Image

യു.എ.ഇ ഫുട്‌ബാള്‍ ടീം ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക്‌ യോഗ്യത നേടി

Published on 15 March, 2012
യു.എ.ഇ ഫുട്‌ബാള്‍ ടീം ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക്‌ യോഗ്യത നേടി
അബൂദബി: യു.എ.ഇ ഫുട്‌ബാള്‍ ടീമിന്‌ ചരിത്ര നേട്ടം. ഈ വര്‍ഷം നടക്കുന്ന ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക്‌ ടീം യോഗ്യത നേടി. ഉസ്‌ബെകിസ്‌താനെ രണ്ടിനെതിരെ മൂന്നു ഗോളിന്‌ തോല്‍പിച്ചാണ്‌ ഈ നേട്ടം കൊയ്‌തത്‌. ഉസ്‌ബെക്‌ തലസ്ഥാനമായ താഷ്‌കെന്‍റിലായിരുന്നു വിജയം.

ഏഷ്യയിലെ ഗ്രൂപ്‌ബിയിലുള്ള യു.എ.ഇക്ക്‌ 1990ല്‍ ലോകകപ്പിലെത്തിയ ശേഷം ഏറ്റവും വലിയ വിജയമാണിത്‌. അഹ്മദ്‌ ഖലീലാണ്‌ രണ്ട്‌ മനോഹര ഗോളിലൂടെ വിജയത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. എതിരില്ലാത്ത രണ്ട്‌ ഗോളിന്‌ പിന്നിട്ടു നിന്ന ശേഷമായിരുന്നു ഉജ്വല തിരിച്ചുവരവ്‌.
മല്‍സരം തുടങ്ങി 33ാം മിനിറ്റില്‍ ഉസ്‌ബെക്‌ ആദ്യ ഗോള്‍ നേടി. 46ാം മിനിറ്റില്‍ ഫോസില്‍ മുസയെവിന്‍െറ ഹെഡറിലൂടെ അവര്‍ വീണ്ടും മുന്നിലായി.

പിന്നീട്‌ കളിയുടെ ഗതി മാറി. 20 അടി അകലെനിന്ന്‌ ഖലീല്‍ തൊടുത്തുവിട്ട ഷോട്ട്‌ വലയില്‍ പതിച്ചു. 50ാം മിനിറ്റിലാണിത്‌. ഏറെ വൈകാതെ 54ാം മിനിറ്റില്‍ ഖലീലും ഉമര്‍ അബ്ദുറഹ്മാനും ചേര്‍ന്ന്‌ നടത്തിയ മനോഹര നീക്കം മറ്റൊരു ഗോളില്‍ കലാശിച്ചു. അബ്ദുറഹ്മാന്‍ നല്‍കിയ പന്ത്‌ 20 അടി അകലെ നിന്ന്‌ ഒരിക്കല്‍ കൂടി ഖലീല്‍ വലയിലെത്തിച്ചു. ഉസ്‌ബെക്‌ ഫുട്‌ബാള്‍ പ്രേമികള്‍ ആഹ്‌ളാദ നൃത്തം നടത്തിയ സ്‌റ്റേഡിയം ഇതോടെ നിശബ്ദമായി. ഒടുവില്‍ യു.എ.ഇ വിജയ ഗോള്‍ കൂടി നേടി ലണ്ടന്‍ ടിക്കറ്റ്‌ ഉറപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക