Image

ജര്‍മനിയിലെ സീരിയല്‍ കില്ലറിന്റെ പേരില്‍ 97 കൊലക്കേസുകള്‍കൂടി ചുമത്തി

Published on 23 January, 2018
ജര്‍മനിയിലെ സീരിയല്‍ കില്ലറിന്റെ പേരില്‍ 97 കൊലക്കേസുകള്‍കൂടി ചുമത്തി

ബെര്‍ലിന്‍: ജര്‍മനിയില്‍ കൊലക്കുറ്റത്തിനു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മെയില്‍ നഴ്‌സിനു മേല്‍ 97 കൊലക്കുറ്റങ്ങള്‍ കൂടി ചുമത്തി. തിങ്കളാഴ്്ചയാണ് ഇതു സംബന്ധിച്ച് നടപടിയുണ്ടായത്. ഈ കേസുകളിലെല്ലാം നാല്‍പ്പത്തൊന്നുകാരനായ നീല്‍സ് ഹൊഗെല്‍ വിചാരണ നേരിടണമെന്നും വിചാണ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. നേരത്തെ ആറു കൊലക്കേസുകളില്‍ ഹൊഗെല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു.

രണ്ടു വര്‍ഷം മുന്പാണ് നീല്‍സ് ഹോഗല്‍ ശിക്ഷിക്കപ്പെട്ടത്. എന്നാല്‍, ആ സമയത്ത് ഇത്രയേറെ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ തെളിയിക്കപ്പെട്ടിരുന്നില്ല. രണ്ട് കൊലപാതകങ്ങളും നാലു വധശ്രമങ്ങളും മാത്രമാണ് തെളിയിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് മരിച്ചവരില്‍ ടോക്‌സിക്കോളജി ടെസ്റ്റ് നടത്തിയതില്‍നിന്നു കൂടുതല്‍ പേരെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് തെളിയുകയായിരുന്നു.

ഡെല്‍മോന്‍ഹോഴ്സ്റ്റ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗികളെ വധിച്ച കേസിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. ആകെ 106 രോഗികളെ ഇയാള്‍ കൊലപ്പെടുത്തിയതായാണ് ആരോപണം. 1999 മുതല്‍ 2005 വരെ ഇയാള്‍ ജോലി ചെയ്തിരുന്ന വടക്കന്‍ ജര്‍മനിയിലെ രണ്ട് ആശുപത്രികളിലായാണ് മരണം സംഭവിച്ചിരിക്കുന്നത്. വിരസമായ ജീവിതത്തില്‍നിന്നൊരു മുക്തിക്കായാണ് താന്‍ ഇതു ചെയ്തതെന്നാണ് കുറ്റമേറ്റ് ഇയാള്‍ പറഞ്ഞിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക