Image

മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസ്‌: മാധ്യമചര്‍ച്ചകള്‍ക്ക്‌ വിലക്ക്‌

Published on 19 January, 2018
മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസ്‌: മാധ്യമചര്‍ച്ചകള്‍ക്ക്‌ വിലക്ക്‌


കൊച്ചി: മുന്‍ മന്ത്രിയും എംഎല്‍എയുമായ കെഎം മാണിക്കെതിരേയുള്ള ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട്‌ മാധ്യമചര്‍ച്ചകള്‍ക്ക്‌ ഹൈക്കോടതിയുടെ വിലക്ക്‌. കെഎം മാണിയുടെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ്‌ കോടതി, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന്‌ മാധ്യമങ്ങളെ വിലക്കിയത്‌.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ കെഎം മാണിയെ കുറ്റവിമുക്തനാക്കാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇന്നലെ കേസ്‌ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട്‌ മാണി നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിജിലന്‍സ്‌ അന്വേഷണപുരോഗതി റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 

ഇത്‌ പരിഗണിച്ച കോടതി 45 ദിവത്തിനുള്ളില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സിന്‌ നിര്‍ദേശവും നല്‍കിയിരുന്നു. ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ മാണിയെ കുറ്റവിമുക്തനാക്കുന്നതാണെ ന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മാധ്യമവാര്‍ത്തകള്‍.

ഇതേതുടര്‍ന്നാണ്‌ ഇന്ന്‌ മാണിയുടെ അഭിഭാഷകന്‍ കേസുമായി ബന്ധപ്പെട്ട്‌ മാധ്യമചര്‍ച്ചകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന്‌ കോടതിയില്‍ ആവശ്യമുന്നയിച്ചത്‌. ഇത്‌ പരിഗണിച്ചാണ്‌ മാധ്യമചര്‍ച്ചകള്‍ക്ക്‌ കോടതി വിലക്കേര്‍പ്പെടുത്തിയത്‌. 

മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ ചോര്‍ന്നതില്‍ വിജിലന്‍സിനെ കോടതി വിമര്‍ശിക്കുകയും ചെയ്‌തു. വിവരം ചോര്‍ന്നതിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥരോട്‌ കോടതി നിര്‍ദേശിക്കുകയും ചെയ്‌തു. അന്വേഷണ വിവരങ്ങള്‍ പുറത്തുപോകുന്നത്‌ കേസിനെ ബാധിക്കുമെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക