Image

കൗമാരക്കാരനെ കൊന്നുകത്തിച്ച കേസില്‍ അമ്മയെ തെളിവെടുപ്പിനെത്തിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

Published on 18 January, 2018
കൗമാരക്കാരനെ കൊന്നുകത്തിച്ച കേസില്‍ അമ്മയെ തെളിവെടുപ്പിനെത്തിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

കൊല്ലം: കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ കുറ്റം സമ്മതിച്ച അമ്മയെ തെളിവെടുപ്പിനെത്തിച്ചു. കൊട്ടിയത്തെ വീട്ടിലാണ് തെളിവെടുപ്പ് നടത്തുന്നത്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇവരെ നിയന്ത്രിക്കുന്നതിനായി പോലീസിനു ബലപ്രയോഗം നടത്തേണ്ടിവന്നു. 

കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ മാതാവ് ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ തനിക്ക് മാത്രമെ പങ്കുള്ളുവെന്ന് ജയമോള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഈ വാക്കുകള്‍ പോലീസ് മുഖവിലയ്ക്ക് എടുത്തില്ല. ജയമോള്‍ക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്തി മൃതശരീരം വെട്ടിമുറിച്ച് കത്തിക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്. അമ്മയും മകനും തമ്മിലുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിനു കാരണമെന്നും പോലീസ് സംശയിക്കുന്നു. 

കുരീപ്പള്ളി നെടുമ്പനകാട്ടൂര്‍ മേലേ ഭാഗം ജോബ് ഭവനില്‍ ജോബിന്റെയും ജയയുടെയും മകനായ ജിത്തു ജോബിനെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുണ്ടറ എംജിഡി ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവിനെ ഇക്കഴിഞ്ഞ 15ന് രാത്രി എട്ടോടെ വീട്ടില്‍നിന്നു കാണാതായിരുന്നു.

സ്‌കെയില്‍ വാങ്ങാന്‍ അമ്പതു രൂപയും വാങ്ങി കടയിലേക്ക് പോയ ജിത്തു തിരിച്ചു വന്നില്ലെന്നാണ് മാതാവ് ജയ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. അടുത്ത ദിവസം കുട്ടിയുടെ പിതാവ് ചാത്തന്നൂര്‍ പോലീസില്‍ പരാതിയും നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരവെയാണ് ബുധനാഴ്ച വൈകുന്നേരം നാലോടെ മൃതദേഹം കണ്ടെത്തിയത്. 

ഇവരുടെ വീട്ടില്‍ നിന്നും ഏകദേശം ഇരുനൂറു മീറ്റര്‍ അകലെ കുട്ടിയുടെ പിതാവ് ജോബിന്റെ കുടുംബ വീടിനടുത്ത് ആളൊഴിഞ്ഞ മരച്ചീനി കൃഷി തോട്ടത്തിലാണ് മൃതദേഹം കിടന്നിരുന്നത്. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലും മറ്റൊരു കാല്‍ വെട്ടേറ്റു തൂങ്ങിയ നിലയിലുമായിരുന്നു. കൈകള്‍ക്കും വെട്ടേറ്റു നിലയില്‍ കണ്ടെത്തിയ മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു.

വീടിന് സമീപം തീ കത്തിച്ചതിന്റെ അടയാളവും ജയമോളുടെ കൈയില്‍ കണ്ട പൊള്ളിയ പാടും പോലീസിന് സംശയം ജനിപ്പിച്ചു. തുടര്‍ന്ന് മാതാവിനോട് വിവരങ്ങള്‍ തിരക്കിയപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. പിന്നാലെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

വീടിനു പരിസരത്തെ മതിലിനോടു ചേര്‍ന്ന് കണ്ടെത്തിയ ചെരുപ്പുകള്‍ ജിത്തുവിന്റെതാണെന്നും പോലീസ് തിരിച്ചറിഞ്ഞു. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപത്തുനിന്ന് വെട്ടുകത്തിയും കണ്ടെടുത്തു. അതേസമയം മൃതശരീരത്തിന്റെ പലഭാഗങ്ങളും ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിനായുള്ള ശ്രമം രാവിലെ മുതല്‍ തുടങ്ങിയിട്ടുണ്ട്. എവിടെയോവച്ച് കൊലപ്പെടുത്തി കത്തിച്ച ശേഷം വീടിനു സമീപം കൊണ്ടുവന്ന് ഇട്ടതാണെന്നാണ് പോലീസ് തുടക്കത്തില്‍ സംശയിച്ചത്. എന്നാല്‍ കത്തിയും മറ്റും കണ്ടെത്തിയതോടെ കൊലനടന്നതും വീടിന് സമീപം തന്നെയാവുമെന്ന നിഗമനത്തിലാണ് പോലീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക