Image

മികച്ച നിരുപണങ്ങളുമായി തമ്പി ആന്റണിയുടെ 'ഭൂതത്താന്‍ കുന്ന്' ജനഹൃദയങ്ങളിലേക്ക്

അനില്‍ പെണ്ണുക്കര Published on 16 January, 2018
മികച്ച നിരുപണങ്ങളുമായി തമ്പി ആന്റണിയുടെ 'ഭൂതത്താന്‍ കുന്ന്' ജനഹൃദയങ്ങളിലേക്ക്
കഴിഞ്ഞ വര്‍ഷം മലയാളികള്‍ വായിച്ച സാഹിത്യ കൃതികളില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരനും നടനുമായ തമ്പി ആന്റണിയുടെ രണ്ടു പുസ്തകങ്ങള്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല .

വാസ്‌കോഡഗാമ എന്ന കഥാ സമാഹാരവും, ഭൂതത്താന്‍ കുന്ന് എന്ന നോവലും. രണ്ടു പുസ്തകങ്ങളും രണ്ടാം പതിപ്പിലേക്കു കടക്കുന്നു. ഭൂതത്താന്‍ കുന്ന് ഇഗ്‌ളീഷ് ഭാഷയിലും ഉടനെ പുറത്തിറങ്ങുന്നുവെന്ന സൂചനയും തമ്പി ആന്റണി പങ്കുവയ്ക്കുന്നു.   ഭൂതത്താന്‍ കുന്ന് വായിച്ചതിനു ശേഷം വന്ന ശ്രേദ്ധേയങ്ങളായ ചില പ്രതികരണങ്ങളെ E-മലയാളിയുടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു.
.
എഴുത്തുകാരന്റെ ഉള്ളിലുള്ളതു തന്നെയാണ്  രചനകളിലൂടെ പുറത്തു വരിക. തമ്പി ആന്റണിയുടെ കുറിപ്പുകള്‍ , കഥകള്‍ , നോവല്‍ എല്ലാം ജനം വായിക്കുന്നു. അദ്ദേഹവുമായി അവര്‍ അത്ചര്‍ച്ച ചെയ്യുന്നു . വായനക്കാരനോട് ചേര്‍ന്ന് അദ്ദേഹം നില്‍ക്കുന്നു .

ആവിഷ്‌കാരമെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ്. എഴുത്തുകാരന്‍ രൂപപ്പെടുത്തിയെടുക്കുന്ന ഒരു ശൈലി ഉണ്ട് , തന്റെ കഥാപാത്രങ്ങളുടെ ഘടന ആ ശൈലിക്കുള്ളില്‍ വരും . ഈ ശൈലി വായനക്കാര്‍ സ്വീകരിക്കുമോ എന്നു പോലും ആലോചിക്കാതെ തനിക്ക് ഇതാണ്, ഇങ്ങനെയാണ് പറയാനുള്ളതെന്ന് സാഹിത്യകാരന്‍ വിശ്വസിക്കുന്നു. ഈ ആത്മവിശ്വാസമാണ് ' ഭൂതത്താന്‍ കുന്ന് 'എന്ന ആദ്യ നോവലിലൂടെ തമ്പി ആന്റണി വെളിവാക്കുന്നത് ..അദ്ദേഹത്തിന്റെ കഥകള്‍ പ്രസിദ്ധീകരിക്കുന്നു എന്നതല്ല ,അവ വായിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത . അനായാസേന എഴുതുകയും , അത് മനുഷ്യമനസ്സില്‍ ചിന്തയുടെയും ,നര്‍മ്മത്തിന്റെയും പാതകള്‍ തുറക്കപ്പെടുകയും ചെയ്യുമ്പോള്‍ അദ്ദേഹം മലയാള സാഹിത്യ തറവാട്ടിലെ നിത്യ സാന്നിധ്യം ആകുമെന്നതില്‍ യാതൊരു സംശയവും ഇല്ല . ഭൂതത്താന്‍ കുന്നിനെക്കുറിച്ചുള്ള ചില വായനാനുഭവങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.

ഭൂതത്താന്‍ കുന്ന്, ഒരു തിരിഞ്ഞു നോട്ടം

എ പി സുകുമാര്‍
===============
ഭൂതത്താന്‍ കുന്ന് നല്ല വായനാക്ഷമതയുള്ള നോവലാണ്. അതിന്റെ ഭൂമിക കുന്നിന്‍ പുറത്തുള്ള ഒരെന്ജിനീയരിംഗ് കോളേജ് ആയതിനാല്‍ അവിടെ പഠിച്ച ആളെന്ന നിളലയ്ക്ക് എനിക്കത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ ഒറ്റയിരുപ്പിനു വായിച്ചു രസിക്കുകയാണുണ്ടായത്. കോളെജിലെ പല സന്ദര്‍ഭങ്ങളും ചുറ്റുപാടുകളും നമ്മെ ആവേശം നിറഞ്ഞ, കൂസലില്ലാത്ത ചെറുപ്പകാലത്തേയ്ക്ക് കൊണ്ടുപോകുന്നു. പരിചിതരായ ആളുകളെയും അവരുടെ ചുറ്റുപാടുകളെയും ഏകദേശം റിയാലിസ്ടിക് ആയി ചിത്രീകരിക്കുന്നതിനോടോപ്പം കാലത്തിന്റെ അടയാളമായി രാജന്‍ കേസും, അടിയന്തിരാവസ്ഥയും മറ്റും ഇതില്‍ വരുന്നുമുണ്ട്. എഴുത്തുകാരന്‍ എന്ന നിലയ്ക്ക് തമ്പി ആന്റണിയ്ക് അഭിമാനിക്കാന്‍ ഏറെയുണ്ട് - നോവലാണെങ്കിലും ഇതൊരു 'ഓര്‍മ്മപ്പുസ്തകം തന്നെയാണല്ലോ! ഓരോ ചാപ്റ്ററും ചെറുകഥ്‌പോലെ വായിച്ചുപോകാവുന്ന ലളിതമായ ശൈലി ഇതിനെ ശ്രദ്ധേയമാക്കുന്നു.

വി.ജെ.ജയിംസ്
=========
ഭൂതത്താന്‍ കുന്ന് വായിച്ചു തീര്‍ത്തു. കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ ജീവിതം വീണ്ടും ഓര്‍ത്തെടുക്കാന്‍ അത് നിമിത്തമായി. അതിന്റെ പരിസരം അറിയാവുന്നവര്‍ക്ക് വായന കൂടുതല്‍ ആസ്വാദ്യമാകും. ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ദൂരം നിശ്ചയിക്കാന്‍ കഴിയാതെ വരുന്നുണ്ട് പല സാഹചര്യങ്ങളിലും. ചിലയിടങ്ങളില്‍ അനുഭവസ്ഥന്‍ എഴുതുകാരനുമേല്‍ ആധിപത്യം സ്ഥാപിക്കുന്നതായും തോന്നി. ആശംസകള്‍ തുടരെഴുത്തുകള്‍ക്ക്..

സന്ധ്യ
========
ഭൂതത്താന്‍ കുന്നിലെ സഹയാത്രികനായ അമ്പലക്കാടന്‍ എന്ന മാന്ത്രികന്റെ ആ മാന്ത്രിക വലയം എന്നില്‍ പിടിമുറുക്കിയപ്പോള്‍ എനിക്ക് ഒന്നു കുതറി മാറണമെന്നു തോന്നി . അതിനായിമാത്രമാണ് വായന തുടങ്ങിയപ്പോള്‍തന്നെ ഒന്നു നിര്‍ത്തി പുസ്തകം എവിടയോ ഒളിപ്പിച്ചുവെച്ചത് . അതും എന്റെ മനസില്‍ എവിടെയോ ആയിരുന്നുവല്ലോ എന്നോര്‍ത്തപ്പോള്‍ എന്തെന്നില്ലാത്ത ഒരു ഭൂതകാലക്കുളിര്‍ എന്റെ രോമകൂപങ്ങളില്‍ പടര്‍ന്നുകയറി . 

അതുകൊണ്ടായിരിക്കണം ഏതോ ഒരജ്ഞാതശക്തി എന്റെ ഓര്‍മ്മകളെ ആ കുന്നികളിലും താഴ്വാരങ്ങളിലും വീണ്ടും അലഷ്യമായി അലയാന്‍ വിട്ടത് . ഒരു തീര്‍ത്ഥയാത്രപോലെ ഞാന്‍ ആ കുന്നുകള്‍ കയറുകയായിരുന്നു. തുടര്‍വായനയില്‍ അങ്ങനെ ഞാന്‍പോലുമറിയാതെ എന്റെ സ്വപ്നങ്ങള്‍ ആ ചെകുത്താന്‍കുന്നിന്റെ താഴ്വാരങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അപ്പോഴുണ്ടായ ആ ആവേശം ഏതോ ഭൂതകാലസ്വപ്നങ്ങളിലെ പ്രണയാവേശമായി എന്റെ ഹൃദയത്തിലേക്കു പടര്‍ന്നുകയറി. കുറുപ്പുസാറിനോടും സുസ്മിതയോടു ഇഷ്ടമായിരുന്നെങ്കിലും ഒരു കുഞ്ഞുലക്ഷ്മിയായി ആ കോളേജങ്കണത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് വല്ലാതെ മോഹിച്ചുപോയി. അവരുടെയൊക്കെ ആവേശമായിരുന്ന അമ്പലക്കാടന്‍ ആ യാത്രയില്‍ എപ്പോഴെങ്കിലും എന്നെ ഒന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍! .

വായനയുടെ മൂര്‍ദ്ധനന്യാവസ്ഥയില്‍ എപ്പോഴൊക്കെയോ ആ കുന്നുകള്‍ക്കു മുകളില്‍ കാര്‍മേഘനങ്ങള്‍ ഖനീഭവിച്ചുനില്‍ക്കുന്നതുപോലെ . അപ്പോള്‍ നിശബ്ദമായി ആകാശത്തുനിന്നു ഉതിര്‍ന്നുവീണ ആ കുളിര്‍മഴയില്‍ ഞാന്‍ ഒരു മഞ്ഞുകട്ടപോലെ അലിഞ്ഞുപോയി.അങ്ങനെ അശരീരിയായി ആ പെരുങ്കാടുകളുടെ ഉള്ളറയിലേക്ക് കയറി അതിന്റെ നിറുകയില്‍ പറന്നെത്തണമെന്നാഗ്രഹിച്ചു. കുഞ്ഞുലഷ്മിയിലേക്ക്, മൊണാലിസയെപ്പോലെ പുഞ്ചിരിക്കുന്ന സുസ്മിതയിലേക്ക്, ഭാര്യ മീരയിലേക്ക് ഞാനെന്റെ ആത്മാവിനെ സന്നിവേശിപ്പിക്കുകയായിരുന്നു. പക്ഷെ ..എനിക്കതിനു കഴിഞ്ഞില്ല. ഒരഭയാര്‍ഥിയെപ്പോലെ ഞാന്‍ നിഷ്‌ക്കരുണം പുറംതള്ളപ്പെട്ടു. അവിടെനിന്നും.. 

എന്തുകൊണ്ടോ കുഞ്ഞി ലക്ഷ്മി ഒരുപാടകലെ മാറിനില്‍ക്കുന്നതുപോലെ. ഒരിക്കലും അവളിലേക്ക് അടുക്കാന്‍പറ്റാത്തതുപോലെ അങ്ങുദൂരത്തവിടെയോ ആയിരുന്നു അവള്‍ . എന്നാല്‍ സുസ്മിതയിലേക്കുള്ള സന്നിവേശത്തിന് ഒരു നീതീകരണം ഉണ്ടായിരുന്നു.അറിയാതെ സംഭവിച്ചുപോയ ആ തെറ്റില്‍ നിന്നെങ്കിലും അമ്പലക്കാടനെ എനിക്കു മോചിപ്പിക്കാമല്ലോ എന്നോര്‍ത്തു എന്നാലും കുഞ്ഞി ലക്ഷ്മിയിലേക്കുള്ള പ്രയാണത്തില്‍ ഒരു നീതീകരണവുമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അത് കേവലം അസൂയക്കപ്പുറം മറ്റെന്തോ ആയിരുന്നു .

 ഒരിക്കലും ആ കുന്നുകളില്‍നിന്നും താഴേക്കിറനാകാന്‍ പറ്റാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു അപ്പോഴൊക്കെയും . എന്നിട്ടും അമ്പലക്കാടനെ ആരുമറിയാതെ ഒരു നിശ്ചിത അകലത്തില്‍ പിന്‍തുടര്‍ന്നുകൊണ്ടേയിരുന്നു... ഓരോ കാലടികളും സ്രെദ്ധാപൂര്‍വ്വം അമ്പലക്കാടന്റെ പിന്നാലെ മന്ദം മന്ദം നടന്നുനീങ്ങി ... അതേ ആ യാത്ര ... അതാണ് എനിക്ക് ശരി... അത് മാത്രമായിരുന്നു എന്റെ ശരി...
ആ താഴ്വാരത്തിലെ ഗ്രാമപ്രദേശമായ ഭൂതത്താന്‍കുന്നും അവിടുത്തെ ദേവലോകം ലോഡ്ജിലെ നിത്യസന്ദര്‍ശകനായ കുറുപ്പു സാറും അന്തേവാസികളായ ബാബുവേട്ടനും ആര്‍ക്കോണിയും പൊഫസര്‍ ജയപ്രകാശ് എന്ന ജെപിയും ജോര്‍ജ് രാമനും എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ സത്യശീലനും വാച്ച്മാന്‍ പാച്ചുപിള്ളയും , അവര്‍ക്കുചുറ്റും കറങ്ങുന്ന സുജാതയും സോമന്‍പിള്ളയും, കോളേജില്‍നിന്ന് വല്ലപ്പോഴുമെത്തുന്ന കൂട്ടുകാരും, അങ്ങനെ ഒരുപാട് മുഖങ്ങള്‍ എന്നെ തൊട്ടുരുമ്മി കടന്നു പോയി... ആരും എന്നെ കണ്ടില്ല, ആരും തിരിഞ്ഞുപോലും നോക്കിയില്ല . 

അതൊരു വല്ലാത്ത ദുരാനുഭവമായിരുന്നു. കോളേജ് വിദ്യയാര്‍ത്ഥിയായിരുന്ന ഔസോ ജോസഫ് അമ്പലക്കാടന്‍ ആരുടെയൊക്കെയോ സ്വന്തമായിരുന്നു . ഒരിക്കലും നമ്മുടെയൊന്നും സ്വന്തമല്ലന്നറിയാം എന്നാലും അകലെ നിന്ന് അവനെ ഞാന്‍ ഒന്നറിയാന്‍ ശ്രമിക്കുകയായിരുന്നു ... ഒരു തവണയല്ല ഒരുപാടു തവണ എന്നെ ഒന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍ എന്ന് വീണ്ടും വീണ്ടും ഞാനാശിച്ചുകൊണ്ടിരുന്നു. ഒരിക്കലും അതുണ്ടാവില്ല എന്നറിയാമായിരുന്നിട്ടും.
ഇതാ ഇപ്പോള്‍ ആ ദിവസവും വന്നു ചേര്‍ന്നു. ഒടുക്കം ഞാന്‍ ഭൂതത്താന്‍ കുന്നില്‍നിന്നും പതുക്കെ പതുക്കെ താഴേക്കിറങ്ങുകയാണ്. ഈ യാത്രയില്‍ അമ്പലക്കാടന്റെയും കുഞ്ഞുലഷ്മിയുടെയും പിന്നാലെ ചുറ്റിക്കറങ്ങിയ ബിബങ്ങളോരോന്നും ഞാന്‍ തിരിച്ചറിയുകയാണ്. അവരൊന്നും നമുക്കപരിചിതരല്ല നമ്മുടെയൊക്കെ അനുഭവങ്ങളാണ് ഓര്‍മ്മകളാണ് . 

അങ്ങനെ വളരെ പുതുമയുള്ള ഒരു വായനാലോകം നമ്മളിലേക്കു സന്നിവേശ്ശിപ്പിച്ച തമ്പി ആന്റണി ഇനിയും ഇങ്ങനെയുള്ള ഒരുപാടു പുതിയ ലോകങ്ങള്‍ നമുക്കുമുന്പില്‍ അവതരിപ്പിക്കട്ടെ. എന്നില്‍നിന്നും അതിനുള്ള എല്ലാ ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്നുകൊള്ളുന്നു. തമ്പി ആന്റണി സൃഷ്ടിച്ച അതി സുന്ദരമായ മായാലോകത്തു നിന്നും..... മായക്കാഴ്ച്ചകളില്‍ നിന്നും. കുറെ ഓര്‍മ്മകളുടെ കൂമ്പാരങ്ങളുമായി ഒരു തിരിച്ചിറക്കം. ഇപ്പോള്‍ എനിക്കറിയാം എന്റെ മനസ്സിനുള്ളിലെ പഴെയ പുസ്തകത്താളുകളില്‍ ഒളിപ്പിച്ചുവെച്ച കുറേ മയില്‍പ്പീലിത്തുണ്ടുകള്‍ ആരും തൊടാതെ ഇപ്പോഴും അവശേഷിച്ചിരുന്നു. അത് തീര്‍ച്ചയായും ഒരു തിരിച്ചറിവാണ് എന്നുഞാന്‍ മനിസ്സിലാക്കുന്നു. ഇപ്പോള്‍ എന്റെ മാത്രമല്ല ഭൂതത്താന്‍ കുന്ന്... നിങ്ങളുടേതും കൂടിയാണ്..ഇനിയും ഒരു യാത്ര പോകണമെന്നുണ്ടെങ്കില്‍ അങ്ങോട്ടുതന്നെ പോകണം . വളരെ രസകരമായ ഓര്‍മ്മകളുമായി കുറേ പച്ച മനുഷ്യരെയും അവരുടെ ജീവിതവുംകണ്ടു ഭൂതത്താന്‍ കുന്നിലും താഴ്വാരങ്ങളിലും കറങ്ങി നടക്കാന്‍ ആരും ഒന്നു കൊതിച്ചുപോകും. എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

സാവി നന്ദന്‍ കക്കട്ടില്‍
=======================
രസകരമായ ഒരു യാത്രയായിരുന്നു ഭൂതത്താന്‍കുന്നിലേക്കുള്ളത്.ആ പേര് എന്നില്‍ ഉണര്‍ത്തിയ കൗതുകമായിരുന്നു ശ്രീ തമ്പി ആന്റണി തെക്കേക്കുറ്റ് ന്റെ ഭൂതത്താന്‍കുന്ന് വായിക്കണം എന്ന തോന്നലിലേക്ക് എത്തിച്ചത് .ഒരു കുഞ്ഞു കൗതുകത്തിന്റെ പേരില്‍ തുടങ്ങിയ യാത്ര ആവേശത്തിലേക്കും പിന്നെ ആകാംക്ഷയിലേക്കും വഴിമാറിയത് പെട്ടന്നായിരുന്നു.ഔസോ യും കുഞ്ഞുലക്ഷ്മിയും എം .എച്ചും. കുറുപ്പുചേട്ടനും ബാബുവേട്ടനും ഒക്കെ പിന്നിട്ട വഴിത്താരയില്‍ എവിടെയൊക്കെയോ കണ്ടുമറന്നവരെപ്പോലെ കൂടെ വന്നു.ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തു പിന്നിട്ട കാലത്തേക്കൊരു യാത്ര ,ഒരു തിരിഞ്ഞുനോട്ടം.ലളിതമായ ഭാഷയില്‍ മനോഹരമായ ആഖ്യാനശൈലി യില്‍ ഉള്ള ഈ നോവല്‍ നല്ലൊരു വായനാനുഭവം സമ്മാനിക്കുമെന്നതില്‍ സംശയമില്ല.വായനാലോകത്തിനു ഇനിയും ഒരുപാട് നല്ല രചനകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.
മികച്ച നിരുപണങ്ങളുമായി തമ്പി ആന്റണിയുടെ 'ഭൂതത്താന്‍ കുന്ന്' ജനഹൃദയങ്ങളിലേക്ക്
Join WhatsApp News
ഓട്ടം 2018-01-17 10:11:15
ബോബി ചെമ്മണ്ണൂരിന്റെ മാരത്തോൺ ഓട്ട പരസ്യം പോലെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക