Image

ഭൂമിയിടപാടില്‍ സഭ സത്യത്തെ തമസ്‌കരിക്കരുത്: സത്യദീപം

Published on 18 January, 2018
ഭൂമിയിടപാടില്‍  സഭ സത്യത്തെ തമസ്‌കരിക്കരുത്:  സത്യദീപം
വിവാദമായ ഭൂമിയിടപാടില്‍ സീറോ മലബര്‍ സഭ സത്യത്തെ തമസ്‌കരിക്കരുത് സത്യദീപം.

ഈ ജൂബിലി വര്‍ഷത്തില്‍ സീറോ മലബാര്‍ സഭക്ക് ദൈവം നല്‍കിയ മറ്റൊരു സമ്മാനമായിരുന്നു ഭൂമി ഇടപാടു വിവാദം. ഇതിനെ സത്യസന്ധതയോടെയും ക്രിസ്തീയ ഭാവത്തോടെയും അന്വേഷിക്കാനും പരിഹാരം തേടാനുമുള്ള മാര്‍ഗങ്ങള്‍ ഔദ്യോഗിക തലത്തില്‍ നിന്നുതന്നെ ആരംഭിച്ചു എന്നുള്ളതു സത്യത്തെ വെളിച്ചത്തു കൊണ്ടുവരാനുള്ള വൈദിക നേതൃത്വത്തിന്റെ ധീരതയെ വ്യക്തമാക്കുന്നു.

 ക്രയവിക്രയങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചു വിശദമായി അന്വേഷിക്കാന്‍ വിദഗ്ധരടങ്ങുന്ന ഒരു കമ്മീഷന്‍ അതിരൂപതക്കകത്തു നിന്നും അഞ്ചു മെത്രാന്മാരടങ്ങുന്ന ഒരു കമ്മിറ്റി സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായതും ശ്ലാഘനീയമാണ്. വസ്തുതകളെ മൂടിവയ്ക്കാനും തെറ്റുകളെ ഒതുക്കിത്തീര്‍ക്കാനുമല്ല ഹൃദയം തുറന്നുള്ള ഏറ്റുപറച്ചിലുകള്‍ക്കും തുടര്‍ നടപടികള്‍ക്കും ക്ഷതം പരിഹരിക്കാനുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്കും ഇവരുടെ ഇടപെടലുകള്‍ ഉപകരിക്കണം.

പിഴവുകള്‍ പറ്റിയെന്ന ആത്മാര്‍ത്ഥതയോടെയുള്ള മാര്‍പാപ്പമാരുടെ ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ സഭയുടെ യശസ്സ് ഉയര്‍ത്തിയിട്ടേയുള്ളൂ. സഭ വിശുദ്ധരുടെ മാത്രമല്ല, വിശുദ്ധി ആഗ്രഹിക്കുന്ന പാപികളുടേതു കൂടിയാണെന്ന് അത്തരം കുമ്പസാരങ്ങള്‍ വഴി ലോകം തിരിച്ചറിഞ്ഞതുമാണ്. മറകളില്ലാതെയുള്ള ഏറ്റുപറച്ചില്‍ കുറവുകളെ നിറവുകളിലേക്കുള്ള ചവിട്ടുപടികളാക്കുന്നു.

സാമൂഹ്യമാധ്യമങ്ങളിലും ചാനലുകളിലും ഈ പ്രശ്‌നത്തെക്കുറിച്ച് അതിരുവിട്ട അനവധി അഭിപ്രായ പ്രകടനങ്ങളും സത്യവിരുദ്ധ പ്രസ്താവനകളും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രകടനങ്ങള്‍ എല്ലാ വിഷയങ്ങളെക്കുറിച്ചും നാം കാണുന്നതാണ്. എങ്കിലും സംഭവിച്ച കാര്യങ്ങളെയും വസ്തുതകളെയും തെറ്റുകളെയും പൊതുജന മദ്ധ്യത്തില്‍ കൊണ്ടുവന്നു വിഴുപ്പലക്കരുത് എന്നു പറയുമ്പോള്‍ത്തന്നെ തുറന്നുപറയേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു പിടിക്കുന്നതും കാലത്തിനു യോജിച്ചതല്ല. സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ കാര്യങ്ങള്‍ അറിയാമെന്നിരിക്കെ സഭയുടെ പ്രതിച്ഛായയെക്കുറിച്ചും സല്‍പ്പേരിനെക്കുറിച്ചും ആകുലപ്പെട്ടു യാഥാര്‍ത്ഥ്യത്തെ തമസ്‌കരിക്കുന്നതു ശരിയല്ല.

കാലിത്തൊഴുത്തില്‍ ദരിദ്രനായി ജനിച്ചു ദരിദ്രനായി ജീവിച്ചു കുരിശില്‍ ദരിദ്രനായി മരിച്ച ക്രിസ്തുവിന്റെ മണവാട്ടിയാണു സഭ. മണവാളനെ മറന്നു സമ്പന്നയാകാന്‍ തിരുസഭ എപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ സഭ പ്രതിസന്ധിയുടെ പ്രതിക്കൂട്ടിലായിട്ടുണ്ട്. ഈ മണവാട്ടിക്കുണ്ടാകേണ്ട ദാരിദ്ര്യാരൂപി തിരിച്ചു പിടിക്കാന്‍ ദൈവം കാലാകാലങ്ങളില്‍ അയയ്ക്കുന്ന ആമോസുമാരെ തിരിച്ചറിയാന്‍ സഭയുടെ ജൂബിലി വര്‍ഷത്തിലെ ഈ പ്രതിസന്ധിക്കാലം നമ്മെ സഹായിക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക