Image

പാസ്സ്പോർട്ടിൽ പരിഷ്‌കാരങ്ങൾ പ്രവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിയ്ക്കും: നവയുഗം

Published on 17 January, 2018
പാസ്സ്പോർട്ടിൽ പരിഷ്‌കാരങ്ങൾ  പ്രവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിയ്ക്കും: നവയുഗം
ദമ്മാം: ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന പാസ്സ്പോർട്ടിൽ കേന്ദ്രസർക്കാർ വരുത്താൻ ഉദ്ദേശിയ്ക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ  പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി വിലയിരുത്തി.

വിദ്യാഭ്യാസം കുറഞ്ഞവർക്ക് ഓറഞ്ചു നിറത്തിൽ പാസ്സ്‌പോർട്ട് നൽകുന്നത് വ്യക്തമായ വർഗ്ഗവിവേചനമാണ്.

വിദ്യാഭ്യാസം കുറഞ്ഞ പാവപ്പെട്ടവനെ പിടിച്ചുപറിയ്ക്കുന്ന വിമാനത്താവളത്തിലെ കസ്റ്റംസ്,എക്‌സൈസ് താപ്പാനകൾക്ക്, നിറം മാറിയ പാസ്സ്പോർട്ടുകൾ ഒരു അനുഗ്രഹമാകും എന്നതിലും സംശയമില്ല.

നിർദ്ദേശിയ്ക്കപ്പെട്ട മാറ്റങ്ങളിൽ പ്രവാസികൾക്ക് ഏറ്റവും ഹാനികരമായത്, പാസ്സ്പോർട്ടിലെ അവസാനപേജ് നീക്കം ചെയ്യാനുള്ള തീരുമാനമാണ്. ഈ പേജിൽ  അഡ്രസ്, മാതാപിതാക്കളുടെ പേര്, ഭാര്യ/ഭർത്താവിന്റെ പേര് എന്നിങ്ങനെ വിലപ്പെട്ട ചില വിവരങ്ങൾ ഉണ്ട്. കുടുംബത്തെ ഗൾഫിൽ കൊണ്ടുവരാനായി ഫാമിലി വിസയ്ക്കും, വിസിറ്റിങ് വിസയ്ക്കും നടന്നിട്ടുള്ള പ്രവാസികൾക്കറിയാം പാസ്പ്പോർട്ടിലെ ആ അവസാനപേജിന്റെ പ്രയോജനം. ഇന്നയാൾ തന്റെ ഭാര്യ/ഭർത്താവ് ആണ്, അല്ലെങ്കിൽ മാതാവ്/പിതാവ് ആണ് എന്നതിന് ഇന്ത്യൻ സർക്കാർ നൽകിയ സർട്ടിഫിക്കറ്റിന്‌ തുല്യമായ മൂല്യമാണ് പാസ്‌പോർട്ടിലെ ആ അവസാന പേജ് എൻട്രിയ്ക്ക് ഗൾഫ് അധികാരികൾ നൽകുന്നത്. ആ പേജ് ഇല്ലാതാകുന്നതോടെ, പ്രവാസികൾക്ക് ഫാമിലി/വിസിറ്റ് വിസ അപേക്ഷ പ്രോസസ്സ് കൂടുതൽ സങ്കീർണ്ണമാകും.

പലയിടത്തും പ്രവാസികൾ അഡ്രസ്സ് പ്രൂഫായും ഉപയോഗിയ്ക്കുന്നത് പാസ്സ്പോർട്ടിലെ അവസാനപേജാണ്. ആ സൗകര്യവും ഇല്ലാതാകും.

സുരക്ഷയ്ക്ക് വേണ്ടിയാണ് അവസാനപേജ് ഇല്ലാതാക്കുന്നത് എന്നാണ് സർക്കാരിന്റെ വാദം. 500 രൂപയ്ക്ക് ആധാർ വിവരങ്ങൾ മുഴുവൻ ബ്ലാക്ക്മാർക്കറ്റിൽ കിട്ടുന്ന ഒരു രാജ്യത്താണ് സർക്കാരിന്റെ ഈ ആശങ്ക എന്നത് വലിയൊരു തമാശയാണ്. ഇത്രകാലം ആവശ്യമില്ലാതിരുന്ന സുരക്ഷ ആശങ്ക, ഇപ്പോൾ സർക്കാരിന് പെട്ടെന്ന് ഉണ്ടായതിനു പിന്നിലെ ചേതോവികാരവും സംശയാസ്പദമാണ്. ഇന്ത്യൻ പാസ്സ്പോർട്ടിനെ കാവിയണിയിയ്ക്കുക എന്ന സംഘപരിവാർ ആഗ്രഹത്തിനപ്പുറം, മറ്റെന്തൊക്കെയോ അജണ്ട ഇതിനു പിന്നിലുണ്ടോ എന്ന് സംശയിയ്ക്കേണ്ടി ഇരിയ്ക്കുന്നു. 

ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങളിലൂടെ സാധാരണജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്ന ഏർപ്പാട് മോഡി സർക്കാർ അവസാനിയ്ക്കണെമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയിലൂടെ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക