Image

വെള്ളാനി (മിനിക്കഥ: പി. ടി. പൗലോസ്)

Published on 22 January, 2018
വെള്ളാനി (മിനിക്കഥ: പി. ടി. പൗലോസ്)
വെള്ളാനി ഒരു വലിയ മനുഷ്യന്‍ ആയിരുന്നു. ആറടി പൊക്കം. അതിനൊത്ത വണ്ണം. ഇരുണ്ട നിറം. ചുവന്നു തുറിച്ച കണ്ണുകള്‍. പുകയില കറ വീണ പല്ലുകള്‍. മുകളിലേക്ക് പിരിച്ച വലിയ മീശ. രൗദ്രഭാവം. തലയില്‍ തോര്‍ത്ത് കൊണ്ടൊരു കെട്ട്. കളങ്ങളുള്ള കൈലിമുണ്ട്. മുഷിഞ്ഞ് അങ്ങിങ്ങായി പിഞ്ചിയ കയ്യില്ലാത്ത ബനിയന്‍. ഇതെല്ലാമാണ് വെള്ളാനി. വെള്ളാനി എനിക്കെന്നും ഒരത്ഭുതം ആയിരുന്നു. കാടിമറ്റം കാവിന്റെ പടിഞ്ഞാറ് വശത്തുള്ള തോടും കടന്ന് ചെല്ലുമ്പോള്‍ ഉള്ള ഓലക്കുടിലില്‍ ആണ് വെള്ളാനിയുടെ താമസം. അതിന്റെ മുന്നിലൂടെ നടന്നാണ് ഞങ്ങള്‍ സ്കൂളില്‍ പോകാറ്. ഞങ്ങളെ പ്രതീക്ഷിച്ച് എന്നും അവന്‍ വീട്ടുമുറ്റത്ത് ഉണ്ടാകും. വെള്ളാനി ക്ക് ഞങ്ങല്‍ പ്രിയപ്പെട്ടവര്‍ ആയിരുന്നു. ഞങ്ങള്‍ക്ക് വെളളാനിയെ പേടിയാണ്. ഞാനന്ന് ഏഴാം ക്ലാസ്സില്‍. ഒരു ദിവസം ആരോ പറഞ്ഞു: "വെള്ളാനി തൂങ്ങിച്ചത്തു". കടിച്ച നാക്കും തുറിച്ച കണ്ണുകളും കടവായില്‍ നുരയും പതയും പറ്റിപ്പിടിച്ച് തല ചെരിച്ച് തൂങ്ങിയാടുന്ന വെള്ളാണിയെ ഞാന്‍ പോയിക്കണ്ടു. ഞാന്‍ ആദ്യമായി തൂങ്ങി മരണം കാണുകയാണ്.

അന്ന് രാത്രി കാടിമറ്റം കാവില്‍ മുടിയേറ്റ്. ചെണ്ട മേളത്തിന്റെ ശബ്ദം ഉയര്‍ന്നു താഴുന്നു. തൂങ്ങിയാടുന്ന വെള്ളാനിയുടെ തണുപ്പ് എന്നിലേക്ക്. അരിച്ചു കയറുന്നു. ഒപ്പം ചെണ്ടമേളം ഉയര്‍ന്നു യര്‍ന്ന് വരുന്നു. കാടിമറ്റത്തമ്മ തിരുപ്പാട്ടൂരപ്പനെ തൊട്ടുരുമ്മുന്നതിനു മുമ്പായി പാറമ്പുഴ തോട്ടില്‍ ഒരു കുളിയുണ്ട്. പിന്നെ തോട്ടരികിലെ യക്ഷിക്കാവിലാണ് തിരുസംഗമം. അതെ സംഗമവേള... ചെണ്ടമേളം ഉച്ചസ്ഥായിയില്‍ എത്തി. ഞാന്‍ കണ്ണുകള്‍ കൂട്ടിയടച്ചു. വെള്ളാനിയുടെ തുറിച്ച കണ്ണുകള്‍ അപ്പോഴും എന്നിലേക്ക് ചൂഴ്ന്നിറങ്ങുന്നുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക