Image

വിമാനമോ, അത് എയര്‍ബസ് എ350 തന്നെ (പകല്‍ക്കിനാവ്- 87: ജോര്‍ജ് തുമ്പയില്‍)

Published on 20 January, 2018
വിമാനമോ, അത് എയര്‍ബസ് എ350 തന്നെ (പകല്‍ക്കിനാവ്- 87: ജോര്‍ജ് തുമ്പയില്‍)
എല്ലാവരും വളരെയധികം ഇന്ന് എയര്‍ലൈന്‍സിനെ ആശ്രയിക്കുന്നു. എന്നാല്‍, നിങ്ങള്‍ സഞ്ചരിക്കുന്ന വിമാനം സുരക്ഷിതമാണോ എന്നു നിങ്ങള്‍ക്കറിയാമോ? ഇതൊക്കെ നോക്കി യാത്ര ചെയ്യാന്‍ പറ്റുമോ എന്നാണ് ചിലരുടെയെങ്കിലും ധാരണ. എന്നാല്‍ വിമാനത്തില്‍ കയറും മുന്‍പേ സമയമുണ്ടെങ്കില്‍ നിങ്ങള്‍ ഇതൊക്കെ ഒന്നു നോക്കിക്കൊള്ളു. അല്ലെങ്കില്‍ ഈ കുറിപ്പെങ്കിലും വായിക്കൂ. ഈ വര്‍ഷം യാത്ര ചെയ്യാന്‍ പറ്റിയ വിമാനമേതാണ്? ഏതു വിമാനത്തിനാണ് കൂടുതല്‍ സുരക്ഷിതത്വം നല്‍കാന്‍ കഴിയുക തുടങ്ങിയ വിവരങ്ങള്‍ എയര്‍ലൈന്‍സ്‌ റേറ്റിങ് എന്ന വെബ്‌സൈറ്റ് കണ്ടെത്തി അവതരിപ്പിക്കുന്നു. നാനൂറോളം വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചതിനു ശേഷമാണ് അവരുടെ കണ്ടെത്തില്‍.

ഏറ്റവും സുരക്ഷിതയാത്ര ഉറപ്പു വരുത്തുന്ന 20 വിമാന കമ്പനികളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ടോപ്പ് 20 ലിസ്റ്റില്‍ ഇടം പിടിച്ചവരില്‍ പ്രമുഖര്‍ ബ്രിട്ടീഷ് എയര്‍വേസ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക്, ഓസ്‌ട്രേലിയയുടെ ക്വാന്റസ് എന്നിവരാണ്. ആദ്യ ഇരുപതില്‍ അമേരിക്കയുടെ അലാസ്കാ എയര്‍ലൈന്‍ ഉണ്ടെന്നത് വലിയ കാര്യം. അമേരിക്കയില്‍ നിന്നുള്ളവര്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന വിമാനങ്ങളിലൊന്നാണല്ലോ ഇത്.

ഹവായിയന്‍ എയര്‍ലൈന്‍, കൂടാതെ എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവയും ഈ സുരക്ഷിത ലിസ്റ്റില്‍ ഇടം പിടിച്ചു. എന്നാല്‍ ഇതിലൊന്നും തന്നെ ഇന്ത്യന്‍ കമ്പനികള്‍ ഇല്ലെന്നതും വിസ്മയിപ്പിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ ഒരു വിമാനം പോലും സുരക്ഷിതമല്ലത്രേ. ഇന്ത്യക്കാര്‍ അഭിമാനത്തോട പറയുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കാര്യത്തിലോ, ജെറ്റ് എയര്‍വേസിന്റെ കാര്യത്തിലോ പോലും ഒരു അന്താരാഷ്ട്ര ഏവിയേഷന്‍ കമ്പനിയും കാര്യമായി പരിഗണക്കുന്നില്ല. മികച്ചത് എന്നതു പോലെ തന്നെ മോശം വിമാനങ്ങളെയും ഈ വെബ്‌സൈറ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. മികച്ച വിമാനങ്ങളുടെ ആദ്യത്തെ ഇരുപതില്‍ ബ്രിട്ടനില്‍ നിന്ന് രണ്ട് എയര്‍ലൈനുകളും ഓസ്‌ട്രേലിയയില്‍ നിന്നും രണ്ട് എയര്‍ലൈനുകളും സ്ഥാനം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ കമ്പനി ക്വാന്റസിനെക്കുറിച്ച് എടുത്തു പറയാതെ വയ്യ. സുരക്ഷയുടെ കാര്യത്തില്‍ മാത്രമല്ല, ക്യാബിന്‍ ക്രൂവിന്റെ ഇടപെടല്‍ വരെ പരിശോധിച്ചാല്‍ യാത്രികര്‍ക്ക് അതു മനസ്സിലാവും. സമയത്തിന്റെ കാര്യത്തില്‍ കൃത്യത, യാത്രക്കാര്‍ക്ക് വേണ്ട കസ്റ്റമര്‍ സപ്പോര്‍ട്ട് എന്നിവയിലും ക്വാന്റസ് മുന്നില്‍ തന്നെ. ഇതു പോലെ തന്നെ ഓസ്സീസില്‍ നിന്നുള്ള വിര്‍ജിന്‍ ഓസ്‌ട്രേലിയയും.

ബ്രിട്ടനില്‍ നിന്നും ബ്രിട്ടീഷ് എയര്‍വേസും വിര്‍ജിന്‍ അറ്റ്‌ലാന്റിക്കും ആദ്യ 20ല്‍ ഇടം നേടി. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലുള്ള പട്ടികയില്‍ സിംഗപ്പൂര്‍ എയര്‍ലൈനും എയര്‍ ന്യൂസിലന്റ്, കെഎല്‍എം, ലുഫ്താന്‍സയുമുണ്ട്. ഫിന്‍ എയര്‍, ജപ്പാന്‍ എയര്‍ലൈന്‍സ്, റോയല്‍ ജോര്‍ദ്ദാനിയന്‍ എയര്‍ലൈന്‍സ്, സ്കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ്, സ്വിസ് എന്നിവരൊക്കെയും മികച്ചവുടെ പട്ടികയിലാണ്. എയര്‍ലൈന്‍ റേറ്റിങ് ഡോട്ട് കോം എഡിറ്റര്‍ ഇന്‍ ചീഫ് ജെഫ്രി തോമസ് ആണ് ഇതു സംബന്ധിച്ച പട്ടിക ഔദ്യോഗികമായി പുറത്തു കൊണ്ടു വന്നത്. ഏറ്റവും മികച്ച വിമാനത്തിന്റെ കാര്യത്തില്‍ ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്റെ കണക്കുകള്‍ കൂടി കൂട്ടുപിടിച്ച് അവര്‍ ക്വാന്റസിനെ തെരഞ്ഞെടുത്തിരിക്കുന്നു. കഴിഞ്ഞ അറുപതുവര്‍ഷമായി യാത്രക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ മുന്തിയ പരിഗണന നല്‍കുന്നുവെന്നതാണ് ക്വാന്റസിന്റെ വലിയൊരു മുഖമുദ്ര. ഇവയ്‌ക്കൊപ്പം തന്നെ ഹവായിയന്‍, ഫിന്‍ എയറും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. ഏറ്റവും കുറഞ്ഞ സുരക്ഷിതത്വമുള്ളവയുടെ പട്ടികയില്‍ നേപ്പാളില്‍ നിന്നും നാല് എയര്‍ലൈനുകളും സുരിനാമില്‍ നിന്ന് ഒരു എയര്‍ലൈനും ഇടം പിടിച്ചു. നോര്‍ത്തു കൊറിയയുടെ സ്‌റ്റേറ്റ് എയര്‍ലൈനും ഈ പട്ടികയിലുണ്ട്.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും എയര്‍ബസ് എ 350 എന്ന വിമാനത്തില്‍ കയറിക്കൊള്ളു. ഒന്നും പേടിക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സുകള്‍ അടക്കം ഉപയോഗിക്കുന്ന ഈ വിമാനം ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള വിമാനങ്ങളില്‍ ഏറ്റവും മുന്നിലാണ്. ബോയിങ് 787 ന്റെ കാര്യത്തില്‍ മികച്ച റെക്കോഡാണ് ഉള്ളത്.  ഇതുവരെ ഈ വിമാനം യാതൊരു തരത്തിലുമുള്ള അപകടങ്ങളും ഉണ്ടാക്കിയിട്ടില്ല. ബോയിങ് സ്റ്റാറ്റിസ്റ്റിക്കല്‍ സമ്മറി ഓഫ് കൊമേഴ്‌സ്യല്‍ ജെറ്റ് എയര്‍പ്ലെയ്ന്‍ ആക്‌സിഡന്റ്‌സ് വേള്‍ഡ് വൈഡ് ഓപ്പറേഷന്‍സിന്റെ വാര്‍ഷിക കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. എയര്‍ബസ് എ 350 ഉപയോഗിക്കണമെന്നാണ് എല്ലാ വിമാനക്കമ്പനികളുടെയും ആഗ്രഹം. എന്നാല്‍ ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണ് എല്ലാവരും. 

2006-ലാണ് ഈ വിമാനം ആദ്യമായി ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം 2007-ല്‍ ഇതിനു ലഭിച്ച ഓര്‍ഡര്‍ ആവട്ടെ 292 എണ്ണവും. എന്നാല്‍, ആദ്യമായി ഒരു ഓര്‍ഡര്‍ എയര്‍ബസിന് നല്‍കാനായത്, 2014-ലാണ് എന്നത് വലിയ അത്ഭുതം. ഇതുവരെ നല്‍കിയതാവട്ടെ, 133 എണ്ണവും. ഇതില്‍ കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ഡെലിവറി ചെയ്തത്്, 69 എണ്ണം. ആകെ കിട്ടിയ ഓര്‍ഡര്‍ 858 എണ്ണമാണെന്നു കൂടി ഓര്‍ക്കണം. ഇതെല്ലാം കൊടുത്തു തീര്‍ക്കാന്‍ ഇനിയെത്ര കൊല്ലം കാത്തിരിക്കേണ്ടി വരുമെന്നു എയര്‍ബസ് നിര്‍മ്മാതാക്കള്‍ക്കു പോലും നിശ്ചയമില്ല.

ഈ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ ഉള്ളത് ഹോങ്കോംഗ് കമ്പനിയായ കാത്തേ പസഫിക്കിനാണ്. 21 എയര്‍ബസുകള്‍ അവര്‍ക്കുണ്ട്. തൊട്ടടുത്ത് ഖത്തര്‍ എയര്‍വേസ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവര്‍ക്കും. രണ്ടു കൂട്ടര്‍ക്കും 19 എണ്ണം വീതം കിട്ടി. മൂന്നാം സ്ഥാനത്ത് ഫിന്‍ എയറിനാണ്, പതിനൊന്നെണ്ണം. പത്തെണ്ണം കിട്ടിയത് ചൈന എയര്‍ലൈന്‍സിനാണ്. ഫ്രഞ്ച് ബ്ലൂവിനും, മലേഷ്യ എയര്‍ലൈന്‍സിനും കിട്ടിയതാവട്ടെ ഒരെണ്ണവും. അമേരിക്കയുടെ ഡെല്‍റ്റ എയര്‍ ലൈന്‍സിനു നാലെണ്ണമുണ്ട്. മുന്നൂറിലധികം പേര്‍ക്കു സുരക്ഷിതമായി യാത്ര ചെയ്യാവുന്ന ഈ വിമാനം സ്വന്തമാക്കിയത് ലോകത്തില്‍ പതിനെട്ട് കമ്പനികള്‍ മാത്രം. ഇന്ത്യയില്‍ നിന്ന് ഒരു കമ്പനിക്ക് പോലും ഇതുവരെ എയര്‍ബസ് എ350 സ്വന്തമായില്ല. വരട്ടെ, കാത്തിരുന്നു കാണാം എന്നാണ് ഇന്ത്യക്കാരുടെ മട്ട്. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്നാണല്ലോ ചൊല്ല്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെ !
വിമാനമോ, അത് എയര്‍ബസ് എ350 തന്നെ (പകല്‍ക്കിനാവ്- 87: ജോര്‍ജ് തുമ്പയില്‍)വിമാനമോ, അത് എയര്‍ബസ് എ350 തന്നെ (പകല്‍ക്കിനാവ്- 87: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക