Image

തമിഴ്‌നാട് സ്വദേശികളായ ശില്പികള്‍ക്കു പീഡനം നേരിട്ടതായി പരാതി

ജയ് പിള്ള Published on 21 January, 2018
തമിഴ്‌നാട് സ്വദേശികളായ ശില്പികള്‍ക്കു പീഡനം നേരിട്ടതായി പരാതി
ടൊറന്റോ: ടോറന്റോയിലെ പ്രശസ്ത ദേവീ ക്ഷേത്രമായ (തമിഴ് ) ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ തമിഴ്‌നാട് സ്വദേശികളായ ശില്പികള്‍ക്കു പീഡനം നേരിട്ടതായി പരാതി.

കാനഡയിലെ പ്രമുഖ മാധ്യമം ആയ സി ബിസി യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യ ശില്‍പികള്‍ ആയ ശേഖര്‍ കുരുസ്വാമിയും, സുധാകര്‍ മണിയും ആരോപണം ഉന്നയിച്ചത്. ക്ഷേത്ര മതിലുകളിലും, കവാടങ്ങളിലും, ദേവീ ദേവന്മാരുടെയും, പുരാണ സങ്കല്‍പ്പങ്ങളുടെയും പ്രതിമകള്‍ കൊത്തുന്ന ശില്പികളെ കൂടുതല്‍ സമയം തൊഴില്‍ ചെയ്യിക്കുകയും, വേതനവും, വിശ്രമ സമയവും, കൃത്യവും നിയമപരമായ രീതിയില്‍ നല്‍കാതെയും ,ശുചിത്യമുള്ള ഭക്ഷണം നല്‍കാതെയും, കൊടും തണുപ്പില്‍ താപനില നിലനിര്‍ത്താത്ത വൃത്തി ഹീനമായ മുറികളില്‍ താമസിപ്പിക്കുകയും ചെയ്തു എന്നാണു ആരോപണം.

കെട്ടിടത്തിന്റെ നിലവറയില്‍ തടവ് പുള്ളികളെ പോലെ ആണ് ഈ മനുഷ്യര്‍ ദിനങ്ങള്‍ തള്ളി നീക്കിയതെന്നു പരാതിയില്‍ പറയുന്നു.
പന്ത്രണ്ടു ദശലക്ഷം ഡോളറിന്റെ പുനരുദ്ധാരണ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവരെ ഇന്ത്യയില്‍ നിന്നും താത്കാലിക തൊഴില്‍ വിസകളില്‍ ആണ് കൊണ്ടു വന്നത്. ആംഗലേയ ഭാഷയുമായി യാതൊരു വിധ പരിചയവും ഇല്ലാത്ത ഇവര്‍ ചൂണ്ടി കാണിച്ച പേപ്പറുകളില്‍ ഒപ്പിട്ടു നല്‍കിയതാണ് എന്ന് കുരുസ്വാമി പറഞ്ഞു.കരാര്‍ പ്രകാരമുള്ള വേതന വ്യവസ്ഥകള്‍ ഇവര്‍ക്കു ലഭിച്ചിട്ടില്ല. ചില അധിക്രുതര്‍ ഹീനമായും ഇവരോടു പെരുമാറി. കരാറുകളില്‍ പറയുന്ന തിയതിയ്ക്കു മുന്‍പേ ഇവരെ തിരികെ നാട് കടത്തുവാനുള്ള ശ്രമങ്ങള്‍ വരുന്നതായി തമിഴ് വര്‍ക്കേഴ്‌സ് നെറ്റ്വര്‍ക്ക് പറയുന്നു

മനുഷ്യാവകാശങ്ങള്‍ക്കും, തുല്യതയ്ക്കും, തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കുന്ന കാനഡയിലെ എല്ലാ നിയമ വ്യവസ്ഥകളുടെയും ലംഘനം ആണ് നടന്നിട്ടുള്ളത്.

കൈയ്യഴിഞ്ഞ സംഭാവനകളും, സര്‍ക്കാര്‍ ഗ്രാന്റുകളും ലഭിക്കുന്ന ഇതുപോലുള്ള ആരാധനാലയങ്ങളില്‍ അഴിമതിയും, മനുഷ്യാവകാശ ലംഘനവും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമല്ല. ദേവ പ്രീതി നടത്തുന്നവര്‍ തന്നെ നീതി നിഷേധം നടത്തുന്നത് ഒറ്റപ്പെട്ട സംഭവം അല്ല എന്നും ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും, സേവന വേതന വ്യവസ്ഥാലംഘനം നിയമപരമായി നേരിടണം എന്നും തമിഴ് വര്‍ക്കേഴ്‌സ് നെറ്റ് വര്‍ക്ക് ആവശ്യപ്പെട്ടു. ഇവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു 

തമിഴ്‌നാട് സ്വദേശികളായ ശില്പികള്‍ക്കു പീഡനം നേരിട്ടതായി പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക