Image

കാനോനിക സമിതി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചു

Published on 20 January, 2018
കാനോനിക സമിതി അഞ്ചംഗ കമ്മിറ്റിയെ  നിയോഗിച്ചു
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടത്തെ കുറിച്ച് പഠിക്കുന്നതിനും ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷിക്കാനും അഞ്ചംഗ സമിതിക്ക് രൂപം നല്‍കി.

ഇന്നലെ ചേര്‍ന്ന കാനോനിക സമിതിയിലാണ് പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനമായത്. രണ്ട് വൈദികരും മൂന്ന് വിശ്വാസി പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്.

നിയമ വശങ്ങളെയും സാമ്പത്തിക കാര്യങ്ങളിലും ധാരണയുള്ള അഭിഭാഷകരെയും ചാട്ടേര്‍ഡ് അക്കൗണ്ടന്റുമാരെയുമാണ് വിശ്വാസി പ്രതിനിധികളില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, ഇത് ആരൊക്കെയാണെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമായിട്ടില്ല.

കൊരട്ടി പള്ളി വികാരി, എറണാകുളം എളങ്കുളം പള്ളി വികാരി എന്നിവരെയാണ് വൈദിക പ്രതിനിധികളായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ എത്രയും വേഗം സഭയിലെ സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഇതിന് പുറമെ, ഭൂമി ഇടപാടില്‍ സഭയ്ക്കുണ്ടായ യാഥാര്‍ഥ നഷ്ടം എത്രയെന്ന് കൃത്യമായി വിലയിരുത്താനും ഇത് തിരിച്ചു പിടിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികളും ആലോചിക്കാനും നടപ്പിലാക്കാനും കാനോനിക സമിതി അഞ്ചംഗ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭൂമി ഇടപാട് സംഭവത്തില്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ, മോണ്‍ സെബാസ്റ്റിയന്‍ വടക്കുംപാടന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് സംഘടനയുടെ പ്രസിഡന്റ് അഡ്വ. പോളച്ചന്‍ പുതുപ്പാറ നല്‍കിയ ഹരജിയാണ് ഫയലില്‍ സ്വീകരിച്ചത്. കേസ് ഈമാസം 29 ന് വീണ്ടും പരിഗണിക്കും.

അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളജ് തുടങ്ങാനായി 23.22 ഏക്കര്‍ ഭൂമി വാങ്ങിയതിലും ഇതിലെ ബാങ്കിലെ വായ്പ ഇടപാട് അവസാനിപ്പിക്കാന്‍ കൊച്ചി നഗരത്തിലെ അഞ്ചിടങ്ങളിലെ വസ്തുക്കള്‍ വില്‍പന നടത്തിയതിലും ക്രമക്കേട് നടന്നതായാണ് ഹരജിക്കാരന്റെ ആരോപണം. തൃക്കാക്കര നൈപുണ്യ സ്‌കൂളിന് സമീപം 70.15 സന്റെ്, തൃക്കാക്കര ഭാരത മാതാ കോളജിന് എതിര്‍വശത്ത് 62.33 സന്റെ്, തൃക്കാക്കര കരുണാലയത്തിന് സമീപം 99.44സന്റെ്, കാക്കനാട് നിലംപതിഞ്ഞ മുകളില്‍ 20.35സന്റെ, മരടില്‍ 54.71സന്റെ് വസ്തുക്കള്‍ എന്നിവയുടെ വില്‍പനയിലൂടെ സഭക്ക് 18 കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായും ആരോപിക്കുന്നുണ്ട്.

കൂടാതെ, കോതമംഗലം കോട്ടപ്പടിയിലും ഇടുക്കി ദേവികുളത്തും സഭ വാങ്ങിയ  ഭൂമി ഉപയോഗ ശൂന്യമാണെന്നും വിവിധ ഇടപാടുകളിലൂടെ സഭക്ക് 84 കോടിയുടെ നഷ്ടം സംഭവിച്ചതായും  ചൂണ്ടിക്കാട്ടി. എറണാകുളം സെന്‍ട്രല്‍ പൊലീസിനും എറണാകുളം റേഞ്ച് ഐ.ജിക്കും പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടി സ്വീകരിച്ചില്ലെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു. ഭൂമിയുടെ വില കുറച്ച് കാണിച്ച് രജിസ്‌ട്രേഷന്‍ നടത്തിയതിലൂടെ സര്‍ക്കാറിന് വന്‍ നഷ്ടം സംഭവിച്ചതായും ചൂണ്ടിക്കാട്ടി.

അന്വേഷണം നടത്താന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക