Image

ഭരണസ്തംഭനം ഒരു തുടര്‍ക്കഥ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 January, 2018
ഭരണസ്തംഭനം ഒരു തുടര്‍ക്കഥ (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: മൂന്ന് ദിവസം നീണ്ടു നിന്ന ഒരു ഷട്ട് ഡൗണ്‍(ഭരണസ്തംഭനം) താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഇനി അടുത്ത ഭീഷണി ഫെബ്രുവരി 8നാണ്. അന്നുവരെയുള്ള ഫണ്ടിംഗാണ് കാമ്പിനറ്റ് അംഗീകരിച്ചിരിക്കുന്നത്.
ഫെഡറല്‍ സ്ഥാപനങ്ങളായ എയര്‍ഫോഴ്‌സ് ഫീല്‍ഡ് ഹൗസ്(എയര്‍ഫോഴ്‌സ് അക്കാഡമി) സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയുടെ പ്രവേശനകവാടമായ എല്ലിസ് ഐലന്റ് ഫെറിഗേറ്റ് എന്നിവയ്ക്ക് മുന്നില്‍ ഗവണ്‍മെന്റ് ഷട്ട്ഡൗണും പ്രവേശനമില്ല എന്നു അറിയിച്ചിരുന്ന വലിയ ബോര്‍ഡുകള്‍ തല്‍ക്കാലം നീങ്ങിക്കിട്ടി.

1996 ലും 2013 ലും ഉണ്ടായ ഭരണ സ്തംഭനങ്ങള്‍ പോലെ ഇത്തവണയും തല്പരകക്ഷികള്‍ ഉത്തരവാദിത്വം അടിച്ചേല്പിക്കുവാന്‍ ശ്രമിച്ചു. ന്യായമായും ആദ്യം വില്‍ നീണ്ടത് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന് നേര്‍ക്കാണ്. ഒരു മാസ്റ്റര്‍ ഡീല്‍മേക്കറായി അറിയപ്പെടുവാന്‍ ആഗ്രഹിക്കുന്ന ട്രമ്പ് ഒരു ഡീലിന് ലഭിച്ചു സുവര്‍ണ്ണാവസരം കളഞ്ഞു കുളിച്ചതായാണ് ആരോപണം. ഡെമോക്രാറ്റിക് പാര്‍ട്ടി ലീഡര്‍ ചക്ക് ഷൂമറുമായി വളരെ വൈകി ഉണ്ടാക്കിയ കരാറില്‍ നിന്ന് ഷൂമര്‍ പിന്‍മാറുന്നതായും അറിയിച്ചു. ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അവൈല്‍സ്(ഡാക) തുടരുവാന്‍ പ്രസിഡന്റ് മുന്‍കൈ എടുക്കുന്നില്ല എന്നാരോപിച്ച് ക്ഷുഭിതരായ വിഭാഗത്തെ സമാധാനിപ്പിക്കുവാന്‍ ട്രമ്പിന് കഴിഞ്ഞില്ല.

മുന്‍ വൈസ് പ്രസിഡന്റ്മാരെപോലെ ശോഭിക്കുവാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് കഴിഞ്ഞില്ല എന്നാണ് പ്രശ്‌നപരിഹാരത്തിന് ഒരു മധ്യസ്ഥനാകാന്‍ വിപി ശ്രമിച്ചില്ല എന്ന് നിരീക്ഷതകര്‍ അഭിപ്രായപ്പെടുന്നത്. ഒരു അവസരം പെന്‍സും നഷ്ടപ്പെടുത്തി. സെനറ്റ് ഡെമോക്രാറ്റുകള്‍ക്കിടയില്‍ പെന്‍സിനെകുറിച്ച് വലിയ മതിപ്പില്ല എന്നും സംസാരമുണ്ട്. മാത്രവുമല്ല ആ നാളുകളില്‍ പെന്‍സ് മദ്ധ്യപൂര്‍വപ്രദേശത്ത് സന്ദര്‍ശനം നടത്തുകയായിരുന്നു.

ജനപ്രതിനിധി സഭയിലെ ഒരു വിഭാഗം ടീ പാര്‍ട്ടി അനുകൂലികളും കടുത്ത യാഥാസ്ഥിതികരുമാണ്. അവര്‍ ഇടയ്ക്കിടെ പാസ്സാക്കുന്ന പ്രമേയങ്ങള്‍ സെനറ്റിന് സ്വീകാര്യമല്ല. കുടിയേറ്റ ബില്ലിലും ഇത് പ്രകടമായിരുന്നു.
പ്രതിനിധി സഭയിലെ ഡെമോക്രാറ്റുകള്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമില്ല, അതിനാല്‍ നിസ്സഹായരാണെന്ന് അറിയിച്ച് കൈമലര്‍ത്തും.

ഉത്തരവാദപ്പെട്ട മറ്റൊരു നേതാവ് സെനറ്റിലെ ഭൂരിപക്ഷ നേതാവായ മിച്ച് മക്കോണല്‍ ആണ്. തന്റെ ഭൂരിപക്ഷം നേരിയതാണെന്നും വൈറ്റ് ഹൗസില്‍ നിന്ന് വ്യക്തമായ നിര്‍ദേശം ഉണ്ടായില്ലെന്നും മക്കോണല്‍ പറയുന്നു. മുന്‍പ് ആരോഗ്യ, കുടിയേറ്റ നിയമശ്രമങ്ങളില്‍ മക്കോണല്‍ വാക്ക് പാലിച്ചില്ല എന്ന് ഡെമോക്രാറ്റുകള്‍ പരാതിപ്പെടുന്നു.
സെനറ്റ് മൈനോരിറ്റി ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമര്‍ ഡാക യുവജനങ്ങളില്‍ നിന്നും അവരുടെ അനുയായികളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി എന്നാരോപണമുണ്ട്. ഇപ്പോഴത്തെ ചുവടുമാറ്റം ഈ ആരോപണം ശക്തിപ്പെടുത്തുന്നു. ഇടയ്ക്കുണ്ടായ പിന്മാറ്റം പൊതുജനവികാരം എതിരായിരിക്കും എന്നതിനാലാണ്. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന 2016 ല്‍ ട്രമ്പിനെ വിജയിപ്പിച്ച സംസ്ഥാനങ്ങളിലെ സെനറ്റ് തിരഞ്ഞെടുപ്പുകള്‍ നിര്‍ണ്ണായകമാണ്. ഭരണസ്തംഭനത്തിന് കാരണക്കാരായി എന്ന ആരോപണവുമായി വോട്ടര്‍മാരെ സമീപിക്കുവാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ ഭയപ്പെടുന്നു.

ടെന്നസി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലമാര്‍ അലക്‌സാണ്ടറുടെ നിര്‍ദേശം മാനിച്ച് മക്കോണല്‍ ഡാക വിഷയത്തില്‍ സെനറ്റില്‍ ഡിബേറ്റിന് തയ്യാറാണെന്ന് അറിയിച്ചു. ട്രമ്പിന്റെ നിലപാട് വ്യക്തമായിട്ടില്ല. മക്കോണലിന്റെ നിര്‍ദേശപ്രകാരം സെനറ്റില്‍ ഡിബേറ്റ് നടത്തി ഡാക പാസാക്കിയാലും പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കനുകള്‍ ഇത് ചര്‍ച്ച ചെയ്യുവാനോ പാസാക്കുവാനോ തയ്യാറായി എന്ന് വരില്ല.

സെനറ്റിലെ മിതവാദികള്‍ സെനറ്റര്‍ ആംഗസ് കിംഗി(മെയിന്‍) ന്റെ നേതൃത്വത്തില്‍ മെയിനില്‍ നിന്നുള്ള മറ്റൊരു സെനറ്റര്‍ സൂസന്‍ കൊളിന്‍സിന്റെ ഓഫീസില്‍ സമ്മേളിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചത് ആശാവഹമായ നീക്കമായി പലരും കരുതുന്നു. കോമണ്‍ സെന്‍സ് കോക്കസ് എന്നാണ് സംഘം ഇപ്പോള്‍ അറിയപ്പെടുന്നത്. കൊളിന്‍സിന്റെ ഓഫീസിന് ലിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നും ഓമനപ്പേരുണ്ട്.
2013 ലെ ഭരണസ്തംഭനം എക്കോണമിക്ക് 24 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കി. ഇത് 19 ദിവസം  നീണ്ടു. ഇതിന് കാരണക്കാരന്‍ ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ് ആയിരുന്നു എന്ന് പലരും ആരോപിച്ചു. ക്രൂസ് ഇത് നിഷേധിച്ചിരുന്നു.
ഭരണസ്തംഭനം രണ്ടു കക്ഷികള്‍ക്കും നേട്ടം ഉണ്ടാക്കിയതായാണ് സമീപകാല ചരിത്രം. 1996 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബില്‍ ക്ലിന്റണ്‍ വീണ്ടും പ്രസിഡന്റായി. 2014 ലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം റിപ്പബ്ലിക്കനുകള്‍ കോണ്‍ഗ്രസ് കൈയടക്കി. 2018 ല്‍ എന്തു സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം.

ഭരണസ്തംഭനം ഒരു തുടര്‍ക്കഥ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക