Image

വിമാനത്തില്‍ മാര്‍പാപ്പ വധുവരന്മാര്‍ക്ക് കാര്‍മികനായി

Published on 21 January, 2018
വിമാനത്തില്‍ മാര്‍പാപ്പ വധുവരന്മാര്‍ക്ക് കാര്‍മികനായി

ബര്‍ലിന്‍: തങ്ങളുടെ വിവാഹത്തെ ആശീര്‍വദിക്കാന്‍ മാത്രമാണ് ആ വധൂവരന്മാര്‍ വിമാനത്തില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയോട് ആവശ്യപ്പെട്ടത്. എന്നാല്‍, പൂ ചോദിച്ച് പൂക്കാലം കിട്ടിയതു പോലെയായി അവരുടെ അവസ്ഥ. മാര്‍പാപ്പ അവരുടെ വിവാഹം പൂര്‍ണമായി ഏറ്റെടുത്ത് വിമാനത്തില്‍ വച്ചു തന്നെ നടത്തിക്കൊടുക്കുകയായിരുന്നു.

ചിലിയിലെ യാത്രയ്ക്കിടെ ഫ്‌ളൈറ്റ് അറ്റന്റര്‍മാരായ പൗല പോഡസ്റ്റ് റൂയിസും കാര്‍ലോസ് കുയിഫാര്‍ഡി എലോറിഗയുമാണ് ചരിത്രപരമായ ആ വിവാഹത്തിലെ വധൂവരന്‍മാര്‍. നേരത്തെ തന്നെ സിവില്‍ യൂണിയനിലായിരുന്നു ഇവര്‍. 

ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ പള്ളി 2010 ല്‍ ഉണ്ടായ ഭൂകന്പത്തില്‍ തകര്‍ന്നതിനാല്‍ അവിടെവച്ച് വിവാഹചടങ്ങുകള്‍ നടത്തണമെന്ന ആഗ്രഹം സാധിച്ചില്ലെന്ന് ദന്പതിമാര്‍ മാര്‍പാപ്പയെ അറിയിച്ചു. ഇതോടെയാണ് വിമാനത്തില്‍ വച്ചു തന്നെ ചടങ്ങുകള്‍ നടത്താമെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചത്. സാന്റിയാഗോയില്‍നിന്ന് ഇക്വിക്കിലേക്കുള്ള ഹ്രസ്വ യാത്രയില്‍ തന്നെ ഇതു പൂര്‍ത്തിയാകുകയും ചെയ്തു. വിമാനക്കന്പനി മേധാവി തന്നെ ഇതിനു സാക്ഷിയാകുകയും ചെയ്തു. കൂടെയുണ്ടായിരുന്ന കര്‍ദിനാള്‍ വിവാഹ രേഖ കൈയാല്‍ എഴുതി നല്‍കി. ഇതില്‍ വധൂവരന്‍മാരും സാക്ഷിയും ഒപ്പുവച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക