര ചെയ്യുക. ചെലവു കുറഞ്ഞത് വിദേശത്തേക്ക് ആണെങ്കില്‍ ഡിസംബര്‍ രണ്ടും, രാജ്യത്തിനകത്ത് ആണെങ്കില്‍ ഡിസംബര്‍ പത്തുമാണ് യോജിക്കുന്നത്. ഇതനുസരിച്ച് ഇപ്പോഴേ ബുക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ഇളവുകളുമായി യാത്ര ചെയ്യാം. അപ്പോള്‍ യാത്രാ പരിപാടികള്‍ മുന്നില്‍ കണ്ടു തയ്യാറായിക്കോളൂ.

**** ***** *****

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഹെയര്‍ സ്റ്റൈല്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ശ്രദ്ധിക്കണം. കാരണം, അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള വാക് പയറ്റിനിടയിലും ഇതാണ് ഇപ്പോള്‍ വാര്‍ത്ത. ഈ മുടി ഒര്‍ജിനല്‍ അല്ലെന്നും ട്രാന്‍സ്പ്ലാന്റ് ചെയ്തതാണെന്നുമൊക്കെയാണ് ഗോസിപ്പ് ഇറങ്ങിയത്. ട്രംപിനെക്കുറിച്ച് പുറത്തിറങ്ങിയ പുതിയ പുസ്തകം "ഫയര്‍ ആന്‍ഡ് ഫ്യൂറി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ്', പറയുന്നത് തലമുടിയുടെ രഹസ്യമാണ്. വൈറ്റ് ഹൗസ് സീനിയര്‍ അഡൈ്വസര്‍ ഇവാന്‍ക ട്രംപിനെ ഉദ്ധരിച്ചാണ് പുസ്തകമെഴുതിയ മൈക്കിള്‍ വൂള്‍ഫ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുടിയുടെ കാര്യത്തില്‍ ഇത്രമാത്രം ശ്രദ്ധിക്കുന്ന മറ്റൊരാള്‍ ഇല്ലെന്നാണ് ഇവാന്‍കയുടെ പക്ഷം. ഓറഞ്ച് കളറിലുള്ള ഈ മുടിക്കുവേണ്ടി ഓരോ വര്‍ഷവും എഴുപത്തിയൊന്നുകാരനായ ട്രംപ് മുടക്കുന്നത് 60,000 ഡോളറാണെന്ന് ഗാവ്ക്കര്‍ എന്ന വെബ്‌സൈറ്റ് സ്കൂപ്പായി പുറത്തു വിട്ടിരുന്നു. എന്നാല്‍ ഹെയര്‍ എക്‌സ്‌പേര്‍ട്ട് ഗെര്‍ഷ് ഖുന്ത്മന്‍ പറയുന്നത്, ഇത് വിഗ് അല്ലെന്നും സ്വാഭാവികമായ മുടിയാണെന്നും അതു ശ്രദ്ധയോടെ പരിപാലിക്കുന്നുവെന്നുമാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കഷണ്ടി കയറിയ പാവം മലയാളികളുടെ അവസ്ഥയാണ് ഞാന്‍ ആലോചിച്ചത്.

**** ***** *****

പലേടത്തും മഞ്ഞ് പൊഴിയാന്‍ തുടങ്ങിയിരിക്കുന്നു. ന്യൂയോര്‍ക്കിലെ ചില കൗണ്ടികളില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനയാത്ര ഒഴിവാക്കാന്‍ അധികാരികള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്, പക്ഷേ പലരും അതു മുഖവിലക്കെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാര്യത്തില്‍ മലയാളികള്‍ക്ക് ഇതൊന്നും വലിയ കാര്യമില്ലെന്നും എത്ര കണ്ടതാണെന്നും മുന്‍വിധിയുള്ളതായി തോന്നിയിട്ടുണ്ട്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടതില്ലെന്നു മാത്രമാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്. ടയര്‍ മാറ്റുക, ഹീറ്റര്‍ ശരിയാക്കുക, മഞ്ഞ് പെയ്തു വീഴാത്തിടത്തു വാഹനം പാര്‍ക്ക് ചെയ്യുക എന്നതൊക്കെയും ശ്രദ്ധിക്കുക. വാഹനം പരമാവധി വേഗത കുറച്ച് ഓടിക്കുക, അപ്പപ്പോഴുള്ള വെതര്‍ വാണിങ്ങുകള്‍ ശ്രദ്ധിക്കുക. കുടം പൊട്ടിയിട്ടു കരയുന്നതിനേക്കാള്‍ നല്ലതാണല്ലോ കുടം പൊട്ടാതെ നോക്കുകയെന്നത്. പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പരമാവധി ഉപയോഗിക്കുക, തെന്നി വീഴാതെ സൂക്ഷിക്കുന്ന എന്നിവ മാത്രമാണ് ഇക്കാര്യത്തില്‍ നല്‍കാവുന്ന ഉപദേശം. മഞ്ഞ് പെയ്തു തുടങ്ങിയിട്ടേയുള്ളു, ഇനി വരുന്നത് മഞ്ഞ് കാറ്റുകളുടെ കാലമാണെന്നും മറക്കരുത്.

**** ***** *****

പൊണ്ണത്തടി ആരോഗ്യമില്ലായ്മയുടെ ലക്ഷണമാണ്. അമേരിക്കയില്‍ ഇതൊരു ഫാഷന്‍ ആണെന്നു തോന്നുന്നു. കാര്യമായ വളര്‍ച്ച ഇക്കാര്യത്തിലുണ്ടെന്ന് റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ-യാണ് ഇക്കാര്യത്തില്‍ നടത്തിയ പഠനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. രണ്ടായിരത്തില്‍ രാജ്യത്തെ പൊണ്ണത്തടിക്കാര്‍ 25 ശതമാനം ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അതു അഞ്ചു സംസ്ഥാനങ്ങളില്‍ 35 ശതമാനം പിന്നിട്ടിരിക്കുന്നു. 25 സംസ്ഥാനങ്ങളില്‍ അതു മുപ്പതു ശതമാനവും ശേഷിക്കുന്ന 46 സംസ്ഥാനങ്ങളില്‍ അതു 25 ശതമാനത്തിലും നില്‍ക്കുന്നു. ഏറ്റവും കുറവ് കൊളറാഡോ (22.3)യും കൂടിയത് വെസ്റ്റ് വെര്‍ജീനിയയും (37.7) ആണത്രേ. പൊണ്ണത്തടിയന്മാരില്‍ കൂടുതല്‍ പേരും യുവാക്കളാണ്. അമേരിക്കയില്‍ സൈനിക സേവനത്തിന് തയ്യാറെടുത്തു വരുന്ന യുവാക്കളില്‍ നാലിലൊന്നു പേര്‍ക്കും ആരോഗ്യമില്ലായ്മയും അമിത ശരീരഭാരവും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. പൊണ്ണത്തടിയുണ്ടോയെന്ന് നിങ്ങളും ഒന്ന് ചെക്ക് ചെയ്തു നോക്കൂ. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇത് ഒഴിവാക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക