Image

രണ്ടു നിറത്തിലുള്ള പാസ്‌പോര്‍ട്ട്; പൗരന്മാരോടുള്ള വിവേചനമെന്ന് കുവൈത്ത് കെ എംസിസി

Published on 21 January, 2018
രണ്ടു നിറത്തിലുള്ള പാസ്‌പോര്‍ട്ട്; പൗരന്മാരോടുള്ള വിവേചനമെന്ന് കുവൈത്ത് കെ എംസിസി

കുവൈത്ത് സിറ്റി: ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പത്താം ക്ലാസിനു താഴെ മാത്രം വിദ്യാഭ്യാസമുള്ളവരുടെ പാസ്‌പോട്ടിന്റെ കവര്‍ പേജ് ഓറഞ്ച് നിറത്തിലും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍ക്ക് നീല നിറത്തിലുമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം വിവേചനപരമാണെന്ന് കുവൈത്ത് കെ എംസിസി കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഇത്തരം നടപടികള്‍ പൗരന്മാരെ ഒന്നായി കാണാനാവാത്ത ഭരണകൂടത്തിന്റെ ഇടുങ്ങിയ ചിന്താഗതിയാണ് വെളിവാക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ ബന്ധുക്കളുടെ ബന്ധുത്വം തെളിയിക്കുക, ബന്ധുക്കളുടെ വീസ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ആധികാരിക രേഖയായി സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ടില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേര് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന അവസാനപേജ് ഒഴിവാക്കാനുള്ള തീരുമാനവും പ്രവാസി സമൂഹത്തെ ആശങ്കപ്പെടുത്തുന്നതായും അത് പ്രവാസികള്‍ക്ക് മാതാപിതാക്കളെയോ ബന്ധുക്കളെയോ കൊണ്ടുവരുന്നതിന് സന്ദര്‍ശക വീസക്ക് അപേക്ഷിക്കുന്‌പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹികവും സാന്പത്തികവുമായ കാരണങ്ങളാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന സാധാരണക്കാരായ ജനങ്ങളെ അപമാനിക്കുന്നതും പ്രവാസികളായ പാവപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളെ കൂടുതല്‍ അവഹേളിക്കാന്‍ അവസരമൊരുക്കുന്നതുമായ ഇത്തരം നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കുവൈത്ത് കെ എംസിസി നേതൃത്വം നല്‍കുമെന്നും പ്രസിഡന്റ് കെ.ടി.പി.അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍, ട്രഷറര്‍ എം.കെ.അബ്ദുറസാഖ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക