Image

തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് സജിത മഠത്തില്‍

Published on 15 January, 2018
തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് സജിത മഠത്തില്‍

തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് സജിത മഠത്തില്‍

സെന്റ് പീറ്റേഴ്‌സ് കോളജില്‍ നടന്ന സെമിനാറില്‍ ഞാന്‍ പരാമര്‍ശിച്ച ചില വിഷയങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന നിലയിലാണ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. തൊഴിലിടം, സുരക്ഷ എന്ന വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്.

തൊഴിലിടങ്ങള്‍ സുരക്ഷിതമല്ലാതാകുന്ന കാരണങ്ങള്‍ വിശദീകരിച്ച വേളയില്‍ മറ്റ് പല കാരണങ്ങളുടെയും കൂട്ടത്തില്‍ സിനിമയില്‍ ചിലരുടെയെങ്കിലും ലൈംഗിക താല്പര്യങ്ങള്‍ക്ക് നിന്ന് കൊടുക്കാത്ത സ്ത്രീകളില്‍ ചിലര്‍ക്കെങ്കിലും സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിനെ കുറിച്ചും സൂചിപ്പിച്ചിരുന്നു. എത്രയോ സ്ത്രീകള്‍ തന്നെ ഇതെ കുറിച്ചൊക്കെ സംസാരിച്ചു തുടങ്ങിയ പശ്ചാത്തലത്തില്‍ എന്റേത് വ്യക്തിപരം മാത്രമായ ഒരു നിരീക്ഷണമല്ല.

സിനിമയിലെ തൊഴില്‍ സംഘടനകളെ കുറിച്ചും അവ ഒരു പക്ഷേ മനപൂര്‍വമല്ലാതെ പുലര്‍ത്തുന്ന സ്ത്രീവിരുദ്ധതയെ കുറിച്ചും സൂചിപ്പിച്ചിരുന്നു. പൊതു സമൂഹത്തില്‍ വ്യാപകമായി കാണുന്ന എല്ലാ സ്ത്രീവിരുദ്ധ ഇടപെടലുകളും തൊഴില്‍ സംഘടനകളിലും ഉണ്ട് എന്നും പറഞ്ഞിരുന്നു. ഇതിനെ വളരെ സ്വാഭാവികമെന്നോണമാണ് ആളുകള്‍ കാണുന്നതെന്നും ഈയവസ്ഥ തിരിച്ചറിയപ്പെടുകയും മാറുകയും ചെയ്യേണ്ടതുണ്ടെന്നുമാണ് ഞാന്‍ സൂചിപ്പിച്ചത്. തൊഴിലാളി പ്രസ്ഥാനത്തിലും അതിന്റെ ഇടപെടലുകളിലും സാധ്യതകളിലും വിശ്വസിക്കുന്ന ഒരാളെന്ന നിലക്ക് ഈ വിമര്‍ശനം ഉയര്‍ത്തപ്പെടേണ്ടതാണ് എന്നും ഞാന്‍ വിശ്വസിക്കുന്നു.

അതേ സമയം പ്രസിദ്ധീകരിച്ചു വന്ന വാര്‍ത്തയില്‍ ഞാന്‍ പറയാത്ത കാര്യങ്ങളുണ്ട്. പറഞ്ഞ കാര്യങ്ങളാകട്ടെ, എത്രയോ നാളുകളായി ഞങ്ങളെല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നതുമാണ്. ഇത്തരം വിഷയങ്ങളില്‍ ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകണം എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റെന്തെങ്കിലും മാധ്യമ താല്പര്യങ്ങളുടെ പുറത്ത് ഞാന്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചും പറയാത്തത് പറഞ്ഞതായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അപലപനീയമാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക