Image

മുന്‍മന്ത്രി തോമസ്‌ ചാണ്ടിക്കെതിരായ വിജിലന്‍സ്‌ അന്വേഷണ സംഘത്തെ മാറ്റി

Published on 18 January, 2018
മുന്‍മന്ത്രി തോമസ്‌ ചാണ്ടിക്കെതിരായ വിജിലന്‍സ്‌ അന്വേഷണ സംഘത്തെ മാറ്റി
കൊച്ചി: മുന്‍മന്ത്രി തോമസ്‌ ചാണ്ടിക്കെതിരായ വിജിലന്‍സ്‌ അന്വേഷണ സംഘത്തെ മാറ്റി. പ്രാഥമിക പരിശോധന നടത്തി കേസെടുക്കാന്‍ ശുപാര്‍ശ ചെയ്‌തവരെയാണു മാറ്റിയത്‌.

വിജിലന്‍സ്‌ തിരുവനന്തപുരം യൂണിറ്റാണ്‌ ഇനി കേസ്‌ അന്വേഷിക്കുക. നേരത്തെ കേസ്‌ അന്വേഷിച്ച കോട്ടയം യൂണിറ്റിലെ ആരും പുതിയ സംഘത്തില്‍ ഇല്ല.


എസ്‌.പി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. നടപടിക്രമത്തിന്റെ ഭാഗമായാണു പുതിയ സംഘത്തെ നിയോഗിച്ചതെന്നാണു വിശദീകരണം. അതേസമയം കേസ്‌ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഇതെന്നാണ്‌ പരാതിക്കാര്‍ ആരോപിക്കുന്നത്‌.

പ്രാഥമിക അന്വേഷണം നടത്തിയ ആദ്യ സംഘമാണ്‌ വലിയകുളം സീറോജെട്ടി റോഡ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ കൈയേറ്റം നടത്തിയെന്നാരോപിച്ച്‌ തോമസ്‌ ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌.

തോമസ്‌ ചാണ്ടി നടത്തിയ ചട്ടലംഘനങ്ങള്‍ വളരെ കൃത്യതയോടെ കോട്ടയം യൂണിറ്റിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കണ്ടെത്തലുകളെല്ലാം നടത്തിയ സംഘത്തിലെ ഒരാളെ പോലും ഉള്‍പ്പെടുത്താതെ പുതിയ സംഘത്തെ നിയോഗിച്ചതില്‍ സംശയങ്ങളുണ്ടെന്നാണ്‌ കേസുകളിലെ പരാതിക്കാര്‍ ആരോപിക്കുന്നത്‌.

ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി.അനുപമ നല്‍കിയ റിപ്പോര്‍ട്ടിന്‌ സമാനമായിട്ടുള്ള റിപ്പോര്‍ട്ടായിരുന്നു ആദ്യ വിജിലന്‍സ്‌ അന്വേഷണ സംഘം നല്‍കിയിരുന്നത്‌.

എന്നാല്‍ സാധാരണ ദ്രുതപരിശോധന നടത്തുന്നത്‌ ഒരു അന്വേഷണ സംഘവും വിശദമായ അന്വേഷണത്തിന്‌ മറ്റൊരു സംഘത്തെയുമാണ്‌ നിയോഗിക്കുന്നത്‌ എന്നാണ്‌ വിജിലന്‍സിന്റെ വിശദീകരണം

അതിനിടെ, തോമസ്‌ ചാണ്ടിക്കെതിരായ എഫ്‌.ഐ.ആര്‍ അന്വേഷണസംഘം കോട്ടയം വിജിലന്‍സ്‌ കോടതിയില്‍ ഇന്നു സമര്‍പ്പിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക