Image

കന്മദപ്പൂക്കള്‍ (നോവല്‍- അധ്യായം-1 : കാരൂര്‍ സോമന്‍)

Published on 26 January, 2018
കന്മദപ്പൂക്കള്‍ (നോവല്‍- അധ്യായം-1 : കാരൂര്‍ സോമന്‍)
മണ്‍ചെരാത്

2016 ക്രിസ്മസ്.
നക്ഷത്രപ്പൂക്കള്‍ പുതഞ്ഞു ശാന്തമായ ഈസ്റ്റ് ഹാം തെരുവില്‍ മഞ്ഞിന്റെ അലസമഗമനം.
തണുപ്പ് അധികരിച്ചതിനാലാവാം തെരുവു പെട്ടെന്നു വിജനമായി.
മുറിയില്‍ ഇരുട്ട് കട്ടപിടിച്ചു കിടന്നു. മഞ്ഞ് പറ്റിപിടിച്ച ജനാലയിലൂടെ തെരുവുവിളക്കിന്റെ വെളിച്ചം മുറിക്കുള്ളിലേക്ക് കയറി വരുന്നുണ്ട്. അവള്‍ക്ക് ഉറക്കെ കരയണം എന്നുണ്ടായിരുന്നു. ശബ്ദം പുറത്തേക്ക് വരുന്നതേയില്ല. മരവിച്ച അന്തരീക്ഷത്തില്‍ അവളുടെ മനസ്സും മരവിച്ചു പോയിരുന്നു.
മുട്ടുനീളെയുള്ള കുപ്പായം ചുറ്റിപ്പിടിച്ച് പീറ്റര്‍ അവളുടെ അടുത്തേക്ക് വന്നു.
അവളുടെ ശ്വാസഗതി ഉച്ചത്തിലായി. പേടിപ്പിക്കുന്ന വന്യമൃഗത്തിന്റെ ആര്‍ത്തി നിറഞ്ഞ ക്രൗര്യമുഖം. അതടത്തു നിമിഷം തന്നെ തന്റെ മേല്‍ ചാടിവീഴുമെന്നും തന്നെ പിച്ചിച്ചീന്തുമെന്ന ഭയാശങ്കയോടെ അവള്‍ വാപൊത്തി പിടിച്ചു കരഞ്ഞു.
തണുപ്പില്‍ അവള്‍ വിറക്കുന്നുണ്ടായിരുന്നു. പുറത്ത് ആര്‍ത്തിയോടെ മഞ്ഞു പെയ്തുകൊണ്ടിരുന്നു. അവള്‍ക്ക് ബോധം മറയുന്നതു പോലെ തോന്നി. രക്ഷപ്പെടാന്‍ ഒരു പഴുതുമില്ല. മുറിക്കുള്ളില്‍ പെട്ടെന്ന് ചൂടു കൂടന്നതായി അവള്‍ക്കു തോന്നി. അവളെ അലസമായി നോക്കി കൊണ്ട് അയാള്‍ ഹീറ്ററിന്റെ ചൂടു കുറച്ചു. മുറിയുടെ മൂലക്കിരുന്നുന്ന് വിങ്ങിപ്പൊട്ടി കരയുന്ന അവളോട് ഒരു ദാക്ഷിണ്യവുമില്ലാതെ അയാള്‍ അവളുടെ കാല്‍വണ്ണകളില്‍ മഞ്ഞിന്റെ നീരാളിവല ചുറ്റിയ ഷൂസു കൊണ്ട് ഒന്നു സ്പര്‍ശിച്ചു. രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവും മുന്നില്‍ തെളിയുന്നില്ല. മനോധൈര്യമെല്ലാം ചോര്‍ന്നുപോകുന്നു. മനസ്സിന്റെ ചാഞ്ചല്യം വര്‍ദ്ധിക്കുകയാണ്. ഒരു മൂത്ത സഹോദരനെപ്പോലെ ഇതുവരെ പെരുമാറിയ ആള്‍ ഇങ്ങനെ ചെയ്യുമെന്നു കരുതിയതേയില്ല. അതു കൊണ്ടാണ് അയാളൊന്നു വിളിച്ചപ്പോള്‍ സംശയമൊന്നുമില്ലാതെ കാറില്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഈ അര്‍ദ്ധരാത്രിയില്‍ ഒരു പുരുഷനൊപ്പം ഒറ്റക്ക് സഞ്ചരിക്കാന്‍ പാടില്ലായിരുന്നു.
ആനന്ദാശ്രുക്കള്‍പൊഴിച്ചുകൊണ്ടാണ് യാത്ര തിരിച്ചത്. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ചിന്തിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു ഈ മുറിക്കുള്ളില്‍ അരങ്ങേറിയത്. പുറത്ത് ക്രിസ്മസ് ആഘോഷങ്ങളുടെ വാദ്യ ആരവം. അവളില്‍ ഭയവും പരിഭ്രമവും വേദനയും നക്ഷത്രത്തോളം വളര്‍ന്നു. എത്രമാത്രം ശ്രമിച്ചിട്ടും കരയാതിരിക്കാന്‍ കഴിയുന്നില്ല. ദയാവായ്‌പോടെ അവള്‍ മിഴികളുയര്‍ത്തി പീറ്ററിനെ നോക്കി. ആ സങ്കടയാചനയില്‍ ഒന്നു മാത്രമേയുണ്ടായിരുന്നുള്ളൂ.
എന്നെ നശിപ്പിക്കരുത്.
** ** ** **
പുറത്ത് യാതൊരു ഭാവഭേദവുമില്ലാതെ ലാവണ്യസുരഭിലമായ മഞ്ഞുപൂക്കള്‍ കൊഴിഞ്ഞു വീണു.
വ്യവസായപ്രമുഖനായ പീറ്റര്‍ ലക്ഷ്മണന്റെ വീട്ടില്‍ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ എത്തിക്കൊണ്ടിരുന്നു. പുറത്തെ കൊടുംതണുപ്പില്‍ പ്രകൃതി മരവിച്ചു കിടന്നു. അതിശൈത്യത്താല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചു. പുറത്ത് കാര്‍ പാര്‍ക്കുചെയ്തിട്ട് തണുത്തുറഞ്ഞുകിടക്കുന്ന മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ കോട്ടും സ്യൂട്ടുമണിഞ്ഞ സായിപ്പ് ജോണ്‍ കോസ്റ്റലോ നടന്നു. അയാളുടെ കാലടികള്‍ നിലാവില്‍ തെളിഞ്ഞുനിന്ന മഞ്ഞ് രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ജോണ്‍ വീടിനുള്ളില്‍ കണ്ടത് പുറത്തെ മഞ്ഞുകട്ടകളുടെ തിളക്കംപോലെ വീടിനുള്ളിലും എല്ലാം മിഴികളും സന്തോഷത്താല്‍ തിളങ്ങിനില്‍ക്കുന്ന കാഴ്ചയായിരുന്നു. സാരിയണിഞ്ഞുനിന്ന സ്ത്രീകളെ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു.
വീട്ടിലെ ഹാളിനുള്ളില്‍ മനോഹരങ്ങളായ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആ കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ-നടീനടന്മാരുടെ പീറ്ററിനൊപ്പമുള്ള ഫോട്ടോകളുണ്ട്. ഹാളിന്റെ ഒരു കോണിലായി ഉണ്ണിയേശുവിന്റെ ഒരു പുല്‍ക്കൂട്. അതിനടുത്തായി ഒരു ക്രിസ്മസ്മരം. അതില്‍ നിറയെ തിളങ്ങുന്ന നക്ഷത്രങ്ങള്‍. ഹാളിനുള്ളില്‍ നിന്ന് സംഗീതസാന്ദ്രമായ ഒരു ഇംഗ്ലീഷ് ക്രിസ്മസ് ഗാനം ഉയര്‍ന്നു. സെറ്റിയിലിരുന്ന ചിലര്‍ ആ ഗാനത്തില്‍ ലയിച്ചിരിക്കുകയാണെന്ന് അയാള്‍ക്ക് തോന്നി. ഹാളിനുള്ളിലെ ഇളംചൂടില്‍ നിന്നവരും ഇരുന്നവരും സ്വകാര്യസംഭാഷണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ അവരുടെ മദ്ധ്യത്തിലേക്ക് ശുഭ്രവസ്ത്രധാരിയായ യുവസുന്ദരി പുഞ്ചിരി പൊഴിച്ചു ഒരു ട്രേയില്‍ വൈനും ഓറഞ്ചുജ്യൂസുമായി വന്നു. നയനമനോഹരമായിരുന്നു ആ വരവ്. ട്രേയിലെ പാനീയങ്ങള്‍ അവള്‍ ഓരോരുത്തര്‍ക്കായി നല്കി. ചിലര്‍ ദൃഷ്ടികള്‍ എടുക്കാതെ അവളെ നോക്കി. അന്യാദൃശ്യമായിരുന്നു ആ സൗന്ദര്യം. ജോണിന്റെ മുന്നിലേക്ക് അവള്‍ ട്രേ നീട്ടി. അഴകിന്റെ വര്‍ണ്ണക്കുടകള്‍ നിവര്‍ത്തി നില്ക്കുന്നവളെ നിറപുഞ്ചിരിയോടെ നോക്കി കൊണ്ടു വൈന്‍ ഗ്ലാസ് ജോണ്‍ ട്രേയില്‍ നിന്നെടുത്തു.
""എന്താ, പേര്?'' അവള്‍ മൊഴിഞ്ഞു, ""ആന്‍ ഏലിയാസ്.''
ഹാളിനുള്ളില്‍ ഉയര്‍ന്നുനിന്ന് തുള്ളിതുളുമ്പുകയായിരുന്ന ദിവ്യഗാനത്തിനൊപ്പം വൈനിന്റെ ലഹരിയും ലയിച്ചു. വൈന്‍ രുചിച്ചു കൊണ്ട് ആനിനെ തന്നെ അയാള്‍ നോക്കി നിന്നു. ആഡംബര വസ്ത്രമായിരുന്നില്ല അവള്‍ ധരിച്ചിരുന്നത്. എന്നിട്ടും ഹൃദയത്തിലേക്ക് ആവേശിക്കുന്ന എന്തോ ഒരു അഭൗമിക സൗന്ദര്യം അവള്‍ക്കുണ്ടെന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തി.
എല്ലാവര്‍ഷവും ക്രിസ്മസ് പാര്‍ട്ടിക്ക് പീറ്റര്‍ അയാളെ വിളിക്കാറുണ്ട്. സുഹൃത്താണ്. ലണ്ടനിലെ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ പീറ്ററിന് ജോണിനെ ഒഴിവാക്കാനാവുമായിരുന്നില്ല. ആന്‍ വീണ്ടും നിറഞ്ഞ ട്രേയുമായി വന്നപ്പോള്‍ അയാള്‍ തന്റെ വീഞ്ഞുപാത്രം വായിലേക്ക് കമിഴ്ത്തി. ഒരു നിമിഷം, ആനിന്റെ കണ്ണുകള്‍ ജോണില്‍ ഉടക്കി. അയാള്‍ ആംഗ്യവിക്ഷേപത്തോടെ അവളെ അടുത്തേക്ക് വിളിച്ചു. അവള്‍ ട്രേ നീട്ടു കൊണ്ടു പറഞ്ഞു, ""എടുക്കൂ''.
കാലിയായ ഗ്ലാസ് ട്രേയില്‍ വച്ചിട്ട് മറ്റൊരു വൈന്‍ഗ്ലാസ്സ് ജോണ്‍ എടുത്തു. നിശ്ശബ്ദങ്ങളായ കണ്ണുകള്‍, ചുണ്ടുകള്‍. മുഖത്ത് നേരിയൊരു പുഞ്ചിരി. തന്നെ മറ്റുള്ളവരും ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായപ്പോള്‍ അവള്‍ വേഗം അകത്തേക്ക് നടന്നു. അടുക്കളയില്‍ നിന്നു പീറ്ററിന്റെ ഭാര്യ ശകുന്തള വിളിച്ചു പറഞ്ഞു. ""ഇനിയും എല്ലാവരും ആഹാരം കഴിക്കട്ടെ.''
ആനിനൊപ്പം മറ്റു രണ്ടു സ്ത്രീകള്‍ കൂടി തീന്‍മേശക്ക് മുകളില്‍ വിഭവസമൃദ്ധമായ ആഹാരസാധനങ്ങള്‍ നിരത്തി വച്ചു. ആന്‍ മദ്യപാനികളെ നോക്കി. വൈന്‍ പോലും കുടിക്കാത്തവരുണ്ട്. അമിതമായി ആരും കുടിക്കുന്നില്ല. വിശുദ്ധമദ്യപാനികളുടെ നാട്. ആകാശത്ത് നീലമലകളില്‍ നിന്ന് നിലാവ് മഞ്ഞുപൂക്കള്‍ക്കൊപ്പം മണ്ണിലേക്ക് വെളിച്ചം വിതറി. ചന്ദ്രപ്രഭയില്‍ മഞ്ഞും മരങ്ങളും വെണ്‍മയാര്‍ന്നു കിടന്നു. മഞ്ഞുവീഴ്ചയും കാറ്റും പുറത്ത് ശക്തമായി. ജനാലകള്‍ ശബ്ദിക്കുന്നുണ്ട്.
പുറത്ത് അന്തരീക്ഷമാകെ വെള്ളപ്പുടവ ധരിച്ചു കിടക്കുകയാണ്. ജോണ്‍ തരം കിട്ടിയപ്പോഴൊക്കെ ആനിനെ ഇടവിട്ട് നോക്കുന്നുണ്ടായിരുന്നു. അവള്‍ പീറ്ററിന്റെ ആരാണ്? ബന്ധുവാണോ അതോ സുഹൃത്തോ? പീറ്റര്‍ ഒരു കയ്യില്‍ വൈനുമായി ജോണിന് അടുത്തുവന്നു പറഞ്ഞു. ""മൈ ഡിയര്‍, ആഹാരം കഴിക്കാം.'' സ്‌നേഹത്തോടെ ജോണ്‍ പീറ്ററിനെ നോക്കി. ജോണിന് ആഹാരം കഴിക്കണമെന്നേ ഇല്ലായിരുന്നു. അയാളുടെ മനസ്സു നിറയെ ആന്‍ എന്ന പെണ്‍കുട്ടിയായിരുന്നു.
തീന്‍മേശ കാലിയായി കൊണ്ടിരുന്നു. എല്ലാത്തിനും നേതൃത്വം നല്‍കി കൊണ്ട് ശകുന്തള ഓടി നടന്നു. ആനിനും വിശ്രമമില്ലായിരുന്നു.
ശകുന്തള വൈന്‍ കുടിച്ചുകൊണ്ടിരിക്കെ ആനിനെയും നിര്‍ബന്ധിച്ചു. പക്ഷേ, അവളത് നിരസിച്ചു. പകരം ഓറഞ്ച് ജ്യൂസാണ് അവളെടുത്തത്. പീറ്ററും ജോണും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജോണ്‍ ചോദിച്ചു. ""പീറ്റര്‍ നീ ഏതു സഭക്കാരനാണ്? ഏത് പള്ളിയിലാണ് പോകുന്നത്?''
പീറ്ററിന്റെ ബന്ധുവാണ് ആന്‍ എങ്കില്‍ അവളെ വിവാഹം കഴിക്കാനുള്ള തുടക്കം എന്ന നിലയിലാണ് അയാള്‍ അങ്ങനെ ചോദിച്ചത്. എന്നാല്‍ പീറ്റര്‍ അതു പ്രതീക്ഷിച്ചതേ അല്ലായിരുന്നു. അയാള്‍ക്ക് ആഹാരം തൊണ്ടയിലുടക്കിയതായി തോന്നി. ചെറുതായിയൊന്നു ചുമച്ചു. മുഖത്ത് വല്ലാത്തൊരു ചാഞ്ചല്യം. മേശപ്പുറത്തിരുന്ന വെള്ളമെടുത്തു കുടിച്ചു.
ചെറിയൊരു പുഞ്ചിരി വരുത്തി പറഞ്ഞു,
""ക്ഷമിക്കണം ജോണ്‍. എനിക്കൊരു സഭയോ പള്ളിയോ ഇല്ല. ഞാന്‍ കാണുന്നതും കാത്തിരിക്കുന്നതും ആനന്ദമാണ്. ആഹ്ലാദമാണ്'' വാക്കുകള്‍ വളരെ താല്പര്യത്തോടെയാണ് ജോണ്‍ കേട്ടത്. പീറ്റര്‍ തുടര്‍ന്നു, ""ഈ രാജ്യത്ത് വന്ന ചില ഹിന്ദുക്കളും മുസ്ലീങ്ങളും അവരുടെ പേരു മാറ്റി ക്രിസ്ത്യന്‍ പേര് കൊടുത്തിട്ടുണ്ട്. വര്‍ണ്ണവിവേചനത്തില്‍ നിന്ന് രക്ഷപെടാനാണ് ചിലരൊക്കെ അത് ചെയ്തതെങ്കില്‍ എന്റെ പേര് മാറ്റാനുണ്ടായ കാരണം ലക്ഷ്മണന്‍ കാര്‍ത്തികേയന്‍ എന്നപേര് ഇവിടുത്തുകാര്‍ക്ക് വിളിക്കാന്‍ പ്രയാസമുള്ളതുകൊണ്ടാണ്. ഭാര്യയുടെ പേര് ശകുന്തളയെന്നാണ്. ഇവിടുത്തുകാര്‍ ആ പേര് മുറിച്ചുമാറ്റി ശാകുവാക്കി. ഇവിടെയുള്ള ഒരു പെണ്ണിനെ വിവാഹം കഴിച്ച് ഇവിടെയെത്തുമ്പോള്‍ ജാതിമതചിന്ത മനസ്സിലുണ്ടായിരുന്നു. മതത്തെക്കാള്‍ മനുഷ്യരെ സ്‌നേഹക്കുന്ന മനുഷ്യരെയാണ് ഇവിടെ കാണാന്‍ കഴിഞ്ഞത്. ഒരുപക്ഷെ അവരുടെ പരന്ന വായനയായിരിക്കും അതിന്റെ അടിത്തറ, അല്ലേ മിസ്റ്റര്‍ ജോണ്‍?''
പീറ്റര്‍ അങ്ങനെയായിരുന്നു. എന്തും തുറന്നു സംസാരിക്കും. ജീവിതം അയാള്‍ ആസ്വദിച്ചു. ഭാര്യയുടെ അച്ഛന്റെ മരണത്തോടെ അദ്ദേഹം നടത്തിയിരുന്ന ട്രാവല്‍ ഏജന്‍സിയും റിയല്‍ എസ്റ്റേറ്റും ഭാര്യക്കൊപ്പം ഏറ്റെടുത്ത് നടത്തിയാണ് പീറ്റര്‍ വ്യവസായ സാമ്രാജ്യം വലുതാക്കിയത്. ബിസിനസ്സില്‍ വളര്‍ച്ചയുണ്ടായപ്പോള്‍ ഒരു മാന്‍പവര്‍ ബിസിനസ്സ് നടത്തി. പിന്നീട്, കേരളത്തില്‍ നിന്നുള്ള ഒരു ചാനലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ചാനല്‍ മുഖേന ധാരാളം ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. ചാനല്‍ വഴി നടക്കുന്ന അഭിമുഖങ്ങള്‍, കുട്ടികളുടെ മത്സരങ്ങള്‍, പലസംഘടനകളുടെ പരിപാടികള്‍ മുതലായവ ചാനല്‍വഴി പ്രക്ഷേപണം ചെയ്യുമ്പോള്‍ അവരില്‍ നിന്ന് കിട്ടുന്ന ധനം മാത്രമല്ല ഇവരൊക്കെ സ്വന്തം നാട്ടില്‍ ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോകുന്നത്. ഇതുകൂടാതെ കേരളത്തില്‍നിന്ന് നടീനടന്മാരെ പല പരിപാടികള്‍ നടത്തിച്ച് ടിക്കറ്റ് വിറ്റും ടി.വി പരസ്യത്തിലൂടെയും കാശുണ്ടാക്കുന്നുണ്ട്. പീറ്റര്‍ പത്താംക്ലാസ്സില്‍ തോറ്റവനെങ്കിലും ബോംബെയില്‍ നിന്നുള്ള ഉന്നതവിദ്യാഭ്യാസം നേടിയതിന്റെ സ്വര്‍ണ്ണലിപികളില്‍ എഴുതപ്പെട്ട കള്ളരേഖകള്‍ കയ്യിലുണ്ട്. ഏതുവിഷയത്തെപ്പറ്റി ടി.വിയില്‍ ആരുമായും സംസാരിക്കണമെങ്കില്‍ പീറ്ററാണ് അതിന്റെ നിര്‍മ്മാതാവും അവതാരകനും. നിലവാരമോ യാതൊരു കാഴ്ചപ്പാടുകളോയില്ലാത്ത പല പരിപാടികളും പലര്‍ക്കും അരോചകമായി തോന്നാറുണ്ട്. മറ്റൊരു ടി.വി. ചാനല്‍ ഇവിടെയില്ലാത്തതും പീറ്ററിന് തുണയായി.
നാട്ടില്‍ നിന്നു വരുന്ന ചില നടിമാരുമായുള്ള അവിഹിത ബന്ധങ്ങളോ ഒപ്പം നാട്ടില്‍ നിന്ന് വരുന്ന ചില പ്രമുഖര്‍ക്ക് ഇവിടുത്തെ മദാലസ മദാമ്മകളെ കാഴ്ചവയ്ക്കുന്നതോ പീറ്റര്‍ രഹസ്യമായി സൂക്ഷിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. വീട്ടില്‍ ഉറങ്ങുന്ന സമയമൊഴിച്ചാല്‍ പീറ്ററെ കാണാന്‍ കഴിയുന്നത് കോട്ടും സ്യൂട്ടും ടൈയും വേഷത്തിലാണ്. പ്രായം നാല്പതുണ്ടെങ്കിലും ഒറ്റനോട്ടത്തില്‍ മുപ്പതില്‍ കൂടുതല്‍ തോന്നിക്കില്ല. സ്വന്തം സ്ഥാപനത്തില്‍ പത്ത് പേരോളം ജോലി ചെയ്യുന്നുണ്ട്. അതില്‍ കൂടുതലും സ്ത്രീകളാണ്. അതില്‍ ഒരാളാണ് ആന്‍.
സുന്ദരികളായ സ്ത്രീകള്‍ പീറ്ററിന് ഒരു ബലഹീനതയാണ്.
രണ്ട് കുട്ടികളുടെ അച്ഛനാണെങ്കിലും ഈ കാര്യത്തില്‍ തെല്ലും ലജ്ജയോ കുറ്റബോധമോ ഇല്ല. മറ്റുള്ളവരുടെ മുന്നില്‍ ഇയാള്‍ പ്രശസ്തനും മര്യാദക്കാരനും മാന്യനുമാണ്. അകത്തെ മുറിയില്‍ പീറ്ററിന്റെ മക്കള്‍ക്കൊപ്പം മറ്റ് കുട്ടികള്‍ കംപ്യൂട്ടര്‍ കളികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ഒരു കുട്ടിയുടെ അമ്മ മകനെ വീട്ടില്‍പോകാന്‍ നിര്‍ബന്ധിച്ചത്. ഭര്‍ത്താവ് ജോലിയിലായതിനാല്‍ അവരെ വീട്ടിലെത്തിക്കുന്ന ചുമതല പീറ്ററിനാണ്. ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങി. ജോണും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഉള്ളില്‍ ഒരു വിളക്കുപോലെ നിന്ന ആനെ ഒരിക്കല്‍ക്കൂടി നോക്കി. അവളുടെ കാര്യം പീറ്ററുമായി മറ്റൊരു ദിവസം സംസാരിക്കാനും തീരുമാനിച്ചു. ശകുന്തളയോടു യാത്ര പറഞ്ഞ് ആനുമിറങ്ങി. മഞ്ഞുവീഴ്ച നിന്നിരുന്നു. വഴിയില്‍ കട്ടപിടിച്ച് കിടക്കുന്ന മഞ്ഞിന് മുകളില്‍ ചവിട്ടി അവര്‍ കാര്‍ കിടന്ന ഭാഗത്തേക്ക് നടന്നു. കാല്‍പ്പാദങ്ങള്‍ മഞ്ഞില്‍ തെളിഞ്ഞുനിന്നു. പീറ്റര്‍ മഞ്ഞിന് മുകളിലൂടെ കാര്‍ പതുക്കെ ഓടിച്ചു.
വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഭാര്യയുടെ കാതില്‍ പീറ്റര്‍ മന്ത്രിച്ചു.
"നിങ്ങള്‍ കിടന്നോ? എനിക്ക് മറ്റൊരു കൂട്ടുകാരന്റെ വീട്ടിലെ ക്രിസ്മസ് പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടേ വരാന്‍ പറ്റൂ. വരുമ്പോള്‍ ലേറ്റാവും. പീറ്റര്‍ ആദ്യം കൂട്ടുകാരന്റെ ഭാര്യയെയും കുട്ടിയെയും അവരുടെ വീട്ടില്‍ ഇറക്കിവിട്ടു. പിന്നീട് പോയത് ആന്‍ താമസിക്കുന്ന വീട്ടിലേക്കാണ്. അത് എസ്സക്‌സിലാണ്. ഈസ്റ്റ്ഹാമിന്റെ അടുത്ത പ്രദേശമാണത്. എന്നാല്‍ ലണ്ടനിലുള്ളില്‍ അല്ലതാനും. വഴിയോരങ്ങളെല്ലാം വിവിധ വര്‍ണ്ണങ്ങളാല്‍ അലംകൃതമാണ്. ഓരോരോ കൗണ്‍സിലുകളാണ് ആ ദൗത്യം ചെയ്യുന്നത്. ആന്‍ താമസിക്കുന്ന വീടും പീറ്ററിന്റെ സ്വന്തമാണ്. നാട്ടില്‍ നിന്ന് വരുന്ന കുട്ടികളെയും ഉദ്യോഗാര്‍ത്ഥികളെയും ഇവിടെയാണ് താമസ്സിപ്പിക്കുന്നത്. ഒരിക്കല്‍പ്പോലും വീട് വെറുതെ കിടക്കാറില്ല. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അവിടെ താമസ്സാക്കാരുണ്ടായിരിക്കും. അവരില്‍ നിന്ന് വാടകയും ഈടാക്കും. അവര്‍ കാറില്‍നിന്ന് പുറത്തിറങ്ങി. അവള്‍ കതക് തുറന്നപ്പോള്‍ അടുത്തുനിന്ന പീറ്ററിനോട് പറഞ്ഞു. "ഓക്കെ സാര്‍ ഗുഡ്‌നൈറ്റ്.'
"എന്തായാലും വന്നതല്ലേ, വീടൊന്നു കണ്ടിട്ട് പോകാം.'
എന്താ എതിര്‍പ്പുണ്ടോ?''
"ഹേയ് ഒന്നുമില്ല.' അവള്‍ പ്രസന്നവതിയായി പറഞ്ഞു.
അവള്‍ മുറിക്കുള്ളില്‍ ലൈറ്റിട്ടു. വീടിനുള്ളിലെ ഹീറ്റര്‍ ഓണ്‍ ചെയ്തു. പീറ്റര്‍ അടുക്കളയിലും മുകളിലെ കിടക്കമുറിയിലും കണ്ണുകളോടിച്ചു. കിടക്കമുറിയിലെത്തിയ പീറ്റര്‍ ആ മുറിയുടെ വാതിലടച്ച് കുറ്റിയിട്ടു. അവള്‍ ഒരു ഞെട്ടലോടെ നോക്കി. ആ നിഷ്ക്കളങ്കഹൃദയം പിടച്ചു.
"എന്താ സാര്‍ ഇത്?' എന്നെ ഉപദ്രവിക്കരുത് പ്ലീസ്.'
അഴകാര്‍ന്ന അവളുടെ മാറിടത്തിലും സ്തനങ്ങളിലും കണ്ണുകള്‍ കൂര്‍ന്നിറങ്ങി. യൗവനം തുളുമ്പി നില്ക്കുന്ന ശരീരത്തിലേക്ക് വികാരപരവശതയോടെ നോക്കി. സിരകളില്‍ യൗവനത്തിന്റെ തുടിപ്പുകള്‍. നാട്ടില്‍നിന്ന് വന്നിട്ട് ഒരുമാസം കഴിഞ്ഞു. സ്വപ്നത്തില്‍ കണ്ടതൊക്കെ കണ്‍മുന്നില്‍ സന്തോഷമായി തോന്നി. നല്ലൊരു നാളയിലേക്ക് പ്രതീക്ഷയോടെ കാലെടുത്ത് വച്ചതാണ്. അത് ഒരിക്കലും ഇങ്ങനെയൊരു വിനാശത്തിനായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. പീറ്റര്‍ ശാന്തമായി പറഞ്ഞു. "ആദ്യം നീ എന്റെ അടുത്ത് വന്നിരിക്ക്.' അവള്‍ മടിച്ചു മടിച്ച് അടുത്തേക്ക് വന്നിട്ട് പെട്ടെന്ന് കതക് തുറക്കാന്‍ ശ്രമിച്ചു. ഉടനടി പീറ്റര്‍ എഴുന്നേറ്റ് അവളെ മാറോടമര്‍ത്തി ചുംബിച്ചു. അവള്‍ കുതിര്‍ന്ന് മാറി. അവളുടെ കണ്ണുകള്‍ നിറഞ്ഞു. ശരീരം തളരുന്നതുപോലെ തോന്നി.
"സര്‍ എന്നെ ഇതിന് നിര്‍ബന്ധിക്കരുതെ. ഞാന്‍ പിന്നെ ജീവിച്ചിരിക്കില്ല.' അവള്‍ വീണ്ടും കേണു.
"നീ ചത്താല്‍ ആര്‍ക്കാ നഷ്ടം. എനിക്കൊന്നുമില്ല. നഷ്ടം വരുന്നത് നിന്റെ കുടുംബത്തിനാ. എന്താ നിന്റെ രണ്ട് അനുജത്തിമാരെ പഠിപ്പിക്കേണ്ടായോ. അവരെ കല്യാണം കഴിപ്പിച്ച് അയയ്ക്കണ്ടായോ. നിന്റെ കടങ്ങള്‍ തീര്‍ക്കണ്ടായോ? നീ ബുദ്ധിയാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ യുക്തിയല്ല. ഞാന്‍ പറയുന്നത് അനുസരിച്ച് ജീവിച്ചാല്‍ നീയും നിന്റെ കുടുംബവും രക്ഷപെടും. അല്ലാതെ ശീലാവതി ചമഞ്ഞാല്‍ എനിക്ക് നിന്നെ ബലാത്ക്കാരമായി കീഴടക്കേണ്ടതായി വരും മനസ്സിലായോ?'
"പ്ലീസ് സാര്‍ എന്നെ ഇതിന് നിര്‍ബന്ധിക്കരുത്. സാറിന് തരാനുള്ള പണമെല്ലാം ഞാന്‍ ജോലി ചെയ്ത് തന്നോളാം.' അവള്‍ കരഞ്ഞു പറഞ്ഞു.
"വേണ്ട നിന്റെ പണമൊന്നും എനിക്ക് വേണ്ട. ഇനിയും പണം ഞാന്‍ തരാം. പറയുന്നത് അനുസരിച്ചാല്‍ മതി. അയാള്‍ തുണികളെല്ലാം ഓരോന്നായി അഴിച്ചുമാറ്റിയപ്പോള്‍ അവള്‍ ഭയന്നുവിറച്ചു. പുറത്തേതുപോലെ അവളുടെയുള്ളിലും മൂടല്‍മഞ്ഞ് പരന്നു. അവള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റ് മാറി ഒരു ഭാഗത്തായി നിന്നു. അയാളിലെ കാമാഗ്നി പുകഞ്ഞു. അവളുടെ കവിള്‍ത്തടത്തിലൂടെ കണ്ണുനീര്‍ ഇറ്റിറ്റുവീണു. ഇന്നുവരെ സ്വന്തം ശരീരത്തില്‍ കളങ്കം ചാര്‍ത്തിയിട്ടില്ല. നാട്ടില്‍ വെച്ചും ധനാഢ്യന്മാര്‍ വികാരപ്രകടനവുമായി വന്നിട്ടുണ്ട്. ഇത്രയും നാള്‍ കാത്ത് പാലിച്ചത് ഈ രാജ്യത്ത് ഈ കാട്ടാളന്റെ മുന്നില്‍ തകരുമല്ലോ. അവളുടെ ചുണ്ടുകള്‍ പിടഞ്ഞു. ഇവിടെ ധൈര്യമാണാവശ്യം. അല്ലാതെ വിലാപമല്ല. ഉള്ളില്‍ ഭയവും ഉത്ക്കണ്ഠയും വര്‍ദ്ധിച്ചു. അയാളില്‍ ഉത്ക്കടമായ വികാരമുണര്‍ന്നു. അവള്‍ പോലീസിനെ വിളിക്കാന്‍തന്നെ തീരുമാനിച്ചു. ഇത് ഇന്ത്യയല്ല. ഇന്‍ഡ്യന്‍പോലീസല്ലെന്നും ഇയാള്‍ക്കറിയാം. എന്നിട്ടും ഇയാള്‍ക്ക് ഭയമില്ല. ഞാനിവിടെ ജോലിചെയ്യാനാണ് വന്നത്. അല്ലാതെ എന്നെ സഹായിച്ചതുകൊണ്ട് അയാടെ അടിമപ്പണി ചെയ്യാനല്ല.
അവള്‍ കോട്ടിന്റെ പോക്കറ്റില്‍നിന്ന് മൊബൈല്‍ ഫോണെടുക്കുന്നത് അയാള്‍ അമ്പരപ്പോടെ നോക്കി.
അവള്‍ക്കത് മേഘപാളികളില്‍ നിന്ന് മഴത്തുള്ളികള്‍ വീഴുന്നതുപോലെയായിരുന്നു.

(തുടരും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക