Image

ഭക്തലക്ഷങ്ങളെത്തി; മകരവിളക്ക് നാളെ

അനില്‍ പെണ്ണുക്കര Published on 13 January, 2018
ഭക്തലക്ഷങ്ങളെത്തി; മകരവിളക്ക് നാളെ
രണ്ടുമാസക്കാലം നീണ്ടുനിന്ന ശബരിമല മണ്ഡല-മകര വിളക്ക് മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളായ മകര സംക്രാന്തി പൂജയും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധാനയും മകരജ്യോതി ദര്‍ശനവും ഞായറാഴ്ച നടക്കും. എരുമേലി പേട്ട തുള്ളല്‍, പമ്പാസദ്യ എന്നിവയ്ക്ക് ശേഷം സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരുടെ പ്രവാഹം തുടരുകയാണ്. സന്നിധാനത്തും പുല്ലുമേട്ടിലും മകരജ്യോതി ദര്‍ശനം കിട്ടുന്ന മറ്റിടങ്ങളിലും അയ്യപ്പ ഭക്തര്‍ തമ്പടിച്ചുകഴിഞ്ഞു.

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായി. ബിംബശുദ്ധിക്രിയകളുടെ ഭാഗമായി ചതുര്‍ശുദ്ധി, ധാര, പഞ്ചകം, ഗവ്യം എന്നിവ നടന്നു. പന്തളം കൊട്ടാരത്തില്‍നിന്ന് ഉച്ചയോടെ എത്തുന്ന തിരുവാഭരണങ്ങള്‍ ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധന നടത്തും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. മകരജ്യോതി ദര്‍ശനത്തിനെത്തിയ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് വിപുലമായ സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മകരജ്യോതി ദര്‍ശിക്കുന്നതിന് സന്നിധാനത്തും മറ്റ് വിവിധ ഭാഗങ്ങളിലും എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിനായി സൗകര്യമൊരുക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാനായി ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മകരജ്യോതി ദര്‍ശിക്കുന്നതില്‍നിന്ന് ആരെയും തടയില്ല. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ക്ക് പമ്പയിലെത്തി മടങ്ങുന്നതിന് കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ളം, സുരക്ഷ എന്നിവക്കാണ് പ്രഥമ പരിഗണന. ഇത്തവണ ഭക്തര്‍ക്ക് വേണ്ടത്ര അപ്പവും അരവണയും സ്റ്റോക്കുണ്ട്. 16 ലക്ഷം ടിന്‍ അരവണയും മൂന്ന് ലക്ഷം അപ്പവും സ്റ്റോക്കുണ്ട്. അപ്പത്തിന്റെയും അരവണയുടെയും ഗുണനിലവാരം മികച്ചതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ പേര്‍ക്ക് അന്നദാനം നല്‍കുന്നതിനായി അന്നദാന മണ്ഡപം പൂര്‍ണ സജ്ജമാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ചെലവില്‍ മിതത്വവും ശ്രദ്ധയും പുലര്‍ത്തിയ ബോര്‍ഡ് അന്നദാനത്തിന്റെ കാര്യത്തില്‍ ഉദാരസമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പമ്പയിലെ ചില ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം നല്‍കുന്നുവെന്ന പരാതിയുള്ളതിനാല്‍ ഹോട്ടലുകളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ നിര്‍ദേശം നല്‍കി. മകരജ്യോതി ദര്‍ശനത്തിനായി ഭക്തര്‍ തമ്പടിച്ച പാണ്ടിത്താവളത്ത് പ്രഥമ ശുശ്രൂഷ നല്‍കാനായി അടിയന്തിര വൈദ്യ സഹായകേന്ദ്രത്തിന്റെ പ്രവര്‍ത്തിപ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. അപ്പാച്ചിമേട്, ഹില്‍ടോപ്പ് ഒഴികെ ജ്യോതി ദര്‍ശനത്തിനായി ആളുകള്‍ എത്തുന്ന കേന്ദ്രങ്ങളില്‍ വെള്ളവും വെളിച്ചവും ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ആംബുലന്‍സുകളെ ഇടത്താവളങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

വനംവകുപ്പിന്റെ 4 മണിക്കൂറും സജ്ജമായ കണ്‍ട്രോള്‍ റൂമും എലിഫെന്റ് സ്‌ക്വാഡും സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നതായി അറിയിച്ചു. രണ്ട് പാമ്പ് പിടിത്തക്കാരുണ്ട്. ഇതിനകം 407 പാമ്പുകളെ പിടികൂടി കാട്ടില്‍വിട്ടു. എലിഫെന്റ് സ്‌ക്വാഡ് നിലയ്ക്കലിലും ശ്രദ്ധിക്കണമെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചു. ബാരിക്കേഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കുടുതല്‍ ബാരിക്കേഡുകളും വടങ്ങളും ഈ വര്‍ഷം സജ്ജമാക്കിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും പൊലീസും എന്‍.ഡി.ആര്‍.എഫും പൂര്‍ണ സജ്ജരാണെന്നും പ്രസിഡന്റ് അറിയിച്ചു.

യോഗത്തില്‍ എക്സിക്യുട്ടീവ് ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരന്‍, സന്നിധാനം സ്പെഷല്‍ ഓഫീസര്‍ ദേബേഷ് കുമാര്‍ ബെഹ്റ, എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, ഡെപ്യൂട്ടി മജിസ്ട്രേറ്റ് എസ്. സന്തോഷ് കുമാര്‍, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ. നാരായണന്‍, ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. ജി. സുരേഷ് ബാബു, പി.ആര്‍.ഒ മുരളി കോട്ടയ്ക്കകം തുടങ്ങിയവര്‍ സംബന്ധിച്ചു.
ശബരിമലയില്‍ മണ്ഡല-മകരവിളക്ക് സീസണില്‍ വരുമാനത്തില്‍ ഇതുവരെ 40,80,27,913 രൂപയുടെ വര്‍ധനവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. ഇതുവരെയുള്ള മൊത്തവരുമാനം 245,94,10,007 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 205 കോടി രൂപയായിരുന്നു. മകരവിളക്ക് സീസണില്‍ മാത്രം 72 കോടി 55 ലക്ഷം രൂപയാണ് വരുമാനം. പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും പന്തളത്തുമായി ആറ് കോടിയോളം രൂപ അന്നദാനത്തിനായി ചെലവഴിച്ചതായും പ്രസിഡന്റ് അറിയിച്ചു.

മകരവിളക്ക് ദിവസം മകരസംക്രമാഭിഷേകം ചെയ്യുന്നതിന് തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് നെയ്‌ത്തേങ്ങയുമായി മൂവര്‍ സംഘമെത്തി. കഴിഞ്ഞ 26 വര്‍ഷമായി നെയ്‌ത്തേങ്ങയുമായി കന്നി അയ്യപ്പനെ കൊണ്ടുവരുന്ന തിരുവനന്തപുരം സ്വദേശി രാമനാഥന്‍ ഗുരുസ്വാമി, കന്നി അയ്യപ്പന്‍ വിഘ്‌നേശ്വരന്‍, രാമനാഥന്റെ മകന്‍ വിഘ്‌നേശ്വരന്‍ എന്നിവരാണ് സംഘത്തില്‍. വെള്ളിയാഴ്ച രാവിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരുവിതാംകൂര്‍ രാജസ്ഥാനി ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ നെയ്‌ത്തേങ്ങ നിറച്ചു. ഈ നെയ്യാണ് ഞായറാഴ്ച ഉച്ച 1.47ന് നടക്കുന്ന മകരസംക്രമ പൂജയ്ക്ക് തന്ത്രി നേരിട്ട് അഭിഷേകം ചെയ്യുക. എട്ട് നെയ്‌ത്തേങ്ങകളാണ് കൊണ്ടുവന്നത്.

1. മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമല സന്നിധാനത്ത് ശനിയാഴ്ച അനുഭവപ്പെട്ട ഭക്തജന തിരക്ക്

2. മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ സന്നിധാനത്ത് ചേർന്ന യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ സംസാരിക്കുന്നു. പത്തനംതിട്ട ജില്ലാ കളക്ടർ ആർ. ഗിരിജ സമീപം.

ഭക്തലക്ഷങ്ങളെത്തി; മകരവിളക്ക് നാളെ
ഭക്തലക്ഷങ്ങളെത്തി; മകരവിളക്ക് നാളെ
ഭക്തലക്ഷങ്ങളെത്തി; മകരവിളക്ക് നാളെ
ഭക്തലക്ഷങ്ങളെത്തി; മകരവിളക്ക് നാളെ
ഭക്തലക്ഷങ്ങളെത്തി; മകരവിളക്ക് നാളെ
ഭക്തലക്ഷങ്ങളെത്തി; മകരവിളക്ക് നാളെ
ഭക്തലക്ഷങ്ങളെത്തി; മകരവിളക്ക് നാളെ
ഭക്തലക്ഷങ്ങളെത്തി; മകരവിളക്ക് നാളെ
ഭക്തലക്ഷങ്ങളെത്തി; മകരവിളക്ക് നാളെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക