Image

ജസ്റ്റിസ്‌ ലോയയുടെ മരണം :മകന്റെ നിലപാട്‌ തള്ളി അമ്മാവന്‍

Published on 15 January, 2018
ജസ്റ്റിസ്‌  ലോയയുടെ മരണം :മകന്റെ നിലപാട്‌ തള്ളി അമ്മാവന്‍



ന്യൂദല്‍ഹി: ജസ്റ്റിസ്‌ ലോയയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലോയയുടെ മകന്‍ അനൂജ്‌ ലോയയുടെ അഭിപ്രായപ്രകടനം തള്ളി ലോയയുടെ അമ്മാവന്‍ ശ്രീനിവാസ്‌ ലോയ. പിതാവിന്റെ മരണം സ്വാഭാവികമാണെന്നും തനിക്കോ കുടുംബാംഗങ്ങള്‍ക്കോ യാതൊരു സംശയവുമില്ലെന്നുമുളള അനൂജിന്റെ പ്രസ്‌താവനയാണ്‌ ശ്രീനിവാസ്‌ തള്ളിയത്‌.


അനൂജ്‌ ഞായറാഴ്‌ച വാര്‍ത്താസമ്മേളനം നടത്തി ഇങ്ങനെ പറഞ്ഞത്‌ സമ്മര്‍ദ്ദഫലമായാവാമെന്നും അവന്‍ വളരെ ചെറുപ്പമാണെന്നുമാണ്‌ ശ്രീനിവാസ്‌ പറഞ്ഞത്‌.

'ഞാനെന്താ പറയുക. അവന്‍ അത്രത്തോളം മുതിര്‍ന്നിട്ടില്ലല്ലോ? വെറും 18 വയസേയുള്ളൂ അവന്‌. അവനുമേല്‍ സമ്മര്‍ദ്ദമുണ്ടാകാം' അദ്ദേഹത്തെ ഉദ്ധരിച്ച്‌ കാരവന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

'സമ്മര്‍ദ്ദമുണ്ടെന്ന്‌' വാര്‍ത്താസമ്മേളനത്തില്‍ അനൂജിനൊപ്പമുണ്ടായിരുന്ന അഭിഭാഷകന്‍ അമീത്‌ നായിക്‌ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ബന്ധുവെന്ന നിലയിലല്ലാതെ പൗരനെന്ന നിലയില്‍ നിങ്ങളെന്നോട്‌ ചോദിക്കുകയാണെങ്കിലും ഞാന്‍ പറയും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണമാണ്‌ ആവശ്യമെന്ന്‌. ഇത്‌ പൗരനെന്ന നിലയിലുളള എന്റെ വ്യക്തിപരമായ അഭിപ്രായമാണ്‌.' അദ്ദേഹം പറയുന്നു.

തങ്ങളുടെ കുടുംബത്തെ പ്രശ്‌നത്തിലാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കഴിഞ്ഞദിവസമാണ്‌ ലോയയുടെ മകന്‍ അനൂജ്‌ വാര്‍ത്താസമ്മേളനം നടത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക