Image

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

അനില്‍ പെണ്ണുക്കര Published on 16 January, 2018
ശബരിമലയിലെ അടിസ്ഥാന  സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും: മുഖ്യമന്ത്രി
തീര്‍ഥാടക ബാഹുല്യം കണക്കിലെടുത്ത് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പരാതികള്‍ക്ക് ഇടനല്‍കാതെ ശബരിമലയിലെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 

തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചപ്പോഴും അതിനനുസരിച്ച് മികച്ച സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള ഏകോപനം സാധ്യമായാല്‍ ഭംഗിയായി സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നതിന്റെ നല്ല ഉദാഹരണമാണ് ഇത്തവണത്തെ തീര്‍ഥാടനകാലം. ഇതിനായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഈ തീര്‍ഥാടനകാലത്ത് വിവിധ സൗകര്യങ്ങള്‍ ഒരുക്കാന്‍ 38 കോടി രൂപയാണ് ശബരിമലയില്‍ മാത്രമായി സര്‍ക്കാര്‍ചെലവഴിച്ചത്.മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കായി 98 കോടി രൂപ വേറെയും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡ് നവീകരണം, മറ്റ് പശ്ചാത്തല സൗകര്യമൊരുക്കല്‍ എന്നിവയ്ക്കായി അനുവദിച്ച തുക ഇതിനെല്ലാം പുറമെയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാളികപ്പുറത്ത് നിന്നുള്ള
എഴുന്നള്ളത്ത് 19 വരെ

മകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്ന് സന്നിധാനത്തേക്കുള്ള എഴുന്നള്ളത്ത് ജനുവരി 19 വരെ തുടരും. തിങ്കളാഴ്ച അത്താഴ പൂജയ്ക്ക് ശേഷമാണ് എഴുന്നള്ളത്ത് തുടങ്ങിയത്. എഴുന്നള്ളത്ത് നടക്കുന്ന ദിവസങ്ങളില്‍ ഒമ്പത് മണിക്കായിരിക്കും അത്താഴ പൂജ.
ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് 18ന് രാത്രി മാളികപ്പുറം മണിമണ്ഡപത്തില്‍നിന്നും ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. വളരെക്കാലം മുമ്പ് തുടങ്ങിയ ആചാരമാണിത്. പല വര്‍ഷങ്ങളിലും എഴുന്നള്ളത്തിന് ആനയുണ്ടായിരുന്നു. ഇപ്പോള്‍ അത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്.
19ന് അവസാനത്തെ ചടങ്ങ് ഗുരുതിയാണ്. അവകാശികളായ കുറുപ്പന്‍മാരാണ് ഇത് നടത്തുന്നത്. കുറുപ്പന്‍മാരുടേതായ രീതിയില്‍ വളരെ കേമമായിട്ടുതന്നെ ഗുരുതി നടക്കുമെന്നും ഗുരുതിക്ക് ശേഷം മാളികപ്പുറത്ത് ആരും തങ്ങാറില്ലെന്നും തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു.
20ന് പന്തളം രാജാവിന് മാത്രമാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുവാദമുള്ളത്. രാവിലെ നട തുറന്ന്, അഭിഷേകം കഴിഞ്ഞ് പന്തളം രാജാവ് ദര്‍ശനം നടത്തി, ഹരിവരാസനം പാടി നട അടയ്ക്കും. 

തുടര്‍ന്ന് പതിനെട്ടാംപടിക്കു താഴെ വെച്ച്, രാജാവ് മേല്‍ശാന്തിക്ക് പണക്കിഴി കൈമാറും. ഇതോടെ മകരവിളക്ക് മഹോത്സവച്ചടങ്ങുകള്‍ അവസാനിക്കും.
ആലങ്ങാട്ടുയോഗം അയ്യപ്പനെ
പന്തീര്‍നാഴി നിവേദ്യമൂട്ടി
ആലങ്ങാട്ടുയോഗം പേട്ടസംഘം അയ്യപ്പനെ പന്തീര്‍നാഴി നിവേദ്യമൂട്ടി. ചൊവ്വാഴ്ച ഉച്ച പൂജ സമയത്തായിരുന്നു നിവേദ്യമൂട്ട്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ഈ മഹാനിവേദ്യം അയ്യപ്പന് നിവേദിച്ചത്. 

രാവിലെ 9.30 മുതല്‍ 10.30വരെ ആലങ്ങാട്ട് യോഗത്തിന്റെ നെയ്യഭിഷേകം നടന്നു. വൈകുന്നേരം പന്തളം മഹാരാജാവിനെ സ്വീകരിച്ച് ആനയിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. രാത്രി അപ്പവും അരവണയും അയ്യപ്പന് നിവേദിച്ച് യോഗാംഗങ്ങള്‍ക്ക് വിതരണം ചെയ്തു.

യോഗം പെരിയോര്‍ അമ്പാടത്ത് എ കെ വിജയകുമാര്‍, യോഗം പ്രതിനിധികളായ എം എന്‍ രാജപ്പന്‍നായര്‍, പുറയാറ്റികളരി രാജേഷ്, കോമരങ്ങളായ ദേവദാസ് കുറ്റിപ്പുഴ, ആഴകം അജയന്‍, സുനില്‍ ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

അറക്കുളം ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക്
കൊടിക്കൂറ കൈമാറി

അറക്കുളം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ജനുവരി 25 മുതല്‍ നടക്കുന്ന തിരുവത്സവത്തിനായി ശബരിമലയില്‍ നിന്ന് പൂര്‍വാചാര പ്രകാരം നല്‍കുന്ന കൊടിക്കൂറ ശബരിമല കൊടിമരച്ചുവട്ടില്‍വെച്ച് മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്ന് താഴത്തെമനയ്ക്കല്‍ ഗോപാലകൃഷ്ണ പണിക്കര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി എന്‍ ചന്ദ്രശേഖരന്‍ സന്നിഹിതനായിരുന്നു.
ജനുവരി 17ന്(ബുധന്‍) രാവിലെ എട്ടുമണിക്ക് ശബരിമലയില്‍നിന്ന് പുറപ്പെടുന്ന കൊടിക്കൂറ ഘോഷയാത്ര പമ്പയിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് ആറുമണിയോടെ അറക്കുളം ക്ഷേത്രത്തിലെത്തും.

സന്നിധാനത്ത് നാദമേളമൊരുക്കി
തിരുനെല്‍വേലി സ്വാമിമാര്‍
പമ്പയില്‍ നിന്ന് തകിലും നാദസ്വരവുമായി തീര്‍ഥാടനവഴികളെ സംഗീതസാന്ദ്രമാക്കി കൊട്ടിക്കയറിയ തമിഴ്നാട് തിരുനെല്‍വേലി സ്വാമിമാര്‍ സന്നിധാനം തിരുമുറ്റത്ത് നാദവിസ്മയം തീര്‍ത്തു. തിരുനെല്‍വേലി ശ്രീവൈകുണ്ഠം ഗ്രാമത്തിലെ ഗുരുകുലം കെ. കുപ്പുസ്വാമിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം തിരുനെല്‍വേലിയില്‍ നിന്ന് കാല്‍നടയായി സഞ്ചരിച്ചാണ് സന്നിധാനത്തെത്തിയത്. തെങ്കാശി, അച്ചന്‍കോവില്‍ വഴി എരുമേലിയിലെത്തി. എരുമേലിയില്‍ നിന്ന് കാനനപാത വഴി പമ്പയിലുമെത്തി. സംഘം ഒമ്പത് വര്‍ഷമായി ഇങ്ങനെ ശബരിമല തീര്‍ഥാടനം നടത്തുന്നു. ഗുരുസ്വാമി കുപ്പുസ്വാമി ശബരിമലയിലെത്തുന്നത് നാല്‍പത്തിയൊന്നാമത്തെ വര്‍ഷമാണ്.

അയ്യപ്പ സേവനത്തി ന് 24 വര്‍ഷം; സര്‍ക്കാര്‍
വിശുദ്ധി സേനാംഗങ്ങളെ ആദരിക്കുന്നു

ശബരിമല പൂങ്കാവനവും പരിസരവും വിശുദ്ധമായി സൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, 24 വര്‍ഷം തുടര്‍ച്ചയായി സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങളായി പ്രവര്‍ത്തിച്ചവരെ പത്തനംതിട്ട ജില്ലാ ഭരണകൂടം ആദരിക്കുന്നു. ഇതിനുവേണ്ടി, ജനുവരി 19ന് വൈകിട്ട് അഞ്ചിന് പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. 

പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ശബരിമല ഹൈപവര്‍ കമ്മിറ്റി ചെയര്‍മാന്‍ എസ്.സിരിജഗന്‍, സാനിറ്റേഷന്‍ സൊസൈറ്റി സ്ഥാപക ചെയര്‍പേഴ്സണ്‍ കെ.ബി.വത്സലകുമാരി, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ജില്ലാ പോലീസ് മേധാവി ഡോ. സതീഷ് ബിനോ, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്, എഡിഎം അനു.എസ്.നായര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരായ എം.എ.റഹിം, റ്റി.കെ.വിനീത്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സജി, വാര്‍ഡംഗം രാജന്‍ വെട്ടിക്കല്‍, അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി എന്‍.വേലായുധന്‍ നായര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.ശങ്കരന്‍ പോറ്റി, ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍.ഗായത്രി, ഐഒസി ഡെപ്യൂട്ടി മാനേജര്‍ രാജു മാത്യു, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ പി.റ്റി.എബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

ശബരിമല സന്നിധാനവും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പോലീസ് മേധാവി വൈസ്ചെയര്‍മാനും അടൂര്‍ ആര്‍ഡിഒ മെമ്പര്‍ സെക്രട്ടറിയുമായി 1995ലാണ് സൊസൈറ്റീസ് ആക്ട് പ്രകാരം ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. 1995ല്‍ ജില്ലാ മണ്ഡല-മകരവിളക്ക് ഉത്സവകാലയളവില്‍ ശബരിമല സന്നിധാനവും പമ്പയും ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക ശുചിത്വത്തിന്റെയും പ്രാധാന്യം തീര്‍ഥാടകരിലെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ വര്‍ഷം 125 വിശുദ്ധി സേനാംഗങ്ങളാണ് സേവനത്തിനായി എത്തിയിരുന്നതെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി 800 പേരാണ് വിശുദ്ധി സേനാംഗങ്ങളായി എത്തുന്നത്.
തമിഴ്നാട്ടിലെ സേലം, മധുര, വളയമാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് അയ്യപ്പ സേവാസംഘത്തിന്റെ തമിഴ്നാട് ഘടകത്തിന്റെ ചുമതലയില്‍ എല്ലാ വര്‍ഷവും വിശുദ്ധി സേനാംഗങ്ങള്‍ എത്തുന്നത്. 

സര്‍ക്കാര്‍ ഗ്രാന്റ് ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള ഗ്രാന്റ്, വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സംഭാവനകള്‍ എന്നിവ ഉപയോഗിച്ചാണ് സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക കണ്ടെത്തുന്നത്. ഈ വര്‍ഷം സന്നിധാനത്ത് 300 പേരും പമ്പയില്‍ 315 പേരും നിലയ്ക്കലില്‍ 150 പേരും പന്തളത്ത് 25 പേരും കുളനടയില്‍ 10 പേരുമാണ് സേവനം നടത്തിയത്. പമ്പ, സന്നിധാനം പ്രദേശങ്ങള്‍ 27 മേഖലകളായി തിരിച്ച് 10 മുത ല്‍ 40 വരെയുള്ള വിശുദ്ധി സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയത്. 

വിശുദ്ധി സേനാംഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശുചീകരണത്തിന് പുറമേ മിഷന്‍ ഗ്രീന്‍ ശബരിമലയുടെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള ശുചീകരണങ്ങളും കുറെ വര്‍ഷങ്ങളായി ശബരിമലയില്‍ നടന്നുവരുന്നുണ്ട്. വിശുദ്ധി സേനാംഗങ്ങളുടെ ഓണറേറിയം ഇപ്പോള്‍ ബാങ്ക് വഴിയാണ് വിതരണം ചെയ്യുന്നത്. ഇതിനായി സേവനത്തിനെത്തിയ 800 വിശുദ്ധി സേനാംഗങ്ങളുടെയും പേരില്‍ ബാങ്ക് ഓഫ് ബറോഡയില്‍ പ്രത്യേക അക്കൗണ്ട് തുറന്നിരുന്നു. സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാനിട്ടേഷന്‍ സൊസൈറ്റിയാണ് നല്‍കുന്നത്. ഇവര്‍ക്കുള്ള താമസം, ഭക്ഷണം എന്നിവ ദേവസ്വം ബോര്‍ഡ് നല്‍കുന്നുണ്ട്. 

കഴിഞ്ഞ 24 വര്‍ഷവും തുടര്‍ച്ചയായി സേവനത്തിനെത്തിയ നിരവധി വിശുദ്ധി സേനാംഗങ്ങളുണ്ട്. അയ്യപ്പസേവനം ഒരു വ്രതനിഷ്ഠപോലെ ഏറ്റെടുത്ത് ശബരിമല ശുചീകരണത്തിനായി എല്ലാവര്‍ഷവും എത്തുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. പരിസ്ഥിതി സംരക്ഷണത്തില്‍ കനപ്പെട്ട സംഭാവനകള്‍ നല്‍കുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമെന്ന നിലയിലാണ് 25 -ാം വര്‍ഷത്തിലേക്ക് കടക്കുന്ന ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി വിശുദ്ധി സേനാംഗങ്ങളെ ആദരിക്കാന്‍ തീരുമാനിച്ചതെന്ന് സാനിട്ടേഷന്‍ സൊസൈറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു.
ശബരിമലയിലെ അടിസ്ഥാന  സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും: മുഖ്യമന്ത്രിശബരിമലയിലെ അടിസ്ഥാന  സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും: മുഖ്യമന്ത്രിശബരിമലയിലെ അടിസ്ഥാന  സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും: മുഖ്യമന്ത്രിശബരിമലയിലെ അടിസ്ഥാന  സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും: മുഖ്യമന്ത്രിശബരിമലയിലെ അടിസ്ഥാന  സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും: മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക