Image

ലോയ കേസ്‌ പരിഗണിക്കുന്നതില്‍ നിന്നും അരുണ്‍ മിശ്ര പിന്മാറുന്നു

Published on 17 January, 2018
ലോയ കേസ്‌ പരിഗണിക്കുന്നതില്‍ നിന്നും അരുണ്‍ മിശ്ര പിന്മാറുന്നു


ന്യൂദല്‍ഹി: സി.ബി.ഐ ജഡ്‌ജി ആയിരുന്ന ബി.എച്ച്‌. ലോയയുടെ ദുരൂഹമരണക്കേസ്‌ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ്‌ അരുണ്‍ മിശ്ര പിന്മാറുന്നതായി സൂചന. കേസ്‌ അനുയോജ്യമായ മറ്റൊരു ബെഞ്ചിന്‌ വിടണമെന്ന്‌ അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. ഇതോടെ കേസ്‌ പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചില്‍ മാറ്റമുണ്ടാകും.

നേരത്തെ സുപ്രധാനമായ ലോയ കേസ്‌ താരതമ്യേന ജൂനിയറായ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനു കൈമാറിയതിനെതിരെ സുപ്രീംകോടതി ജഡ്‌ജിമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ കേസ്‌ പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന്‌ അരുണ്‍ മിശ്ര പിന്‍മാറിയത്‌.


നാലു ജഡ്‌ജിമാര്‍ സുപ്രീം കോടതിയ്‌ക്ക്‌ പുറത്ത്‌ വാര്‍ത്താ സമ്മേളനം വിളിച്ചായിരുന്നു സുപ്രീംകോടതിയിലെ നടപടികള്‍ക്കെതിരെ പരസ്യ നിലപാട്‌ സ്വീരിച്ചിരുന്നത്‌. കേസുകള്‍ പരിഗണിക്കുന്ന ബെഞ്ച്‌ നിശ്ചയിക്കുന്നതില്‍ വീഴ്‌ച സംഭവിക്കുന്നതായി ചൂണ്ടിക്കാട്ടി മുതിര്‍ന്ന ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വര്‍, കുര്യന്‍ ജോസഫ്‌, മദന്‍ ബി.ലോക്കൂര്‍, രഞ്‌ജന്‍ ഗൊഗോയ്‌ എന്നിവരാണ്‌ വാര്‍ത്താ സമ്മേളനം വിളിച്ച്‌ പരസ്യമായി പ്രതിഷേധിച്ചത്‌.

ലോയ കേസ്‌ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട്‌ ചീഫ്‌ ജസ്റ്റിസുമായുണ്ടായ അഭിപ്രായ ഭിന്നതയായിരുന്നു ഇവരെ വാര്‍ത്താ സമ്മേളനത്തിലേക്ക്‌ നയിച്ചത്‌. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടക്കുമ്പോഴാണ്‌ മുതിര്‍ന്ന ജഡ്‌ജിമാരെ പാടെ അവഗണിച്ച്‌ ലോയ കേസ്‌ അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിനുതന്നെ നല്‍കാനുള്ള ചീഫ്‌ ജസ്റ്റിസിന്റെ തീരുമാനം വന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക