Image

കുവൈത്തില്‍ നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് വിതരണം സജീവമായി

Published on 16 January, 2018
കുവൈത്തില്‍ നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് വിതരണം സജീവമായി

കുവൈത്ത്: വിവിധ സംഘടനകള്‍ക്കു കീഴില്‍ അപേക്ഷ നല്‍കി മാസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് നോര്‍ക്ക കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് ലഭിച്ചു തുടങ്ങിയത്. പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കാലങ്ങളായി വീഴ്ച വരുത്തിയതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് വെല്‍ഫെയര്‍ കേരള പോലുള്ള പ്രവാസി സംഘടനകളുടെ വ്യാപകമായ ബോധവത്കരണത്തിന്റെ ഫലമായി ആയിരക്കണക്കിന് പേര്‍ നോര്‍ക്ക കാര്‍ഡിനായി അപേക്ഷ നല്കിയത്. 

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിന്നും കൂട്ടത്തോടെ വന്ന അപേക്ഷകള്‍ പരിശോധന നടത്തി കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാന്‍ മതിയായ ഉദ്യോഗസ്ഥരുടെ അഭാവം കാരണം മാസങ്ങളോളം വിവിധ നോര്‍ക്ക ഓഫീസുകളില്‍ അപേക്ഷകള്‍ കെട്ടികിടന്ന വാര്‍ത്ത മുന്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവാസികളുടെ നിരന്തര സമ്മര്‍ദ്ദം മൂലം കുടുംബ ശ്രീ യൂണിറ്റുകളുടെ സഹായത്തോടെ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാന്‍ നോര്‍ക്ക സംവിധാനമുണ്ടാക്കിയതോടെയാണ് കാര്‍ഡുകള്‍ ലഭിച്ചു തുടങ്ങിയത്. വൈകിയാണെങ്കിലും പ്രവാസികള്‍ക്കുള്ള ഔദ്യോഗിക രേഖയായ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു അപേക്ഷകര്‍ പറയുന്നു. 

നോര്‍ക്ക റൂട്‌സ് വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന സംവിധാനം ഈയിടെ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങള്‍ അല്പം സങ്കീര്‍ണമായതിനാല്‍ സാധാരണക്കാരായ പ്രവാസികള്‍ സാമൂഹിക സംഘടനകളെയാണ് അപേക്ഷ സമര്‍പ്പിക്കാനായി ആശ്രയിക്കുന്നത് . 

വിവിധ സംഘടനകള്‍ മുന്‍കൈ എടുത്ത് നടത്തിവരുന്ന നോര്‍ക്ക കാര്‍ഡ് വിതരണം വിവിധ ഘട്ടങ്ങളിലായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നു.

അബാസിയ,ഫര്‍വാനിയ,സാല്‍മിയ,ഫഹഹീല്‍ എന്നീ മേഘലകളില്‍ ഇതിനോടകം രണ്ടായിരത്തോളം കാര്‍ഡുകള്‍ വിതരണം ചെയ്തതായി വെല്‍ഫെയര്‍ കേരള കുവൈത്ത് ഭാരവാഹികള്‍ അറിയിച്ചു.

അപേക്ഷ നല്‍കുന്ന സമയത്തെ മൊബൈല്‍ നന്പറുകളില്‍ പലതും മാറിയതിനാല്‍ കാര്‍ഡ് ഉടമകളെ ബന്ധപ്പെടാനുള്ള പ്രയാസവും സംഘാടകര്‍ പങ്കുവയ്ക്കുന്നു. വാട്‌സ്ആപ്പ്, ഇമെയില്‍ വഴി സന്ദേശമയച്ചും കാര്‍ഡ് വിതരണത്തിന്റെ അറിയിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയും അപേക്ഷകരെ അറിയിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും പല കാര്‍ഡുകളും കൈപ്പറ്റാന്‍ ഇതുവരെ അപേക്ഷകര്‍ എത്താത്തത് സംഘാടകരെ ആശങ്കയിലാക്കുകയാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക