Image

അയ്യപ്പ സങ്കല്‍പ്പവും യോഗ ശാസ്ത്രവും : ശ്രീ അയ്യപ്പന്റെ മാതൃപിതൃത്വം പരമശിവനും മഹാവിഷ്ണുവുമായതെങ്ങനെ?

Published on 16 January, 2018
അയ്യപ്പ സങ്കല്‍പ്പവും യോഗ ശാസ്ത്രവും : ശ്രീ അയ്യപ്പന്റെ മാതൃപിതൃത്വം പരമശിവനും മഹാവിഷ്ണുവുമായതെങ്ങനെ?
വൃശ്ചികം ഒന്നു മുതല്‍ 41 ദിവസത്തെ മണ്ഡലവ്രതകാലവും മകര വിളക്കും കഴിഞ്ഞു . സമുജ്വലമായി നോര്‍ത്ത് അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തി സാന്ദ്രമായ ആഘോഷങ്ങള്‍ നടന്നു . ഓരോ ആചാരത്തിലും ഒളിഞ്ഞിരിക്കുന്ന നന്മകള്‍- അന്തസത്തകള്‍ ഉള്‍ക്കൊണ്ട് ആചരിക്കുന്ന ഭക്തരെ അത് അപാര നന്മയിലേക്കും മാറ്റങ്ങളിലേക്കും വിധേയരാക്കും.പലപ്പോഴും ശരിയായ അറിവില്ലാത്തതു കൊണ്ട് വിമര്‍ശന വിധേയമാകുന്ന അയ്യപ്പ സങ്കല്പത്തെക്കുറിച്ചു പരിശോധിക്കാം .യോഗ ശാസ്ത്രത്തിലേക്കാണ് അയ്യപ്പ സ്വാമിയുടെ പൊരുള്‍ തേടി പോകേണ്ടത് ...

അയ്യപ്പന്‍ പ്രത്യേക രീതിയില്‍ ഇരിക്കുന്നത് എന്ത് കൊണ്ട് ?
അരയില്‍ ഒരു തുണി കെട്ടിയിരിക്കുന്നത് എന്തിനു ?
ചിന്മുദ്ര എന്തിനെ സൂചിപ്പിക്കുന്നു ?
ശ്രീ അയ്യപ്പന്റെ പിതാവ് പരമശിവനും,മാതാവ് മഹാവിഷ്ണുവുമായതെങ്ങനെ ?
അങ്ങനെ പോകുന്നു ചോദ്യങ്ങള്‍ ..ഓരോന്നായി പരിശോധിക്കാം ....

അയ്യപ്പനെന്ന പ്രതിഷ്ഠാമൂര്‍ത്തിക്ക് അരപ്പട്ട കെട്ടിയ രൂപം.യോഗ ശാസ്ത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഈ 'യോഗ പട്ടാസനം' ദീര്‍ഘകാലം തപസ്സിരിക്കാന്‍ വേണ്ടിയുള്ള ഒരു വിശേഷവിധി ആസനമാണ്. തന്റെ ചൂണ്ടുവിരലും തള്ളവിരലും ചേര്‍ത്ത് മറ്റു മൂന്നുവിരലുകള്‍ മേല്‍പ്പോട്ടും വച്ചുള്ള 'ചിന്‍മുദ്രയും യോഗ ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് .ദേവതാ സങ്കല്പത്തില്‍ അരപ്പട്ട കെട്ടിയവര്‍ മൂന്നുപേരാണ്. ഒന്ന് അയ്യപ്പനും, രണ്ട് യോഗദക്ഷിണാമൂര്‍ത്തിയും, മൂന്ന് യോഗ നരസിംഹവുമാണ്. ഇവര്‍ക്കെല്ലാം യോഗത്തിലേക്ക് വിരല്‍ ചൂണ്ടുന്ന 'ചിന്‍മുദ്ര'യുമുണ്ട്.

മനുഷ്യശരീരത്തിലെ 72,000 നാഡികളില്‍ പ്രധാനപ്പെട്ടത് മൂന്നെണ്ണമാണ്. അവ 'പിംഗള', 'ഇട', 'സുഷുമ്ന' എന്നിവയാണ്.ശ്വാസം അകത്തേക്ക് വിടുമ്പോള്‍ 'ഇട' നാഡിയും, പുറത്തേക്ക് വിടുമ്പോള്‍ 'പിംഗള' നാഡിയും പ്രവര്‍ത്തിക്കുന്നു. പിംഗളനാഡിയെ പരമശിവനെന്നും , 'ഇട' നാഡിയെ മഹാവിഷ്ണുവെന്നും യോഗ ശാസ്ത്രത്തില്‍ വിളിക്കുന്നു. എന്ത് കൊണ്ടിങ്ങനെ വിളിക്കുന്നു എന്ന് ചോദിച്ചാല്‍ പരോക്ഷാ പ്രിയാ ദേവാ ..ദേവന്മാര്‍ പരോക്ഷ പ്രിയര്‍ ആണ് ..നേരിട്ട് കാര്യം പറയുന്നതിന് പകരം വളഞ്ഞു പറയുന്നു ..കവികള്‍ ഉപമകള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ കവിതയിലൂടെ എങ്ങനെ പറയും അത് പോലെ .....ഋഷീശ്വരന്മാര്‍ ബിംബങ്ങള്‍ ഉപയോഗിച്ച് പറയുന്നു അത്ര മാത്രം .... ഇടാ യും, പിംഗളയുമായി കൂടിച്ചേരുമ്പോള്‍ അല്ലെങ്കില്‍ ശിവനും വിഷ്ണുവും ചേരുമ്പോള്‍.... അകത്തേക്കെടുക്കുന്ന ശ്വാസവും പുറത്തേക്കെടുക്കുന്ന ശ്വാസവും ഒന്നാകുമ്പോള്‍ 'സുഷുമ്ന' എന്ന മദ്ധ്യനാഡി തുറക്കുന്നു.

സുഷുമ്ന' എന്ന നാഡിയുടെ കവാടം തുറക്കുകയും പ്രാണന്‍ മുകളിലോട്ടു അഞ്ചു തട്ടുകളായുള്ള ആധാരങ്ങളേയും കടന്ന് ഉല്‍ക്രമിക്കയും ചെയ്യുന്നു.അഞ്ചു തട്ടുകള്‍ പൃഥ്വി (ഭൂമി), ജലം, അഗ്‌നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ ചേരുവകളെ പ്രതിനിധീകരിക്കുന്നു ..ഈ ചേരുവകള്‍ കൊണ്ടാണ് ഈ പ്രപഞ്ച സൃഷ്ടി നടന്നിരിക്കുന്നത്.പ്രകര്‍ഷേണ പഞ്ചീകൃതമായിട്ടുളളത് പ്രപഞ്ചം ..അഞ്ചുതട്ടുകളായ മൂലാധാരം, സ്വാധിഷ്ഠാനും, മണിപൂരകം, അനാഹതം, വിശുദ്ധി എന്നീ അഞ്ചിന്റേയും അപ്പനായി വാഴുന്നവന്‍ ആരോ അവന്‍ 'അയ്യപ്പന്‍' എന്ന് ഋഷിമാര്‍ പറയുന്നു. എത്ര മനോഹരമായ സങ്കല്പം അല്ലേ..?

വിശേഷേണ ഗ്രഹിക്കപ്പെടേണ്ടത് വിഗ്രഹം.അപ്പോള്‍ അയ്യപ്പ സ്വാമിയുടെ വിഗ്രഹത്തില്‍ നിന്ന് ഗ്രഹിക്കപ്പെടേണ്ടത് എന്താണെന്ന് വച്ചാല്‍ ദീര്‍ഘ നാളത്തെ തപസ്സില്‍ മുഴുകുമ്പോള്‍ ഇടാ പിംഗളകള്‍ ചേരുകയും പ്രാണന്‍ മുകളിലോട്ടു ഉത്ക്രമിച്ചു അഞ്ചു ആധാരങ്ങളെയും കടന്നു ആജ്ഞാ ചക്രത്തില്‍ എത്തുകയും ചെയ്യുന്നു ..സുഷുമ്നാ ഭേദനം സംഭവിച്ചു പഞ്ച ഭൂതങ്ങളുടെ പരിധി കടന്നു മനസിന്റെ പരിധിയിലേക്കെത്തുമ്പോള്‍ അയ്യപ്പന്‍ ആയി മാറാന്‍ സാധിക്കും .അങ്ങനെ പഞ്ച ഭൂതങ്ങളെയും ജയിച്ചു അയ്യപ്പന്‍ ആയി മാറിയാല്‍ ജീവാത്മാവിനെയും പരമാത്മാവിനെയും യോജിപ്പിക്കുന്നു എന്നുള്ളത് കൊണ്ട് ചിന്മുദ്രാങ്കിതന്‍ ആയി മാറുന്നു .അഞ്ചു വിരലുകളുള്ള ജീവികളില്‍ മനുഷ്യന് മാത്രമേ ചൂണ്ടുവിരലും തള്ളവിരലുമായി ബന്ധിച്ച് (ചിന്‍മുദ്ര) ഇരിക്കാന്‍ കഴിയൂ.അങ്ങനെ സാധാരണക്കാരായി വിഹരിക്കുന്ന മനുഷ്യര്‍ക്ക് മോക്ഷ പ്രാപ്തി നേടുവാന്‍ വേണ്ടുന്ന സമ്പ്രദായങ്ങളെ ക്രോഡീകരിച്ചു ഉണ്ടാക്കിയ സങ്കല്പം ആണ് അയ്യപ്പ സങ്കല്പം .നീ അന്വേഷിക്കുന്നത് നിന്നില്‍ തന്നെയാണ് എന്ന് പറഞ്ഞു തരുന്ന മഹത്തായ സങ്കല്പം .
അയ്യപ്പ സങ്കല്‍പ്പവും യോഗ ശാസ്ത്രവും : ശ്രീ അയ്യപ്പന്റെ മാതൃപിതൃത്വം പരമശിവനും മഹാവിഷ്ണുവുമായതെങ്ങനെ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക