Image

കോണ്‍ഗ്രസ് മാന്‍ എഡ് റോയ്‌സിന്റെ റിട്ടയര്‍മെന്റ് ഇന്ത്യയ്ക്ക് നഷ്ടം

ബിനോയ് തോമസ് Published on 19 January, 2018
കോണ്‍ഗ്രസ് മാന്‍  എഡ്  റോയ്‌സിന്റെ റിട്ടയര്‍മെന്റ് ഇന്ത്യയ്ക്ക് നഷ്ടം
വാഷിംഗ്ടണിലെ രാഷ്ട്രീയ സമൂഹം കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രഭാതമുണരുന്നത്, ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്‍മാറുന്നു എന്ന വാര്‍ത്ത കേട്ടാണ്. യു.എസ്. കോണ്‍ഗ്രസിലേക്ക് 2018-ല്‍ നടക്കാന്‍ പോകുന്ന ഇലക്ഷന് മുന്നോടിയായി, നിലവിലെ സഭാംഗങ്ങളായ 34 പേര്‍ ഇതിനോടകം അവരുടെ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. 

ജനുവരി 8-ാം തീയതി ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാനും, കാലിഫോര്‍ണിയായിലെ, 39-ാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ട് പ്രതിനിധിയുമായ കോണ്‍ഗ്രസ്മാന്‍ എഡ് വാര്‍ഡ്(എഡ്) റേയ്‌സിന്റെ റിട്ടയര്‍മെന്റ് പ്രഖ്യാപനം വന്നത് തികച്ചും ഞെട്ടലോടെയാണ് ഇന്ത്യന്‍ സമൂഹം ശ്രവിച്ചത്. ഇന്ത്യയുടെയും, ഇന്ത്യന്‍ അമേരിക്കന്‍സിന്റെയും ഉത്തമ സുഹൃത്ത് എന്നറിയപ്പെടുന്ന എഡ്‌റോയ്‌സ് ഇതോടെ റിട്ടയര്‍മെന്റ് പ്രഖ്യാപിക്കുന്ന, നിലവിലുള്ള 35-ാം റിപ്പബ്ലിക്കന്‍ ജനപ്രതിനിധിയുമായി. അമേരിക്കയില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഈ കൂട്ട റിട്ടയര്‍മെന്റിനെ ട്രമ്പ് ഇഫക്ട് എന്ന് പത്ര മാധ്യമങ്ങളും, രാഷ്ട്രീയ പണ്ഡിതരും വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ഞാന്‍ അക്കാര്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ല. 

ഒരു ഇന്ത്യന്‍ അമേരിക്കന്‍ എന്ന നിലയില്‍, കോണ്‍ഗ്രസ്മാന്‍ എഡ്‌റോയ്‌സിന്റെ റിട്ടയര്‍മെന്റ് പ്രഖ്യാപനത്തില്‍ ഞാന്‍ കുണ്ഠിതനാണ്. ലോസ് ആഞ്ചല്‍സിന്റെ പ്രാന്ത പ്രദേശങ്ങളും, ഓറഞ്ച്(Orange) കൗണ്ടിയും അടങ്ങുന്ന, 39-ാം കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ടിനെ 1993 മുതല്‍ എഡ്‌റോയ്‌സ് പ്രതിനിധീകരിക്കുന്നു. ഒട്ടനവധി ഇന്ത്യന്‍ വംശജരടങ്ങുന്ന, ഏഷ്യന്‍ സമൂഹം ഓറഞ്ച് കൗണ്ടിയില്‍ താമസിക്കുന്നു. ഇന്ത്യന്‍ സംഘടനകളുടെയും, ഇന്ത്യന്‍ ആഘോഷങ്ങളിലെയും, സജീവ സാന്നിദ്ധ്യമായിരുന്ന എഡ് റോയ്‌സ് 2001-ല്‍ കേവലം 8 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന, കണ്‍ഗ്രഷ്ണല്‍ കോക്കസ് ഓണ്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ അമേരിക്കന്‍സിനെ, ഇന്ന് 180 അംഗങ്ങളുള്ള കോക്കസ് ആയി വളര്‍ത്തിയെടുക്കാന്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

 അമേരിക്കയുടെ വിദേശ നയം, ഇന്ത്യയ്ക്ക് അനുകൂലമായി, മാറ്റിയെടുക്കാന്‍  ഈ കോക്കസ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇന്ത്യ കോക്കസിന്റെ ചെയര്‍മാനായും കോണ്‍ഗ്രസ്മാന്‍ എഡ് റോയ്‌സ് പ്രശംസനീയമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993 മുതല്‍ 2018 വരെ, നീളുന്ന, 25 വര്‍ഷത്തെ, ജനപ്രതിനിധി സഭയിലെ, ഇന്ത്യക്ക് വിശ്വസിക്കാവുന്ന, ഇന്ത്യയ്ക്ക് വേണ്ടി നിലപാടുകള്‍ എടുത്ത, ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ സുഹൃത്ത് എന്നാണ്, എഡ്‌റോയ്‌സിനെ, ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കര്‍, നിരുപമ റാവു, റോണന്‍ സെന്‍, എന്നിവരുമായി ഉത്തമബന്ധം എഡ് റോയ്‌സ് നിലനിര്‍ത്തിയിരുന്നു. യു.എസ്.-ഇന്ത്യ നയതന്ത്ര രംഗത്തെ, നാഴികകല്ലായ, 2006-ലെ സിവില്‍ ന്യൂക്ലിയര്‍ എഗ്രിമെന്റ് പാസാക്കാന്‍, അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍, എഡ് റോയ്‌സ് വഹിച്ച പങ്ക് വളരെ വലുതാണ്.

2015-ല്‍, ഇന്ത്യ-യു.എസ്. ഡിഫന്‍സ് സഹകരണം വിപുലീകരിക്കാനും, 2016-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപ്രധാനമായ, ജോയിന്റ് അഡ്രസ് ഓഫ് കോണ്‍ഗ്രസ് യഥാര്‍ത്ഥ്യമാക്കാനും നേതൃത്വം നല്‍കിയതും, ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി കമ്മറ്റി ചെയര്‍മാനായ, എഡ് റോയ്‌സ് തന്നെ. സ്വീക്കര്‍ പോള്‍ റയനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാന്‍, എതിര്‍ ചേരിയിലുള്ള ഇന്ത്യന്‍ വംശജന്‍ ഡെമോക്രാറ്റ് അമി ബേരയോട് ചേര്‍ന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസ്മാന്‍ എഡ് റോയ്‌സാണ്. 

ഞാന്‍ ആദ്യം കോണ്‍ഗ്രസ്മാന്‍ എഡ്‌റോയ്‌സിനെ, പരിചയപ്പെടുന്നത്, മുന്‍ അംബാസിഡര്‍ മീര ശങ്കറിന്റെ വസതിയില്‍ നടന്ന ഒരു വിരുന്ന് സല്‍ക്കാരത്തില്‍ വെച്ചാണ്. പ്രസിഡന്റ് ഒബാമയുടെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് നടന്ന ഇന്ത്യന്‍ അമേരിക്കന്‍  ഗാലയില്‍ വെച്ചാണ് അടുത്ത് പരിചയപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചത്. അന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ബിസിനസ് കാര്‍ഡിന്റെ പുറകില്‍, കാലിഫോര്‍ണിയായിലെ, അദ്ദേഹത്തിന്റെ അഡ്രസ് എനിക്ക് എഴുതി തന്നിരുന്നു. ആ അഡ്രസില്‍ വരുന്ന കത്തുകള്‍ അദ്ദേഹം തന്നെയാണ് തുറക്കുന്നതെന്നും എന്നോട് അന്ന് പറഞ്ഞിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉത്തമബന്ധം പുലര്‍ത്തുന്ന, കോണ്‍ഗ്രസ്മാന്‍ റോയ്‌സ്, ഇന്ത്യയില്‍ നടന്നിട്ടുള്ള, ന്യൂനപക്ഷ മതവിശ്വാസികള്‍ക്ക് നേരേയുള്ള അക്രമണങ്ങളില്‍ പ്രതിഷേധിക്കാനും, ഈയിടെ നോണ്‍ ഗവണ്‍മെന്റ് സന്നഗ്ദ സംഘടനകളോടുള്ള വിവേചനത്തിനെയും ശക്തിമായി വിമര്‍ശിച്ചിരുന്നു.
ഒരു ഇന്ത്യന്‍ അമേരിക്കന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ്മാന്‍ എഡ് റോയ്‌സ്, ഇന്ത്യയോടും, അമേരിക്കയിലെ ഇന്ത്യന്‍ വംശജരോടും കാണിക്കുന്ന സ്‌നേഹത്തിന് നന്ദി പറയാനും, ഒരു യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍, ഹ്യൂമന്‍ ട്രാഫിക്കിനും, ഹ്യൂമന്‍ റൈറ്റ്‌സിനും വേണ്ടി ശക്തമായ നിലപാടുകള്‍ എടുത്ത്, നിയമനിര്‍മ്മാണ രംഗത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കടപ്പാടും ഇവിടെ രേഖപ്പെടുത്തട്ടെ.

കോണ്‍ഗ്രസ് മാന്‍  എഡ്  റോയ്‌സിന്റെ റിട്ടയര്‍മെന്റ് ഇന്ത്യയ്ക്ക് നഷ്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക