Image

ബി.ജെ.പിയും ക്രൈസ്തവ സഭകളും തമ്മിലെ അകലത്തിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

Published on 13 January, 2018
ബി.ജെ.പിയും ക്രൈസ്തവ സഭകളും തമ്മിലെ അകലത്തിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം
തിരുവനന്തപുരം: ബി.ജെ.പിയും ക്രൈസ്തവ സഭകളും തമ്മിലെ അകലത്തിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ബി.ജെ.പി അധികാരത്തിലേറിയാല്‍ വൈദികര്‍ ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രചാരണം. എന്നാല്‍, ബി.ജെ.പി അധികാരത്തിലേറി മൂന്നരവര്‍ഷമായിട്ടും ഒരു പള്ളിക്കും ഒന്നും സംഭവിച്ചില്ല. എന്നിട്ടും സഭയും ബി.ജെ.പിയും തമ്മിലെ അകലം തുടരുന്നു.

 വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ ഏറ്റവുംകൂടുതല്‍ കാരുണ്യപ്രവര്‍ത്തനം നടത്തുന്ന ക്രൈസ്ത സഭകള്‍ക്ക് കേന്ദ്രസര്‍ക്കാറിനെ ആവശ്യമാണ്. സഭകള്‍ക്കും സര്‍ക്കാറിനും യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. സമീപകാലത്ത് മൂന്നോ നാലോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 130 കോടി ജനങ്ങളുള്ള ഈ രാജ്യത്ത് അവിടവിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കേരള റീജനല്‍ ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി) 31ാം ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനത്തിനൊപ്പംനിന്ന് സമൂഹത്തില്‍ പുരോഗമനപരമായ മാറ്റം വരുത്താന്‍ ധൈര്യം കാട്ടുന്ന രാഷ്ട്രീയത്തിനൊപ്പമാണ് നിങ്ങള്‍ നില്‍ക്കേണ്ടത്. അതിന് ഇടത്, വലത്, മധ്യം എന്ന വേര്‍തിരിവ് ആവശ്യമില്ല. കേരളത്തിലെ എം.പി, എം.എല്‍.എമാരുടെ പ്രധാന പണി കല്യാണം കൂടലും മരണവീട് സന്ദര്‍ശനവുമാണ്. വികസനം കൊണ്ടുവരലാണ് തന്റെ പണിയെന്ന് ചിന്തിക്കാനും പറയാനും അവര്‍ക്ക് ധൈര്യം വേണം- കണ്ണന്താനം പറഞ്ഞു.

ഓഖി ഉണ്ടായതല്ല; അനാസ്ഥമൂലം ഉണ്ടാക്കിയതാണെന്ന് അധ്യക്ഷത വഹിച്ച ആര്‍ച്ച് ബിഷപ് ഡോ.എം. സൂസൈപാക്യം കുറ്റപ്പെടുത്തി. ദുരന്തത്തില്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ സഹകരണ മനോഭാവം തുടരണമെന്നും സൂസൈപാക്യം ആവശ്യപ്പെട്ടു. നിയുക്ത ആലപ്പുഴ സഹായമെത്രാന്‍ ഡോ. ജയിംസ് ആനപറമ്പിലിനെ ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ അനുമോദിച്ചു. ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ്പുമാരായ ജോസഫ് കാരിയില്‍, സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, വര്‍ഗീസ് ചക്കാലക്കല്‍, സെബാസ്റ്റിയന്‍ തെക്കത്തച്ചേരി, കെ.ആര്‍.എല്‍.സി.സി ഭാരവാഹികളായ ഷാജി ജോര്‍ജ്, സ്മിത ബിജോയ്, ആന്റണി ആല്‍ബര്‍ട്ട്, ആന്റണി നെറോണ എന്നിവര്‍ സംസാരിച്ചു. (Madhyamam)
Join WhatsApp News
Democrat 2018-01-13 22:59:39
മതത്തിന്റെ പേരില്‍ ഉണ്ടായ, ഇന്ത്യയെ പലതായി കാണുന്ന നിന്ദ്യമായ ഒരാശയത്തെ ക്രൈസ്തവര്‍ പിന്തൂണക്കില്ല. അതിനു കണ്ണന്താനത്തിനെപ്പോലുള്ള അവസരവാദികള്‍ക്ക് പറ്റും. ചില മെത്രാന്മാരെയും കിട്ടിയെന്നിരിക്കും.
പക്ഷെ സാധാരണ വിശ്വാസിയെ കിട്ടില്ല. കാരണം അവര്‍ക്കു വിവരമുണ്ട്. എന്തായാലും ഷിറ്റ് ഹൊള്‍ ആരാധകര്‍ അമേരിക്കയില്‍ മാത്രമല്ല ഉള്ളത്. ഉത്തര്‍ പ്രദേശിലൊക്കെ പോയി താമസിച്ചു നൊക്ക് സവര്‍ണര്‍ ക്രിസ്ത്യാനിയോടു ഏതു രീതിയിലാണു പെരുമാറുന്നതെന്നു.
കേരളത്തില്‍ വെള്ളപ്പളിയേയും ഈഴവരെയും അടുപ്പിച്ചില്ല. പിന്നാ ക്രിസ്ത്യാനി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക