Image

പുലിക്കുന്നേലിന് ശാന്തി (ഡി. ബാബുപോള്‍)

Published on 17 January, 2018
പുലിക്കുന്നേലിന് ശാന്തി (ഡി. ബാബുപോള്‍)
ജോസഫ് പുലിക്കുന്നേല്‍ അനന്ത നിശബ്ദതയുടെ ഭാഗമായി. സക്രിയവും സാര്‍ഥകവും ആയ ഒരു ജീവിതത്തിന് അന്ത്യമായി. ആ മരണത്തില്‍ ദുഃഖിക്കുകയല്ല, ആ ജീവിതത്തില്‍ പാഠങ്ങള്‍ തേടുകയാണ് മരണം കാത്തിരിക്കുന്നവര്‍ ചെയ്യേണ്ടത്.

ശുദ്ധമാന കത്തോലിക്കാ സഭയുടെ വെന്തിങ്ങ ഇട്ട സല്‍പുത്രന്‍ ആയി വളര്‍ന്നുവന്ന്, സിഎംഐ സഭയുടെ ദേവഗിരി കോളജില്‍ അധ്യാപകനായി, കെ.എം. മാണിക്ക് എത്രയോ മുന്‍പ് കെ.എം. ജോര്‍ജിന്റെയും ബാലകൃഷ്ണ പിള്ളയുടെയും കാലത്ത് കേരള കോണ്‍ഗ്രസിന്റെ സംഘാടകനായി, സാധാരണ മട്ടിലുള്ള ഒരു കത്തോലിക്കാ വിദ്യാസമ്പന്നനായി ജീവിച്ച് പ്രഫസറോ മന്ത്രിയോ വൈസ്ചാന്‍സലറോ ആയി ഒതുങ്ങുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ വിപ്ലവകാരിയായി മാറിയത് അദ്ദേഹത്തിന്റെ ഡിഎന്‍എയും സാഹചര്യങ്ങളും പരസ്പരപൂരകങ്ങള്‍ ആയപ്പോഴാണ്. ദേവഗിരി കോളജില്‍നിന്ന് അദ്ദേഹത്തെ പിരിച്ചുവിടാതിരുന്നുവെങ്കില്‍ ഒരുപക്ഷേ മാനേജ്‌മെന്റിന്റെ കാലില്‍ കൊണ്ടുകയറിയ ഒരു മുള്ളായി ആ ജീവിതം അസ്തമിച്ചേനേ. തെരഞ്ഞെടുപ്പില്‍ ജയിച്ച് എമ്മെല്ലേ ആയിരുന്നുവെങ്കില്‍ ഒരുവേള ഒരു കേരള കോണ്‍ഗ്രസ് (പുലിക്കുന്നേല്‍) ഗ്രൂപ്പ് ഉണ്ടായേനേ. അതൊന്നുമായിരുന്നില്ല ഈശ്വരഹിതം.

കത്തോലിക്കാസഭയിലെ ആരാധനാ വിവാദങ്ങളില്‍ വത്തിക്കാനുമായും വത്തിക്കാന്റെ മാനസപുത്രനായി വിവരിക്കപ്പെട്ട പൗവ്വത്തില്‍ തിരുമേനിയുമായും കൊമ്പുകോര്‍ത്തതോടെ പുലിക്കുന്നേലിനെ മാര്‍ട്ടിന്‍ ലൂഥറെപ്പോലെ ഒരു പുലിയായി ജനം കുറെപ്പെരെങ്കിലും കാണാന്‍ തുടങ്ങി. മൂക്കറ്റം മുങ്ങിയവന് കയത്തിന്റെ ആഴം പ്രധാനമല്ല എന്ന മട്ടില്‍ പുലിക്കുന്നേല്‍ എഴുതാനും തുടങ്ങി. കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ ഭാരതീയതയ്ക്കായി നിലകൊണ്ടത് അദ്ദേഹത്തിന് ഊര്‍ജം പകര്‍ന്നു. വി.വി. ജോസഫ് ഐഎഎസ്, ഡോക്ടര്‍ എം.വി. പൈലി തുടങ്ങിയവരെപ്പോലുള്ളവരുടെ പിന്തുണ ധൈര്യം നല്‍കി.

സമാന്തരമായി, എവിടെ അല്‍മായന് നീതി നിഷേധിക്കപ്പെട്ടു എന്നു തോന്നിയോ അവിടെയൊക്കെ ഇടപെടുന്ന റിബല്‍ നേതാവായും ജനങ്ങള്‍ പുലിക്കുന്നേലിനെ കണ്ടു. അദ്ദേഹം ശവസംസ്‌കാരങ്ങള്‍ക്കു കാര്‍മികനായി. സ്വന്തം ഓശാന വഴി അതു മാലോകരൊക്കെ അറിഞ്ഞു. കത്തോലിക്കാ സഭയ്‌ക്കെ തിരെ ആര് എന്തെഴുതിയാലും പ്രോത്സാഹിപ്പിക്കുന്ന സ്വഭാവമുള്ള മാധ്യമങ്ങള്‍ വഴി പുലിക്കുന്നേല്‍ സഭയ്ക്കകത്തെ പ്രശ്‌നങ്ങള്‍ പൊതുവേദികളില്‍ ചര്‍ച്ചാവിഷയമാക്കി. അവനവന്റെ പല്ലിട കുത്തി ആശാനെ മണപ്പിക്കുന്നതിലെ അഭംഗി ചൂണ്ടിക്കാണിച്ചവര്‍ പുലിക്കുന്നേലിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പിന്‍വലിഞ്ഞു.

ഞാന്‍ ഒരിക്കല്‍ ഒരു കല്യാണവും മറ്റൊരിക്കല്‍ ഒരു മാമ്മോദീസായും നടത്തി. കല്യാണം നടത്തിയത് ഒരു പെണ്‍കുട്ടി ഒരു ഹിന്ദുവിനെ പ്രണയിക്കുകയും സഭയും ആറെസ്സെസും അപ്പുറമിപ്പുറം നിന്ന് ഹോഹ്വാ വിളിക്കും എന്ന് ഭയപ്പെടേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തപ്പോഴാണ്.

അല്‍പം സംസ്‌കൃതം ഉണ്ടെങ്കില്‍ ഒരുക്കത്തില്‍ സാധിക്കാവുന്നതേ ഉള്ളൂ സംഗതി.

ആദ്യം ഓം പിതാപുത്ര പവിത്രാത്മ സ്വരൂപായ പരമേശ്വരായ നമഃ,

ഒടുക്കം

ഓം ശാന്തിഃ ശാന്തിഃ ശാന്തി,

ഇടയ്ക്ക് പി.സി. ദേവസ്യയും ഐ.സി. ചാക്കോയും. കല്യാണം കഴിഞ്ഞു ! ശുഭം.

മാമ്മോദീസായും സാഹചര്യവശാല്‍ നടത്തേണ്ടി വന്നതാണ്. നവജാത ശിശുവിന്റെ ആരോഗ്യം സന്നിഗ്ദ്ധാവസ്ഥയിലായതാണ് കാരണം. അങ്ങനെ വരുമ്പോള്‍ മാമ്മോദീസാ വയറ്റാട്ടിക്കും നടത്താം.

വിവാഹം പൗരസ്ത്യ പാരമ്പര്യത്തില്‍ കൂദാശയാണ്. എങ്കിലും പാശ്ചാത്യ ക്രൈസ്തവര്‍ക്കും കൂദാശകളില്ലാത്ത ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ഈശ്വരസന്നിധിയില്‍ മനുഷ്യര്‍ നടത്തുന്ന ഉടമ്പടിയാണ്. അത് വധുവിനെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടാണ് വിവാഹം നടത്തിയത്.

അതായത്, പുലിക്കുന്നേല്‍ ശവസംസ്‌കാരത്തിനു മുഖ്യകാര്‍മികനായതില്‍ വലിയ അപാകതയൊന്നും ഇല്ല. ശവസംസ്‌കാരം കൂദാശയല്ല. എന്നാല്‍ പുലിക്കുന്നേല്‍ അത് ധീരമായി ചെയ്തതുകൊണ്ട് വീട്ടുകാര്‍ക്ക് മനഃസമാധാനം കിട്ടി, റിബലുകള്‍ക്ക് ആത്മവിശ്വാസം കൂടി, കൊച്ചമ്മമ്മാരുടെ അഹങ്കാരത്തിന് ഒരു വെല്ലുവിളിയുമായി.

ജോസഫ് പുലിക്കുന്നേലിനോട് എനിക്കു വിയോജിപ്പുള്ള വിഷയമാണ് ചര്‍ച്ച് ആക്ട്. ഇടവക ജനങ്ങള്‍ക്ക് പൈതൃകമായി കിട്ടിയതോ അവര്‍ ആര്‍ജ്ജിച്ചതോ ആയ സ്വത്ത് ഭരിക്കേണ്ടതു സര്‍ക്കാരല്ല. മണ്‍റോ ദേവസ്വം വകുപ്പ് ഉണ്ടാക്കിയത് ജന്മിമാര്‍ ക്ഷേത്രസ്വത്തുക്കള്‍ ധൂര്‍ത്തടിക്കുകയും ക്ഷേത്രങ്ങള്‍ അധോഗതിയിലാവുകയും ചെയ്തപ്പോഴാണ്.

മുസ്ലിംകളുടെ വഖഫ് സ്വത്തുക്കള്‍ അവരുടെ ഇടവകകളുടെ വകയല്ല. അതൊക്കെ അവര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതുപോകട്ടെ, മെത്രാന്‍ വിരുദ്ധമനസ്സ് സൃഷ്ടിച്ച ഇത്തരം നിലപാടുകള്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ചേക്കാം. കാര്യം മുഴുവന്‍ അറിയാത്തവര്‍ അത്ഭുതം കൂറി എന്നും വരാം.

ഇപ്പറഞ്ഞ ഒരു കാര്യവും ജോസഫ് പുലിക്കുന്നേലിനെ എന്റെ മനസ്സില്‍ ഒരു വീരപുരഷനാക്കുന്നില്ല. എന്നാല്‍ അദ്ദേഹം എനിക്ക് വീരപുരുഷനാണു താനും. അതിന്റെ കാരണം ഓശാന ബൈബിള്‍ ആണ്. ഇതിനോടകം പത്തുലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ബൈബിള്‍.

ഔപചാരികമായി ബൈബിളോ വേദശാസ്ത്രമോ പഠിച്ചിട്ടില്ലാത്ത ഒരു അധ്യാപകന്റെ ഉല്‍സാഹത്തില്‍ ബൈബിള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തിയത് ചില്ലറക്കാര്യമല്ല. 1982 മെയ് അവസാനവാരമായിരുന്നു ആ ചരിത്രസംഭവം. അതിലേക്ക് നയിച്ചതാവട്ടെ, മലയാളത്തിന്റെ മഹാപ്രതിഭ മുണ്ടശ്ശേരിയുടെ നിര്‍ദേശവും. സി.ഡി. ദേശ്മുഖിനെപ്പോലെ സിവില്‍ സര്‍വീസില്‍ തുടങ്ങി യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ ചെയര്‍മാനായി വിരമിച്ച യുഗപ്രഭാവനായ ജോര്‍ജ് ജേക്കബിന്റെ അഗ്രാസനാധിപത്യത്തില്‍, എന്‍.വി. കൃഷ്ണവാര്യരുടെ ഭാഷാശുദ്ധിയുടെ ധൈര്യത്തില്‍, വേദപണ്ഡിതരായ ചില വൈദികരുടെ നിരീക്ഷണത്തില്‍, ബൈബിളിനെയും മലയാള ഭാഷയെയും സ്‌നേഹിച്ച ഒരു സംഘം അവൈദികരായിരുന്നു ഈ മഹായത്‌നത്തിനു പിന്നില്‍. കൊയ്‌നെ ഗ്രീക്കില്‍നിന്നു മലയാളത്തിലേക്കു നേരിട്ടു പരിഭാഷപ്പെടുത്തിയ മൂളിയില്‍ ബൈബിള്‍ എന്ന പുതിയ നിയമപരിഭാഷ നിര്‍വഹിച്ച ഫ്രെഡറിക് മൂളിയിലിനെ ഒഴിച്ചാല്‍ അല്‍മായരാരും കൈവച്ചിട്ടില്ലാതിരുന്ന മേഖല. ഫ്രെഡറിക് മൂളിയില്‍ തന്നെയും അവൈദികനെങ്കിലും വൈദിക വിദ്യാര്‍ഥികളെ ഗ്രീക്ക് ഭാഷ പഠിപ്പിച്ചിരുന്നയാളാണ്. അത് വേദശബ്ദരത്‌നാകരം പോലെതന്നെ ഒരൊറ്റ വ്യക്തിയുടെ ആശയവും ഉത്സാഹവും സാക്ഷാത്കാരവുമാണ് എന്നതിനാല്‍ ഓശാന ബൈബിള്‍ എന്നറിയപ്പെടുന്ന മലയാളം ബൈബിള്‍ എന്ന പരിഭാഷയെക്കാള്‍ ആദരവ് അര്‍ഹിക്കുന്ന പ്രയത്‌നം തന്നെയായിരുന്നു എങ്കിലും ഓശാന പോലെ ബൃഹത്തും സമഗ്രവുമായിരുന്നില്ല.

മലയാളത്തിലെ ആദ്യ പരിഭാഷ 1807 ല്‍ തയാറായി. 1811- ല്‍ അച്ചടിച്ചു. ക്ലോഡിയസ് ബുക്കാനന്റെ നിര്‍ദേശമനുസരിച്ച് ചേപ്പാട്ട് പീലിപ്പോസ് റമ്പാന്‍ തമിഴ് പണ്ഡിതനായ തിമ്മപ്പാ പിള്ളയുടെ സഹായത്തോടെ നിര്‍വഹിച്ച ഭാഷാന്തരം സുറിയാനിയില്‍ നിന്നായിരുന്നു. അത് പുതിയ നിയമം. അടുത്ത ഘട്ടമാണ് ബെഞ്ചമിന്‍ ബെയ്ലിയുടെ പരിശ്രമം. സുറിയാനി ഉപേക്ഷിച്ച് ഇംഗ്ലിഷ് ആധാരമാക്കി ആയിരുന്നു പരിപാടി. എട്ട് സുറിയാനി പണ്ഡിതര്‍, എബ്രായ- സംസ്‌കൃത പണ്ഡിതനായിരുന്ന ഒരു വൈദ്യനാഥയ്യര്‍, ചുനങ്ങാട്ട് ചാത്തുമേനോന്‍ തുടങ്ങിയവരുടെ സഹകരണത്തോടെ 1842 ല്‍ പഴയ- പുതിയ നിയമങ്ങള്‍ മലയാളത്തിലെത്തി. വടക്കേ മലബാറിലെ മലയാളം അടിസ്ഥാനമാക്കിയാണ് ഗുണ്ടര്‍ട്ട് പുതിയ നിയമം വിവര്‍ത്തനം ചെയ്തത്. അത് മൂലഭാഷയായ ഗ്രീക്കില്‍ നിന്നായിരുന്നു. തുടര്‍ന്ന് 1859 ല്‍ പഴയ നിയമവും മലയാളത്തിലായി. 1910 ല്‍ സത്യവേദപുസ്തകം എന്ന പരിഭാഷ വന്നു. കത്തോലിക്കരൊഴിച്ചുള്ളവരൊക്കെ അതു വായിച്ചുവന്നു. പിന്നീട് പരിഷ്‌കരണങ്ങളും പുതിയ പരിഭാഷകളും ഉണ്ടായി. വേദപുസ്തക വിവര്‍ത്തനത്തിലും കൈയെഴുത്തു പ്രതികള്‍ പകര്‍ത്തുമ്പോഴും വരാവുന്ന തെറ്റുകളുണ്ട്. അവയെക്കുറിച്ചറിഞ്ഞ് ശുദ്ധപാഠം കണ്ടെത്താന്‍ സഹായിക്കുന്ന പഠനരീതിയാണ് വേദശാസ്ത്രത്തില്‍ ടെക്‌സ്ച്വല്‍ ക്രിട്ടിസിസം എന്നറിയപ്പെടുന്നത്. വേദശബ്ദ രത്‌നാകരത്തില്‍ വേദപുസ്തക വിവര്‍ത്തന സ്ഖലിതങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ഇക്കാര്യം വിവരിച്ചിട്ടുണ്ട്. കാല്‍ നൂറ്റാണ്ടുകാലം വേദശബ്ദ രത്‌നാകരത്തിന്റെ പണിപ്പുരയില്‍ കഴിയവെ, ഇംഗ്ലിഷിലും മലയാളത്തിലുമുള്ള ഒട്ടേറെ പരിഭാഷകള്‍ പരിശോധിക്കേണ്ടി വന്ന എനിക്ക് ധൈര്യമായി പറയാന്‍ കഴിയും, ഓശാന ബൈബിളാണ് ഏറ്റവും നല്ല മലയാള പരിഭാഷ എന്ന്. ഒരു സഭയുടെയും ഔദ്യോഗികമായ അംഗീകാരം അതിനൊട്ടില്ല താനും.

ഓശാന ബൈബിള്‍ - മലയാളം ബൈബിള്‍ എന്നാണ് കൃത്യമായ പേര്- സഭയുടെ അംഗീകാരത്തിനു പുറത്തായിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ആ പരിപാടിക്കു നേതൃത്വം കൊടുത്ത ജോസഫ് പുലിക്കുന്നേല്‍ സഭയിലെ ഡെവിള്‍സ് അഡ്വക്കേറ്റ്- പിശാചിന്റെ വക്കീല്‍ - ആയി വാഴ്ത്തപ്പെടുന്നവനാണ്. തന്നെയുമല്ല, ഔദ്യോഗിക പരിഭാഷകള്‍ അംഗീകാരത്തോടെ പ്രചരിക്കുമ്പോള്‍ ഇനി പുലിക്കുന്നേലിനെ പുണ്യവാനാക്കുക എളുപ്പവുമല്ല.

വേദശബ്ദരത്‌നാകരം പ്രീപബ് വ്യവസ്ഥയില്‍ (പ്രീപബ് എന്ന പേര് മലയാളത്തിന് ഡീസിയുടെ സംഭാവനയാണ്) ലഭ്യമാകുമെന്ന് അറിയിപ്പു വന്നപ്പോള്‍ ഒരു വൈദികന്‍ ചോദിച്ചുവത്രെ, ബൈബിള്‍ നിഘണ്ടു എഴുതാന്‍ ബാബുപോളിന് എന്തവകാശം, വാട്ടീസ് ഹിസ് ക്രെഡന്‍ഷ്യല്‍ ? എന്നാല്‍ ഒരുപാടു വൈദികരുടെ സ്വകാര്യ ലൈബ്രറികളില്‍ ഞാന്‍ ആ പുസ്തകം കണ്ടിട്ടുണ്ട്. ഓശാന ബൈബിളും അങ്ങനെ പ്രചരിക്കുന്നുണ്ട്, പിഒസി ബൈബിളിനെക്കാള്‍ ഏറെ.

ഇനി ചെയ്യാനുള്ളത് എല്ലാവരും ചേര്‍ന്ന് ഒരു വിവര്‍ത്തനമുണ്ടാക്കുകയാണ്. കത്തോലിക്കാ മെത്രാന്‍ സമിതി, അകത്തോലിക്കരുടെ ബൈബിള്‍ സൊസൈറ്റി, സാഹിത്യ അക്കാദമി, സര്‍വകലാശാലകളുടെ മലയാള വിഭാഗങ്ങള്‍ എല്ലാം സഹകരിച്ച് സഭാഭേദമന്യേ ഉപയോഗിക്കാവുന്ന ഒരു വിവര്‍ത്തനം ഉണ്ടാകണം. ലൂക്കായും ലൂക്കോസും സക്കായിയും സക്കേവൂസും, സദൂക്യരും സദൂക്കായരും തുടങ്ങി തുടക്കക്കാരെ വിഷമിപ്പിക്കുന്ന ട്രാന്‍സ് സ്ലിറ്ററേഷനുകള്‍ ഒഴിവാക്കി ഏകരൂപപ്പെടുത്തുകയും വേണം.

കത്തോലിക്കാ- ഓര്‍ത്തഡോക്‌സ് - മാര്‍ത്തോമ്മാ- പ്രൊട്ടസ്റ്റന്റ് സഭകള്‍ ഒത്തുചേര്‍ന്ന് വേണം അത് ചെയ്യുവാന്‍. അതില്‍ ജോസഫ് പുലിക്കുന്നേലിനെ ഉള്‍പ്പെടുത്തണം എന്ന് 2007 ല്‍ ഞാന്‍ എഴുതിയിരുന്നു.

പുലിക്കുന്നേല്‍ ഒരു റിബല്‍ ആയിരുന്നു എന്നതു ശരി. എന്നാല്‍ അദ്ദേഹം ഒരിക്കലും സഭ വിട്ടുപോയില്ല. സഭ അദ്ദേഹത്തെ മഹറോന്‍ ചൊല്ലി പുറത്താക്കിയതുമില്ല. വ്യക്തിതലത്തില്‍ തികഞ്ഞ സത്യവിശ്വാസിയായിരുന്നു അദ്ദേഹം. പുലിക്കുന്നേലിന്റെ കലഹവും കലാപവും വിശ്വാസത്തിനെതിരെ ആയിരുന്നില്ല. സഭയുടെ ഘടന, അനുഷ്ഠാനങ്ങള്‍, അച്ചടക്കനിയമങ്ങള്‍, വൈദികരുടെ അഹങ്കാരം തുടങ്ങിയവയ്‌ക്കെതിരെ ആയിരുന്നു അത്. മാര്‍ട്ടിന്‍ ലൂഥറുടെ വിപ്ലവത്തിന് അഞ്ഞൂറാണ്ട് പ്രായമാവുമ്പോള്‍ മാര്‍പാപ്പയ്ക്ക് മുഖ്യാതിഥി ആവാമെങ്കില്‍ ജോസഫ് പുലിക്കുന്നേലിന്റെ നന്മയും ദൗത്യവും തിരിച്ചറിയാന്‍ കേരളത്തിലെ തിരുസഭയ്ക്കും കഴിയണം.

ഒരു പുതിയ എക്യുമിനിക്കല്‍ ബൈബിള്‍ പരിഭാഷ ഉണ്ടാകട്ടെ. അത് സത്യവേദപുസ്തവും പിഒസി ബൈബിളും ഓശാനയുടെ പരിഭാഷയും ഒപ്പം ചേര്‍ത്തുവച്ച് പരിഷ്‌ക്കരിച്ചിട്ടാവട്ടെ. അന്തരിച്ച പുലിക്കുന്നേലിനെ റിബലായി കാണാതെ, വേദപുസ്തകം നല്ല മലയാളത്തില്‍ ജനങ്ങളിലെത്തിച്ച അപ്പസ്‌തോലനായി കാണാന്‍ എല്ലാവര്‍ക്കും കഴിയുമെങ്കില്‍ നമുക്ക് ഒരു നല്ല വിവര്‍ത്തനം കിട്ടും. ഓശാന ബൈബിളിനെ ഒഴിവാക്കിയാല്‍ അത് അപൂര്‍ണ്ണമാവും എന്നതു മറക്കണ്ട.
Join WhatsApp News
JOHNY KUTTY 2018-01-17 12:27:35
ശ്രി ജോസഫ് പുലിക്കുന്നേലിനെ ഇഷ്ടമാണ് എന്ന് പറയും പക്ഷെ മെത്രാന്മാരെ കാണുമ്പോൾ ഞാൻ സഭയുടെ കുഞ്ഞാടാണ്. ശ്രി ബാബു പോൾ താങ്കൾ ആരെയാണ് പറ്റിക്കാൻ നോക്കുന്നത്. ഒരു നാട്ടുകാരൻ എന്ന നിലയിൽ അല്പം ബഹുമാനം ഉണ്ട് പക്ഷെ അത് കുറഞ്ഞു വരികയാണ് 
George V 2018-01-28 16:26:18
ജയിംസ് ഐസക്, കുടമാളൂര്‍ ; മാര്‍ട്ടിന്‍ ലൂഥര്‍ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്ന വിപ്ലവകാരിയാണ്. കത്തോലിക്കാസഭ മാര്‍ട്ടിന്‍ ലൂഥറിനെ ഔദ്യോഗികമായി പുറത്താക്കി. മുന്‍പതിവനുസരിച്ച് അദ്ദേഹത്തെ ചുട്ടുകൊല്ലാന്‍ സഭാമേധാവിത്വത്തിനു കഴിഞ്ഞില്ല. ലൂഥര്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ സഭാനവീകരണത്തിനു വഴിതെളിച്ചു. എങ്കിലും ഒട്ടേറെ സ്വതന്ത്ര സഭകളായി ക്രൈസ്തവ സമൂഹം പിളര്‍ന്നു. കേരളസഭയില്‍ നിലനില്‍ക്കുന്ന പൗരോഹിത്യ മേധാവിത്വം, സാമ്പത്തികചൂഷണം, അന്ധവിശ്വാസപ്രചരണം ഇവയെല്ലാം ചൂണ്ടിക്കാട്ടി സഭയിലെ വിപ്ലവകാരിയായി അറിയപ്പെട്ട ജോസഫ് പുലിക്കുന്നേല്‍ ഔദ്യോഗികമായി സഭയില്‍നിന്നു വേര്‍പെട്ടില്ല. എന്നാല്‍ സഭയുടെ ചിട്ടവട്ടങ്ങളില്‍നിന്നു ബോധപൂര്‍വ്വം ഒഴിഞ്ഞുമാറിയിരുന്നു. കുറവിലങ്ങാട്ട് ശ്രീ. വി.കെ. കുര്യനു സംഭവിച്ചതുതന്നെ തനിക്കും സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നു. അതിനാല്‍ വളരെ തന്ത്രപൂര്‍വ്വം സഭയുടെ കൂദാശകള്‍ വേണ്ടാ എന്നും മൃതദേഹം ഓശാന മൗണ്ടില്‍ സൗകര്യപ്രദമായ സ്ഥലത്ത് ദഹിപ്പിക്കണമെന്നും വില്‍പത്രത്തില്‍ രേഖപ്പെടുത്തി. സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഒരു വലിയ വിവാദമാണ് ഒഴിവായത്. പുലിക്കുന്നേലിന്റെ മൃതദേഹം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ച കൂരിയാ ബിഷപ്പും പാലാരൂപതാ സഹായമെത്രാനും ആദരണീയമായ മാതൃകകാട്ടി. എല്ലാ മലയാള പത്രങ്ങളും ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ മഹത്വം എടുത്തുകാട്ടി ലേഖനങ്ങള്‍ എഴുതി. കത്തോലിക്കാപത്രം എന്നഭിമാനിക്കുന്ന ദീപികയ്ക്കു മാത്രം ഒന്നും പറയാനില്ലായിരുന്നു. ദീപികയ്ക്കു എറണാകുളം-അങ്കമാലി രൂപതയിലെ ഭൂമിയിടപാടുകളും വാര്‍ത്തയല്ല. ഈ വിഷയം ചാനലുകളും മറ്റു പത്രങ്ങളും ചര്‍ച്ചയ്ക്കുവിധേയമാക്കിയെങ്കിലും ദീപിക മൗനം പാലിച്ചു. എന്തിന്? പുലിക്കുന്നേല്‍ ആരോഗ്യത്തോടെ ജീവിച്ചിരുന്നെങ്കില്‍ ശക്തമായ പ്രതികരണം ഉണ്ടാകുമായിരുന്നു. ഓശാനയുടെ ആദ്യലക്കം മുതലാണ് ശ്രീ. പുലിക്കുന്നേലുമായി അടുക്കുന്നത്. അദ്ദേഹത്തിന്റെ പ്രോട്ടസ്റ്റന്റ് വീക്ഷണങ്ങളെ ഞാന്‍ വിമര്‍ശിച്ചിരുന്നെങ്കിലും ചരിത്ര പണ്ഡിതനായ അദ്ദേഹത്തിന്റെ ബോധ്യങ്ങളെ ആദരിച്ചിരുന്നു. 'ഇതാ, നിഷ്‌കപടനായ ഒരു ഇസ്രായേല്‍ക്കാരന്‍' എന്ന് നാഥാനിയേലിനെക്കുറിച്ചു കര്‍ത്താവു പറഞ്ഞതുപോലെ, 'തന്റെ ബോധ്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി' (കത്തോലിക്കന്‍ അല്ല) എന്ന് ജോസഫ് പുലിക്കുന്നേലിനെക്കുറിച്ചും പറയാം. എളിയവനായ എന്റെ അഭിപ്രായങ്ങളും ഓശാനയില്‍ പ്രസിദ്ധീകരിച്ചിരുന്നു. മാസംതോറുമുള്ള പ്രസിദ്ധീകരണം മുടങ്ങിയശേഷവും മൂന്നുമാസം കൂടുമ്പോള്‍ ഓശാന പ്രസിദ്ധീകരിച്ചിരുന്നു. അപ്പോഴും എന്തെങ്കിലും എഴുതാന്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. പുലിക്കുന്നേലുമായി ചേര്‍ന്ന് സഭയെ നശിപ്പിക്കാനാണ് ഞാന്‍ ഒരുമ്പെടുന്നതെന്നു സ്വന്തം ഇടവകവികാരി എന്നെ കുറ്റപ്പെടുത്തി. എന്നാല്‍ സദുദ്ദേശ്യത്തിന്റെ പേരിലാണ് ഞാന്‍ ചെറുലേഖനങ്ങള്‍ എഴുതിയിരുന്നത്. ഞാന്‍ അയച്ച എല്ലാ ലേഖനങ്ങളും ഓശാന പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി. അല്‍ഫോന്‍സാമ്മയുടെ നാമകരണവേളയില്‍ ചങ്ങനാശ്ശേരിയില്‍നിന്നുള്ള 'സത്യദര്‍ശനമാല' ഒരു വിശേഷാല്‍പതിപ്പ് ഇറക്കി. അതില്‍ വിചിത്രമായ ഒരു ഐക്കണ്‍ കണ്ടു. ചെമപ്പുനിറമുള്ള അകവസ്ത്രവും നീല പുറം വസ്ത്രവും ധരിച്ച് കൈയില്‍ മാര്‍ത്തോമ്മാ സ്ലീവായും പിടിച്ചു നില്‍ക്കുന്ന അല്‍ഫോന്‍സാമ്മയുടെ ചിത്രമാണ് സത്യദര്‍ശനമാലയില്‍ കണ്ടത്. അതുകണ്ട ദിവസംതന്നെ ഞാന്‍ ഒരു കുറിപ്പു തയ്യാറാക്കി, 'അല്‍ഫോന്‍സാമ്മ അപമാനിതയാകുന്നു' എന്ന തലക്കെട്ടില്‍ ലഘുലേഖയായി അച്ചടിച്ച് കുറെ സുഹൃത്തുക്കള്‍ക്ക് അയച്ചു. ലഘുലേഖ എവിടെയോ കണ്ട ശ്രീ. പുലിക്കുന്നേല്‍ എന്നെ ഫോണില്‍ വിളിച്ച്, സത്യദര്‍ശനമാലയുടെ കോപ്പിയും എന്റെ ലഘുലേഖയും ഉടന്‍ അയച്ചു കൊടുക്കണം എന്നു നിര്‍ദ്ദേശിച്ചു. ഞാന്‍ തയ്യാറാക്കിയ ലഘുലേഖയുടെ നൂറുക്കണക്കിനു കോപ്പികള്‍ ഓശാന വിതരണം ചെയ്യുകയും മാസികയുടെ സപ്ലിമെന്റായി പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്തായാലും അല്‍ഫോന്‍സാമ്മയുടെ ഐക്കണ്‍ പിന്നീട് ഒരിടത്തും കണ്ടില്ല. ശ്രീ. ജോസഫ് പുലിക്കുന്നേല്‍ കേരളസഭയില്‍ സൃഷ്ടിച്ച ചലനങ്ങള്‍ വിശദമായ ഒരു ചര്‍ച്ചയ്ക്കു വിധേയമാകണം. അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുമ്പില്‍ ആദരാജ്ഞലികള്‍!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക