Image

ജെ.മാത്യൂസ്: ദര്‍പ്പണത്തിനൊരു അര്‍പ്പണം (ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 24 January, 2018
ജെ.മാത്യൂസ്:  ദര്‍പ്പണത്തിനൊരു അര്‍പ്പണം (ഡോ.നന്ദകുമാര്‍ ചാണയില്‍)
ഏതാനും സുമനസ്സുകളുടെ പ്രേരണാനുസൃതം ജനനി മാസികയില്‍ അച്ചടിച്ചുവന്ന പത്രാധിപക്കുറിപ്പുകളില്‍ നിന്നും 52 എണ്ണം തിരഞ്ഞെടുത്ത് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചതില്‍ ശ്രീമാന്‍ ജോസഫ് മാത്യുവിനെ അനുമോദിക്കട്ടെ ആദ്യമായി. 

അദ്ധ്യാപകന്‍, ഉപമുഖ്യാദ്ധ്യാപകന്‍, പ്ത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, ഭാഷാസ്‌നേഹി, മികച്ച വാ്ഗ്മി, സാമൂഹ്യ സാംസ്‌കാരിക നേതാവ് എന്നീ നിലകളില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ ഒരു സുപരിചിത പ്രതിഭയാണ് ജനം ആദരപൂര്‍വ്വം മാത്യുസാര്‍ എന്നു വിളിക്കുന്ന ശ്രീ.ജെ.മാത്യൂസ്. 1999 മുതല്‍ ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'ജനനി' എന്ന വിദേശമലയാളികളുടെ സാംസ്‌ക്കാരിക മാസികയിലൂടെ 'ജനനി' യുടെ ഈ 19-ാം വയസ്സിലും സമചിത്തതയോടെ സമ്മാനിക്കുന്ന പത്രാധിപരുടെ മുഖക്കുറിപ്പുകളെല്ലാംതന്നെ ഭാഷാസ്‌നേഹികളായ വായനക്കാര്‍ക്കുള്ള മസ്തിഷ്‌ക്കമൃഷ്ടാന്നഭോജനം തന്നെ. 

മാസം പ്രതി 'ജനനി' കയ്യില്‍ കിട്ടുമ്പോള്‍ ഈ ലേഖകന്റെ പ്രിയതമയും ലേഖകനും ഇഷ്ട ഇനങ്ങളിലേക്കു കടക്കുന്നതിനു മുമ്പ് ആദ്യം വായിക്കുന്നത് മുഖപ്രസംഗം തന്നെ. പ്രൗഢഗംഭീരമാണ് ഓരോമുഖപ്രസംഗവും, അതേ സമയം വസ്തുനിഷ്ഠവും, ജീവിതഗന്ധിയും. അതെ, നമുക്കുചുറ്റും നടമാടുന്ന മൂല്യച്യുതികളുടെ, അന്യായങ്ങളുടെ, കൃത്യവിലോപങ്ങളുടെ നേര്‍ക്കുപിടിക്കാനുള്ള ഒരു കണ്ണാടി തന്നെയാണ് ഓരോ മുഖപ്രസംഗവും ഒരുത്തന്റെ മുഖം മനസ്സിന്റെ കണ്ണാടി ആണെന്നാണ് ചൊല്ല്. വികാരങ്ങള്‍ വിറങ്ങളിച്ചുപോയ വികല മനസ്സുകള്‍ ഈ സൂക്തത്തിനപവാദമാണെന്ന് വെച്ചോളു. ക്രൂരകൃത്യങ്ങള്‍, ഞാനൊന്നു മറിഞ്ഞീല' എന്ന മട്ടില്‍ നടത്തുന്ന കുറ്റവാളികള്‍ക്ക് ഇത് ബാധകമല്ലല്ലോ.

നാം ഓടിക്കുന്ന വാഹനങ്ങള്‍ക്കുണ്ടല്ലോ മൂന്നു കണ്ണാടികള്‍. പാതയുടെ ഇടത്തും വലത്തും മദ്ധ്യത്തിലും ഉള്ള വാഹന വ്യൂഹങ്ങളുടെ ഗതി വിഗതികള്‍ നിരീക്ഷിച്ച് വാഹന നിയന്ത്രണം നടത്തുന്നതിനു വേണ്ടിയാണല്ലോ അവ. അതുപോലെതന്നെയാണ് സമൂഹത്തിന്റെ വ്യത്യസ്തപാതകളില്‍ സഞ്ചരിക്കുന്നവര്‍ക്കുള്ള ഒരു കണ്ണാടിയാണ് ഈ ജനനിയുടെ മുഖക്കുറിപ്പുകള്‍. അര്‍പ്പണബോധത്തിന്റേയും സംശുദ്ധ വിചാരധാരയുടേയും ബഹിര്‍സ്ഫുരണങ്ങളായാണ് മുഖക്കുറിപ്പുകളോരോന്നും പ്രശോഭിക്കുന്നത്. ഏഷ്യാനെറ്റിന്റെ വിജ്ഞാപനമായി നാം കാണാറുണ്ട് 'നേരോടെ, നിര്‍ഭയം, നിരന്തരം' എന്ന്. പിറവി മുതല്‍ 'ജനനി' യും ആചരിച്ചുപോയിരുന്നു ഈ മൂല്യവും. തലോടേണ്ടിടത്ത് തലോടാനും താഡനം വേണ്ടിടത്ത് താഡനം ചെയ്യാനുമുള്ള വിവേകം ദൃഢതയോടും ആര്‍ദ്രതയോടും അസൂയാവഹമായി നിര്‍വ്വഹിച്ചിട്ടുള്ളതായി ഈ മുഖ്യപ്രസംഗങ്ങള്‍ വായിക്കുന്നവര്‍ക്ക് ബോധ്യമാവും. കൂര്‍ത്ത ശരത്തേക്കാളും മൂര്‍ച്ചയേറിയതായിത്തോന്നും ഈ മര്‍മ്മജ്ഞന്റെ സ്വതന്ത്രചിന്തകളുടെ വാക്ശരങ്ങള്‍.

സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുള്ള ഒട്ടുമിക്ക ഭാരതീയ മാദ്ധ്യമങ്ങളിലെ പത്രാധിപവൃന്ദങ്ങള്‍ ആംഗളേയ സാമ്രാജ്യത്തിനെതിരെ പൊരുതിയിരുന്നു. 'മാതൃഭൂമി'ദിന പത്രത്തിന്റെ മുഖ്യപത്രാധിപരായിരുന്ന ശ്രീ.കെ.പി.കേശവമേനോനും മലയാളമനോരമയുടെ കണ്ടത്ത് വര്‍ഗ്ഗീസ് മാപ്പിളയും ഇക്കൂട്ടരില്‍ അഗ്രഗണ്യരാണ്. കൂടാതെ ഉള്ളൂര്‍, സര്‍ദാര്‍ കെ.എം.പണിക്കര്‍, സി.വി.കുഞ്ഞിരാമന്‍, എന്‍.വി.കൃഷ്ണവാരിയര്‍, കെ.കൃഷ്ണയ്യര്‍, കെ.ബാലകൃഷ്ണന്‍, ഇംഗ്ലീഷ് മാദ്ധ്യമങ്ങളിലെ ഫ്രാങ്ക് മൊറേയ്‌സ്, ബി.കെ.കരഞ്ചിയ എന്നിവരും പ്രശസ്ത പത്രാധിപരില്‍ ചിലരാണ്. അമേരിക്കന്‍ വിദേശ മലയാളികള്‍ക്ക് വരദാനമായി കിട്ടിയതാവാം 'ജനനി'യും അതിന്റെ പത്രാധിപരും.
'ജനനി ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസി' എന്നാണല്ലൊ ജനനിയുടെ മുഖമുദ്ര. അസൂക്തത്തിനനുയോദ്യമായാണ് ദര്‍പ്പണത്തിന്റെ രചയിതാവിന്റെ-'അമ്മയ്ക്കും അമ്മമാര്‍ക്കും' എന്നുള്ള സമര്‍പ്പണവും.

ഈ ലേഖകന്‍ ചൂണ്ടികാണിച്ച ചില സവിശേഷതകള്‍ക്ക് ഉപോല്‍ബലകമായി മാത്യുസാറിന്റെ തന്നെ ചില വാചകങ്ങള്‍ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു. 2003 മെയ് മാതൃദിനത്തോടനുബന്ധിച്ചുള്ള അദ്ദേഹത്തിന്റെ മുഖകുറിപ്പ് വളരെ ഹൃദയസ്പര്‍ശിയാണ്. ആ മാതൃസ്തുതിയുടെ പ്രസക്തഭാഗം ഇങ്ങിനെ: 'അസ്തിത്വത്തിന്റെ ആരംഭം നീയാണ്' എന്നു തുടങ്ങി ഒരു കുമ്പസാരത്തില്‍ അവസാനിപ്പിക്കുന്നതോ, മാതൃത്വമേ, നിന്റെ മഹത്ത്വത്തിന് തുല്യമായി മറ്റൊന്നുമില്ല, മാതൃത്വം മാത്രം. അതിന് പ്രതിഫലം തരാമെന്ന് അഹങ്കരിച്ച്ത് എന്റെ അല്പത്വമാണ്. കുറ്റബോധം കൊണ്ട് എന്റെ തല താഴുന്നു. ഈ കുറ്റത്തിനും നീ മാപ്പു തരും; അത്രകണ്ട് ആഴമുള്ളതാണ് മാതൃത്വത്തിന്റെ കാരുണ്യം' എന്നു പറഞ്ഞു കൊണ്ട്.

'സാഹിത്യകാരന്മാരേ, നിങ്ങള്‍....' (1999 ജൂണ്‍) എന്ന തലക്കെട്ടില്‍ എഴുതി: നിങ്ങളുടെ സൃഷ്ടികള്‍ വരുത്തിയ പരിവര്‍ത്തനത്തിന്റെ അജയ്യശക്തി പൂര്‍ണ്ണമായ അളവില്‍ ആരുംതന്നെ മനസ്സിലാക്കുന്നില്ലായിരിക്കാം, ഒരു പക്ഷേ, നിങ്ങള്‍പോലും! 
അമ്പുകളില്ലാതെ, തോക്കുകള്‍ നിറയൊഴിക്കാതെ, ബോംബുകള്‍ വര്‍ഷിക്കാതെ നശിപ്പിക്കേണ്ടതിനെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. അമ്പും, വാളും, തോക്കും, ബോംബും നേടിയെടുക്കാത്ത ആധിപത്യം നിങ്ങള്‍ നേടിയെടുത്തിട്ടുണ്ട്; തൂലികത്തുമ്പു പടവാളാക്കിക്കൊണ്ട്.' ഈ വാചകങ്ങള്‍ കടമെടുത്തുകൊണ്ട് പറയട്ടെ, താങ്കളുടെ ഗര്‍ജ്ജനത്തിന്റെ അജയ്യ ശക്തി പൂര്‍ണ്ണമായ അളവില്‍ പലരും മനസ്സിലാക്കുന്നില്ലായിരിക്കാം, ഒരു പക്ഷേ താങ്കള്‍പോലും.(?). വരികളങ്ങോട്ടും, താങ്കളുടെ പത്രാധിപധര്‍മ്മത്തിന്റെ നിസ്വാര്‍ത്ഥ സേവനത്തിനും അര്‍പ്പണത്തിനും മകുടം ചാര്‍ത്തുന്ന 'ദര്‍പ്പണ' ത്തിനുള്ള ഈ ലേഖകന്റെ ഒരു പരിതര്‍പ്പണമായി സ്വീകരിക്കൂ.
'ഉപ്പുതൊട്ടു കപ്പൂരം' എന്നു പറയുന്നപോലെ, കഴിഞ്ഞ ഇരുനൂറ്റി ഇരുപതോളം മാസങ്ങളിലായി ഈ പത്രാധിപര്‍, സാമൂഹീകം, രാഷ്ട്രീയം, ആത്മീയം, സാമ്പത്തികം, മനഃശാസ്ത്രം, സാര്‍വ്വലൗകിക മാനവികത, പൊതുവിജ്ഞാപം ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത, ആനുകാലികപ്രസക്തിയുള്ള പ്രമേയങ്ങളാണ് എഴുതിക്കുറിച്ചിട്ടുള്ളതെന്ന് വായനക്കാര്‍ക്കു മനസ്സിലാക്കാം.

ഈടുറ്റ പത്രാധിപക്കുറിപ്പുകളിലൂടെ മലയാളി വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ പ്രതിഭയക്ക് ആശംസകള്‍! തുടര്‍ന്നും ചടുലമായ മുഖപ്രസംഗങ്ങളെഴുതാന്‍ വാങ്മയിദേവി അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ വിരാമമിടട്ടെ.

ജെ.മാത്യൂസ്:  ദര്‍പ്പണത്തിനൊരു അര്‍പ്പണം (ഡോ.നന്ദകുമാര്‍ ചാണയില്‍)
Nandakumar
ജെ.മാത്യൂസ്:  ദര്‍പ്പണത്തിനൊരു അര്‍പ്പണം (ഡോ.നന്ദകുമാര്‍ ചാണയില്‍)
J Mathews
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക