Image

തേനീച്ച (കവിത: തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 18 January, 2018
തേനീച്ച (കവിത: തൊടുപുഴ കെ ശങ്കര്‍, മുംബൈ)
തേനീച്ചയാണു ഞാന്‍, ഓരോരോ പൂവിലും
തേടുന്നു നിത്യം മധു കണങ്ങള്‍!
കിട്ടുന്ന തേനെല്ലാമൊട്ടും കളയാതെ
പെട്ടെന്നറകളില്‍ സംഭരിപ്പൂ!

പാടുപെട്ടെന്നും ഞാന്‍ ശേഖരിക്കുന്നൊരു
പാടു തേനേലുമെന്‍ കൂട്ടരെപ്പോല്‍,
നോക്കിയിരിക്കുന്നതല്ലാതെ തൊട്ടൊന്നു
നക്കുവാന്‍ പോലും മനം വരില്ല!

എന്നെപ്പോലൊന്നല്ലനേകം തേനീച്ചകള്‍
എന്നും മുടങ്ങാതെ ജോലി ചെയ്‌വു!
എത്രയോ പൂക്കളുണ്ടെങ്കിലും തേനുള്ള
പുഷ്പങ്ങള്‍ ഭൂവില്‍ വിരളമല്ലോ!

തന്നേ യാതേനുണ്ട് തെല്ലു മയങ്ങുവാന്‍
തന്നേയില്ലീശ്വരന്‍ സ്വാര്‍ത്ഥ ബുദ്ധി!
ഏവരും ചേര്‍ന്നിരുന്നിഷ്ടം പോല്‍ മോന്തുവാന്‍
ഏറെനാളായ് ഞങ്ങള്‍ കാത്തിരിപ്പൂ!

എന്നുമുടങ്ങാതുണരുന്നു ഞാന്‍ ബ്രഹ്മ
യാമത്തില്‍ കര്‍ത്തവ്യ ബോധപൂര്‍വം!
കണ്ണുകള്‍ പൂട്ടി ഞാന്‍ അര്‍ത്ഥിക്കുമീശനോ
ടിന്നുമെന്‍ കര്‍മ്മം ഫലം തരണേ!

നിസ്സാരമാം ചെറു ജീവി ഞാന്‍ സേവനം
നൈസര്‍ഗ്ഗിക ഗുണം മാത്രമല്ലോ!
നിസ്സീമമെന്നാത്മ നിര്‍വൃതി എന്നു ഞാന്‍
നിസ്സംശയം തുറന്നോതിടട്ടേ!

തെല്ലുമേ ജോലിചെയ്യാതെയലസന്മാര്‍
വല്ലോരും ചേര്‍ക്കും തേനുണ്ടു വാഴ്‌വു!
സമ്പാദ്യമെല്ലാമൊരുദിനമാരേലും
നമ്പുവാനാവാതപഹരിപ്പൂ!

സന്ദേഹമേയില്ല,നമ്മുടെ ജീവിതം
സന്ദേശമാകാന്‍ ശ്രമിക്കണം നാം!
മന്നിതില്‍ ജീവിക്കുമോരോ നിമിഷവും
ധന്യമായീടുവാന്‍ പ്രാര്‍ത്ഥിക്ക നാം!

സേവന സന്നദ്ധമാവണം നമ്മുടെ
ജീവിതം വിസ്മരിച്ചീടരുതേ!
മധുപോലെയെന്നാളുംനിങ്ങടെ ജീവിതം
മധുരിതമാവട്ടേ,മാനവരേ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക