Image

നിയമസഭയിലെ കയ്യാങ്കളി: കേസ്‌പിന്‍വലിക്കാന്‍ അനുവദിക്കില്ലന്ന്‌ ചെന്നിത്തല

Published on 21 January, 2018
നിയമസഭയിലെ കയ്യാങ്കളി: കേസ്‌പിന്‍വലിക്കാന്‍ അനുവദിക്കില്ലന്ന്‌ ചെന്നിത്തല


നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയുടെ കേസ്‌ പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും കേസ്‌ പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറെ കൊണ്ട്‌ പോലും മോശം പറയിച്ച സര്‍ക്കാരാണിത്‌. സംസ്ഥാനത്ത്‌ ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചുവെന്നും ക്രമസമാധാനം തകര്‍ന്നിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേസ്‌ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട്‌ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ വി.ശിവന്‍കുട്ടിയാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ അപേക്ഷ നല്‍കിയത്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ അപേക്ഷ നിയമവകുപ്പിന്റെ പരിഗണനയ്‌ക്ക്‌ അയച്ചു.ഒരേ സംഭവത്തില്‍ രണ്ട്‌ ശിക്ഷ പാടില്ലെന്നും അതിനാല്‍ കേസ്‌ അവസാനിപ്പിക്കണം എന്നുമാണ്‌ ശിവന്‍കുട്ടിയുടെ ആവശ്യം.

2015 മാര്‍ച്ച്‌ 13നാണ്‌ കേസിനാസ്‌പദമായ സംഭവം. കെ.എം.മാണിക്കെതിരെ ബാര്‍ കോഴ കേസ്‌ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ബജറ്റ്‌ അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്നാരോപിച്ച്‌ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ രാത്രി മുഴുവന്‍ കുത്തിയിരുന്നു. രാവിലെ നിയമസഭയിലേക്ക്‌ എത്തിയ സ്‌പീക്കറെ തടയുകയും കസേര വലിച്ചെറിയുകയും ചെയ്‌തു. കംപ്യൂട്ടറുകളും മൈക്കും തകര്‍ത്തു.രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന്‌ ആരോപിച്ചാണ്‌ ആറ്‌ ഇടത്‌ എംഎല്‍എമാരെ പ്രതിയാക്കി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കുറ്റപത്രം നല്‍കിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക