Image

സുപ്രീം കോടതിയിലെ പൊട്ടിത്തെറി നാശത്തിനോ നന്മക്കോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 19 January, 2018
സുപ്രീം കോടതിയിലെ പൊട്ടിത്തെറി നാശത്തിനോ നന്മക്കോ? (ഡല്‍ഹികത്ത്  : പി.വി.തോമസ്)
സുപ്രീം കോടതിയിലെ പൊട്ടിത്തെറികളുടെ ശൃംഖല നാല് ഏറ്റവും മുതിര്‍ന്ന ന്യായാധിപന്മാര്‍ മുഖ്യന്യായാധിപന്‍ രണ്ട് മാസം മുമ്പ് അയച്ച സ്‌ഫോടനാത്മകമായ കത്തും അതിന് മറുപടി കിട്ടാതെ പിന്നീട് ജനുവരി പന്ത്രണ്ടിന് പൊടുന്നനെ വിളിച്ചു കൂട്ടിയ നാടകീയമായ മാധ്യമസമ്മേളനത്തിലൂടെ നടത്തിയ പരസ്യ യുദ്ധപ്രഖ്യാപനവും- ഇന്‍ഡ്യയുടെ പരമോന്നത നീതിപീഠത്തിന്റെയും നിയമവ്യവസ്ഥയുടെയും നന്മയ്ക്കാണോ അതോ നാശത്തിനാണോ?

ഇന്‍ഡ്യയുടെ പരമോന്നത നീതിപീഠവും നീതിന്യായ വ്യവസ്ഥയും ഇന്ന് വലിയ ഒരു പ്രതിസന്ധിയില്‍ ആണ്. ഇത് സുപ്രീംകോടതിക്ക് തന്നെ ഉള്ളിലുള്ള സംഘര്‍ഷത്തെയും എക്‌സിക്യൂട്ടീവും ഭരണകക്ഷി രാഷ്ട്രീയക്കാരും ജുഡീഷറിയെ തന്ത്രപൂര്‍വ്വം കൗശലം കൊണ്ട് സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നതിന്റെയും രഹസ്യവശങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇവയൊന്നും സ്വീകാര്യവും ആരോഗ്യപരവും സ്വാഗതാര്‍ഹവും അല്ല.

ആദ്യമായി രണ്ട് മാസം മുമ്പ് ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വറും രജ്ജന്‍ഗോയിയും മദന്‍.ബി.ലോക്കറും കുര്യന്‍ജോസഫും പ്രധാനന്യായാധിപനായ ജസ്റ്റീസ് ദീപക് മിശ്രക്ക് അയച്ച കത്ത്. മാധ്യമസമ്മേളനം പോലെ ഇങ്ങനെ ഒരു കത്തും ഇന്‍ഡ്യയുടെ പരമോന്നത നീതിപീഠത്തിന്റെ ചരിത്രത്തില്‍ നടാടെയാണ്. ഈ കത്ത് മുഖേന മുതിര്‍ന്ന ജഡ്ജിമാര്‍- ഇവര്‍ നാലുപേരും മുഖ്യന്യായാധിപനും ചേര്‍ന്ന് ആണ് ജഡ്ജിമാരെ നിയമിക്കുകയും മറ്റ് നീതിനിര്‍വ്വഹണപ്രക്രിയ നോക്കി നടത്തുകയും ചെയ്യുന്ന കൊളിജിയം നടത്തിക്കൊണ്ടുപോകുന്നത്- സുപ്രീം കോടതിയിലെ ചില ഭരണ വൈകല്യങ്ങള്‍ ചൂണ്ടികാട്ടി. ഇതില്‍ പ്രധാനമായും പ്രധാനകാര്യകര്‍മ്മി എന്ന നിലയില്‍ മുഖ്യന്യായാധിപന്‍ മറ്റ് ജഡ്ജിമാര്‍ക്കും ബഞ്ചുകള്‍ക്കും ജോലിയും കേസുകളും വീതിച്ചുകൊടുക്കുന്നതിലുള്ള അപാകതയാണ്. ഇവരുടെ പ്രധാന പരാതിപ്രകാരം പ്രധാനപ്പെട്ട പല കേസുകളും നല്‍കുന്നത് കൂടുതല്‍ ഇഷ്ടപ്പെടുന്നതും തെരഞ്ഞെടുക്കപ്പെട്ടതുമായ എന്നാല്‍ താരതമ്യേന ഇളമുറക്കാരും ആയ ന്യായാധിപന്മാര്‍ക്ക് ആണ്. ഇതിന് ഗൗരവം ആയ വ്യംഗ്യാര്‍ത്ഥം ഉണ്ട്. ആരോപണം ഗൗരവതരവും ആണ്. ദൈര്‍ഘ്യമേറിയ ഇവരുടെ കത്തില്‍ വളരെയേറെ പ്രവര്‍ത്തി ദോഷങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. കേസുകള്‍ പേര് എടുത്ത് പറയുന്നില്ലെങ്കിലും. ഇവര്‍ ആരോപിക്കുന്നു സുപ്രീം കോടതി പാസാക്കിയ ചില ജുഡീഷ്യല്‍ ഉത്തരവുകള്‍ നീതിനിര്‍വ്വഹണ പ്രക്രിയയെ ദോഷം ആയി ബാധിച്ചിട്ടുണ്ട്. ഇവ ഹൈക്കോടതികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഒപ്പം മുഖ്യ ന്യായാധിപന്റെ ഓഫീസുകളിലെ ഭരണ നടത്തിപ്പ് കാര്യങ്ങളെയും. ആംഗ്ലോ സാക്‌സണ്‍ നിയമശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഇന്‍ഡ്യന്‍ നിയമവ്യവസ്ഥയെയും അതിന്റെ പ്രയോഗത്തെയും ഇവ പിന്നോട്ട് വലിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ഭാവിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാവുന്ന പല കേസുകളും യാതൊരു വിവേചനവും കാരണവും ഇല്ലാതെ തെരഞ്ഞെടുക്കപ്പെട്ട ജഡ്ജിമാര്‍ക്കും ബഞ്ചുകള്‍ക്കും ആണ് നല്‍കുന്നത്, ഈ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ആരോപിച്ചു. ഈ ആരോപണം വളരെ ഗുരുതരമായ ഒന്ന് ആണ്. ഇതിന്റെ ഒന്നും വിശദാംശങ്ങളിലേക്ക് കടക്കുന്നിലെന്നും എന്നാല്‍ ഈ വക പ്രവര്‍ത്തികള്‍ നീതിന്യായ വ്യവസ്ഥയെ സാരമായി തകര്‍ത്തിട്ടുണ്ട് എന്നും അവര്‍ ആരോപിക്കുന്നു. കത്തിന്റെ കൂടുതല്‍ സൂക്ഷ്മാശംങ്ങളിലേക്ക് ഞാനു കടക്കുന്നില്ല.

പക്ഷേ, ഗുരുതരമായ ആരോപണങ്ങള്‍ ആണ് മുതിര്‍ന്ന നാല് കോളീജിയം അംഗങ്ങളായ ജഡ്ജിമാരും ഉന്നയിച്ചത് എന്ന കാര്യത്തില്‍ സംശയം ഇല്ല. ഇവര്‍ക്ക് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യം ഉള്ളതായി അറിയില്ല. ജസ്റ്റീസ് ചെലമേശ്വര്‍ മുഖ്യന്യായാധിപ സ്ഥാനത്തേക്കുള്ള ഓട്ടത്തില്‍ ജസ്റ്റീസ് ദീപക് മിശ്രയാല്‍ പിന്തള്ളപ്പെട്ടത് ആണ്. രണ്ടുപേരും 2011 ഒക്ടോബര്‍ പത്താം തീയതി ആണ് സത്യപ്രതിജ്ഞ ചെയ്ത് സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനം ഏറ്റെടുത്തത്. ആദ്യം സത്യപ്രതിജ്ഞെ ചെയ്തത് ജസ്റ്റീസ് മിശ്ര ആയിരുന്നു. അതിനാല്‍ അദ്ദേഹത്തിന് സീനിയോറിറ്റി ലഭിക്കുകയും 2017 ഓഗസ്റ്റ് 28-ാം തീയതി മുഖ്യന്യായാധിപന്‍ ആയി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. അദ്ദേഹം ഈ വര്‍ഷം ഒക്ടോബര്‍ രണ്ടാം തീയതി സ്ഥാനം  ഒഴിയുകയും ചെയ്യും. ജസ്റ്റീസ് മിശ്രയും ജസ്റ്റീസ് മിശ്രയും ജസ്റ്റീസ് ചെലമേശ്വറും തമ്മില്‍ ചില കേസുകളില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കുംഭകോണത്തില്‍. ഏതായാലും ജസ്റ്റീസ് ചെലമേശ്വര്‍ ജസ്റ്റീസ് മിശ്ര സ്ഥാനം ഒഴിയുന്നതിന് മുമ്പ് ജൂണ്‍ ഇരുപത്തിരണ്ടിന്(2018) റിട്ടയര്‍ ചെയ്യും. അദ്ദേഹത്തിന് മുഖ്യ ന്യായാധിപ സ്ഥാനത്തിന് ഇനി ഒരു അവസരം ഇല്ല. എന്നാല്‍ മുഖ്യസ്ഥാനാധിപ സ്ഥാനത്തിന് മുന്‍ നിരയില്‍ ആദ്യം നില്‍ക്കുന്ന ജസ്റ്റീസ് തരുണ്‍ ഗൊഗോയി ഈ വിമത ജഡ്ജിമാര്‍ക്കൊപ്പം ഉണ്ട്. 2019 നവംബര്‍ 17 വരെ ജഡ്ജി ആയി തുടരുന്ന അദ്ദേഹത്തെ ഇനി മുഖ്യ ന്യായാധിപസ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നത് ആണ് എല്ലാവരും ഉറ്റുനോക്കുന്ന ചോദ്യം. അതും അവഗണിച്ചാണ് ഗൊഗോയി വിമതന്മാരുടെ മുന്‍നിരയില്‍ നിന്നത്. അപ്പോള്‍ ജസ്റ്റീസ് ചെലമേശ്വറിന്റെ സ്ഥാന നഷ്ടമോ ജസ്റ്റീസ് ഗൊഗോയിയുടെ സ്ഥാനകയറ്റമോ അല്ല വിമത ജഡ്ജിമാരെ നയിച്ച ചേതോവികാരം എന്ന് സ്പഷ്ടം.

രണ്ട് മാസം മുമ്പ് മുഖ്യന്യായാധിപന് നല്‍കിയ കത്തിന് മറുപടി ലഭികാത്ത സാഹചര്യത്തിലും മറ്റ് ചില കൂടിക്കാഴ്ചകള്‍ ഫലവത്താകാത്ത അവസരത്തിലും-പ്രത്യേകിച്ച് പൊട്ടിത്തെറിയുടെ ദിവസം-ആണ് വിമത ജഡ്ജിമാര്‍ ചരിത്രപരമായ  ആ മാധ്യമ സമ്മേളനം നടത്തിയത്.(ജനുവരി പന്ത്രണ്ട്).

തലേദിവസം മുഖ്യന്യായാധിപന്‍ അടങ്ങിയ ഒരു സുപ്രീം കോടതി ബഞ്ച് രാഷ്ട്രീയമായി വളരെ പ്രമാദമായ ഒരു കേസിന്മേല്‍ ഒരു പൊതുതാല്പര്യ ഹര്‍ജ്ജി വിചാരണക്ക് ആയി സ്വീകരിച്ചിരുന്നു. ഇത് സി.ബി.ഐ. പ്രത്യേക ജഡ്ജി ബി.എച്ച്.ലോയയുടെ സംശയാസ്പദമായ മരണം സംബന്ധിച്ചു ഇതായിരുന്നു. ജ.ലോയ ആണ് സൊഹറാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മുംബൈ സി.ബി.ഐ. പ്രത്യേക കോടതിയില്‍ കേട്ടിരുന്നത്. ഈ കേസില്‍ ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷാ പ്രധാന പ്രതി ആണ്. കീഴ്‌ക്കോടതി അദ്ദേഹത്തിന് എതിരെ കുറ്റപത്രം തയ്യാറാക്കിയതിനാല്‍ മോഡി ഗവണ്‍മെന്റില്‍(ഗുജറാത്ത്) ഉപഗൃഹമന്ത്രി ആയിരുന്ന ഷാക്ക് രാജി വയ്‌ക്കേണ്ടതായി വന്നതാണ്. വളരെ വിവാദം സൃഷ്ടിച്ച ഒരു കേസ് ആയിരുന്നു അത്. ജ.ലോയ 2014 ഡിസംബര്‍ ഒന്നിന് നാഗപ്പൂര്‍ വച്ചു തികച്ചും ദുരൂഹ സാഹചര്യത്തില്‍ ആണ് മരണപ്പെട്ടത്. അദ്ദേഹത്തിനു ശേഷം നിയമിതനായ വിചാരണ ജഡ്ജി അമിത്ഷാ അടക്കമുള്ള പ്രതികളെകുറ്റവിമുക്തരാക്കി. അങ്ങനെ ആണ് ജഡ്ജി ലോയയുടെ മരണം രാഷ്ട്രീയമായി വിവാദം ആയത്.

ഈ മരണം സംബന്ധിച്ചുള്ള പൊതുതാല്‍പര്യ ഹര്‍ജ്ജി ഫയലില്‍ സ്വീകരിച്ചതിനു ശേഷം മുഖ്യന്യായാധിപന്‍ അത് ജൂനിയര്‍ ജഡ്ജ് അരുണ്‍ മിശ്ര നയിക്കുന്ന രണ്ടംഗ ബഞ്ചിന് വിട്ടു. ചില മുതിര്‍ന്ന വക്കീലന്മാര്‍- ദുഷ്യന്തദാവെ ഉള്‍പ്പടെ- ആരോപിക്കുകയുണ്ടായി ജസ്റ്റീസ് മിശ്ര ബി.ജെ.പി.യും ആയി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി ആണ് എന്ന്.
രാവിലെ പത്തര മണിക്ക് (ജനുവരി 12)നാല് ജഡ്ജിമാരും ചെലമേശ്വറുടെ നേതൃത്വത്തില്‍ മുഖ്യന്യായാധിപന്‍ മിശ്രയെ കണ്ടു. രാഷ്ട്രീയ പ്രാധാന്യമുള്ള ജൂണിയര്‍ ജഡ്ജിമാരുടെ ബഞ്ചിന് വിടരുതെന്ന് പറഞ്ഞു. പക്ഷേ, ജസ്റ്റീസ് മിശ്ര വഴങ്ങിയില്ല. സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ ഒരു വിധി ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വാദിച്ചു കേസ് വിചാരണക്കുള്ള ജഡ്ജിയെയും ബഞ്ചിനെയും നിശ്ചയിക്കുവാനുള്ള പരമോന്നത അധികാരം 'മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍' ആയ മുഖ്യ ന്യായാധിപന്‍ ആണ്. അത് മാറ്റുവാന്‍  അദ്ദേഹം തയ്യാറല്ല.

എന്തുകൊണ്ടാണ് മുഖ്യന്യായാധിപന്‍ ഈകടുംപിടുത്തം പിടിച്ചത്? ആരെ എങ്കിലും രാഷ്ട്രീയമായി സഹായിക്കുവാന്‍ ആണോ?
തുടര്‍ന്നു നടന്ന മാധ്യമ സമ്മേളനത്തില്‍ നാല് ജഡ്ജിമാരും ഇതെല്ലാം പറയാതെ പറഞ്ഞു. സുപ്രീംകോടതിയുടെ ഭരണതാറുമാറായി, അവര്‍ ആരോപിച്ചു. അത് തിരുത്തുവാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. ജനാധിപത്യത്തിന്റെ നിലനില്‍പിന് ആവശ്യമായ സുപ്രീംകോടതിയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും പരുങ്ങലില്‍ ആണ്. സുപ്രീം കോടതി എന്ന സ്ഥാപനത്തിന്റെ സമഗ്രത അപകടത്തില്‍ ആണ്.
ജഡ്ജി ലോയയുടെ ദുരൂഹമരണം സംബന്ധിച്ചുള്ള പൊതുതാല്പര്യ ഹര്‍ജ്ജിയുടെ വിചാരണ ഒരു പ്രത്യേക ബഞ്ചിന് വിട്ടതാണോ ഈ നാല് വിമത ജഡ്ജിമാരെ പ്രകോപിപ്പിക്കാന്‍ പെട്ടെന്നുള്ള കാരണം എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'അതെ' എന്നാണ് ജസ്റ്റീസ് ഗോഗി പറഞ്ഞതെന്നത് ശ്രദ്ധേയം ആണ്. ഇത് നീതിന്യായ വ്യവസ്ഥയുടെ, പ്രത്യേകിച്ചും സുപ്രീം കോടതിയുടെ, ഭീകരമായ ഒരു വശത്തേക്ക് ആണ് വെളിച്ചം വീശുന്നത്.

വേറെയും ഉണ്ട് കേസുകള്‍. മെഡിക്കല്‍ കോളേജ് അഴിമതി, മെമ്മോറാണ്ടാ ഓഫ് പ്രൊസീജിയര്‍, സി.ബി.ഐ. പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്ഥാനയുടെ നിയമനം, ആധാര്‍ വിചാരണ തുടങ്ങിയവ. ഇവ ഒന്നും വിശദീകരിക്കുവാന്‍ ഇപ്പോള്‍ സ്ഥലം ഇല്ല. മുഖ്യ ന്യായാധിപന് അദ്ദേഹം ജൂണില്‍ വിരമിക്കുന്നതിന് മുമ്പ് ആധാറിലും രാം മന്ദരകേസിലും വിധി പറയുവാന്‍ താല്പര്യമുള്ളതായി നിയമവൃത്തങ്ങള്‍ പറയുന്നു. രാമമന്ദിര-ബാബറി മസ്ജിദ് കേസില്‍ ഇടനിലക്കാരനായി നില്‍ക്കുവാനും കോടതിക്ക് വെളിയില്‍ പ്രശ്‌നപരിഹാരം കാണുവാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചത് ആണ്.
ജുഡീഷറിയെ, പ്രത്യേകിച്ചും സുപ്രീംകോടതിയെ, രാഷ്ട്രീയവല്‍ക്കരിക്കരുത്. അത് രാഷ്ട്രീയത്തിനും അഴിമതിക്കും വ്യക്തിസ്പര്‍ദ്ധകള്‍ക്കും അതീതം ആയിരിക്കണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് നീതി ലഭിക്കുകയുള്ളൂ. എങ്കില്‍ മാത്രമെ ജനാധിപത്യം പടര്‍ന്നു പന്തലിക്കുകയുള്ളൂ. ഇവിടെ ഇപ്പോള്‍ എന്തെല്ലാമോ ചീഞ്ഞ് നാറുന്നുണ്ട്. എല്ലാം കലങ്ങി തെളിഞ്ഞ് വൃത്തി ആക്കുവാനും ആയിരിക്കും ഈ പൊട്ടിത്തെറി.

സുപ്രീം കോടതിയിലെ പൊട്ടിത്തെറി നാശത്തിനോ നന്മക്കോ? (ഡല്‍ഹികത്ത്  : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക