Image

പ്രവാസത്തിന്റെ ദുരിതങ്ങള്‍ താണ്ടി ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി

Published on 24 January, 2018
പ്രവാസത്തിന്റെ ദുരിതങ്ങള്‍ താണ്ടി ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്‌പോണ്‍സര്‍ എക്‌സിറ്റ് നല്‍കാതെയും ശമ്പളം നല്‍കാതെയും പ്രയാസത്തിലായ ഇന്ത്യക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ലക്ഷ്മി നഴ്‌സമ്മയാണ് പ്രവാസത്തിന്റെ ദുരിതങ്ങള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. ബ്യൂട്ടിപാര്‍ലറിലെ ജോലിയ്ക്ക് എന്ന് പറഞ്ഞാണ് ലക്ഷ്മിയെ ഒരു വിസ ഏജന്റ് സൗദിയിലേയ്ക്ക് കയറ്റി വിട്ടത്. എന്നാല്‍ ഇവിടെ എത്തിയ ശേഷമാണ്, ബ്യൂട്ടിപാര്‍ലറിലെ ജോലിയ്ക്ക് പുറമെ, അത് നടത്തുന്ന സൗദിയുടെ വീട്ടില്‍ വീട്ടുജോലിയും ചെയ്യാനാണ് തന്നെ കൊണ്ട് വന്നിരിയ്ക്കുന്നത് എന്ന് ലക്ഷ്മി മനസ്സിലാക്കുന്നത്. ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും, നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് ലക്ഷ്മി അവിടെ ജോലി തുടര്‍ന്നു.

രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായതിനാല്‍ തന്നെ നാട്ടിലേയ്ക്ക് അയയ്ക്കണമെന്ന് ലക്ഷ്മി സ്‌പോണ്‍സറോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്‌പോണ്‍സര്‍ സമ്മതിച്ചില്ല എന്ന് മാത്രമല്ല, തുടര്‍ന്ന് ശമ്പളവും കൊടുക്കാതെയായി. അങ്ങനെ 9 മാസം ലക്ഷ്മിയ്ക്ക് പിന്നെയും ആ വീട്ടില്‍ ജോലി ചെയ്യേണ്ടി വന്നു. നാട്ടില്‍ പോകാനാകാതെ, ശമ്പളം കിട്ടാതെ ആകെ വലഞ്ഞ ലക്ഷ്മി, ഒരു ദിവസം ആരുമറിയാതെ പുറത്തു കടന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ലക്ഷ്മി സ്വന്തം അനുഭവം വിവരിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും ലക്ഷ്മിയുടെ സ്പോണ്‍സറെ നിരന്തരമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. നവയുഗം പ്രവര്‍ത്തകരുടെ നിരന്തരമായ സമ്മര്‍ദ്ദത്തിന്റെ ഫലമായി സ്‌പോണ്‍സര്‍ അഭയകേന്ദ്രത്തില്‍ എത്തി, ലക്ഷ്മിയ്ക്ക് കുടിശ്ശിക ശമ്പളവും പാസ്സ്‌പോര്ട്ടും നല്‍കി തിരിച്ചു പോയി. മഞ്ജു മണിക്കുട്ടന്‍ വനിതാ അഭയകേന്ദ്രം അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ലക്ഷ്മിയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: ലക്ഷ്മിയ്ക്ക് മഞ്ജു മണിക്കുട്ടന്‍ യാത്രാരേഖകള്‍ കൈമാറുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക