Image

നാട്ടുവഴികളിലൂടെ (നിധുല മാണി)

Published on 26 January, 2018
നാട്ടുവഴികളിലൂടെ (നിധുല മാണി)
ഞാന്‍ ഉള്‍പ്പെടയുള്ള ലോകം സ്വാര്‍ത്ഥര്‍ ആവുകയല്ലേ. എവിടെയും മറ്റുള്ളവരെ മാനിക്കുന്നവര്‍ തീര്‍ത്തും ഒഴിവാക്കപ്പെടുന്നു. ഇത് കാലത്തിന്റെ മാറ്റം, നല്ലതോ, ചീത്തയോ, മനുഷ്യര്‍ സ്വാര്‍ത്ഥര്‍ ആവുകയാണ് . ചിന്ത ചെന്നെത്തിയത് പണ്ട് കാലത്തെ നന്മയുള്ള സ്ത്രീകളിലാണ്.

ഒരു കുടുംബത്തില്‍ ചെന്നപ്പോള്‍ കണ്ടത് അവിടെ ഭര്‍ത്താവിന് വേണ്ടതു അദ്ദേഹം എടുത്തു തിന്നുന്നു. ഭാര്യ അവരുടെ കാര്യവും നോക്കുന്നു. വീടിന്റെ രണ്ടു കോണിലായിട്ടു രണ്ട ആത്മാക്കള്‍. കുട്ടികളുടെ കാര്യങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. അവര്‍ സദാ ടി വി യുടെ മുന്‍പിലാണ്. സ്ത്രീകളുടെ ജോലിഭാരം അവരെ തളര്‍ത്തുന്നതാണോ. വളരെ കഷ്ടപ്പെട്ടു സമ്പാദിച്ച ജോലി അവര്‍ക്കും വളരെ പ്രധാനം.

ഒരു തലമുറ മുന്‍പ് വരെ സ്ത്രീകള്‍ ജോലി ചെയുന്നത് അംഗീകരിക്കുന്ന സമൂഹം കുറവായിരുന്നു. ഈ കാലഘട്ടത്തിലും ജോലിയുള്ള, പണം യഥേഷ്ടം കൈകാര്യം ചെയുന്ന സ്ത്രീകള്‍ അഹങ്കാരികള്‍ ആണ്. ഒരു പക്ഷെ അവര്‍ ഇതിനോടൊക്കെയുള്ള പ്രതികരണം ആയിട്ടു സ്വാര്‍ത്ഥമായ ചിന്തയിലേക്ക് നീ ങ്ങുകയാണോ. കണ്ടതും കേട്ടതുമായ അനുഭവങ്ങള്‍ അവരെ സ്വാര്‍ത്ഥരായി ചിന്തിപ്പിക്കുന്നുണ്ടോ?

പണ്ട് കാലത്തു സ്ത്രീകള്‍ എപ്പോളും കുടുംബത്തിലെ എല്ലാവരുടെയും കാര്യങ്ങള്‍ നോക്കി ചെയ്തിരുന്നു. ക്രമേണ അത് അവരിലേക്ക് അടിച്ചമര്‍ത്തപെട്ടു. സ്വാര്‍ത്ഥതയുടെ വേറൊരു രൂപമായി സ്ത്രീകള്‍ അടുക്കളയില്‍ വാഴാന്‍ മാത്രം വിധിക്കപ്പെട്ടു. അവരുടെ ചിന്തകളും അഭിപ്രായങ്ങളും തിരക്കുവാന്‍ എല്ലാവരും സൗകര്യപൂര്‍വം മറന്നു. അവര്‍ക്കും ചിന്തകള്‍ ഉണ്ടെന്നു മറന്നു തുടങ്ങി. നാരി വാഴുന്നിടം നരകം എന്ന് ചൊല്ലി. അവരെ അടുക്കലേക്കു ഉള്ളില്‍ മാത്രം കഴിയുവാന്‍ വിധിക്കപ്പെട്ടവരാക്കി. എന്നാല്‍ നിസ്വാര്‍ത്ഥത ചൂഷണമാക്കപ്പെട്ടതോടെ ആ വലിയ നന്മ സ്ത്രീകളില്‍ നിന്ന് അപ്രത്യക്ഷമായി തുടങ്ങി .

ഒരു പക്ഷെ നന്മയുടെ അവസാന മാറ്റവും ഇതുകൊണ്ടാവും സംഭവിക്കുന്നത് .പയറ്റുന്നവര്‍ക്കു മാത്രം ശബ്ദിക്കാന്‍ ഒരിടം കിട്ടുന്നു. പലപ്പോളും കുടുംബത്തിനും മക്കള്‍ക്കും വേണ്ടി സ്ത്രീകള്‍ സഹിച്ചിരുന്നു, സ്‌നേഹത്തോടെ . എന്നാല്‍ അതിന്നു ഇല്ലാതായി കൊണ്ടിരിക്കുന്നു.

അമ്മയുടെ കളങ്കമില്ലാത്ത സ്‌നേഹം അവളില്‍ നിന്ന് ഇല്ലാതാവുന്ന നാള്‍ ചിന്തിക്കാന്‍ തന്നെ വയ്യ. അവളെയും മാനിക്കു, സ്വാര്‍ത്ഥതയില്ലാതെ . ദാസി വേല ചെയ്ത് മക്കള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ നീട്ടി കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്ന അവള്‍ ദേവീമയമാണ്. അവളിലെ നന്മ നശിക്കാതിരിക്കട്ടെ . ഇനിയും പൂജനീയരായ സ്ത്രീകള്‍ ജനിക്കട്ടെ.. പൂജനീയരായ ജനങ്ങള്‍ ഇനിയും ലോകത്തില്‍ നിറയട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക