Image

ജനാദ്രിയ പൈതൃകോത്സവം: ഇന്ത്യയും സൗദിയും സാംസ്‌കാരിക വിനിമയത്തിന്റെ പുതിയ വാതില്‍ തുറക്കും: അംബാസഡര്‍

Published on 25 January, 2018
ജനാദ്രിയ പൈതൃകോത്സവം: ഇന്ത്യയും സൗദിയും സാംസ്‌കാരിക വിനിമയത്തിന്റെ പുതിയ വാതില്‍ തുറക്കും: അംബാസഡര്‍

റിയാദ്: ഇന്ത്യ അതിഥിരാജ്യമാകുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായ ജനാദ്രിയ ഫെസ്റ്റിവല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. 

ഇന്ത്യയുമായി നൂറ്റാണ്ടുകളായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന സൗദി അറേബ്യ നമുക്കു തന്ന വലിയ അംഗീകാരമാണിതെന്ന് അംബാസഡര്‍ അഭിപ്രായപ്പെട്ടു. ജനാദ്രിയ പൈതൃകോത്സവം വര്‍ണാഭമാക്കി തീര്‍ക്കുന്നതിനും ഭാരതത്തിെന്റ സാംസ്‌കാരിക പൈതൃകവും വ്യവസായ വാണിജ്യ ആധുനിക സാങ്കേതികത്വങ്കളിലുമുള്ള നേട്ടങ്ങളും കൈവരിച്ച അഭിവൃദ്ധിയും വരച്ചു കാട്ടുന്നതിനുമുള്ള ഒരവസരമായി ഇതിനെ ഉപയോഗപ്പെടുത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ നിന്നും ഉന്നതതല സംഘം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിെന്റ നേതൃത്വത്തില്‍ ഇതിനായി സൗദി അറേബ്യയിലെത്തും. വിവിധ സംസ്ഥാനങ്ങളിലേയും ഭാഷാ വൈവിധ്യങ്ങളിലേയും സാംസ്‌കാരിക പരിപാടികളും 18 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവവേളയില്‍ അവതരിപ്പിക്കപ്പെടും. വ്യവസായ വാണിജ്യ മേഖലകളിലെ വിവിധ പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പരിപാടിയില്‍ പങ്കെടുക്കും. 

ഫെബ്രുവരി ഏഴിന് സൗദി രാജാവ് സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ഉത്സവം ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. കേരളീയ സാംസ്‌കാരിക പരിപാടികളായ കഥകളി, കളരിപ്പയറ്റ് എന്നിവ കൂടാതെ മണിപ്പൂരി, രാജസ്ഥാനി, കഥക് പുര്‍ലിയ ചാവു, ഭാംഗ്ര തുടങ്ങിയ കലാരൂപങ്ങളും ഇവിടെ അവതരിപ്പിക്കും. സൗദി അറേബ്യയിലെ വിവിധ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും രാംപൂര്‍ റാസ ലൈബ്രറിയില്‍ നിന്നുള്ള അറബിക് കാലിഗ്രാഫി പ്രദര്‍ശനവും പ്രവാസികള്‍ അവതരിപ്പിക്കുന്ന വിവിധ ഇനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ഉണ്ടായിരിക്കുമെന്നും അംബാസഡര്‍ പറഞ്ഞു. 

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിനു കീഴിലുള്ള വിവിധ വ്യവസായ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ജനാദ്രിയ ഫെസ്റ്റിവലിനെത്തുന്നുണ്ട്. ടാറ്റാ മോട്ടേഴ്‌സ്, എല്‍ആന്‍ഡ്ടി, ഇറാം ഗ്രൂപ്പ്, ലുലു ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രിന്‍സിപ്പല്‍ സ്‌പോണ്‍സര്‍മാരും ഷപ്പൂര്‍ജി പല്ലോന്‍ജി, അല്‍ അബീര്‍ ഗ്രൂപ്പ്, ഇനോക്‌സ് തടങ്ങിയ മറ്റ് സ്‌പോണ്‍സര്‍മാരും ഇന്ത്യന്‍ പവലിയനില്‍ പ്രത്യേകം സ്റ്റാളുകളും വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് ഫെബ്രുവരി 12 ന് ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ ഇന്തോ  സൗദി ബന്ധത്തെക്കുറിച്ച് പ്രത്യേക സെമിനാറും നടക്കും. 

യോഗ പ്രദര്‍ശനവും ബോളിവുഡ് സിനിമാ പ്രദര്‍ശനവും എല്ലാ ദിവസത്തേയും ആകര്‍ഷണമായിരിക്കും. ആയുര്‍വേദ, യൂനാനി, പ്രകൃതി ചികിത്സ തുടങ്ങിയ ഇന്ത്യന്‍ ചികിത്സാ രീതികളും ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികളും നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഡിസിഎം ഡോ. സുഹൈല്‍ ഇജാസ് ഖാന്‍, ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്‌സുല്‍റഹ്മാന്‍, പൊളിറ്റിക്കല്‍ അറ്റാഷേ ഡോ. രാം ബാബു തുടങ്ങിയവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക