Image

നിമിത്തം പോലെ എത്തിയ കൂട്ട് :കൃഷ്ണകുമാര്‍ -അപ്പ ഹാജ

Published on 21 January, 2018
നിമിത്തം പോലെ എത്തിയ കൂട്ട് :കൃഷ്ണകുമാര്‍ -അപ്പ ഹാജ
നടനും നിര്‍മ്മാതാവും ബിസിനസ്സുകാരനുമൊക്കെ ആണെങ്കിലും ആ നിലയ്‌ക്കൊന്നുമല്ല അപ്പ ഹാജയുമായി ഞാന്‍ അടുത്തത്. ഇന്നലെ പരിചയപ്പെട്ട് ഇന്ന് സുഹൃത്തുക്കളായവരുമല്ല. വളരെ സാവധാനം തമ്മില്‍ മനസ്സിലാക്കാനുള്ള അവസരം ആകസ്മികമായി പല സന്ദര്ഭങ്ങളിലൂടെ ഉണ്ടാവുകയും അതിനെ തുടര്‍ന്ന് വളര്‍ന്ന് പന്തലിച്ച സൗഹൃദത്തിന്റെ കഥയാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

89 ല്‍ ഞാന്‍ ദൂരദര്‍ശനില്‍ ജോയിന്‍ ചെയ്ത സമയം മുതലുള്ള പരിചയമാണ്. ഹാജയ്ക്കന്ന് തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജിനടുത്ത് 'കിംഗ് ഷൂസ്' എന്നൊരു കടയുണ്ട്. അവിടത്തെ ഷൂ വാങ്ങാനുള്ള കാശൊന്നും ഉണ്ടായിട്ടല്ല, വെറുതെ പോയി ഇരിക്കുന്നതാണ്. അന്ന് മറ്റു ചാനലുകളൊന്നും ഇല്ലാത്തതുകൊണ്ട് ദൂരദര്‍ശനില്‍ ജോലി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആളുകള്‍ക്കിടയില്‍ വലിയമതിപ്പാണ്.

തുച്ഛമായ വരുമാനമേ കിട്ടുന്നുള്ളു എങ്കിലും പുറമേയ്ക്ക് നല്ല ഗെറ്റപ്പില്‍ നടക്കുന്നതു കൊണ്ട് ഞാന്‍ നല്ല നിലയിലാണെന്നൊരു തെറ്റിധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അനൗണ്‍സ്മെന്റിന് ഓരോ ദിവസവും വേറെ വേറെ ഷര്‍ട്ട് ഇട്ടാല്‍ നല്ലതാണെന്ന് പ്രോഗ്രാം നടത്തുന്നവര്‍ പറയുമ്പോള്‍ ഷര്‍ട്ടിന്റെ ക്ഷാമം അറിയിക്കാതെ കാത്തതു പോലും സത്യത്തില്‍ ഹാജയെപ്പോലുള്ള സുഹൃത്തുക്കളുടെ ഡ്രസ്സ് കിട്ടിയിരുന്നതു കൊണ്ടാണ്.

അങ്ങനെയിരിക്കെ ഒരുദിവസം, ഒരാള്‍ ഹാജയോട് പറഞ്ഞത്രേ 'നിങ്ങളെ എനിക്കറിയാം. നിങ്ങളാ കൃഷ്ണകുമാറിന്റെ ചെരുപ്പുകടയില്‍ വന്നിരിക്കുന്നത് ഞാന്‍ കാണാറുണ്ട് ' എന്ന്. സത്യത്തില്‍ തിരിച്ചാണ് സംഗതി. പോപ്പുലാരിറ്റി ഉണ്ടാക്കുന്ന മാറ്റമാണത്. അങ്ങനൊരു അഭിപ്രായം കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് ഈഗോ തോന്നാം. എന്നാല്‍ ഹാജ അതിന്റെ തമാശ ഉള്‍ക്കൊണ്ട് എന്നോട് പറഞ്ഞ് ചിരിക്കുകയാണ് ചെയ്തത്. ഇങ്ങനെ ചെറിയ കാര്യങ്ങളിലൂടെയാണ് ഞാനെന്റെ സുഹൃത്തിന്റെ മനസ്സ് പഠിച്ചതും ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞതും.

ഹാജയ്ക്കൊപ്പം ഷൂട്ടിങ് സെറ്റില്‍ കൂട്ടുപോയാണ് മനോജ്. കെ. ജയന്‍, ബൈജു തുടങ്ങി പലരെയും ഞാന്‍ പരിചയപ്പെടുന്നത്. ആ യാത്രകളിലെ രസം എന്താണെന്നു വച്ചാല്‍ എനിക്ക് വണ്ടിയോടിക്കാന്‍ വലിയ ഇഷ്ടമാണ.് പക്ഷെ ആ സമയത്ത് സ്വന്തമായി കാറില്ല. കാറുള്ള ഹാജയ്ക്കാണെങ്കില്‍ ഡ്രൈവിംഗ് താല്പര്യമില്ല. ഞാന്‍ ഡ്രൈവ് ചെയ്യട്ടെയെന്ന് ചോദിക്കേണ്ട താമസം ആള് ഹാപ്പി ആകും.

സ്ഥലം എത്തുന്നതുവരെ പിന്‍സീറ്റില്‍ കിടന്ന് സുഖമായി ഉറങ്ങാമല്ലോ എന്നായിരിക്കും ഹാജയുടെ ചിന്ത. ഒരേ ആഗ്രഹങ്ങളുള്ളവര്‍ സുഹൃത്തുക്കള്‍ ആകുന്നതിലും രസകരമാണ് ഇത്തരത്തില്‍ പരസ്പരം കോംപ്ലിമെന്റ് ചെയ്യാന്‍ കഴിയുന്നവര്‍ കൂടുന്നത്.

വിഷമാവസരങ്ങളില്‍ എന്തു ചെയ്യണമെന്നറിയാതെ ബ്രെയിന്‍ ഓഫ് ആയിപ്പോകുന്നൊരാളാണ് ഞാന്‍. അപ്പോഴൊക്കെ എങ്ങനെയെങ്കിലും ഹാജ ഓടിയെത്തും. എന്റെ അച്ഛന് സ്‌ട്രോക്ക് വന്ന അവസരത്തില്‍ മനസ്സ് ബ്ലാങ്ക് ആയിപ്പോയ ഞാന്‍ ആശുപത്രി മാത്രം ലക്ഷ്യം വെച്ച് എങ്ങനെയോ വണ്ടിയോടിച്ച് സമയത്ത് തന്നെ അഡ്മിറ്റ് ചെയ്തു.

സ്‌കാനിംഗ് വേണമെന്ന് പറഞ്ഞപ്പോളാണ് പേഴ്‌സ് എടുത്തിട്ടില്ലെന്ന് ഓര്‍മ വന്നത്. മൊബൈല്‍ ഉള്ള കാലമല്ല.പകച്ചുനിന്ന ആ നേരത്ത് എങ്ങനെയാണെന്നറിയില്ല ഹാജ എന്റെ തോളില്‍ വന്നു തട്ടി. കടയിലെ കളക്ഷന്‍ എടുക്കാന്‍ വന്ന വഴിയാണെന്നു പറഞ്ഞ് അച്ഛന്റെ കാര്യങ്ങള്‍ അന്വേഷിച്ചു. കൂടുതലൊന്നും പറയും മുന്‍പ് കൂടെ നില്‍ക്കാന്‍ സമയമില്ലെന്ന് പറഞ്ഞ് അന്നത്തെ കളക്ഷന്‍ അടങ്ങിയ ബാഗ് എന്നെ ഏല്പിച്ചു.

ഇനിയും ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നു പറഞ്ഞ് ഞാന്‍ എന്തെങ്കിലും പറയും മുന്‍പ് അപ്രത്യക്ഷനായി. കടയില്‍ പോയ വഴിയ്ക്ക് ഹോസ്പിറ്റലില്‍ കയറേണ്ട കാര്യം ഇല്ലാത്തതാണ്. എന്നിട്ടും എന്തിനാണവിടെ ആ സമയത്ത് വന്നതെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. ചില നേരങ്ങളില്‍ ദൈവം മനുഷ്യരൂപത്തില്‍ എത്തുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ വിശ്വസിക്കാനാണിഷ്ടം.

ഹാജയുടെ വിവാഹം കഴിഞ്ഞ സമയത്ത്, ഞാന്‍എം.എ. പാസായി നില്‍ക്കുന്നു . അന്ന് സ്റ്റാച്യൂ ജംഗ്ഷനില്‍ ടാന്‍ഡം എന്നൊരു ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമുണ്ട്. അവിടെ ചെറിയൊരു ജോലി കിട്ടി. ടാന്‍ഡത്തില്‍ വച്ച് സുന്ദരിയായൊരു പെണ്‍കുട്ടിയെ കണ്ടെന്നും ഒറ്റനോട്ടത്തില്‍ ഇഷ്ടമായെന്നും അവളെ എങ്ങനെയെങ്കിലും കണ്ടുപിടിച്ച് തരണമെന്നും ഹാജയോട് ഞാന്‍ പറഞ്ഞു. പേരും നാടും വീടും ഒന്നും അറിയില്ലെന്നോര്‍ക്കണം. എങ്കിലും എന്റെ കൂട്ടുകാരന്‍ നോ പറഞ്ഞില്ല എന്നതാണ് രസം . സിനിമയെ വെല്ലുന്ന ചില കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.

മൂന്ന് പെണ്‍കുട്ടികള്‍ റോഡ് മുറിച്ചുകടക്കുന്നത് എന്റെ കണ്ണില്‍പ്പെട്ടു. അതിലൊരാള്‍ ഞാന്‍ പറഞ്ഞ പെണ്ണാണോ. ഒന്നുകൂടി സൂക്ഷിച്ചു നോക്കി ഉറപ്പുവരുത്തി ഹാജയോട് വിവരം പറഞ്ഞതും മൂവരും ക്രോസ് ചെയ്തു പോയിക്കഴിഞ്ഞു. മുഖമെങ്കിലും കണ്ടിരുന്നെങ്കില്‍ വഴി ഉണ്ടാക്കാമായിരുന്നെന്ന് പറഞ്ഞ് ഹാജ സമാധാനിപ്പിക്കുന്നതിനിടയില്‍ ആ പെണ്‍കുട്ടികള്‍ 'കിംഗ് ഷൂസിലേയ്ക്ക് ' വന്നു. അവരിലൊരാളുടെ ചെരിപ്പ് പൊട്ടിയപ്പോള്‍ അതു നന്നാക്കുന്നതിനും പുതിയതൊന്ന് വാങ്ങുന്നതിനുമായി ചെരിപ്പ് കടയുടെ ബോര്‍ഡ് കണ്ട് കയറിയതാണത്രെ. ഇതിനെയാണോ നിമിത്തം നിമിത്തം എന്നുപറയുന്നത്, ഞാന്‍ സ്വയം ചോദിച്ചു.

ആ ഷോപ്പിലെ സീറ്റിംഗ് അറേഞ്ച്‌മെന്റ് എങ്ങനെയാണെന്നുവെച്ചാല്‍ ഞാന്‍ ഇരിക്കുന്ന സോഫയ്ക്ക് അഭിമുഖമായി മറ്റൊരു സോഫയുണ്ട്. അവിടിരുന്നാണ് പെണ്‍കുട്ടികള്‍ ചെരുപ്പ് പാകമാണോ എന്ന് ഇട്ടുനോക്കിക്കൊണ്ടിരിക്കുന്നത്. അവര്‍ കാണാതെ അവരുടെ മുഖം വ്യക്തമായി കാണുകയും സംഭാഷണം കേള്‍ക്കുകയും ചെയ്യാമെന്ന് ചുരുക്കം.

ഏത് കോളേജിലാണ് പഠിക്കുന്നതെന്ന കുശലാന്വേഷണത്തിനിടയില്‍ ഹാജ ഒരു നമ്പറിട്ടു. പൈലറ്റ് ആയ ഒരു കൂട്ടുകാരന് വിവാഹം കഴിക്കാന്‍ പറ്റിയ സുന്ദരികളായ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ വല്ലവരുമുണ്ടോ എന്ന് ചോദിച്ചു. ജാതി അറിയാനുള്ള വഴിയായിരുന്നു അത്. ഒരുപാടുപേരുണ്ട് എന്നു പറഞ്ഞ കൂട്ടത്തില്‍ പരിചയത്തില്‍ ഏതെങ്കിലും നല്ല ഹിന്ദു പയ്യന്മാരുണ്ടോ, സിന്ധുവിന് വീട്ടില്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്ന് കൂട്ടത്തിലൊരാള്‍ പറഞ്ഞതും നാടകത്തിലേയ്ക്ക് എന്‍ട്രി സിഗ്‌നല്‍ കൊടുക്കുമ്പോലെ ഹാജ എന്നെവിളിച്ചു.

എന്നിട്ട് എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു:'ദാ ഇരിക്കുകയല്ലേ, എനിക്കറിയാവുന്നതില്‍ വെച്ച് ഇതിലും നല്ലൊരു ഹിന്ദുപയ്യനെ കണികാണാന്‍ കിട്ടില്ല.'ടിവിയില്‍ കണ്ട് അവര്‍ക്കെങ്ങനെ പരിചയമുണ്ടെങ്കിലും അങ്ങനൊരു ആമുഖം കിട്ടിയത് ഗുണം ചെയ്തു. ആ സിന്ധുവാണ് എന്റെ ഭാര്യയും നാലുമക്കളുടെ അമ്മയും. ഇഷ്ടം തോന്നിയൊരു പെണ്ണിനെ, അതും പേരു പോലും അറിയാത്ത ഒരുവളെ എന്നോടൊപ്പം ചേര്‍ത്തു വയ്ക്കാന്‍ ദൈവം ഒരു നിയോഗം പോലെ ഹാജയെ ഇടപെടുത്തിയതും ഓര്‍ക്കുമ്പോള്‍ സുഖമുള്ള ഒരനുഭവമാണ്.
മീട്ടു റഹമത്ത് കലാം
കടപ്പാട്: മംഗളം
നിമിത്തം പോലെ എത്തിയ കൂട്ട് :കൃഷ്ണകുമാര്‍ -അപ്പ ഹാജ
നിമിത്തം പോലെ എത്തിയ കൂട്ട് :കൃഷ്ണകുമാര്‍ -അപ്പ ഹാജ
നിമിത്തം പോലെ എത്തിയ കൂട്ട് :കൃഷ്ണകുമാര്‍ -അപ്പ ഹാജ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക