Image

കന്നിമല ചവിട്ടി ഗായിക ചിത്ര ശബരിമലയില്‍, ഹരിവരാസനം പുരസ്‌കാരം ഞായറാഴ്ച

അനില്‍ പെണ്ണുക്കര Published on 13 January, 2018
കന്നിമല ചവിട്ടി ഗായിക ചിത്ര ശബരിമലയില്‍,  ഹരിവരാസനം പുരസ്‌കാരം ഞായറാഴ്ച
കന്നിമല ചവിട്ടി  ഗായിക കെ.എസ് ചിത്ര ശബരിമലയില്‍ എത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് സന്നിധാനം ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം, സഹകരണ  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചിത്രയ്ക്ക് സമ്മാനിക്കും. 

ഒരുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ്  ഹരിവരാസനം പുരസ്‌ക്കാരം. മതസൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ചിത്രയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത് . ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍ ചെയര്‍മാനും ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം കമ്മിഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്

കന്നിമല 
ചവിട്ടി ശബരിമലയില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് മലയാളത്തിന്റെ വാനമ്പാടി പറഞ്ഞു. നാല്പത്തിയൊന്നു ദിവസത്തെ വ്രതം നോറ്റാണ്  അയ്യപ്പനെ കാണാന്‍ എത്തിയത്. പുരസ്‌ക്കാരം സ്വീകരിച്ച ശേഷം ചിത്രയുടേയും സംഘത്തിന്റേയും സംഗീത പരിപാടി അരങ്ങേറും.

2012-ലാണ് ആദ്യമായി ഹരിവരാസനം അവാര്‍ഡ് 
യേശുദാസിനു  നല്‍കിയത്. ജയന്‍ (ജയവിജയ), പി. ജയചന്ദ്രന്‍, എസ്.പി ബാലസുബ്രഹ്മണ്യന്‍, എം.ജി ശ്രീകുമാര്‍, ഗംഗൈ അമരന്‍ എന്നിവര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായി.

കെ.എസ് ചിത്ര മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങിയ വിവിധ ഭാഷകളിലായി പതിനയ്യായിരത്തോളം പാട്ടുകള്‍ ചലച്ചിത്രങ്ങള്‍ക്ക് വേണ്ടിയും നാലായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളും നിരവതി തവണ ലഭിച്ചിട്ടുണ്ട്. 1963 ജൂലൈ 27-ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെ പുത്രിയായി തിരുവനന്തപുരത്താണ് ചിത്രയുടെ ജനനം. സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണന്‍ നായര്‍ തന്നെ ആയിരുന്നു. പിന്നീട് കെ ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു.

1979-ല്‍ അട്ടഹാസമെന്ന ചിത്രത്തിന് വേണ്ടി എം ജി രാധാകൃഷ്ണന്‍ സംഗീതം പകര്‍ന്ന 'ചെല്ലം ചെല്ലം' എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു ചിത്രയുടെ തുടക്കം. എന്നാല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികള്‍ ചിത്രയുടെ ആദ്യകാല സംഗീത ജീവിതത്തിലെ വളര്‍ച്ചക്ക് സഹായകമായി. തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച 'നീ താനേ' അന്നക്കുയില്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതല്‍ ശ്രദ്ധേയയായി. 6 തവണ കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ കെ എസ് ചിത്ര ദക്ഷിണേന്ത്യയുടെ 'വാനമ്പാടി' എന്നാണ് അറിയപ്പെടുന്നത്.

മകരവിളക്ക് മഹോത്സവം: സുസജ്ജമായി പൊലീസ് സേന

ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ സുരക്ഷയ്ക്കായി ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, കമാന്‍ഡോ യൂനിറ്റുകള്‍ എന്നിവയടക്കം 5,200ഓളം വരുന്ന പൊലീസ് സേനയെ വിന്യസിച്ചതായി ശബരിമല പൊലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി സുദേഷ് കുമാര്‍ സന്നിധാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2400 പൊലീസുകാരെ പമ്പയിലും നിലയ്ക്കിലും 2800 പേരെ സന്നിധാനത്ത് മാത്രമായും വിന്യസിച്ചിട്ടുണ്ട്. എരുമേലി 350, പുല്ലുമേട് 250 എന്നിങ്ങനെയും പൊലീസ് സേനയെ വിന്യസിച്ചു.

തിരക്ക് മൂലമുള്ള അപകടങ്ങള്‍, തീ പിടിത്തങ്ങള്‍, ബോംബ് സ്ഫോടനം എന്നിവ ഉള്‍പ്പെടെ അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ സേന സുസജ്ജമാണ്. സന്നിധാനം സെക്ടറിനെ പത്തായി വിഭജിച്ചാണ് സുരക്ഷാ വിന്യാസം. അത്യാഹിതമുണ്ടായാല്‍ പെട്ടന്ന് പ്രതികരിക്കാന്‍ കഴിയുന്ന വിധം ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, കേരള പൊലീസ്, ഫയര്‍ ഫോഴ്സ് എന്നിവയെ വിവിധ ഭാഗങ്ങളിലായി വിഭജിച്ച് വിന്യസിച്ചിട്ടുണ്ട്. മറ്റ് 16 വകുപ്പുകളുമായി ചേര്‍ന്നാണ് ഈ പ്രവര്‍ത്തനം.

10 ആംബുലന്‍സുകള്‍ പമ്പയില്‍ മാത്രം ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ വ്യോമസേനയുടെ ഹെലികോപ്്റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അത്യാഹിതമുണ്ടായാല്‍ ആംബുലന്‍സില്‍ കോട്ടയത്തോ പത്തനംതിട്ടയിലോ അടൂരിലോ ഉള്ള ആശുപത്രികളിലെത്തിക്കും. ഹെലികോപ്റ്ററിലാണെങ്കില്‍ തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കിംസ് ഹോസ്പിറ്റല്‍ എന്നിവ ഇതിന് സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം 20 ആംബുലന്‍സുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. അത്യാഹിതങ്ങള്‍ ഉണ്ടാവില്ലെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് ഇത്രയും സൗകര്യങ്ങള്‍ ഒരുക്കിയത്.

72 സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ചാണ് നിരീക്ഷണം നടത്തുന്നത്. 24 മണിക്കൂറും നിരീക്ഷണം നടത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫീല്‍ഡിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നു. കേരള പൊലീസിന്റെ ഡ്രോണ്‍, ഇന്ത്യന്‍ നാവിക സേനയുടെ ഹെലികോപ്റ്റര്‍ എന്നിവ ഉപയോഗിച്ചും വ്യോമ നിരീക്ഷണം നടത്തുന്നു. ഹെലികോപ്്റ്റര്‍ ഉപയോഗിച്ച് സന്നിധാനത്ത് മാത്രമല്ല, എരുമേലിയിലും പുല്ലുമേട്ടിലും നിരീക്ഷണം നടത്തുന്നു.

തീവ്രവാദ ഭീഷണി നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടുള്‍പ്പെടെയുള്ള കമാന്‍ഡോകളുടെ സേവനം ഉപയോഗിക്കുന്നു. കൂടാതെ ബോംബ് ഡിസ്പോസല്‍ സ്‌ക്വാഡും കര്‍മനിരതരാണ്. ഐ.ജി മനോജ് അബ്രഹാമിനെയും എസ്.പി ജാദേവിനെ സ്പെഷല്‍ ഓഫീസറായും എസ്.പി നാരായണനെയും പമ്പയില്‍ മാത്രമായി നിയോഗിച്ചിട്ടുണ്ട്. സന്നിധാനത്ത് സ്പെഷല്‍ ഓഫീസര്‍ ദേബേഷ് കുമാര്‍ ബെഹ്റയെ സഹായിക്കാനായി എ.ഡി.ജി.പിയും ഐ.ജി എസ്. ശ്രീജിത്തും ഉണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ഐ.ജി എസ്. ശ്രീജിത്ത്, സ്പെഷല്‍ ഓഫീസര്‍ ദേബേഷ് കുമാര്‍ ബെഹ്റ എന്നിവരും സംബന്ധിച്ചു.
............................................................................................................

കന്നിമല ചവിട്ടി ഗായിക ചിത്ര ശബരിമലയില്‍,  ഹരിവരാസനം പുരസ്‌കാരം ഞായറാഴ്ച കന്നിമല ചവിട്ടി ഗായിക ചിത്ര ശബരിമലയില്‍,  ഹരിവരാസനം പുരസ്‌കാരം ഞായറാഴ്ച കന്നിമല ചവിട്ടി ഗായിക ചിത്ര ശബരിമലയില്‍,  ഹരിവരാസനം പുരസ്‌കാരം ഞായറാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക