Image

ഇമ്മിഗ്രേഷന്‍: പുതിയ നിര്‍ദേശങ്ങളുമായി പ്രസിഡന്റ് ട്രമ്പ് (ഏബ്രഹാം തോമസ്)

Published on 27 January, 2018
ഇമ്മിഗ്രേഷന്‍: പുതിയ നിര്‍ദേശങ്ങളുമായി പ്രസിഡന്റ് ട്രമ്പ് (ഏബ്രഹാം തോമസ്)
 പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടുതല്‍ മയപ്പെടുകയാണെന്നാണ് സമീപ ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത്. ദാവോസ് ഉച്ചകോടിയില്‍ മുന്‍പ് താന്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ ചിലത് നിഷേധിക്കുകയും മറ്റു ചിലത് തനിക്ക് ഓര്‍മ്മയില്ല എന്ന് പറയുകയും ചെയ്തു. അമേരിക്കയും ഗ്രേറ്റ് ബ്രിട്ടനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടെന്ന വാര്‍ത്തകളും ട്രംപ് തള്ളിക്കളഞ്ഞു.

വാഷിങ്ടനില്‍ വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ നിയമ വിരുദ്ധ കുടിയേറ്റക്കാരായ യുവാക്കളെ സംബന്ധിക്കുന്ന സുപ്രധാന അറിയിപ്പുകള്‍ ഉണ്ടായി. കുട്ടികളായിരിക്കുമ്പോള്‍ തങ്ങള്‍ അറിഞ്ഞോ അറിയാതെയോ നിയമ വിധേയമല്ലാതെ അമേരിക്കയിലെത്തിയ യുവാക്കളില്‍ 18 ലക്ഷം പേര്‍ക്ക് പടിപടിയായി പൗരത്വം നേടുന്നതിന് അവസരം ഉണ്ടാകും എന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതിന് പകരം അതിര്‍ത്തിയില്‍ മതില്‍ ഉയരണം മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണം ഉണ്ടാവുമെന്നും അറിയിച്ചു. മതിലിന് 25 ബില്യണ്‍ ഡോളര്‍ ധനസഹായം, ചെയിന്‍ മൈഗ്രേഷന്‍ കര്‍ശനമായി നിയന്ത്രിക്കും എന്നിവയാണ് പ്രധാന വ്യവസ്ഥകള്‍. ചെയിന്‍ മൈഗ്രേഷന്‍ എന്ന് ഉദ്ദേശിക്കുന്നത് പുതിയതായി അമേരിക്കന്‍ പൗരന്മാരായവരോ ഗ്രീന്‍ കാര്‍ഡ് ലഭിച്ചവരോ ഉടനെ തന്നെ തങ്ങളുടെ ബന്ധുക്കള്‍ക്ക് അമേരിക്കയില്‍ വരുവാന്‍ അപേക്ഷ നല്‍കുന്നതാണ്. ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കോ വേണ്ടി മാത്രമേ ഇനി മുതല്‍ അപേക്ഷ നല്‍കാനാവൂ. ഇപ്പോള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന അപേക്ഷകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ഇപ്പോള്‍ നിലവിലുള്ള നിയമം അനുസരിച്ച് അമേരിക്കന്‍ പൗരന്മാര്‍ക്ക് ഉടനെ തന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടു വരുവാന്‍ അപേക്ഷിക്കാം. പുതിയ നിര്‍ദേശം ഡെമോക്രാറ്റുകള്‍ എതിര്‍ത്തു.

പുതിയ നിര്‍ദേശങ്ങള്‍ ഒരു ഒത്തുതീര്‍പ്പ് ശ്രമമാണെന്നും ഇത് കോണ്‍ഗ്രസിലെ രണ്ടു കക്ഷികള്‍ക്കും സ്വീകാര്യമായിരിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. കാലഹരണപ്പെടുന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സി (ഡാക)ന് പകരം നിയമ നിര്‍മ്മാണശ്രമങ്ങള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് വൈറ്റ് ഹൗസ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ രാജ്യത്തെ 1 കോടി 10 ലക്ഷം അനധികൃത കുടിയേറ്റക്കാരുടെ പ്രശ്‌നം ഗൗരവമായി പരിഗണിക്കുന്നില്ല എന്നാരോപണമുണ്ട്. ഇതുവരെ നടന്നിരുന്ന ചര്‍ച്ചകളില്‍ ഈ പ്രശ്‌നം നിറഞ്ഞു നിന്നിരുന്നു.

കുടിയേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ ഈ നീക്കം ഒരു നോണ്‍ സ്റ്റാര്‍ട്ടര്‍ ആണെന്ന് വിശേഷിപ്പിച്ചു. അതികര്‍ക്കശവും കഠിനവും നിര്‍ദ്ദാക്ഷിണ്യവുമായ നിയമത്തെ മധുരത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുവാനുള്ള ശ്രമമാണിത്. പ്രസിഡന്റ് ട്രംപ് ഡാക അവസാനിപ്പിക്കുവാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ തീരുമാനിച്ചതിനുശേഷം അമേരിക്കയിലെ താമസം അനിശ്ചിതത്വത്തിലായ കുട്ടികളുടെ കാര്യത്തില്‍ ഇത് ഒരു തീരുമാനം ആവുന്നില്ല എന്നവര്‍ പറഞ്ഞു.

അമേരിക്കാസ് വോയ്‌സിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫ്രാങ്ക് ഷെറിയുടെ അഭിപ്രായത്തില്‍ അവര്‍ ആഗ്രഹിക്കുന്നത് നിയമപരമായ കുടിയേറ്റം 50% കുറയ്ക്കാനാണ്. നാടുകടത്തല്‍ ശ്രമങ്ങള്‍ തകൃതിയാക്കാനും മില്യണുകളെ പുറത്താക്കാനുമുള്ള പദ്ധതിയാണിത്. ലാറ്റിന്‍ അമേരിക്കയോട് ഇങ്ങോട്ട് വരികയേ അരുത് എന്ന് പറയാനാണ് ഒരു വലിയ, മൂഢമായ, പാഴ്‌ചെലവായ മതില്‍ പണിയുന്നത്.

അമേരിക്കയില്‍ നിയമപരമല്ലാതെ കൊണ്ടു വന്ന യുവാക്കള്‍ക്ക് വേണ്ടി പദ്ധതി ഉണ്ടാകുന്നത് താന്‍ സ്വാഗതം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഡ്രീമേഴ്‌സ് എന്നറിയപ്പെടുന്ന ഇവരുടെ പൗരത്വത്തെക്കുറിച്ച് ഇതുവരെ ട്രംപ് സ്വീകരിച്ചിരുന്ന കടുത്ത നിലപാടില്‍ അയവ് വരുത്തുന്നതായി നിരീക്ഷകര്‍ വിശേഷിപ്പിച്ചു. മെക്‌സിക്കോ മതിലിന്റെ നിര്‍മ്മാണച്ചെലവ് വഹിക്കുമെന്ന് പ്രസിഡന്റ് ആവര്‍ത്തിച്ചു. വൈറ്റ്ഹൗസ് നിര്‍ദേശങ്ങള്‍ ഇത് പരാമര്‍ശിച്ചില്ല.

മാര്‍ച്ച് അഞ്ചാണ് ഡാക നിയമമാക്കുവാന്‍ ട്രംപ് നല്‍കിയിരിക്കുന്ന അവസാന തീയതി. 6,90,000 പേര്‍ക്കാണ് ഡാകയില്‍ സംരക്ഷണം ലഭിക്കുക. അവര്‍ ഉടനെ അമേരിക്ക വിട്ടുപോകേണ്ടി വരില്ല. ഡാക നിയമമായാല്‍ ഇവര്‍ക്ക് പുറമെ 13 ലക്ഷം പേര്‍ക്കുകൂടി ഈ പ്രയോജനം ലഭിക്കേണ്ടതാണ്. വൈറ്റ് ഹൗസ് അറിയിച്ചത് പുതിയ ഒത്തു തീര്‍പ്പ് നിര്‍ദേശ പ്രകാരം ഇവര്‍ക്കും പൗരത്വത്തിനുള്ള മാര്‍ഗം ഉണ്ടാകുമെന്നാണ്. ഇത് കുടിയേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് ആശ്വാസകരമാണ്.

സെനറ്റര്‍ ടെഡ് ക്രൂസ് ഡാക പദ്ധതിയില്‍ പൗരത്വത്തിന് ഒരു മാര്‍ഗം ഉള്‍പ്പെടുത്തിയിരുന്നില്ല എന്ന് പറഞ്ഞു. ഡാക അവസാനിപ്പിക്കണമെന്ന് വാദിക്കുന്ന ഈ റിപ്പബ്ലിക്കന്‍ നേതാവ് ഈ പൊതുമാപ്പ് നിയമം കോണ്‍ഗ്രസ് പാസാക്കിയാല്‍ അതൊരു അപരാധമായിരിക്കും എന്ന് പറഞ്ഞു. സെനറ്റിലെ റിപ്പബ്ലിക്കന്‍ രണ്ടാമത്തെ നേതാവ് ജോണ്‍ കോര്‍ണിന്‍ അഭിപ്രായം പറയുന്നതില്‍ നിന്നു വിട്ടു നിന്നു. സൗത്ത് കരോലിന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ട്രംപിന്റെ നിര്‍ദേശം പിന്‍ താങ്ങി.

കോണ്‍ഗ്രഷനല്‍ ഹിസ്പാനിക് കോക്കസ് നേതാവ് ന്യൂമെക്‌സിക്കോയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി മിഷല്‍ ലൂവാന്‍ ഗ്രിഷം ട്രംപ് യുവ കുടിയേറ്റക്കാരെ ഇരകളായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക