Image

'മരണ'രുചിയുള്ള മീന്‍; ഫിഗുവിനെതേടി ജപ്പാന്‍ നെട്ടോട്ടത്തില്‍

Published on 16 January, 2018
'മരണ'രുചിയുള്ള മീന്‍; ഫിഗുവിനെതേടി ജപ്പാന്‍ നെട്ടോട്ടത്തില്‍
ടോക്കിയോ: സയനൈഡിനേക്കാള്‍ മാരക വിഷം വഹിക്കുന്ന മത്സ്യം..! സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും ഈ മത്സ്യം വിറ്റുപോയതിന്റെ ആശങ്കയിലാണ് ജപ്പാന്‍. സര്‍ക്കാര്‍ ഇതിനകം ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മധ്യജപ്പാനിലെ ഗാമാഗോറി നഗരത്തിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് അഞ്ച് പായ്ക്കറ്റ് ഫുഗു മത്സ്യമാണ് വിറ്റുപോയിരിക്കുന്നത്. കൊടുംവിഷം ഉള്‍ക്കൊള്ളുന്ന കരള്‍ നീക്കം ചെയ്യാതെയാണ് മത്സ്യം വിറ്റുപോയിരിക്കുന്നത്. സംഭവം പുറത്തായതോടെ നടത്തിയ അന്വേഷണത്തില്‍ മൂന്നു പായ്ക്കറ്റുകള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും രണ്ടു പായ്ക്കറ്റുകള്‍ കണ്ടെത്താനായിട്ടില്ല. ഇതാണ് ആശങ്കയ്ക്കു ഇടയാക്കിയിരിക്കുന്നത്. നഗരത്തില്‍ അധികൃതര്‍ ലൗഡ്‌സ്പീക്കറിലൂടെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സാധാരണ ശൈത്യകാലത്തില്‍ ഉപയോഗിക്കുന്ന വിലകൂടിയ മത്സ്യമാണ് ഫുഗു. മാരക വിഷം അടങ്ങിയതാണെങ്കിലും മാംസം അതീവ രുചികരമാണെന്നതാണ് ഈ മത്സ്യത്തെ പ്രിയപ്പെട്ടതാക്കുന്നത്. വിഷം നീക്കം ചെയ്്തതിനു ശേഷമാണ് മീന്‍ വില്‍പ്പനയ്ക്കു തയാറാക്കുന്നത്. 

ഫുഗുവിന്റെ വിഷം സയനൈഡിനേക്കാള്‍ 1,200 മടങ്ങ് മാരകമാണ്. ഈ മീന്‍ ഭക്ഷണത്തിനായി തയാറാക്കുന്നത് അതീവ ശ്രദ്ധയോടെയാണ്. ചെറിയൊരു അശ്രദ്ധപോലും മരണകാരണമാകും. മീനിന്റെ കരളിലും മുട്ടയിലും പുറംതൊലിയിലുമാണ് വിഷം അടങ്ങിയിരിക്കുന്നത്. ഫുഗു ഉപയോഗിക്കുന്നതിന് ലൈസന്‍സും പ്രത്യേക പരിശീലവും ആവശ്യമാണ്. മൂന്നു വര്‍ഷത്തെ പരിശീലനമാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

ഓരോവര്‍ഷവും ജപ്പാനില്‍ ഇത്തരത്തില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ വിഷത്തിന് ഇതുവരെ മറുമരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ മീനിന്റെ വിഷം മനുഷ്യന്റെ നാഡിവ്യവസ്ഥയെയാണ് ബാധിക്കുന്നത്. ആദ്യം മുഖം മരവിക്കുകയും പിന്നീട് ശരീരം തളരുകയും മരണം സംഭവിക്കുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക