Image

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍ (ആര്‍.പഴുവില്‍, ന്യൂജേഴ്‌സി)

Published on 15 January, 2018
ദൈവത്തിന്റെ പ്രതിരൂപങ്ങള്‍ (ആര്‍.പഴുവില്‍, ന്യൂജേഴ്‌സി)
" ആ.. അയ്യന്തോള്‍ കളക്ടറേറ്റ്, കോടതിപ്പടി ഇറങ്ങാനുള്ളോരൊക്കെ വേഗം എറങ്ങീക്കോട്ടാ " .
ബസ്സില്‍ നിന്നും കിളിയുടെ (കണ്ടക്ടറുടെ സഹായി ) ഉച്ചത്തിലുള്ള വിളിച്ചു കൂവല്‍ .

ചിന്തകളില്‍ നിന്നു ഞെട്ടിയുണര്‍ ന്ന് അവന്‍ തിരക്കിട്ട് പിന്‍വാതിലിലൂടെ പുറത്തേക്കിറങ്ങി.

കോടതിപ്പടി.

ഇവിടെ എപ്പോഴും തിരക്കും ബഹളവും തന്നെ..

പ്രവേശന കവാടത്തിനു ചുറ്റും ഉയരത്തില്‍ പടര്‍ന്നു പന്തലിട്ട് നില്‍ക്കുന്ന വാക മരങ്ങള്‍.
അവ താഴെ വലിയ വട്ടത്തില്‍ തണല്‍ വിരിച്ചു ചൂടിന്റെ കാഠിന്യം അല്പം കുറച്ചിരിക്കുന്നു. ഇലകളില്‍ തട്ടി ചുറ്റിക്കറങ്ങി ചെറിയ ശബ്ദത്തില്‍ വീശിയ കാറ്റ് സുഖകരമായ കുളിര്‍മ്മ പകരുന്നു
പരിസരത്തുള്ള ചെറിയ കടക്കാര്‍ക്കും , ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്കും പൊരി വെയിലില്‍ നിന്നും ചെറിയൊരാശ്വാസം.

രണ്ട് വശത്തേക്കും നോക്കി അവന്‍ റോഡ് മുറിച്ചു എതിര്‍വശത്തേക്കു കടന്നു.
പിന്നെ, കിഴക്കോട്ടു പോകുന്ന വഴിയിലൂടെ നടന്നു.

അത്യാവശ്യം വീതിയുള്ള ടാറിട്ട വഴിയാണ്.
വശങ്ങളിലായി നില്‍ക്കുന്ന വൃക്ഷങ്ങളുടെ തലപ്പിലൂടെ ഊര്‍ന്നിറങ്ങുന്ന സൂര്യ രശ്മികള്‍ വഴിയില്‍ പല രൂപങ്ങള്‍ വരച്ചിട്ടതും നോക്കി നടന്നു.

ഇടയ്ക്കിടയ്ക്ക് കാറുകള്‍ രണ്ട് ദിശയിലും പോയിക്കൊണ്ടിരുന്നു .

കോടതിക്കടുത്തു തന്നെയുള്ള പ്രശസ്തമായ കോളനി യാണിത് . മതില്‍ കെട്ടി സുരക്ഷിതമാക്കിയിരിക്കുന്ന വലിയ വീടുകളില്‍ ,ഉടമസ്ഥരും വാടകക്കാരും ഏറിയകൂറും വക്കീലന്മാര്‍ തന്നെ.

ചെറിയൊരു വളവു കഴിഞ്ഞ ഉടനെ ഇടതു ഭാഗത്തെ മതിലിലെ ബോര്‍ഡില്‍ കണ്ണുകള്‍ പതിഞ്ഞു . വലിയ അക്ഷരങ്ങളില്‍ പേര് എഴുതി വെച്ചിട്ടുണ്ട് .

സ്ഥലത്തെ ഏറ്റവും പ്രഗത്ഭനായ ക്രിമിനല്‍ അഡ്വക്കേറ്റ്.

ഗേറ്റിനകത്തും പുറത്തുമായി അഞ്ചെട്ടു കാറുകള്‍. അകലെ നിന്നും വരുന്ന കക്ഷികളുടേതാകും.
ഓഫീസ് കെട്ടിടത്തിന്റെ വരാന്തയില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ മുഴുവന്‍ ആള്‍ക്കാരുണ്ട്. അതിലും കൂടുതല്‍ ആളുകള്‍ മുറ്റത്തും, തെങ്ങിനടുത്തും മതിലില്‍ ചാരിയും ഒക്കെ തങ്ങളുടെ ഊഴം കാത്തു നില്‍ക്കുന്നു.

അവന്‍ ഒന്ന് മടിച്ചു.
പിന്നെ നേരെ വരാന്തയിലേക്ക് കേറി , ഉള്ളിലേക്ക് കണ്ണോടിച്ചു.
ജൂനിയര്‍ വക്കീലന്മാരും, ഗുമസ്തന്മാരും എല്ലാം നല്ല തിരക്കിലാണ്.

താടി യുള്ള , വിടര്‍ന്ന ചിരിയുള്ള ഒരു മുഖം. അതാണ് അവന്റെകണ്ണുകള്‍ തിരയുന്നത്.
പ്രധാന ഗുമസ്തന്‍ "ദാമോദരേട്ടന്‍".

പെട്ടെന്ന് വാതിലില്‍ ആ മുഖം.
“ആ , ഇതാരാ. അവിടെ ഇരിക്കൂ ട്ടോ. ഞാന്‍ ഒന്ന് നോക്കട്ടെ"

അവന്‍ തല കുലുക്കി. ചുറ്റും ഒന്ന് നോക്കി. തിണ്ണയില്‍ ഒരു മൂലയില്‍ അല്പം സ്ഥലം ഉണ്ട്. അവിടെ ചെന്നിരുന്നു.

ചുറ്റുമുള്ള കണ്ണുകള്‍ ചോദ്യഭാവത്തോടെ തന്നില്‍ പതിയു ന്നത് അറിയാത്ത ഭാവത്തില്‍ ഇരുന്നു.
രണ്ട് മിനിട്ടു കഴിഞ്ഞപ്പോള്‍ തൊട്ടടുത്തിരുന്ന ആള്‍ മുരടനക്കി.
" എന്താ കേസ് ?"
ചോദ്യത്തിലെ അര്‍ത്ഥം മനസ്സിലായി . ഇത്ര ചെറുപ്പത്തില്‍ എന്തൊ പ്പിച്ചിട്ടാണ് ഇങ്ങോട്ടെത്തിയിരിക്കുന്നത് എന്നാണ് .

"അത് . അത്. ഒരു കാര്യം ആളോട് സംശയം ചോയ്ക്കാന്‍ വന്നതാ " , ഒന്ന് ചിരിച്ചെന്നു വരുത്തി . മുറ്റത്തേക്ക് കണ്ണോടിച്ചു.

അവിടെ നിന്നും പലരും നോക്കുന്നുണ്ട്. അവരെ കടന്നു നേരെ കേറി വന്നു വരാന്തയില്‍ കേറിയിരുന്നത് കൊണ്ടാവും.
മുറ്റത്തിറങ്ങി മതിലിനടുത്തെങ്ങാനും പോയി നിന്നാലോ ?

എണീക്കാന്‍ തുടങ്ങുമ്പോള്‍, ദാമോദരേട്ടന്‍ വീണ്ടും വാതിലില്‍.

ഒരു കക്ഷി അദ്ദേഹത്തിന്റെ ഒപ്പം പുറത്തിറങ്ങി വന്നു.

" വരൂ കേട്ടോ . സോറി ഇന്ന് വല്ലാത്ത തിരക്കാണ്. അകത്തേക്കിരിക്കാന്‍ പറഞ്ഞു"

"ല്യ . ഞാന്‍ വെയിറ്റ് ചെയ്യാം. ഇത്രേം ആള്ക്കാര് കാത്തിരിക്കുമ്പോ .കഴിഞ്ഞ പ്രാവശ്യം വന്നപ്പോ ങ്ങനെ തിരക്കില്ലായിരുന്നു"..

അവന്‍ പരുങ്ങി നിന്നു.
" ഹ , നല്ല കഥ ,. എന്നെ വെറുതെ ചീത്ത കേള്‍പ്പിക്കല്ലേ .. വരൂ" .

അവന്‍ അകത്തു കടന്നു.

ഓഫീസിനകത്തു കഴിഞ്ഞ തവണ കണ്ടതില്‍ നിന്ന് വ്യത്യാസമൊന്നുമില്ല.മുറിയുടെ നാല് വശങ്ങളിലും ലൈബ്രറിയിലെന്ന പോലെ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളുടെ വലിയ വാള്യങ്ങള്‍. തിരക്കിട്ടൊന്നൊന്നു തലയുയര്‍ത്തി ആഗതനെ നോക്കി , പിന്നെ തങ്ങളുടെ പണികളില്‍ വ്യാപൃതരാകുന്ന വക്കീലന്മാരും സഹായികളും.
ഈ തടിയന്‍ പുസ്തകങ്ങള്‍ എന്നും അത്ഭുതമാണ്. ഇതിലെ നിയമ വശങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കിയെടുക്കാന്‍ ഒരു മനുഷ്യായുസ്സു മതിയാകുമോ ? ഈ ഗ്രന്ഥങ്ങള്‍ അപ്പാടെ ഒരു ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ കയറ്റി , ഒരു സെര്‍ച്ചിങ് ഇന്റര്‍ഫേസ് ഉണ്ടാക്കിയാല്‍ ഒരു പക്ഷെ ഇവരുടെ ജോലി കുറെ എളുപ്പമായേനെ എന്ന് തോന്നി.

പെട്ടെന്ന് അകത്തു നിന്ന് ബെല്ലിന്റെ ശബ്ദം.

ദാമോദരേട്ടന്‍ കണ്ണ് കൊണ്ട് സൂചന തന്നപ്പോള്‍ അകത്തേക്ക് കടന്നു.

" ആ , വര്വാ ..വര്വാ.. എന്തൊക്കെയുണ്ട് വിശേഷം.? .പഠിത്തം ഒക്കെ നന്നായി പോണില്ലേ ?"

" ണ്ട്, നന്നായി പോണുണ്ട്.. "

" ഇതിപ്പോ മൂന്നാം വര്ഷം ല്ലേ ?'

" അതെ"

" നന്നായി ശ്രമിക്കണം ട്ടോ , പറേണ്ട ആവശ്യം ല്ലാന്നറിയാം . കമ്പ്യൂട്ടര്‍ അല്ലെ .. പുതിയ വിഷയങ്ങളാവുമ്പോ നന്നായി ശ്രമിക്കണം.. ഒന്നിനും ഒരു കുറവും ണ്ടാവില്ല്യാ ന്ന് ഞാന്‍ പറഞ്ഞിട്ട്ണ്ടല്ലോ "

" ണ്ട് ".
" ഇപ്പൊ എത്രാ വേണ്ടേ . മടിക്കണ്ടാ ..പറഞ്ഞോളു"

" ഒരു ആയിരം .. സ്‌കോളര്‍ഷിപ്പ് തുക തീര്‍ന്നോണ്ടാ".

" ആയിക്കോട്ടെ.. അത്രേം മത്യോ കുട്ടീ ?

" അയ്യോ .. അത് ധാരാളം മതി".

അദ്ദേഹം ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും കുറച്ചു നോട്ടുകളെടുത്തു അവന്റെ കയ്യില്‍ വെച്ച് കൊടുത്തു.
അവനതു ആദരവോടെ വാങ്ങി.

" ഇതിനൊക്കെ ..."

" നോ നോ ..വേണ്ടാ. ങ്ങനെ പറയണ്ടാ.. ഈശ്വരന്റെ കൃപോണ്ട് നിക്ക് പ്പോ ആവശ്യത്തിനുള്ളത് കിട്ട ണ്ണ്ട്. അതിലൊരു ചെറ്യേ പങ്കു നിങ്ങളെ പ്പോലെ മിടുക്കന്മാര്‍ക്ക് തരേണ്ട കടമ ണ്ടെ..അത്രേ കരുതണള്ളൂ ... കേട്ടോ.. പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ ആക്കണ്ട വരവ് ... ഞാന്‍ മുന്‍പ് പറഞ്ഞതല്ലേ ...എപ്പളായാലും ആവശ്യം ള്ളപ്പോ വരാന്‍ മടിക്കേണ്ട.. പിന്നെ ആരോടും പറഞ്ഞിട്ടില്ല്യാലോ . " "

" അയ്യോ . ല്യ. വാക്ക് പറഞ്ഞിട്ട്ണ്ടല്ലോ , തെറ്റിക്കില്ല്യ "

" അതെ .. നമ്മള്‍ മാത്രം അറിഞ്ഞാ മതി.. . നാലാം വര്ഷം കഴിഞ്ഞാല്‍ എം.ടെക് ന് പോണം. അതെവിടായാലും പ്രശ്‌നല്ല്യ "

" അയ്യോ .. എങ്ങനേലും ബി ടെക് കഴിഞ്ഞാല്‍ ഒരു ജോലി ..അതാണത്യാവശ്യം.. വീട്ടില്‍ ...."

" ആ ..ന്നാ അങ്ങനെ .. നന്നായി വരും "

" എന്നാ ഞാന്‍ ", അവന്റെ കണ്ണുകള്‍ നിറഞ്ഞു.

തടിച്ച കണ്ണടക്കുള്ളിലൂടെ ഒന്ന് സൂക്ഷിച്ചു നോക്കി അദ്ദേഹം അവന്റെ ചുമലില്‍ തട്ടി.

ആ കണ്ണുകളിലെ വാത്സല്യത്തിന്റെ തിളക്കം അവന്റെ മനസ്സില്‍ തട്ടി .

"ഈശ്വരാ , തന്റെ ആരുമില്ലാത്ത ഈ വലിയ മനുഷ്യസ്‌നേഹി ... ശരിക്കും ഇദ്ദേഹം തനിക്കാരാണ് ? "

പെട്ടെന്ന് അവനാ കരം ഗ്രഹിച്ചു തന്റെ തലയില്‍ വെച്ചു.

" പോയി നന്നായി വരൂ കുട്ടീ "..
ഒരു മാത്ര നിന്ന ശേഷം അദ്ദേഹം മൊഴിഞ്ഞു.

അവന്‍ തിരിഞ്ഞു നടന്നു.

ദാമോദരേട്ടന്‍ സീറ്റില്‍ ഇരുന്നു ചിരിച്ചു കാണിച്ചു.

" എല്ലാം ഓക്കെ അല്ലെ ? വീട്ടില്‍ വിശേഷിച്ചൊന്നും ഇല്ല്യാലോ "

" ഇല്ല്യ.. ന്നാ ഞാന്‍ "

സമ്മിശ്ര വികാരങ്ങളോടെ അവന്‍ പുറത്തു കടന്നു.

വരാന്തയിലും പുറത്തും അകത്തേക്ക് നോക്കിയിരിക്കുന്ന അനേകം മിഴികള്‍ അവനെ ചൂഴ്ന്നു നോക്കുന്നത് അവനിപ്പോള്‍ അറിഞ്ഞില്ല .

യാന്ത്രികമായി പടികളിറങ്ങി, ഗേറ്റ് കടന്നു വഴിയില്‍ കൂടെ തിരിച്ചു നടക്കുമ്പോള്‍ അവന്റെ മനസ്സ് നിര്‍വചിക്കാനാവാത്ത ഒരായിരം വികാരങ്ങള്‍ക്കടിപ്പെട്ടിരുന്നു.

നന്മ ഹൃദയത്തിലേറ്റിയ ദൈവത്തിന്റെ പ്രതിരൂപം !!!

ഇദ്ദേഹത്തെപ്പോലെ കുറച്ചു പേരുള്ളത് കൊണ്ടല്ലേ ഈ ലോകത്തു ഇനിയും നന്മയും പ്രകാശവും നില നില്‍ക്കുന്നത് ?

മറ്റാരുമറിയാതെ തന്നെപ്പോലെ അനേകം കുട്ടികള്‍ക്ക് സഹായ ഹസ്തമേകുന്ന അദ്ദേഹത്തെ എന്ത് പറഞ്ഞാണ് പ്രകീര്‍ത്തിക്കേണ്ടത്?

ഏതു പുഷ്പങ്ങള്‍ ഏതു മന്ത്രോച്ചാരണങ്ങളോടെയാണ് ആ പാദങ്ങളില്‍ അര്‍പ്പിക്കേണ്ടത് ?

സര്‍വേശ്വരന്‍ അദ്ദേഹത്തിനും കുടുംബത്തിനും എന്നും ഐശ്യര്യവും ദീര്‍ഘായുസ്സും നല്‍കട്ടെ !

ചിന്തകളില്‍ മുഴുകി അവന്‍ മുന്നോട്ടു തന്നെ നടന്നു..

നന്മ ഹൃദയത്തിലേറ്റിയ ഒരു വലിയ മനുഷ്യന്റെ പിന്‍ബലത്തോടെ …നല്ലൊരു ഭാവിയിലേക്കുള്ള പ്രതീക്ഷാ നിര്‍ഭരമായ നടത്തം !!!


*** ശുഭം***

ആര്‍ . പഴുവില്‍ ,ന്യൂ ജേഴ്‌സി
Join WhatsApp News
Vayanakaaran 2018-01-16 12:03:25
ശ്രീ പഴുവിൽ താങ്കളുടെ ജീവചരിത്രം നന്നാവുന്നുണ്ട്. ഇതെല്ലാം ചേർത്ത് ഒരു പുസ്തകമാക്കുക. അഭിനന്ദനം.പലരും വളരെ കഷ്ടപ്പാടുള്ള വീടുകളിൽ നിന്ന് വന്നവരാണ്. അവർക്കെല്ലാം ഒരു പ്രചോദനമാകുമിത്. .ജീവചരിത്രം അദ്ധ്യായം ഒന്ന്, രണ്ട് ഇങ്ങനെ എഴുതണം. ഇപ്പോൾ ഏതാണ്ട് നാലെണ്ണമായി എന്ന് തോന്നുന്നു. 
jyothikumar 2018-01-16 17:17:05
ഓർമ്മക്കുറിപ്പുകൾ വായിക്കാറുണ്ട് 
എനിക്കും താങ്ങായി വന്നിട്ടുണ്ട് ഭൂമിയിലെ ദൈവങ്ങൾ 
ആ ദേവൻറെ ഭവനത്തിലേക്ക് എനിക്ക് വഴിതെളിച്ച 
  അപൂർവ നക്ഷത്രങ്ങൾ  കിഴക്കുദിച്ചി ട്ടുമുണ്ട് 
Rajeev 2018-01-19 21:28:33
ജ്യോതി കുമാർ  ,
വളരെ നന്ദി , സന്തോഷം.  ഓർമ്മക്കുറിപ്പുകൾ വായിക്കുന്നു എന്നറിഞ്ഞതിൽ. താങ്കൾക്കും കുറച്ചു നല്ല മനുഷ്യർ താങ്ങും തണലുമായി വന്നിരുന്നു എന്നറിഞ്ഞതിൽ വളരെ  സന്തോഷം.

rajeev 2018-01-19 21:37:51
അദൃശ്യനായ വായനക്കാരാ, 
വളരെ നന്ദി, താങ്കളുടെ വായനക്കും , നിർദേശങ്ങൾക്കും. എന്റെ കുറിപ്പുകൾ  ജീവ ചരിത്രം എന്ന് പറയല്ലേ ,  അത് മഹാന്മാർക്കല്ലേ?
 ജീവിതത്തിൽ നടന്ന സംഭവങ്ങളെ ഒരു സന്ദേശത്തോടെ കുറിച്ചിടുക മാത്രമാണ് ഞാൻ ചെയ്യുന്നത്. അതിലെ നന്മയുടെയും , സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും വശങ്ങൾ വരച്ചിടുകയും. എന്തായാലും ഞാൻ ഇതെല്ലാം  ക്രമത്തിൽ സൂക്ഷിച്ചു വെക്കുന്നുണ്ട് .
ഇനിയും വായിച്ചു  അഭിപ്രായങ്ങൾ അറിയിക്കുമല്ലോ ? സസ്നേഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക