Image

നിഗൂഢസൗന്ദര്യം ഒളിപ്പിച്ച കാര്‍ബണ്‍

Published on 24 January, 2018
നിഗൂഢസൗന്ദര്യം ഒളിപ്പിച്ച കാര്‍ബണ്‍
കാര്‍ബണ്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ വേറിട്ട ഒരു ശീര്‍ഷകം എന്നു മനസില്‍ തോന്നിയാല്‍ അതില്‍ തെറ്റില്ല. വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന പുതിയ ചിത്രവും അസാധാരണമായ ഒരു ചലച്ചിത്രാനുഭവമാണ്. കരിയില്‍ നിന്നും വജ്രത്തിലേക്കുള്ള പ്രയാണം. ചാരത്തില്‍ നിന്നും വജ്രത്തിന്റെ മോഹിപ്പിക്കുന്ന തിളക്കത്തിലേക്ക് നടത്തുന്ന മനസിന്റെ മായിക സഞ്ചാരം.

പാലാക്കാരന്‍ സിബി എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് കാര്‍ബണിന്റെ ഇതിവൃത്തം. ജീവിതത്തില്‍ അതിജീവനത്തിനായി പൊരുതുന്ന ഒരു ചെറുപ്പക്കാരന്‍. അതു പലപ്പോഴും നേര്‍രേഖയിലല്ല എന്നത് അയാളുടെ ജീവിതത്തിന്റെ ഇരുണ്ട വശങ്ങളിലൊന്നാണ്. ജീവിതത്തില്‍ എങ്ങനെയെങ്കിലും ഒന്നു പച്ച പിടിക്കണമെന്നുള്ളതാണ് സിബിയുടെ ആഗ്രഹം. അതിന് മരതകക്കല്ലും വെള്ളിമൂങ്ങയും വില്‍ക്കാന്‍ നടക്കുന്ന ചില തരികിട പരിപാടികളുമായി നടക്കുകയാണ് അയാള്‍. കഴുത്തറപ്പന്‍ ബ്‌ളേഡുകാരോട് പണം പലിശയ്‌ക്കെടുത്തും വീട്ടില്‍ കടക്കാര്‍ അന്വേഷിച്ചു വരുന്നതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം ലോഡ്ജില്‍ തങ്ങിയും പലപ്പോഴും ആരോടും പറയാതെ ദിവസങ്ങളോളം വീട്ടില്‍ വരാതെ മുങ്ങി നടന്നും അയാള്‍ തന്റെ ഓരോ ദിവസവും തള്ളിനീക്കുന്നു. ജീവിതത്തില്‍ ബംബറടിച്ചാല്‍ മാത്രമേ രക്ഷപെടാന്‍ കഴിയൂ എന്നാണ് അയാളുടെ വിശ്വാസം. ബിസിനസ് ആശയങ്ങള്‍ കൊണ്ടു വന്നാല്‍ അതിന് മുടക്കാന്‍ തന്റെ കൈയ്യില്‍ പണമില്ലാത്തതു കൊണ്ടാണ് അത് വിജയിപ്പിക്കാന്‍ കഴിയാത്തത് എന്നാണ് സിബിയുടെ വാദം.

എങ്ങനെയും പണം സമ്പാദിക്കണമെന്ന സിബിയുടെ ആഗ്രഹം അയാളെ കൊണ്ടു ചെന്നെത്തിക്കുന്നത് ഒരു വലിയ കാനനയാത്രയിലേക്കാണ്. ചീങ്കണ്ണിപ്പാറയ്ക്കടുത്തുള്ള ഒരു വലിയ കാടിനു നടുവിലുള്ള എസ്റ്റേറ്റിന്റെ നടത്തിപ്പു ചുമതല അയാള്‍ ഏറ്റെടുക്കുന്നു. തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് അയാള്‍ ആ ദൗത്യം ഏറ്റെടുക്കുന്നത്. അവിടെ താമസിക്കുന്നതിനിടയില്‍ കാട്ടിനുള്ളിലെ ഒരു വലിയ നിധി ശേഖരത്തെ കുറിച്ച് അയാള്‍ അറിയുന്നു. കേട്ടറിവു മാത്രമുള്ള ആ വമ്പന്‍ നിധി ശേഖരം അയാളിലെ ധനാന്വേഷിയെ ഉന്‍മാദിയാക്കുന്നു. തുടര്‍ന്ന് അതു കണ്ടെത്താന്‍ ചങ്കൂറ്റം മാത്രം കൈമുതലാക്കി അയാള്‍ കാട്ടിനുള്ളിലേക്ക് യാത്ര പുറപ്പെടുന്നിടത്താണ് കാര്‍ബണില്‍ വഴിത്തിരിവുണ്ടാകുന്നത്.

കാട്ടു സവാരി ഇഷ്ടപ്പെടുന്ന സമീറ(മംമ്താ മോഹന്‍ദാസ്), കാടിനെ നന്നായി അറിയുന്ന സ്റ്റാലിന്‍(മണികണ്ഠന്‍), ആദിവാസി പയ്യന്‍ കണ്ണന്‍(ചേതന്‍) എന്നിവര്‍ക്കൊപ്പമാണ് സിബി തന്റെ യാത്ര തുടങ്ങുന്നത്. നിധി ശേഖരത്തിനായി ഇറങ്ങിയ സിബിയും അയാളെ അനുഗമിക്കുന്ന ഇവര്‍ മൂന്നു പേരും അവരുടേതായ കാഴ്ചപ്പാടുകളിലാണ് കാടിനെ അറിയുന്നത്. എങ്ങനെയും നിധി കണ്ടെത്തി അത് സ്വന്തമാക്കി പണം സമ്പാദിക്കുക എന്നതു മാത്രമാണ് സിബിയുടെ ലക്ഷ്യം. വെറും മെറ്റീരിയല്‍ ബെനഫിറ്റ്. സമീറയാകട്ടെ, കാടിനെ നോവിക്കാതെ, അതിന്റെ ഓരോ ചലനങ്ങളും ഗതിവിഗതികളും അടുത്തറിഞ്ഞ് ആസ്വദിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആള്‍. അങ്ങനെ മാത്രം പ്രകൃതിയെ അറിയാനും പഠിക്കാനും ശ്രമിക്കുന്ന യുവതി. കാട്ടില്‍ നിന്നു തന്നെ ഉപജീവനം കണ്ടെത്തുന്ന ആളാണ് സ്റ്റാലിന്‍. ആദിവാസി പയ്യനായ കണ്ണനാകട്ടെ, തന്റെ ഗോത്ര സംസ്‌കാരമനുസരിച്ച് കാടിനെ അറിയുകയും കാടിന്റെ നിയമങ്ങളെ മനസില്‍ വഹിക്കുന്നവനുമാണ്. പൂര്‍വികര്‍ കാവലിരിക്കുന്ന തലക്കാണിയിലേക്ക് പോകാന്‍ പാടില്ല എന്നാണ് കണ്ണനുള്‍പ്പെടെയുള്ള ആദിവാസികളുടെ വിശ്വാസം. സാധാരണ മനുഷ്യര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത അസാധ്യമായ ഇടം.

എന്നാല്‍ തലക്കാണി എന്ന സ്ഥലത്തെ സംബന്ധിച്ച് കണ്ണനും സ്റ്റാലിനും ബാലന്‍പിള്ളയുമൊക്കെ പറയുന്ന കഥകള്‍ സിബി മുഖവിലയ്‌ക്കെടുക്കുന്നില്ല. അവര്‍ പറയുന്ന കാര്യങ്ങളെല്ലാം അയാളെ സംബന്ധിച്ച് യുക്തിരഹിതമാണ്. അവരുടെ വിലക്കുകള്‍ അയാള്‍ പരിഗണിക്കുന്നില്ല. പ്രകൃതിയുടെ മുന്നറിയിപ്പുകളെ അയാള്‍ അവഗണിക്കുകയാണ്. കാടിന്റെ നിയമങ്ങളെ വെല്ലുവിളിച്ചും നിഷേധിച്ചും നിധിവേട്ടയ്ക്ക് തനിച്ചിറങ്ങുന്ന സിബി കാടിന്റെ നിഗൂഢഭാവഭേദങ്ങളില്‍ വഴിയാറിയാതെയും തളര്‍ന്നും ഒടുവില്‍ ഒരിറ്റു ദാഹജലത്തിനായി പ്രകൃതിയോടു തന്നെ സമരസപ്പെടുന്നിടത്തുമാണ് കാര്‍ബണ്‍ അവസാനിക്കുന്നത്.

സിബിയായി വേഷമിട്ട ഫഹദ് ഫാസിലിന്റെ മിന്നുന്ന പ്രകടനം തന്നെയാണ് കാര്‍ബണിന്റെ ഏറ്റവും വലിയ പ്‌ളസ് പോയിന്റ്. കാടിന്റെ നിഗൂഢഭാവങ്ങള്‍ പോലെ തന്നെ സിബിയിലും മിന്നിമറയുന്ന ഭാവഭേദങ്ങള്‍ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചിരുത്തും. ചിലപ്പോള്‍ ശാന്തത, ചിലപ്പോള്‍ വന്യത, അല്ലാത്തപ്പോള്‍
ഉന്‍മാദി അങ്ങനെ പല ഭാവങ്ങള്‍. ചിലപ്പോള്‍ തികച്ചും സ്വാര്‍ത്ഥനായ, അല്ലാത്തപ്പോള്‍, സഹാതാപം അര്‍ഹിക്കുന്ന ഒരുവനായി, ചിലപ്പോള്‍ വെറുപ്പിച്ചു കളയുന്ന ഒരാളായി അയാള്‍ കഥയിലുടനീളം സഞ്ചരിക്കുകയും പ്രേക്ഷകനെ ഒപ്പം കൂട്ടുകയും ചെയ്യുന്നു. സമീറയായി എത്തിയ മംമ്തയും മണികണ്ഠനും ചേതനും കൊച്ചുപ്രേമനുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോടു പരമാവധി നീതി പുലര്‍ത്തി. സിബിയുടെ അച്ഛന്‍ സെബാസ്റ്റ്യനായി എത്തിയ സ്ഫടികം ജോര്‍ജിന്റെ തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരുന്നു കാര്‍ബണിലേത്. ടൈപ്പ് കഥാപാത്രങ്ങളില്‍ കളയ്ക്കപ്പെട്ടിരുന്ന സ്ഫടികം ജോര്‍ജിന്റെ കരിയറില്‍ തന്നെ യുള്ള ഏറ്റവും മികച്ച കഥാപാത്രമായിരിക്കും കാര്‍ബണിലേത്. പ്രവീണയുടെ അവതരിപ്പിച്ച സുജ എന്ന കഥാപാത്രവും ഏറെ മികച്ചു നിന്നു.

വേണുവിന്റെ ക്യാമറയിലെയും സംവിധാനത്തിലെയും മികവ് ഒരുപോലെ പ്രകടമായ ചിത്രമാണ് കാര്‍ബണ്‍. നിഗുഢത നിലനിര്‍ത്തി ത്രില്ലര്‍ മൂഡില്‍ ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. കെ.യു മോഹനന്റെ ക്യാമറ കാടിന്റെ വന്യമായ സൗന്ദര്യം മുഴുവന്‍ പകര്‍ത്തിയിട്ടുണ്ട്. ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്നതിലും ക്യാമറ വഹിച്ച പങ്ക് ചെറുതല്ല. വിശാല്‍ ഭരദ്വാജിന്റെ സംഗീതം ചിത്രത്തിനു മുതല്‍ക്കൂട്ടായി. ഒപ്പം ബിജിപാലിന്റെ പശ്ചാത്തല സംഗീതവും. ബീനാ പോളിന്റെ എഡിറ്റിങ്ങും അഭിനന്ദനീയമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക