Image

ലോക കേരള സഭകൊണ്ട് ആര്‍ക്ക് എന്ത് ഗുണം (ബ്ലെസന്‍ ഹ്യൂസ്റ്റണ്‍)

ബ്ലെസന്‍ ഹ്യൂസ്റ്റണ്‍ Published on 16 January, 2018
ലോക കേരള സഭകൊണ്ട് ആര്‍ക്ക് എന്ത് ഗുണം (ബ്ലെസന്‍ ഹ്യൂസ്റ്റണ്‍)
ലോകകേരളസഭ രൂപം കൊണ്ടു കഴിഞ്ഞു. പേരു കേള്‍ക്കുമ്പോള്‍ തന്നെ ഒരു വ്യത്യസ്ഥതയും പ്രത്യേകതയും ഉണ്ട്. കേരള നിയമസഭ എന്ന് കേട്ടു ശീലച്ച നമ്മള്‍ക്ക് ഈ പേരു കേള്‍ക്കുമ്പോള്‍ ഒരു ആകാംഷയുണ്ടാകുക സ്വാഭാവികമാണ്. ഇടതു സര്‍ക്കാരിന്റെ ജന മുന്നേറ്റ പരിപാടിയിലെ ഒരിനം എന്നു പറയാം. അതല്ലെങ്കില്‍ നോര്‍ക്കയെ പുതിയ കുപ്പിയിലാക്കികൊണ്ട് എല്ലാം കൂടി വാരിയെടുത്ത ഒരു സംഭവം. ഇത് ഒരു സംഘടനയാണോയെന്നു ചോദിച്ചാല്‍ അത് പറയാന്‍ ബുദ്ധിമുട്ടാണ്. ഒരു സഭയാണോയെന്നു ചോദിച്ചാല്‍ അതിനും ബുദ്ധിമുട്ടാണ്. ഇനിയും ഒരു സംരഭമാണോയെന്നു ചോദിച്ചാല്‍ അതിനും ഒരു ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു നിര്‍വ്വചനം നല്‍കാന്‍ കഴിയുകയെന്നത് ഏറെ ബുദ്ധിമുട്ടെന്നതാണ് ഒരു സത്യം. ലോകത്തിലുള്ള മലയാളികളുടെ ഉന്നമനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ഒന്നാണെന്നുമാത്രം പറയാം. അവരുടെ സാംസ്‌കാരിക സാമൂഹിക സാമ്പത്തീക വളര്‍ച്ചയ്ക്ക് ലോക കേരള സഭ മുന്നിലുണ്ടാകുമെന്നതാണ് മനസ്സിലാക്കേണ്ടത്.

ലോക കേരളസഭ രൂപീകരിച്ചതോട് ആഗോള മലയാളികള്‍ക്ക് എല്ലാമായി എന്നതായിരിക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിന്താഗതി. അല്ലെങ്കില്‍ എല്ലാമാകുമെന്ന് സര്‍ക്കാരിനെ ചിലര്‍ ബോധിപ്പിച്ചു കാണും. ഭരണചക്രം തിരിക്കാന്‍ ഉപദേഷ്ടാക്കളുടെ ഒരു നീണ്ട നിര തന്നെ മുഖ്യമന്ത്രിയ്ക്കുള്ളപ്പോള്‍ അവരില്‍ കൂടി ആരെങ്കിലും ഉപദേശിച്ചതാകും ഈ മഹത്തായ സംഭവം.
ആഗോളമലയാളികള്‍ക്ക് ഇനിയും ആശ്വസിക്കാം അവരെ കരുതുന്ന കാണുന്ന അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരും അതിനായി ഒരു സഭയും ഉണ്ടെന്ന് ആഗോള മലയാളികളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇനിയും ശാശ്വത പരിഹാരമുണ്ടാകും. നയതന്ത്ര ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനും. രാജ്യത്തിലെ പൗരന്മാരുടെ ക്ഷേമാന്വേഷണങ്ങള്‍ക്കും വേണ്ടിയാണല്ലോ ഇന്ത്യ വിദേശ രാഷ്ട്രങ്ങളില്‍ എംബസികള്‍ രൂപീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും വിശിഷ്ട വ്യക്തികളും വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്ക് ആഥിത്യമരുളുന്നതിനുള്ള സംവിധാനങ്ങളൊരുക്കുകയും വിസ്സയും മറ്റും നല്‍കുന്നതിനു വേണ്ടി മാത്രമാണ് ഈ എംബസികളെന്ന് പലപ്പോഴും അവരുടെ പ്രവര്‍ത്തികളും പ്രവര്‍ത്തനങ്ങളും കണ്ടാല്‍ തോന്നിപ്പോയിട്ടുണ്ട്.

കെടു കാര്യസ്ഥതയും അലംബ മനോഭാവത്തിലുമുള്ള വിവിധ രാജ്യങ്ങളിലെ എംബസികള്‍ അവിടെയൊക്കെയുള്ള ഇന്ത്യക്കാരുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌ക്കാന്തിയെക്കാള്‍ കൂടുതലായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരായിരിക്കും ഈ ലോകകേരളസഭയെന്നോരു സംശയമുണ്ട്. ഒരു ഇന്ത്യന്‍ പൗരന് എന്തെങ്കിലും ആവശ്യമോ സഹായമോ ഉണ്ടെങ്കില്‍ പോലും എംബസികളുടെയും കൗണ്‍സിലേറ്റ് ജനറല്‍ ഓഫീസുകളുടെയും വാതിലില്‍ മുട്ടിവിളിച്ചാല്‍ പോലും തുറന്നു കൊടുക്കാന്‍ സൗമനസ്സ്യം കാണിക്കാറില്ലായെന്നതാണ് സത്യം.

പ്രവാസികള്‍ക്കായി അവരുടെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ അതിന് പരിഹാരം കാണാന്‍ വേണ്ടി സോണിയാഗാന്ധിയുടെ പ്രത്യേക താല്പര്യത്തിലാണ് ആദ്യ മന്‍മോഹന്‍സിംഗ് മന്ത്രിസഭ ഒരു വകുപ്പ് തന്നെ ശൃഷ്ടിച്ചത് അതിന്റെ വകുപ്പിന് ക്യാബിനറ്റ് പദവി വരെ കൊടുത്ത് ഒരു മന്ത്രിയെയും പ്രതിഷ്ഠിക്കുകയുണ്ടായി. ഇന്ത്യയില്‍ നിന്ന് വിദേശത്ത് ജോലി ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ അവിടെ നിന്ന് തന്നെയുള്ള ഒരു രാജ്യസഭാംഗത്തെയാണ് മന്ത്രിയാക്കിയത്. മന്ത്രിയും പരിവാരങ്ങളും വിദേശയാത്രകള്‍ നടത്തി സര്‍ക്കാര്‍ ഖജനാവ് തീര്‍ത്തതല്ലാതെ അതുകൊണ്ട് ഒരു പ്രവാസിയെങ്കിലും കാര്യമായ ഗുണം ഉണ്ടായില്ലയെന്നതാണ് പറയപ്പെടുന്നത്.

ആ വകുപ്പും മന്ത്രിയും ഉണ്ടായിരുന്നപ്പോഴാണ് നമ്മുടെ മലയാളി നഴ്‌സുമാര്‍ ഗള്‍ഫില്‍ തടവിലായത്. നാമമാത്രമായ ചില കാര്യങ്ങള്‍ ചെയ്തുയെന്നു പറയാമെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ ആ വകുപ്പിനോ മന്ത്രിയ്‌ക്കോ കഴിഞ്ഞില്ലയെന്നു തന്നെ പറയാം. അതിനേക്കാള്‍ പരിതാപകരമാണ് കേരളത്തിലെ പ്രവാസികള്‍ക്കായി മാത്രം കേരള സര്‍ക്കതാര്‍ രൂപീകരിച്ച മഹത്തായ ഒരു പ്രസ്ഥാനം നോര്‍ക്ക. വാര്‍ത്തകളിലല്ലാതെ അവരും വിദേശമലയാളികള്‍ക്ക് എന്തെങ്കിലും കാര്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ആരെണ്ട് ബോധിപ്പിക്കാന്‍ വേണ്ടി ആര്‍ക്കൊക്കയോ വേണ്ടി ഏതാണ്ടൊക്ക് ചെയ്തുയെന്നു മാത്രമെ പറയാന്‍ കഴിയൂ.
മേല്‍പറഞ്ഞവയ്ക്ക് പ്രവാസി മലയാളികളെ സേവിച്ച് സേവിച്ച് പ്രവാസികള്‍ ധന്യരും പൂര്‍ണ്ണതൃപ്തരുമാണ്. അതിനു പുറമെ ഇപ്പോള്‍ ലോകത്തിലുള്ള എല്ലാ മലയാളികള്‍ക്കും കൂടി ഒരു സഭ തന്നെ രൂപീകരിച്ചത് ഇതിന്റെയോക്കെ പ്രവര്‍ത്തനം മതിയാകുന്നില്ലയെന്ന് സര്‍ക്കാരിനു തോന്നുന്നുണ്ടോ. അങ്ങനെ തോന്നുന്നുവെങ്കില്‍ ഇതെ അവസ്ഥ തന്നെയല്ലെ ഇതിനുമുണ്ടാകാന്‍ പോകുന്നത്. ഉള്ളതിനെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെ മറ്റൊന്നിനു കൂടി രൂപാ കൊടുക്കുമ്പോള്‍ അതെന്തിനെന്ന് മനസ്സിലാകുന്നില്ല.

ലോകമലയാളി സഭ എന്നതിന്റെ ഉദ്ദേശവും അതില്‍ അംഗങ്ങളെ തിരഞ്ഞെടുത്തതിലെ മാനദണ്ഡവും പറയുന്നുണ്ടെങ്കിലും അതിലേയ്ക്ക് അംഗങ്ങളെ തിരഞ്ഞെടുത്ത ലിസ്റ്റ് കണ്ടപ്പോള്‍ ഒരുതരം അവ്യക്തത മാത്രമാണ് തോന്നിപ്പോകുക. കോണ്‍ഗ്രസ്സിലും, സി.പി.എമ്മിലും ബി.ജെ.പി.യിലും അതിന്റെ ഉന്നതാധികാര സമിതിയില്‍ എപ്പോഴും സ്ഥിരാംഗങ്ങളായിരിക്കും എപ്പോഴുമുണ്ടാകുക. അതായത് വര്‍ഷങ്ങളായി അവരായിരിക്കും ആ സ്ഥാനം വഹിക്കുക. അവര്‍ കാലം ചെയ്താലെ അടുത്ത ഒരാള്‍ പുതിയതായി എത്തുകയുള്ളൂ. അതുപോലെ തോന്നിപ്പോയി ഇതിലെയും അംഗങ്ങളുടെ ലിസ്റ്റു കണ്ടപ്പോള്‍. അവരാണോ ലോകത്തുള്ള മലയാളികളുടെയെല്ലാം പ്രതിനിധികള്‍- രാവു പകലാക്കി ചോര നീരാക്കി തൊഴിലുടമയുടെ പീഡനങ്ങളും മറ്റും സഹിച്ച് കുടുംബം പോറ്റാന്‍ വേണ്ടി പണിയെടുക്കുന്നവരാണ് പ്രവാസികളായ മലയാളികള്‍. ഈ ലിസ്റ്റില്‍ എത്ര പാതിനിധ്യം നല്‍കിയിട്ടുണ്ട്. അവരോടു ചോദിച്ചെങ്കില്‍ മാത്രമെ അല്ലെങ്കില്‍ അവര്‍ക്കു മാത്രമെ പറയാന്‍ കഴിയു ജീവിക്കാന്‍ വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന ഭൂരിഭാഗം വരുന്ന പ്രവാസികളുടെ പരിവേദനങ്ങള്‍. പരാതികള്‍ ആവശ്യങ്ങള്‍ ആവലാതികള്‍.

അമേരിക്കയിലെ മലയാളികളുടെ കുടിയേറ്റം തുടങ്ങിയത് നഴ്‌സുമാരിലൂടെയാണ്. അമേരിക്കയില്‍ ആ മേഖലയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ക്ക് ഇവിടെ വരുവാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇവിടെ കൊണ്ടുവരുവാനും കഴിഞ്ഞു. കേരളത്തിലെ ഏതെങ്കിലും സര്‍ക്കാരിന്റെ ഔദാര്യത്തോടെയല്ല ഇവര്‍ ഇവിടെ വന്നത്. അവരിവിടെ വന്നതാണ് ഏഴുപതുകളില്‍ മലയാളികള്‍ക്ക് കൂടുതലായി ഇവിടെ വരുവാന്‍ അവസരമുണ്ടായത്. ഇന്ന് അവര്‍ക്ക് സംഘടനകള്‍ വരെ അമേരിക്കയില്‍ ഉണ്ട് സാങ്കേതികമായി പറഞ്ഞാല്‍ അവരുടെ ഒരു പ്രതിനിധി ഈ സഭയില്‍ ഉണ്ടാകേണ്ടതാണ്. കേട്ടറവില്‍ അവരില്‍ നിന്ന് ആരും തന്നെ ഇല്ലയെന്നതാണ് സത്യം.
രണ്ടായിരത്തോടെയാണ് ഐറ്റി മേഖലയില്‍ കൂടി മറ്റൊരു കുടിയേറ്റം അമേരിക്കയില്‍ മലയാളികള്‍ക്ക് ഉണ്ടായത്. അവരില്‍ നിന്ന് എത്ര പ്രതിനിധികള്‍ ഈ സഭയില്‍ ഉണ്ട്. ഏതാണ്ട് ഒന്നര ലക്ഷത്തോളം മലയാളി കുടുംബങ്ങള്‍ അമേരിക്കയില്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതിലും കൂടുതലുണ്ടാകാം. ആരോഗ്യ പരിപാലന രംഗത്തും സാങ്കേതിക മേഖലയിലുമുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. ട്രമ്പിന്റെ കുടിയേറ്റ നിയമവുമൊക്കെ പ്രാബല്യത്തില്‍ വന്നാല്‍ എന്നു ഭയക്കുന്നവരാണ് ഇവരില്‍ കുറെപേര്‍. അവരുടെ പ്രതിനിധികളെ പങ്കെടുപ്പിക്കാതെ പോയത് ഒരു പോരായ്മയായി തന്നെ കാണാം.

അമേരിക്കയിലെ കാര്യം ഉദാഹരണമായി പറഞ്ഞുയെന്നെയുള്ളൂ. ഇതുതന്നെയാണ് മറ്റുള്ള രാജ്യങ്ങളിലും. പണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി ഡല്‍ഹിയിലിരുന്ന് കെ.പി.സി.സി. ഭാരവാഹികളെ തീരുമാനിച്ചിരുന്നതുപോലെയെന്നാണ് ഇതില്‍ തിരഞ്ഞെടുക്കപ്പെട്ട മുക്കാല്‍ ഭാഗം പേരുടെയും പേരു കണ്ടപ്പോള്‍ തോന്നിപോയത്. പത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രസ്താവനയും ഫോട്ടോയും വരുന്ന അതായത് പബ്ലിസിറ്റി കൂടിയ ആളെയായിരുന്നു ഡല്‍ഹിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിലെ ഭാരവാഹിയാക്കിയിരുന്നത്. അതുപോലെയല്ലെ ഇതിലെയും അംഗങ്ങളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്നാണ് ഇപ്പോള്‍ തന്നെയുള്ള വിമര്‍ശനം.

വണ്ടിക്കൂലിയും വഴിച്ചെലവുമായി ഇതിന് ചിലവിടുന്നത് കോടികള്‍. അതില്‍ നിന്ന് ഊരിത്തിരിയുന്ന ആശയങ്ങള്‍ വെള്ളത്തില്‍ വരക്കുന്ന വരപോലെയെന്നു വേണം പറയാന്‍. അപ്പോള്‍ തന്നെ അത് മാഞ്ഞുപോകുമെന്നതാണ് സത്യം. കൊട്ടിഘോഷിച്ച് ഒരു സമ്മേളനം അതില്‍ കുറെപ്പേരെ എഴുന്നള്ളിച്ചിരിത്തും അവരാണ് എല്ലാവരെയും പ്രതിനിധീകരിക്കുന്നവര്‍ ഇരുമ്പു വ്യവസായി കല്‍പണിക്കാരന്റെ പ്രതിനിധിയായി സര്‍ക്കാര്‍ ചിലവില്‍ വരുന്നതുപോലെ. ഇതില്‍ ഉരിത്തിരിയുന്ന ഒരാശയമെങ്കിലും വെളിച്ചം കണ്ടാല്‍ വിജയിച്ചുയെന്ന് പറയാം. ഇല്ലെങ്കില്‍ അത് പണച്ചിലവ് മാത്രമെ ഉണ്ടാകൂ. ജനങ്ങളുടെ നികുതിയെന്നതാണ് സര്‍ക്കാരിന്റെ പണം.

കൊട്ടിഘോഷിച്ച് ഒരു സമ്മേളനം നടത്തുകയെന്നതിനപ്പുറം അതിനുശേഷവും അത് ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. കൊട്ടിഘോഷിച്ച് മലയാള ഭാഷയ്ക്കായ് ഒരു സര്‍വ്വകലാശാല നാം കേരളത്തില്‍ സ്ഥാപിച്ചു. അത് സ്ഥാപിച്ചതുകൊണ്ട് മലയാളഭാഷയ്‌ക്കെന്ത് നേട്ടം എന്ന് നാം ചിന്തിക്കണം. സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ ഒഴിച്ച് ഇന്ന് മലയാളഭാഷ എവിടെ കാടിളക്കി ഒരു വിളംബരം എന്നതുമാത്രമാണ് നമ്മുടെ രീതി. പിന്നീട് അതെക്കുറിച്ച് ആരും ചിന്തിക്കാറില്ല. സര്‍ക്കാരും അതിലുള്‍പ്പെട്ടവരും പിന്നെ അതിന്റെ പേരില്‍ ഒരു ധൂര്‍ത്തും അതിനു കുറെ പണചിലവും നടത്തും. ഇതു അങ്ങനെയെന്നതാണ് വിമര്‍ശനം. വിദേശത്തുള്ള നേതാക്കളെന്നു ചമയുന്ന ചിലര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തി കണ്ടുപോകാനോരവസരമായിയെന്നു കൂടി പറയട്ടെ. അതല്ലാതെ തൊണ്ണൂറ്റി ഒന്‍പത് ശതമാനം പ്രവാസികള്‍ക്കും കേരളത്തിനും എന്ത് നേട്ടം.

അടച്ചിട്ട വാതിലിനകത്തിരുന്ന് ആഗോള മലയാളികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കുടുംബം പോറ്റാന്‍ വേണ്ടി കുടുംബം പോറ്റാന്‍ വേണ്ടി മഞ്ഞും മഴയും വെയിലും തണുപ്പുമേറ്റ് തൊഴിലുടമയുടെ കാരുണ്യത്തിനായി കാല്‍പാദം ചുംബിക്കുകയായിരിക്കും പ്രവാസിയായ മലയാളി അവന് ആ ചര്‍ച്ചയില്‍ എന്ത് ഊരിത്തിരിഞ്ഞാലും യാതൊരു വികാര വിക്ഷോപവുമില്ല ഒരേയൊരു വികാരവും ചിന്താഗതിയും മാത്രമെ ഉള്ളൂ. എങ്ങനെയെങ്കിലും കുടുംബം പോറ്റുയെന്നത്.

ലോക കേരള സഭകൊണ്ട് ആര്‍ക്ക് എന്ത് ഗുണം (ബ്ലെസന്‍ ഹ്യൂസ്റ്റണ്‍)
Join WhatsApp News
truth and justice 2018-01-16 09:09:02
What the organization function? If they do something the crow will fly reverse.That is the only thing I have to say.
V.George 2018-01-16 13:17:18
Another bright idea for a photo opportunity wearing Ponnada. Poor ladies (these idiots wives) will do double duty and pay the credit card bill.
No Name, Good Name 2018-01-16 20:01:26
So what? 

Our spouses will do double duty. We enjoy sitting idle, collecting government benefits and will bad mouth not only Trump, but whoever does good for this country. That is our hobby. 

We have no name. Few people call us this VISA, that VISA etc though.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക