Image

ഓര്‍ക്കാപ്പുറത്ത്‌ അരികില്‍ സച്ചിന്‍; അത്ഭുതത്തോടെ വിക്രം

Published on 17 January, 2018
ഓര്‍ക്കാപ്പുറത്ത്‌ അരികില്‍ സച്ചിന്‍; അത്ഭുതത്തോടെ വിക്രം


ഇന്ത്യയെങ്ങും ആരാധകരുള്ള നടനാണ്‌ വിക്രം. എന്നാല്‍ വിക്രം ആരെന്നു തിരിച്ചറിയാന്‍ കഴിയാത്ത മറ്റൊരു താരമുണ്ട്‌. സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഒരു വിമാന യാത്രയില്‍ സച്ചിന്‍ തന്നെ തിരിച്ചറിയാതെ പോയ കഥ വിക്രം തന്നെയാണ്‌ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്‌.

വിക്രത്തിന്റെ തന്നെ വാക്കുകളിലേക്ക്‌.
`` ഞാന്‍ മുംബെയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടു വരികയാണ്‌. ഫ്‌ളൈറ്റില്‍ വിന്‍ഡോ സീറ്റ്‌ കിട്ടിയില്ല. ഞാന്‍ തൊപ്പി വച്ചാണ്‌ ഇരിക്കുന്നത്‌. അപ്പോള്‍ ഒരു മനുഷ്യന്‍ `സച്ചിന്‍, സച്ചിന്‍' എന്നു വിളിക്കുന്നതു കേട്ടു. അയാള്‍ എന്നെയാണോ സച്ചിന്‍ എന്നു വിളിക്കുന്നത്‌ എന്ന്‌ ഞാന്‍ സംശയിച്ചു. പെട്ടെന്ന്‌ ഒരാള്‍ വന്ന്‌ എന്റെ അടുത്ത സീറ്റില്‍ ഇരുന്നു. ഞാന്‍ വെറുതേ തിരിഞ്ഞു നോക്കിയപ്പോള്‍ അതാ സച്ചിന്‍. അതിന്റെ അത്ഭുതത്തില്‍ `ഓ മൈ ഗോഡ്‌' എന്നു ഞാന്‍ പറഞ്ഞതു കേട്ട്‌ സച്ചിന്‍ എന്നെ തിരിഞ്ഞു നോക്കി `ഹായ്‌ ' എന്നു പറഞ്ഞു. ഞാന്‍ പെട്ടെന്ന്‌ `സോറി സര്‍' എന്നു പറഞ്ഞു. എനിക്കു വല്ലാത്ത ചമ്മലായിരുന്നു. പോരാത്തതിന്‌ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന സങ്കടവും.

അമിതാഭ്‌ ജിക്കും അഭിഷേകിനുമൊക്കെ എന്നെ അറിയാം. അതുകൊണ്ട്‌ അദ്ദേഹത്തിനും എന്നെ അറിയാം എന്ന ധാരണയിലായിരുന്നു ഞാന്‍. സത്യത്തില്‍ അദ്ദേഹത്തിന്‌ എന്നെ അറിയില്ല. ആ അവസ്ഥ പറഞ്ഞറിയിക്കാന്‍ വയ്യ. ഞാന്‍ വല്ലാതെ അസ്വസ്ഥനായി.

ഞാന്‍ വിമാനത്തില്‍ വന്നിരുന്നപ്പോള്‍ പുറകിലിരുന്നവരെല്ലാം എന്റെ അടുത്തു വന്ന്‌ ഫോട്ടോ എടുത്തു പോയിരുന്നു. ആരെങ്കിലും ഇനിയും എന്റെ അടുത്തു ഓട്ടോഗ്രാഫിന്‌ വരുമായിരിക്കും. സച്ചിനിതു കണ്ട്‌ എന്നോട്‌ ആരാണെന്ന്‌ ചോദിക്കുമായിരിക്കും. അപ്പോള്‍ സച്ചിന്‍ എന്നെ തിരിച്ചറിയുമായിരിക്കും. പക്ഷേ ആരും വന്നില്ല. എനിക്കു നിരാശയായി. ഭക്ഷണവും കഴിച്ചു. എനിക്കുറക്കം വരുന്നില്ല. രണ്ടു മണിക്കൂര്‍ യാത്രയുണ്ട്‌.

ഒടുവില്‍ സച്ചിന്റെ അടുത്തു ചെന്നു. `` ഹായ്‌ സര്‍, ഞാനൊരു നടനാണ്‌. താങ്കള്‍ക്ക്‌ എന്നെ അറിയില്ല. പക്ഷേ രജനിക്കറിയാം. അമിതാഭ്‌ ജിക്കും അഭിഷേകിനും ആമിറിനുമൊക്കെ അറിയാം. ഇന്ത്യയിലെ ഒട്ടു മിക്ക ആളുകള്‍ക്കും എന്നെ അറിയാം. പക്ഷേ താങ്കള്‍ക്ക്‌ എന്നെ അറിയാന്‍ കഴിയാതിരുന്നത്‌ എന്നെ അസ്വസ്ഥനാക്കി.''

സച്ചിന്‍ വളരെ സ്വീറ്റ്‌ ആണ്‌. വളരെ ക്ഷമയോടെ ഇതെല്ലാം കേട്ടിരുന്നു. `` ഞാന്‍ ഇത്രയും പറഞ്ഞത്‌ താങ്കള്‍ക്കിഷ്‌ടമായോ എന്നറിയില്ല. ശല്യപ്പെടുത്താന്‍ വന്നതല്ല. മനസില്‍ വയ്‌ക്കാന്‍ സാധിച്ചില്ല. ഉറങ്ങിക്കൊള്ളൂ എന്നും സച്ചിനോടു പറഞ്ഞു. പക്ഷേ അദ്ദേഹം വീണ്ടും എന്നെ ഞെട്ടിച്ചു. നമുക്കു കുറച്ചു നേരം സംസാരിക്കാം എന്ന്‌ എന്നോടു പറഞ്ഞു. ജീവിതത്തെ കുറിച്ച്‌ എന്തും ചോദിച്ചോളാന്‍ എന്നോടു പറഞ്ഞു. ഞാന്‍ മനസില്‍ വന്ന അദ്ദേഹത്തെ കുറിച്ച്‌ അറിയാന്‍ ആഗ്രഹിച്ച കുറച്ചു കാര്യങ്ങള്‍ അദ്ദേഹത്തോടു ചോദിച്ചു.
എന്റെ മകനെ കുറിച്ചും സച്ചിന്റെ മകനെ കുറിച്ചുമാണ്‌ ഞങ്ങള്‍ സംസാരിച്ചത്‌. വളരെ മനോഹരമായിരുന്നു അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ആ നിമിഷങ്ങള്‍. ഇങ്ങനെയൊരു നിമിഷം ജീവിത്തതില്‍ ഉണ്ടായിട്ടില്ല. ആ സന്തോഷത്തില്‍ ഭാര്യയ്‌ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഞാന്‍ ഇപ്പോള്‍ സച്ചിന്റെ അടുത്താണ്‌ ഇരിക്കുന്നതെന്നു പറഞ്ഞ്‌ മെസേജ്‌ അയച്ചു. സച്ചിനറിയാമോ നിങ്ങള്‍ ആരാണെന്ന്‌ എന്ന മെസോജാണ്‌ അവര്‍ എല്ലാവരും തിരിച്ചയച്ചു.

സാധാരണ നമ്മള്‍ ആരാധിക്കുന്ന ആളെ കാണുമ്പോള്‍ കൂടെ നിന്ന്‌ ഫോട്ടോയെടുക്കാനാണ്‌ ആദ്യം ശ്രമിക്കുക. പക്ഷേ ആദ്യം നമ്മള്‍ അവര്‍ക്ക്‌ ഒരു ബഹുമാനം കൊടുക്കാന്‍ ശ്രമിക്കണം. ഞാന്‍ അങ്ങനെയാണ്‌ ചെയ്‌തത്‌. ഇതുപോലൊരു നിമിഷം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ബ്രാഡ്‌ പിറ്റോ, റോബര്‍ട്ട്‌ ബ്രൗണി ഇവരാണെങ്കില്‍ കൂടി ഞാന്‍ ഒരു ഹായ്‌ മാത്രമേ പറയുമായിരുന്നുളളൂ. പക്ഷേ ഇത്‌ സച്ചിനാണ്‌. അദ്ദേഹത്തോട്‌ മിണ്ടിയില്ലെങ്കില്‍ ഉറങ്ങാനേ കഴിയില്ലായിരുന്നു.

എന്നെ അറിയാത്തതെന്താണെന്ന്‌ ഞാന്‍ സച്ചിനോടു ചോദിച്ചു. അദ്ദേഹം പറഞ്ഞത്‌ ഇന്ത്യന്‍ സിനിമകള്‍ കാണാറില്ല എന്നായിരുന്നു. വല്ലപ്പോഴും വിദേശ സിനിമകള്‍ കാണും.









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക